Friday, March 9, 2012

കോണ്‍ഗ്രസിനെ ജനം ശരിയായി വിലയിരുത്തി: പിണറായി

മോറാഴ(കണ്ണൂര്‍): കോണ്‍ഗ്രസിനെ ജനങ്ങള്‍ ശരിയായി വിലയിരുത്തുന്നുവെന്നതിന്റെ തെളിവാണ് യുപിയടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനം വന്‍തോതില്‍ കോണ്‍ഗ്രസിനെ കൈയൊഴിയുന്ന കാഴ്ചയാണ് മിനി പൊതുതെരഞ്ഞെടുപ്പെന്നു വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പൂര്‍ണമായി ഒറ്റപ്പെടുന്നതെന്ന് ചിന്തിക്കണം. സി എച്ച് നാരായണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

പരാജയം വിലയിരുത്തി സോണിയാഗാന്ധി പറഞ്ഞത് വിലക്കയറ്റം ജനങ്ങളുടെ എതിര്‍പ്പിനിടയാക്കിയെന്നാണ്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഉജ്വലമായ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും വിലക്കയറ്റത്തെ കേന്ദ്ര ഗവണ്‍മെന്റ് കണ്ടഭാവം നടിച്ചില്ല. പെട്രോള്‍ വിലയും റെയില്‍വേ കടത്തു കൂലിയും വീണ്ടും വര്‍ധിപ്പിക്കുകയാണ്. വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുമ്പോഴും നയം മാറ്റുമെന്ന് കരുതാനാവില്ല. രാജ്യം അവര്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ചിരിക്കയാണ്. ജനങ്ങളില്‍ അങ്ങേയറ്റം അതൃപ്തിയുണ്ടാക്കിയ അഴിമതിയെക്കുറിച്ച് ഇപ്പോഴും സോണിയ മിണ്ടിയിട്ടില്ല. ഈ രാജ്യത്ത് നടന്ന വന്‍ അഴിമതികളില്‍ ഏതിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കില്ലാത്തത്. ഫലം വന്നതിന്റെ പിറ്റേദിവസം രാഹുല്‍ പിറവത്ത് പ്രചാരണത്തിന് വരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ഈ പൊല്ലാപ്പ് ഇങ്ങോട്ട് വേണ്ട എന്ന അര്‍ഥത്തിലാണ്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. ചിലര്‍ റോഡില്‍ കാണുന്ന പട്ടിയെ കല്ലെറിയുന്ന ലാഘവത്തില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന ഇറ്റലിക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കി. കൊലയാളികള്‍ക്ക് ജയില്‍ നല്‍കാതെ ഗസ്റ്റ് ഹൗസും പൊലീസ് ക്ലബ്ബും ഒരുക്കിക്കൊടുത്തു. ഇറ്റലിയില്‍ ഒരു പൗരനെ കൊന്നാല്‍ അവിടുത്തെ സൈനികന് ഈ പരിരക്ഷ കിട്ടുമോ. അമേരിക്കക്ക് പിറകെ ഇറ്റലിക്കു മുന്നിലും ഇന്ത്യ മുട്ടുമടക്കുകയാണ്. നിയമം നടത്താന്‍ ത്രാണിയില്ലാത്ത സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. രാജ്യത്തിന്റെ മക്കളെക്കാള്‍ പ്രാധാന്യം ഇവിടെ വന്ന് അവരെ കൊലചെയ്തവര്‍ക്ക് ഉണ്ടാകരുതെന്ന് പിണറായി പറഞ്ഞു. എം വി ഗോവിന്ദന്‍ അധ്യക്ഷനായി.

മുല്ലപ്പെരിയാറിനേക്കാള്‍ അപകടകരം

മോറാഴ: അന്തര്‍സംസ്ഥാന നദീസംയോജനം മുല്ലപ്പെരിയാറിനേക്കാള്‍ അപകടകരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇത് നടപ്പായാല്‍ കുട്ടനാടും മധ്യതിരുവിതാംകൂറും വരണ്ടുപോകും. കുടിവെള്ളം കിട്ടാതാകും. ഈ വിഷയത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് നിരുത്തരവാദപരമാണ്. ഈ ക്രിമിനല്‍കുറ്റത്തിനെതിരെ വിധിയെഴുതാന്‍ പിറവത്തെ ജനങ്ങള്‍ കാത്തിരിക്കുകയാണ്.

നദീസംയോജന കരാര്‍ വിഷയത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് ഫലപ്രദമായി ഇടപെട്ടിരുന്നു. ഹരീഷ് സാല്‍വെയെ പോലുള്ള ഉന്നത അഭിഭാഷകരെ നിയോഗിച്ച് കേരളത്തിന് ദോഷകരമായ കാര്യങ്ങള്‍ അജന്‍ഡയില്‍നിന്നുതന്നെ മാറ്റിച്ചു. എന്നാലിപ്പോള്‍ സുപ്രീംകോടതിയില്‍ വാദിക്കാന്‍ അയച്ചത് ഏറ്റവും പുതുതായി നിയമിതനായ സ്റ്റാന്‍ഡിങ് കോണ്‍സലിനെയാണ്. അദ്ദേഹം കേസ് ഫയല്‍ കാണുന്നതുതന്നെ ഇപ്പോഴാണ്. മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായ കേസ് പഠിക്കുകയോ മുന്നൊരുക്കം നടത്തുകയോ ചെയ്യാതെ വാദിച്ചാല്‍ കോടതിയില്‍നിന്ന് പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാം- പിണറായി പറഞ്ഞു.

deshabhimani 090312

1 comment:

  1. കോണ്‍ഗ്രസിനെ ജനങ്ങള്‍ ശരിയായി വിലയിരുത്തുന്നുവെന്നതിന്റെ തെളിവാണ് യുപിയടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനം വന്‍തോതില്‍ കോണ്‍ഗ്രസിനെ കൈയൊഴിയുന്ന കാഴ്ചയാണ് മിനി പൊതുതെരഞ്ഞെടുപ്പെന്നു വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പൂര്‍ണമായി ഒറ്റപ്പെടുന്നതെന്ന് ചിന്തിക്കണം. സി എച്ച് നാരായണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete