Wednesday, March 14, 2012

ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫ് അംഗത്തിന്റെ സഹോദരനും ബന്ധുവിനും അനധികൃത നിയമനം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ സഹോദരനും ബന്ധുവിനും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥിരനിയമനം നല്‍കി. പേഴ്സണല്‍ സ്റ്റാഫില്‍പെട്ട സുനിലിന്റെ സഹോദരന്‍ കരമന തളിയില്‍ തോപ്പില്‍ വീട്ടില്‍ സനല്‍കുമാര്‍ , അടുത്ത ബന്ധു നെടുങ്കാട് വടക്കുവിള ആര്‍ ജയന്‍ എന്നിവര്‍ക്കാണ് പിഎസ്സിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിയമനം നല്‍കിയത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ മുറികളിലെ ടര്‍ക്കി ടവ്വല്‍ , ഷീറ്റ് എന്നിവ അലക്കി നല്‍കുന്ന ജോലി കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്നവരാണ് ഇരുവരും. ഓരോ ഇനത്തിനും നിശ്ചിത നിരക്ക് നിശ്ചയിച്ചാണ് ഇവര്‍ക്ക് അലക്കുജോലി കരാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പില്‍ ധോബിമാരുടെ രണ്ട് അധിക തസ്തിക സൃഷ്ടിച്ചാണ് ഇവരെ തിരുകിക്കയറ്റിയത്. സെക്രട്ടറിയറ്റില്‍ ഈ ജോലിചെയ്യുന്നതിന് ഒരു തസ്തിക മാത്രമാണുണ്ടായിരുന്നത്. ഇവരെ സഹായിക്കുന്നതിനാണ് രണ്ടു പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. ഓഫീസുകളിലെ ടര്‍ക്കിയും ഷീറ്റും ടൗവ്വലും അഴിച്ചെടുത്ത് അലക്കി വൃത്തിയാക്കിയ ശേഷം അതതിടത്ത് സ്ഥാപിക്കാനാണ് ഇവരെ നിയോഗിച്ചത്. ഇങ്ങനെ ജോലിചെയ്യുന്ന ഇവരുടെ അപേക്ഷ പരിഗണിച്ചാണ് സ്ഥിരം നിയമനം നടത്തിയത്. ഇതിനായി രണ്ട് തസ്തികയും സൃഷ്ടിച്ചു. ഇങ്ങനെ തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നടത്തണമെങ്കില്‍ പിഎസ്സിയുടെ ഉള്‍പ്പെടെ അംഗീകാരം വാങ്ങേണ്ടതുണ്ട്. എന്നാല്‍ , അതൊന്നും ചെയ്യാതെയാണ് ഒറ്റയടിക്ക് വെള്ളക്കടലാസിലുള്ള അപേക്ഷയുടെ മറവില്‍ സ്ഥിരം നിയമനം നല്‍കിയത്. നിയമനത്തിനായി പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇറക്കിയ ഉത്തരവും അത്യന്തം വിചിത്രമാണ്. ഉത്തരവില്‍ ഇങ്ങനെ പറയുന്നു-

"ധോബിയുടെ ജോലിക്ക് കൃത്യതയും പരിചയസമ്പത്തും സമയനിഷ്ഠയും അനിവാര്യമാണ്. അലക്കുജോലികള്‍ ചെയ്യാന്‍ സന്നദ്ധരായവരുടെ എണ്ണം വിരളമായതിനാല്‍ പുതിയ ആള്‍ക്കാരെ നിയമിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ ജോലി ഉപേക്ഷിച്ച് പോയാല്‍ സെക്രട്ടറിയറ്റിലെ ശുചിത്വ പരിപാലനം തകിടം മറിയും. ദോബികളെ നിയമിച്ചില്ലെങ്കില്‍ അവരുടെ അഭാവത്തില്‍ കര്‍ട്ടനുകളും മറ്റും അലക്കി ഉപയോഗിക്കുന്നതിന് പകരം പുതിയവ വാങ്ങി നല്‍കേണ്ടി വരും. ഇത് അധിക സാമ്പത്തികബാധ്യത വരുത്തും. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഇവരുടെ കരാര്‍ പുതുക്കി നല്‍കുകയാണെങ്കില്‍ സ്ഥിരം നിയമനം നല്‍കുന്നതിനേക്കാള്‍ അധികം കാശ് നല്‍കേണ്ടി വരും. അതിനാല്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയാല്‍ അധിക സാമ്പത്തികബാധ്യത വരില്ല. ആയതിനാല്‍ രണ്ടുപേരെയും സ്ഥിരപ്പെടുത്തി നിയമിച്ച് ഉത്തരവിറക്കുന്നു".

സര്‍ക്കാര്‍ നിയമന ഉത്തരവിലെ ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

deshabhimani 140312

2 comments:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ സഹോദരനും ബന്ധുവിനും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥിരനിയമനം നല്‍കി. പേഴ്സണല്‍ സ്റ്റാഫില്‍പെട്ട സുനിലിന്റെ സഹോദരന്‍ കരമന തളിയില്‍ തോപ്പില്‍ വീട്ടില്‍ സനല്‍കുമാര്‍ , അടുത്ത ബന്ധു നെടുങ്കാട് വടക്കുവിള ആര്‍ ജയന്‍ എന്നിവര്‍ക്കാണ് പിഎസ്സിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിയമനം നല്‍കിയത്.

    ReplyDelete
  2. മുസ്ലിംലീഗ് നേതാവിന്റെ മകന് കെഎംഎംഎല്‍ പ്ലാന്റ് എന്‍ജിനിയര്‍ തസ്തികയില്‍ അനധികൃതനിയമനം നല്‍കാന്‍ നീക്കം. വ്യവസായമന്ത്രിയുടെ ഓഫീസാണ് ഇതിന് ചരട്വലിക്കുന്നത്. ബുധനാഴ്ച ചേരുന്ന കെഎംഎംഎല്‍ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം എടുക്കുമെന്ന് അറിയുന്നു. പട്ടികജാതി വികസനവകുപ്പിന്റെ ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് സെന്ററില്‍ ട്രെയ്നിങ് ഇന്‍സ്പെക്ടറായ ലീഗ്നേതാവിന്റെ മകന്‍ കഴിഞ്ഞ ഒക്ടോബറിലാണ് കെഎംഎംഎല്ലില്‍ പ്ലാന്റ് എന്‍ജിനിയറായി ഡെപ്യൂട്ടേഷനില്‍ വന്നത്. പതിനയ്യായിരം രൂപയില്‍ താഴെ ശമ്പളം വാങ്ങിയിരുന്ന ഇദ്ദേഹത്തിന് 30,000 രൂപയോളം ശമ്പളം വരുന്ന തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കിയത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. അഞ്ചുമാസത്തിനുശേഷം സ്ഥിരം നിയമനം നല്‍കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ജോലിചെയ്യുന്ന ആളിന് പ്രത്യേക വിജ്ഞാപനമില്ലാതെതന്നെ നിയമനം നല്‍കാന്‍ കെഎംഎംഎല്‍ മാനേജ്മെന്റിന് അധികാരമുണ്ട്. ഈ കുറുക്കുവഴി മുന്നില്‍കണ്ടാണ് ഇയാള്‍ ഡെപ്യൂട്ടേഷനില്‍ വന്നതുതന്നെ. ബുധനാഴ്ച ചേരുന്ന കെഎംഎംഎല്‍ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനു മുമ്പാകെ ഫയല്‍ എത്തും.

    ReplyDelete