Wednesday, March 7, 2012

രക്തദാഹത്തോടെ സംഘപരിവാര്‍

തൃശൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുംനേരെയുള്ള ബിജെപി-ആര്‍എസ്എസ് അക്രമം കരുതിക്കൂട്ടി തയ്യാറാക്കിയത്. ഒരാഴ്ചക്കിടെ 11പേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി മുല്ലശേരി ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി എ ബാബുവിനെ അരുംകൊല ചെയ്യാന്‍ വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ ശ്രമം ഈ അക്രമപരമ്പരയുടെ തുടര്‍ച്ചയാണ്. ചാലക്കുടിയിലും വാടാനപ്പള്ളിയിലും ചെറുതുരുത്തിയിലും വരവൂരിലും ചാവക്കാട്ടും സിപിഐ എമ്മിനുനേരെ വാളെടുത്തതിന്റെ ചോര ഉണങ്ങുംമുമ്പാണ് മുല്ലശേരിയിലെ ആക്രമണം.

തിങ്കളാഴ്ച രാത്രി എട്ടരയോടെ മുല്ലശേരി സിഎച്ച്സിക്ക് മുന്നിലാണ് പഞ്ചായത്തംഗംകൂടിയായ ബാബുവിനെ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആര്‍എസ്എസ്- ബിജെപി ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മണലൂര്‍ ഏരിയ കമ്മിറ്റിയംഗമായ ബാബു പാര്‍ടിഓഫീസില്‍നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ എതിരെ വണ്ടി നിര്‍ത്തി തടയുകയായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ച് വിടവുണ്ടാക്കി ബാബുവിനെ തുരുതുരാ വെട്ടി. തലയ്ക്കും കഴുത്തിനും നെഞ്ചിനും കൈയ്ക്കും വെട്ടേറ്റു. തുടയില്‍ വാള്‍ കുത്തിയിറക്കി. കാറിന്റെ ഡോര്‍ തകര്‍ത്ത് വെളിയിലിറക്കി വെട്ടിക്കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ , വാതില്‍ തുറക്കാനായില്ല. ബാബു വെട്ടേറ്റ് വീണു എന്നുറപ്പാക്കി സംഘം കാറെടുത്ത് കടന്നുകളഞ്ഞു.

കഴിഞ്ഞ നാലിന് വരവൂരില്‍ ഉത്സവാഘോഷത്തിനിടെ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിച്ചൂര്‍ ഐരാണി ക്ഷേത്രോത്സവം കാണാന്‍ പോവുകയായിരുന്ന സിപിഐ എം തിച്ചൂര്‍ ബ്രാഞ്ചംഗം സജീഷ് (28), സിഐടിയു തൊഴിലാളികളായ രാധാകൃഷ്ണന്‍ (27), വാഴക്കപ്പറമ്പ് കോളനിയില്‍ സുന്ദരന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഫെബ്രുവരി 29ന് ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മാരാകായുധങ്ങളുമായി ആക്രമിച്ചു. മണത്തല നായകം പുരയ്ക്കല്‍ വിപിന്‍(19), ചാലില്‍ ഹസന്‍(24), കറുത്താക്ക സിയാദ്(28) എന്നിവരെയാണ് ആദ്യം ആക്രമിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ച പരിയകത്ത് രാധാകൃഷ്ണനെ ആശുപത്രി പരിസരത്തുവച്ച് മുഖംമൂടിസംഘം വെട്ടി.

ചാലക്കുടി കൊന്നക്കുഴിയില്‍ ഞായറാഴ്ച എസ്എഫ്ഐ ചാലക്കുടി ഏരിയ സെക്രട്ടറി ശ്യാം (20), ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് അഖില്‍ (22), ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ധനീഷ് (24) എന്നിവരെ ആക്രമിച്ചു. വെള്ളിയാഴ്ച ചെറുതുരുത്തിയില്‍ സിപിഐ എമ്മിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകരേയും നേതൃനിരയിലുള്ളവരേയും തെരഞ്ഞുപിടിച്ചാണ് വകവരുത്താന്‍ ശ്രമിക്കുന്നത്. നാട്ടിലെ സമാധാനം ഹനിക്കാന്‍ ലക്ഷ്യമിട്ടുള്ള അക്രമ പരമ്പരയെ അപാരമായ മനസ്സാന്നിധ്യത്തോടെ നേരിട്ട സിപിഐ എം ബഹുജനങ്ങളെ അണിനിരത്തിയാണ് ഇതിന് മറുപടി നല്‍കുന്നത്.

ആര്‍എസ്എസ് ആക്രമണത്തില്‍ പരക്കെ പ്രതിഷേധം

മുല്ലശേരി: സിപിഐ എം മുല്ലശേരി ലോക്കല്‍ സെക്രട്ടറി സി എ ബാബുവി(43)നെ ആര്‍എസ്എസ്- ബിജെപി ക്രിമിനല്‍ സംഘം നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം. മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്തംഗവുമായ ബാബുവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചൊവ്വാഴ്ച മുല്ലശേരി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടിയില്ല. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുല്ലശേരിയില്‍ പ്രകടനം നടത്തി. മുല്ലശേരി ബ്ലോക്ക് സെന്ററില്‍നിന്ന് മുല്ലശേരി സെന്ററിലേക്കായിരുന്നു പ്രകടനം. സിപിഐ എം നേതാക്കളായ യു പി ജോസഫ്, മുരളി പെരുനെല്ലി, ടി വി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
അതിനിടെ ബിജെപി പതാക കീറിയെന്നാരോപിച്ച് പൊലീസ് രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ പ്രകടനത്തിനിടെ മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ പൊലീസ് നടത്തിയ ശ്രമം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. പൊലീസ് നേതാക്കളെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. സിപിഐ എം മണലൂര്‍ ഏരിയ കമ്മിറ്റിയംഗംകൂടിയായ ബാബു തിങ്കളാഴ്ച പാര്‍ടി ഓഫീസില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറിലെത്തിയ അക്രമിസംഘം വാളുകൊണ്ട്് വെട്ടിയും കുത്തിയും കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ തൃശൂര്‍ അമല ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. തലയ്ക്കും കഴുത്തിനും നെഞ്ചിലും കൈകള്‍ക്കും തുടയിലും മാരകമായി വെട്ടേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുല്ലശേരി സിഎച്ച്സിക്ക് മുന്നിലാണ് സംഭവം. സംഭവത്തില്‍ ആരെയും പൊലീസ് പിടികൂടിയിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളില്‍ 11 പേര്‍ക്കാണ് വെട്ടേറ്റത്.

deshabhimani 070312

1 comment:

  1. തൃശൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുംനേരെയുള്ള ബിജെപി-ആര്‍എസ്എസ് അക്രമം കരുതിക്കൂട്ടി തയ്യാറാക്കിയത്. ഒരാഴ്ചക്കിടെ 11പേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി മുല്ലശേരി ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി എ ബാബുവിനെ അരുംകൊല ചെയ്യാന്‍ വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ ശ്രമം ഈ അക്രമപരമ്പരയുടെ തുടര്‍ച്ചയാണ്. ചാലക്കുടിയിലും വാടാനപ്പള്ളിയിലും ചെറുതുരുത്തിയിലും വരവൂരിലും ചാവക്കാട്ടും സിപിഐ എമ്മിനുനേരെ വാളെടുത്തതിന്റെ ചോര ഉണങ്ങുംമുമ്പാണ് മുല്ലശേരിയിലെ ആക്രമണം.

    ReplyDelete