Friday, March 9, 2012

പൊയ്മുഖം അണിഞ്ഞ് യുഡിഎഫ്

മുളന്തുരുത്തി വെട്ടിക്കല്‍ കപ്പലമാംതടത്തില്‍ കുമാരന്റെയും മണിയുടെയും വീടുകളില്‍ ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥി കയറിച്ചെന്നത് വാഗ്ദാനത്തിന്റെ പൊയ്മുഖം അണിഞ്ഞുതന്നെ. "ജോലി തരാം; വോട്ടുതരണം." സ്ഥാനാര്‍ഥിയുടെ മുഖത്ത് ജാള്യത ലവലേശവും ഇല്ലായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിനിടെയാണ് കുമാരന്റെയും സഹോദരന്‍ മണിയുടെയും കുടുംബത്തെ നിത്യ ദുഃഖത്തിലാഴ്ത്തിയ ആ അപകടമുണ്ടായത്. 2011 മാര്‍ച്ച് 31ന്റെ രാത്രി. കുമാരന്റെ മകന്‍ ശ്രീജിത്തും മണിയുടെ മകന്‍ അമലും കടയില്‍ പോയി മടങ്ങവെ മദ്യപിച്ചുവന്ന പൊലീസുകാരുടെ കാര്‍ കുട്ടികളെ ഇടിച്ചുകൊല്ലുകയായിരുന്നു. കാര്‍ കുട്ടികളുടെ സൈക്കിളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രദേശവാസികളെ അന്നത്തെ സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ ഇളക്കിവിടാന്‍ വീണുകിട്ടിയ വടിയായിട്ടാണ് യുഡിഎഫ് ഈ ദാരുണസംഭവം വിനിയോഗിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായ വി എസ്സിനെവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുതലെടുത്തു. ദുരന്തം അനുഭവിച്ച കുടുംബങ്ങളോട് സഹതാപത്തിന്റെ കണ്ണീരൊഴുക്കിസമീപത്തു ചേര്‍ന്ന പൊതുയോഗത്തില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു:

"ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശ്രീജിത്തിന്റെയും അമലിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപവീതം നല്‍കും; അവരുടെ കുടുംബങ്ങളിലെ ഓരോരുത്തര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും."

അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എം ജേക്കബ് പ്രഖ്യാപനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വേദിയിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികരമേറ്റിട്ട് 10 മാസം കഴിഞ്ഞു. അന്ന് വീട്ടിലെത്തി ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രഖ്യാപിച്ചു മടങ്ങിയ ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും പിന്നീട് ഈ വഴിക്കു വന്നിട്ടില്ലെന്ന് ശ്രീജിത്തിന്റെ അച്ഛന്‍ കുമാരനും അമലിന്റെ അമ്മ തങ്കമ്മയും പറഞ്ഞു. ഈ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ ചെന്ന് ജോലിക്കാര്യം ശരിയാക്കാമെന്നു പറഞ്ഞ് വോട്ടഭ്യര്‍ഥിച്ചു. ധനസഹായത്തിന്റെ കാര്യം മിണ്ടിയതുമില്ല. അരുമമക്കളുടെ ദുരന്തത്തില്‍ ഈ കുടുംബങ്ങള്‍ മനംനൊന്തു കഴിയുകയാണ്. അതുകൊണ്ട് വാഗ്ദാനംചെയ്ത സഹായം തേടി പിന്നാലെ നടക്കാന്‍ മാതാപിതാക്കള്‍ മെനക്കെട്ടില്ല.

സംഭവത്തെത്തുടര്‍ന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പഴുതടച്ച നിയമനടപടികളാണ് സ്വീകരിച്ചത്. പ്രതികളായ തങ്ങളുടെ സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ പൊലീസിലെ ഒരു വിഭാഗം മേലാളന്മാര്‍ ശ്രമിച്ചു. പക്ഷേ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുകയും പ്രതികള്‍ ജയിലിലാകുയും ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ ധനസഹായം നല്‍കാന്‍ തടസ്സമുണ്ടായിരുന്നു. പക്ഷേ, സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമീഷന്റെ പ്രത്യേക അനുമതിക്ക് അപേക്ഷിക്കുകയും അതു കിട്ടിയതിനെത്തുടര്‍ന്ന് മൂന്നുലക്ഷം രൂപവീതം രണ്ടു കുടുംബങ്ങള്‍ക്കു നല്‍കുകയും ചെയ്തു.

deshabhimani 090312

1 comment:

  1. മുളന്തുരുത്തി വെട്ടിക്കല്‍ കപ്പലമാംതടത്തില്‍ കുമാരന്റെയും മണിയുടെയും വീടുകളില്‍ ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥി കയറിച്ചെന്നത് വാഗ്ദാനത്തിന്റെ പൊയ്മുഖം അണിഞ്ഞുതന്നെ. "ജോലി തരാം; വോട്ടുതരണം." സ്ഥാനാര്‍ഥിയുടെ മുഖത്ത് ജാള്യത ലവലേശവും ഇല്ലായിരുന്നു.

    ReplyDelete