Wednesday, March 7, 2012

വിപ്ലവപ്പടയണിക്ക് ഊര്‍ജമായ സംഗമം

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലയിലെ ആദ്യകാല യുവജന- വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ നേതൃസംഗമം പോരാട്ട സ്മൃതികളുണര്‍ത്തി. കേരള സ്റ്റുഡന്റ് ഫെഡറേഷന്റെയും കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്റെയും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ടൗണ്‍ഹാളിലെ സംഗമം നാളെയുടെ സംഘടനാ മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വീര്യം പകരുന്നതായി. ഉദ്ഘാടകനായ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി സദസ്സിലുള്ള പഴയകാല പ്രവര്‍ത്തകരില്‍ പലരെയും പേരെടുത്ത് പറഞ്ഞ് പഴയ സംഘടനാനുഭവങ്ങള്‍ പങ്കിട്ടപ്പോള്‍ പോയകാലം ടൗണ്‍ഹാളില്‍ തിരിച്ചെത്തുകയായിരുന്നു.
കെഎസ്വൈഎഫ് രൂപം കൊണ്ടത് മഹാനായ എ കെ ജിയുടെ സാന്നിധ്യത്തില്‍ ഈ വേദിയില്‍തന്നെയായിരുന്നു എന്നതടക്കം ജില്ലയുടെ പോരാട്ട ചരിത്രത്തിലെ സുപ്രധാന ഏടുകള്‍ അദ്ദേഹം വിവരിച്ചപ്പോള്‍ സദസ്സിന് ആ പ്രസംഗം ഒരു പാഠപുസ്തകം കൂടിയായി. മലബാറിലെ ഐക്യവിദ്യാര്‍ഥി സംഘടനയുടെ ജില്ലാ ജോയന്റ് സെക്രട്ടറിയും കെഎസ്എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എന്‍ ആര്‍ ശാന്തകുമാരി പഴയകാല പ്രവര്‍ത്തകരെയും ജില്ലയിലെ നേതാക്കളെയും ഒരുമിച്ചുകണ്ടപ്പോള്‍ വികാരാധീനയായി. വി വി ദക്ഷിണാമൂര്‍ത്തി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , എ കെ പത്മനാഭന്‍ , ടി പി ദാസന്‍ , അഡ്വ. കെ വാസുദേവന്‍ , സി പി അബൂബക്കര്‍ തുടങ്ങിയവരോടെല്ലാം വേദിയില്‍നിന്നുതന്നെ സംസാരിച്ചു. എം ഭാസ്കരന്‍ , പി വിശ്വന്‍ , പി മോഹനന്‍ , കെ ചന്ദ്രന്‍ , ഇ രമേഷ്ബാബു, വി പി കുഞ്ഞികൃഷ്ണന്‍ , ടി വി ബാലന്‍ , പൂഞ്ചോല പത്മനാഭന്‍ , ടി പാച്ചര്‍ മാസ്റ്റര്‍ , കെ ടി രാജന്‍ , ടി വേലായുധന്‍ , എ ടി അബ്ദുള്ളക്കോയ, എ ബാലകൃഷ്ണന്‍ , ഇ പ്രസന്ന, അളത്തില്‍വാസു, ചായിച്ചുട്ടി, ടി പി രവീന്ദ്രന്‍ , ബാബു പറശേരി, എം ശ്രീധരന്‍ , കെ രവീന്ദ്രന്‍ , കൃഷ്ണന്‍ , കുഞ്ഞികൃഷ്ണന്‍ , ഇ എം ദയാനന്ദന്‍ , ടി വി ബാലന്‍ , എ കെ കണ്ണന്‍ , മൊട്ടമ്മേല്‍ നാണു, പി പി കുഞ്ഞിക്കണ്ണന്‍ , വി ടി കുഞ്ഞിക്കണ്ണന്‍ , നാണു, ബാലന്‍ തുടങ്ങി നൂറിലേറെ പഴയകാല നേതാക്കളുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു സംഗമവേദി.

സിഡി പ്രകാശനത്തോടനുബന്ധിച്ച് കരിവെള്ളൂര്‍ സമര നായകന്‍ എ വി കുഞ്ഞമ്പുവിന്റെ മകന്‍ കൂടിയായ കരിവെള്ളൂര്‍മുരളി വിപ്ലവഗാനം ആലപിച്ചത് സംഗമവേദിക്ക് പുളകം ചാര്‍ത്തി. അധ്യക്ഷ പ്രസംഗത്തില്‍ പി വിശ്വനും പോയകാല പ്രവര്‍ത്തനങ്ങളുടെ കനല്‍വഴികളിലെ പ്രതിബന്ധങ്ങള്‍ വിവരിച്ചു. വേദിയിലെത്തിയ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എംപി തന്റെ കോഴിക്കോടന്‍ അനുഭവങ്ങളും പങ്കുവച്ചു. മണ്‍മറഞ്ഞ സഖാക്കളെ സംഗമം അനുസ്മരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഗായകസംഗത്തിന്റെ സ്വാഗത ഗാനത്തോടെയുള്ള തുടക്കവും ഇവിടെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വിപ്ലവ ഗാനങ്ങളുമായെത്തിയ കെ പി ആര്‍ പണിക്കര്‍ സ്മാരക കലാസമിതിയുടെ ഗാനമേള കേള്‍ക്കാനും പ്രായഭേദമന്യേ ജനം ടൗണ്‍ഹാളില്‍ സംഗമിച്ചു.

പ്രദര്‍ശന നഗരിയിലേക്ക് ജനപ്രവാഹം

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശന നഗരിയിലേക്ക് നഗര ഗ്രാമഭേദമെന്യേ ജനം ഒഴുകിയെത്തി. അയ്യായിരത്തോളം പേര്‍ ചൊവ്വാഴ്ച പ്രദര്‍ശനം കാണാനെത്തി. രാവിലെ മുതല്‍ അണമുറിഞ്ഞപോലെ ജന പ്രവാഹമായിരുന്നു.

അമേരിക്കന്‍ മോഡല്‍ അറബിക്കടലിലാഴ്ത്തിയ "കേരളത്തിന്റെ പാരീസ് കമ്യൂണ്‍ "പുന്നപ്ര-വയലാര്‍ സമരം, ദേശീയപതാകചോരയില്‍ കുതിര്‍ന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ച പി കൃഷ്ണപിള്ളയുടെ സ്വാതന്ത്ര്യസമരപ്രക്ഷോഭം, പുതിയപ്രഭാതത്തിനായി പുഞ്ചിരിയോടെ തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികള്‍ , അനശ്വരമായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം. ഇവയെല്ലാം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ കാണുമ്പോള്‍ ജനമനസ്സ് ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു. വയലാര്‍ സമരത്തിന്റെയും ഒഞ്ചിയം സമരത്തിന്റെയും ഉജ്വലമായ ശില്‍പാവിഷ്കാരം ആസ്വാദക സിരകളില്‍ അഗ്നിപടര്‍ത്തുകയാണ്.

ചക്കുംകടവില്‍നിന്നെത്തിയ എന്‍ വി സാഹിതയും, സി കെ ആയിഷാബിയും സന്ദര്‍ശകര്‍ക്കൊരുക്കിയ രജിസ്റ്ററില്‍ സുന്ദരവും പഠനാര്‍ഹവുമായ കാഴ്ചകളെ അഭിനന്ദിച്ചെഴുതി. മഹത്തായ പ്രദര്‍ശനമെന്ന് രേഖപ്പെടുത്തിയ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിെന്‍റതടക്കം 1200 അഭിപ്രായങ്ങള്‍ സന്ദര്‍ശക രജിസ്റ്ററിലുണ്ട്. കെ സരീഷ് (നെടുമ്പ്രമ്പ്കുന്നത്ത്, പന്തീരാങ്കാവ്) ടി വി നാരായണന്‍ (കതിരജില്‍ പയ്യോളി), മഞ്ചുമേള്‍ മാത്യു(എന്‍ഐടി കോഴിക്കോട്) എന്നിവര്‍ ആദ്യ ദിവസത്തെ വിജയികളായി. 1260 പേര്‍ആദ്യ ദിനം ക്വിസില്‍ പങ്കെടുത്തു.

"കരിവെള്ളൂര്‍ പാടുന്നു വിപ്ലവ ചരിത്രം"

കരിവെള്ളൂര്‍ മുരളിയുടെ "കരിവെള്ളൂര്‍ പാടുന്നു" ഓഡിയോ സിഡി കാല്‍നൂറ്റാണ്ടായി കേരളം ഏറ്റുവാങ്ങിയ ഗാനങ്ങളും അവയുടെ കരോക്കെയും കൊണ്ട് സമ്പന്നമാണ്. 2003 ല്‍ കണ്ണൂരില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ആമുഖ ഗാനമായ "പാടൂ ചരിതം" എന്ന ഗാനമാണ് ആദ്യത്തേത്. ആഗോളീകരണത്തിന്റെ ദുരന്തം വിവരിക്കുന്ന ഗാനമുള്‍പ്പെടെ എട്ട് ഗാനങ്ങളാണ് സിഡിയിലുള്ളത്. ഷൈന കെ തമ്പാന്‍ , രതീഷ് കുമാര്‍ , രതീഷ്, അജയ് ഗോപന്‍ , നിക്സണ്‍ എന്നിവരാണ് ഗായകര്‍ . ടൈറ്റില്‍ ഗാനം മുരളി തന്നെയാണ് ആലപിച്ചത്. വി കെ ശശിയാണ് ഈണം പകര്‍ന്നത്. ധര്‍മന്‍ ഏഴോം പശ്ചാത്തല സംഗീതം. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് നഗരിയില്‍ നടന്ന യുവജന- വിദ്യാര്‍ഥി സംഗമത്തില്‍ പ്രകാശിപ്പിച്ച സിഡിയുടെ പ്രസാധകര്‍ ഡിസംബര്‍ ബുക്സ് ആണ്.

"റെഡ് സല്യൂട്ട് " വീഡിയോ ആല്‍ബം പൂര്‍ത്തിയായി

കുന്നമംഗലം: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രചാരണാര്‍ഥം സര്‍ഗ്ഗധാരാ ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ വീഡിയോ ആല്‍ബം "റെഡ് സല്യൂട്ട്" ചിത്രീകരണം പൂര്‍ത്തിയായി. കാലദേശാതിര്‍ത്തികളില്ലാത്ത പടപ്പാട്ടുകള്‍ സര്‍ഗ്ഗധാരാ ക്രിയേഷന്‍സാണ് അവതരിപ്പിക്കുന്നത്. ഏഴ് ഗാനങ്ങളടങ്ങിയ ഈ വീഡിയോ ആല്‍ബത്തിലെ "മാനവന്റെ മോചനം കൊതിച്ചുയര്‍ന്ന ചെങ്കൊടി" എന്ന ഗാനമടക്കം എല്ലാം ഏറെ ശ്രദ്ധേയം. വി സുന്ദരനാണ് ഗാനരചന. കാള്‍ മാര്‍ക്സിന്റെ ശവകുടീരവും പിണറായിയിലെ പാറപ്പുറത്തെ സ്തൂപവും എ കെ ജി യുടെ ശവകുടീരവും ഒപ്പം ചെഗുവേരയുടെയും എകെജിയുടെയും ഇഎംഎസിന്റെയും ജ്യോതിബസുവിന്റെയും നായനാരുടെയും വീഡിയോയും ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പ്രതിപാദിക്കുന്ന രീതിയിലാണ് ഇതിലെ ഓരോ പാട്ടും ചിട്ടപ്പെടുത്തിയിരിക്കുന്നത്. വെള്ളന്നൂര്‍ ബാലനും ഒ ടി ചൂലൂരുമാണ് സംവിധാനം. പ്രശാന്ത് മാവൂര്‍ ക്യാമറ. എം പി അശോക്കുമാര്‍ , ശ്രീദേവി അന്തര്‍ജനം, ബാബു അടുമ്പാട്, ഒ ടി ചൂലൂര്‍ , ആതിര മോഹന്‍ , ചിപ്പി മോഹന്‍ , ടി ദൃശ്യ എന്നിവരാണ് ഗാനാലാപനം.

ഗാനത്തിരകളുമായി ഇതാ "യങ് വേയ്വ്"
കോഴിക്കോട്: ജില്ലയുടെ സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരാന്‍ ഇനി യുവജന പ്രസ്ഥാനത്തിന്റെ സ്വന്തം ഗായക സംഘവും. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി രൂപം കൊടുത്ത "യങ് വേയ്വ്" ഗായകസംഘത്തിന്റെ ഉദ്ഘാടനം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടന്ന പഴയകാല യുവജന- വിദ്യാര്‍ഥി നേതാക്കളെ ആദരിക്കല്‍ ചടങ്ങില്‍ സ്വാഗത ഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. പാരതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാന്‍ ധീര രക്തംവീണ മണ്ണില്‍ മുളയ്ക്കുന്ന തീരാത്ത തൃഷ്ണകള്‍ക്ക് ഊര്‍ജമാകുന്ന ഗാനങ്ങള്‍ക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം അശ്വനിദേവും സംഘവുമാണ് നേതൃത്വം നല്‍കുന്നത്. ആറ് ഗായകരും മൂന്ന് പേര്‍ പിന്നണിയിലുമുണ്ട്.

ലോകനാര്‍കാവിലെ ചിറകള്‍ ശുചീകരിച്ചു

വടകര: സിപിഐ എം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ലോകനാര്‍കാവിലെ വലിയ ചിറയും ചെറിയ ചിറയും വൃത്തിയാക്കി. പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് രണ്ട് ചിറയും ഉപയോഗശൂന്യമായിരുന്നു. രാവിലെ മുതല്‍ അറുപതോളം പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

deshabhimani 070312

1 comment:

  1. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലയിലെ ആദ്യകാല യുവജന- വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ നേതൃസംഗമം പോരാട്ട സ്മൃതികളുണര്‍ത്തി. കേരള സ്റ്റുഡന്റ് ഫെഡറേഷന്റെയും കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്റെയും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ടൗണ്‍ഹാളിലെ സംഗമം നാളെയുടെ സംഘടനാ മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വീര്യം പകരുന്നതായി. ഉദ്ഘാടകനായ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി സദസ്സിലുള്ള പഴയകാല പ്രവര്‍ത്തകരില്‍ പലരെയും പേരെടുത്ത് പറഞ്ഞ് പഴയ സംഘടനാനുഭവങ്ങള്‍ പങ്കിട്ടപ്പോള്‍ പോയകാലം ടൗണ്‍ഹാളില്‍ തിരിച്ചെത്തുകയായിരുന്നു.

    ReplyDelete