Wednesday, March 7, 2012

രേഖകള്‍ നഷ്ടപ്പെട്ടു; കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷണം പ്രതിസന്ധിയില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷണം പ്രതിസന്ധിയിലായി. രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നഷ്ടമായെന്നുമാണ് ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് വാര്‍ത്താ സ്രോതസുകള്‍ അറിയിച്ചു. ഗെയിംസ് സംഘാടന സമിതിയുടെ ഓഫീസില്‍ നിന്ന് പ്രധാനപ്പെട്ട പല രേഖകളും നഷ്ടമായതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് വിജിലന്‍സ് കമ്മിഷന്‍ വക്താക്കളും വ്യക്തമാക്കിയിട്ടുണ്ട്.

രേഖകള്‍ നഷ്ടമായത് ഏറ്റവുമധികം ബാധിച്ചത് വിജിലന്‍സിലെയും സി ബി ഐയിലെയും എന്‍ഫോഴ്‌സ്‌മെന്റിലെയും ഇന്‍കംടാക്‌സിലെയും അന്വേഷണ ഉദ്യോഗസ്ഥരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പല പ്രധാനപ്പെട്ട രേഖകളും കൊണ്ടുപോയതായാണ് അറിയാന്‍ കഴിയുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട ടെന്‍ഡറുകളുടെയും വര്‍ക്ക് ഓര്‍ഡറുകളുടെയും പണമിടപാടുകളുടെയും തീരുമാനങ്ങളെടുത്ത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഉള്‍പ്പെടുന്ന രേഖകളാണ് നഷ്ടമായിരിക്കുന്നത്.

2010 ഒക്‌ടോബര്‍ 3 മുതല്‍ 14 വരെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ച് അഴിമതി വിരുദ്ധ നിയമപ്രകാരം 58 കേസുകളും സി ബി ഐ 15 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിയായ സ്വിസ് ടൈംസ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സി ബി ഐ കോടതിയുടെ വിചാരണകളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വലുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസില്‍ സി ബി ഐ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് സ്വിസ് ടൈംസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി കോടതിയെ അറിയിച്ചു. എന്നാല്‍ സി ബി ഐ കോടതിയുടെ നിലപാട് ശരിവയ്ക്കാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

janayugom 070312

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷണം പ്രതിസന്ധിയിലായി. രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നഷ്ടമായെന്നുമാണ് ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് വാര്‍ത്താ സ്രോതസുകള്‍ അറിയിച്ചു. ഗെയിംസ് സംഘാടന സമിതിയുടെ ഓഫീസില്‍ നിന്ന് പ്രധാനപ്പെട്ട പല രേഖകളും നഷ്ടമായതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് വിജിലന്‍സ് കമ്മിഷന്‍ വക്താക്കളും വ്യക്തമാക്കിയിട്ടുണ്ട്.

    ReplyDelete