Sunday, March 25, 2012

ലീഗ് കൈയാങ്കളി ജാതി-രാഷ്ട്രീയ- മാഫിയ ബന്ധത്തിന്റെ ദുരന്തഫലം

കാസര്‍കോട്: മുസ്ലിംലീഗിന്റെ യോഗങ്ങളിലുണ്ടാകുന്ന കൈയാങ്കളികളും നേതാക്കള്‍ക്കുനേരെയുള്ള അക്രമങ്ങളും ആദര്‍ശ രാഷ്ട്രീയത്തെ ആമാശയവല്‍ക്കരിച്ചതിന്റെയും ജാതി- മത- തീവ്രവാദ- മാഫിയ- രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ദുരന്തഫലങ്ങളാണെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോടീശ്വരന്മാരുടെയും മാഫിയകളുടെയും അക്രമികളുടെയും സംഘമായി ലീഗ് മാറി. ഇവരുടെ അക്രമങ്ങളില്‍നിന്ന് ആ പാര്‍ടിയുടെ നേതാക്കള്‍ക്കുപോലും രക്ഷയില്ലാതായി. കാസര്‍കോട്ടും ആലപ്പുഴയിലും കൊയിലാണ്ടിയിലും കൊല്ലത്തും കണ്ണൂരും ലീഗ് സമ്മേളനങ്ങളിലെ അക്രമികളുടെ അഴിഞ്ഞാട്ടം ജനം കണ്ടതാണ്. ലീഗിന്റെ അഹന്തയാണ് ഇതിന് പിന്നിലുള്ളത്. നേതാക്കളെ സംരക്ഷിക്കാന്‍ അവര്‍ക്കുതന്നെ സുരക്ഷാവലയം തീര്‍ക്കേണ്ട ഗതികേടിലാണ് ലീഗ്. തന്റെ വീട്ടിലേക്കല്ല പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് പ്രകടനം നടത്തേണ്ടതെന്ന പി കെ കെ ബാവയുടെ പ്രസ്താവന വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ പി യൂസഫ്, എം എ ജലീല്‍ , കെ പി മുനീര്‍ , ഇസ്മായില്‍ കോളിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

ലീഗ് പോര് പള്ളി കമ്മിറ്റിയിലേക്കും; സി ടി അഹമ്മദലിയെ തോല്‍പിച്ചു

കാസര്‍കോട് ജില്ലയില്‍ മുസ്ലിംലീഗിലെ ഗ്രൂപ്പുപോര് പള്ളി കമ്മിറ്റികളിലേക്കും. ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയിലേക്കുള്ള കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ സി ടി അഹമ്മദലി തോറ്റു. 30 വര്‍ഷമായി ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ മുന്‍മന്ത്രി സി ടി അഹമ്മദലിയുടെ തോല്‍വി ലീഗിലെ അദ്ദേഹത്തിന്റെ എതിര്‍പക്ഷം ലഡു വിതരണം ചെയ്താണ് ആഘോഷിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയിലേക്കുള്ള ലേസ്യത്ത് മഹല്ലില്‍ നിന്നുള്ള കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പിലാണ് സി ടി തോറ്റത്. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ മഹല്ലില്‍ നിന്ന് രണ്ട് പ്രതിനിധികളെയാണ് ചെമ്മനാട് ജമാഅത്തിലേക്ക് തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ സി ടി അടക്കം മൂന്നുപേര്‍ മത്സര രംഗത്തുണ്ടായി. ഒടുവില്‍ ഫലം വന്നപ്പോള്‍ സി ടി മൂന്നാമതായി. അബ്ദുള്‍ സത്താര്‍ - 35, ശരീഫ് നസറുള്ള- 28 എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോള്‍ സി ടിക്ക് 26 വോട്ട് മാത്രമാണ് ലഭിച്ചത്.

ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥാപിച്ചതു മുതല്‍ അതിന്റെ മാനേജരാണ് സി ടി അഹമ്മദലി. കഴിഞ്ഞ തവണ നേരിട്ടുള്ള നാമനിര്‍ദേശം വഴി ജമാഅത്ത് കമ്മിറ്റിയിലെത്തിയ സി ടിയെ ഇത്തവണ ലീഗിലെ ചിലര്‍ ചേര്‍ന്നാണ് ജന്മനാട്ടിലെ മഹല്ലില്‍ നിന്ന് മത്സരിപ്പിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് അറിയുന്നു. എന്നാല്‍ ചിലരുടെ ഗൂഢപദ്ധതിയുടെ ഭാഗമായി അദ്ദേഹത്തെ ലീഗുകാര്‍ തന്നെ കാലുവാരുകയായിരുന്നെന്നാണ് സി ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലീഗ് ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച പാനലില്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സി ടിക്കെതിരെ തഴയപ്പെട്ട കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്മാന്റെ അനുയായികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍വകലാശാലയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ കേന്ദ്രമന്ത്രി ഇ അഹമ്മദിനെ സ്വീകരിക്കാന്‍ പോയ സി ടിയെ തായലങ്ങാടിയില്‍ ലീഗുകാര്‍ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി മടക്കി അയച്ചിരുന്നു. ഇവിടെ തന്നെയാണ്, സി ടി ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ ലഡു വിതരണം നടത്തിയത്. നായന്മാര്‍മൂല, തളങ്കര, കുമ്പള തുടങ്ങിയ സ്ഥലങ്ങളിലും ലീഗ് പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്തു.

നേരത്തെ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായി വോട്ടെടുപ്പില്‍ ജയിച്ച എ അബ്ദുള്‍റഹ്മാനെ ഒഴിവാക്കി എം സി ഖമറുദ്ദീനെ ഉള്‍പ്പെടുത്തി ജില്ലാ ഭാരവാഹികളുടെ പാനല്‍ പ്രഖ്യാപിച്ചതോടെയാണ് ലീഗില്‍ ഗ്രൂപ്പുപോര് തെരുവ് കലാപമായത്. ലീഗിന്റെ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയിലും പാനലിനെതിരെ രോഷമുയര്‍ന്നു. 10,000 മെമ്പര്‍ഷിപ്പുള്ള മുനിസിപ്പല്‍ കമ്മിറ്റിയെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റിയെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് മുഴുവന്‍ നഗരസഭാംഗങ്ങളും രാജിവയ്ക്കണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.

deshabhimani 250312

1 comment:

  1. മുസ്ലിംലീഗിന്റെ യോഗങ്ങളിലുണ്ടാകുന്ന കൈയാങ്കളികളും നേതാക്കള്‍ക്കുനേരെയുള്ള അക്രമങ്ങളും ആദര്‍ശ രാഷ്ട്രീയത്തെ ആമാശയവല്‍ക്കരിച്ചതിന്റെയും ജാതി- മത- തീവ്രവാദ- മാഫിയ- രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ദുരന്തഫലങ്ങളാണെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete