Wednesday, March 7, 2012

വോട്ടവകാശത്തില്‍ സഭ ഇടപെടില്ല: തോമസ് മാര്‍ അത്താനാസിയോസ്

പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതു സംബന്ധിച്ച് ഒരുവിധ നിര്‍ദേശവും വിശ്വാസികള്‍ക്കു നല്‍കിയിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത വ്യക്തമാക്കി. വോട്ടവകാശം പൗരാവകാശമാണ്; പൗരധര്‍മവുമാണ്. അതു വിനയോഗിക്കുന്നതില്‍ സഭ ഇടപെടാറില്ല. പിറവം ഉപതെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയമൊന്നും ചര്‍ച്ചചെയ്യുന്നില്ല. വികസനകാര്യങ്ങളാണ് മുഖ്യ ചര്‍ച്ചാവിഷയം. ആരാണ് അതിന് ഉത്തമമെന്ന് ആളുകള്‍ക്കു നിര്‍ണയിക്കാന്‍ കഴിയും. സഭാപ്രശ്നം സംബന്ധിച്ച് ആര് എന്തു ചെയ്തു, ചെയ്യാതിരുന്നു, നീതി കിട്ടുന്നതു സംബന്ധിച്ച് എന്നീ കാര്യങ്ങളൊക്കെ വിശ്വാസികള്‍ക്ക് അറിയാം. കോലഞ്ചേരി പള്ളിപ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ പ്രവര്‍ത്തനം വിഫലമായിരുന്നുവെന്നും പിതാവ് പറഞ്ഞു. മൂവാറ്റുപുഴയില്‍ ഭദ്രാസന ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം എം എ ബേബി ചൊവ്വാഴ്ച മെത്രാപോലീത്തയെ സന്ദര്‍ശിച്ചു. ചിരകാല പരിചയം പുതുക്കലിന്റെ മധുരനിമിഷങ്ങളായി ആ കൂടിക്കാഴ്ച. ഉച്ചയ്ക്ക് ബേബി കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് എത്തി. അരമനയിലെ ഹാളിലിരുന്ന് അവര്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റുമുണ്ടായിരുന്നു. "ഞങ്ങള്‍ പഴയ പരിചയക്കാരാണ്. പരിചയം പുതുക്കാനാണ് അദ്ദേഹം വന്നത്. ഇവിടെയുള്ളപ്പോള്‍ വരാനും സംസാരിക്കാനും അവസരമാകും"- കൂടിക്കാഴ്ചയ്ക്കുശേഷം മെത്രാപോലീത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഭാപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് സംസാരം തുടങ്ങിയത്. ഇടക്ക് സഭാതര്‍ക്കവും കടന്നുവന്നു. മെത്രാപോലീത്ത തന്നെയാണ് വിഷയം എടുത്തിട്ടതും. "ഇത്തരം പ്രശ്നങ്ങള്‍കൊണ്ടുതന്നെ പൊതുസമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കോടതിവിധി ഉണ്ടായിട്ടും ഒന്നും നടക്കുന്നില്ല. ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ഒന്നുംചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ"- അദ്ദേഹത്തിന്റെ വാക്കുകളില്‍ ദുഃഖം കലര്‍ന്നു. സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മെത്രാപോലീത്ത വിവരിച്ചു. പുസ്തകരചന ഇടയില്‍ കടന്നുവന്നപ്പോള്‍ തന്റെ ആദ്യ മലയാളപുസ്തകത്തിന് അവതാരിക എഴുതിയത് ഇ എം എസ് ആണെന്ന് പിതാവ് അനുസ്മരിച്ചു. ഡോ. തോമസ് ഐസക്കിനെക്കുറിച്ചും അദ്ദേഹം ബേബിയോട് അന്വേഷിച്ചു.

ടോര്‍ച്ച്, സാരി വിതരണം തടയണം

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മണ്ഡലത്തിലാകമാനം ടോര്‍ച്ചും സാരിയും വിതരണംചെയ്യാനുള്ള യുഡിഎഫ് ശ്രമം തടയണമെന്ന് എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ഥിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പുചിഹ്നമാണ് ടോര്‍ച്ച്. ഇതും ഓരോ സാരിയും അടങ്ങുന്ന പായ്ക്കറ്റ് മണ്ഡലത്തില്‍ വ്യാപകമായി വിതരണംചെയ്യാന്‍ യുഡിഎഫ് നടപടി സ്വീകരിക്കുന്നുവെന്ന് അറിയാന്‍കഴിഞ്ഞിട്ടുണ്ട്. ഇത് ചട്ടവിരുദ്ധമാണ്. നീതിയുക്തമായി തെരഞ്ഞെടുപ്പു നടത്താന്‍ കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

deshabhimani 070312

1 comment:

  1. പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതു സംബന്ധിച്ച് ഒരുവിധ നിര്‍ദേശവും വിശ്വാസികള്‍ക്കു നല്‍കിയിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത വ്യക്തമാക്കി. വോട്ടവകാശം പൗരാവകാശമാണ്; പൗരധര്‍മവുമാണ്. അതു വിനയോഗിക്കുന്നതില്‍ സഭ ഇടപെടാറില്ല. പിറവം ഉപതെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയമൊന്നും ചര്‍ച്ചചെയ്യുന്നില്ല. വികസനകാര്യങ്ങളാണ് മുഖ്യ ചര്‍ച്ചാവിഷയം. ആരാണ് അതിന് ഉത്തമമെന്ന് ആളുകള്‍ക്കു നിര്‍ണയിക്കാന്‍ കഴിയും. സഭാപ്രശ്നം സംബന്ധിച്ച് ആര് എന്തു ചെയ്തു, ചെയ്യാതിരുന്നു, നീതി കിട്ടുന്നതു സംബന്ധിച്ച് എന്നീ കാര്യങ്ങളൊക്കെ വിശ്വാസികള്‍ക്ക് അറിയാം. കോലഞ്ചേരി പള്ളിപ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ പ്രവര്‍ത്തനം വിഫലമായിരുന്നുവെന്നും പിതാവ് പറഞ്ഞു. മൂവാറ്റുപുഴയില്‍ ഭദ്രാസന ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete