Saturday, March 24, 2012

സമരം ശക്തമാക്കും: പണിമുടക്കുന്ന പത്ര ഏജന്റുമാര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്ന്

കാസര്‍കോട്: പത്ര ഏജന്റുമാരുടെ പണിമുടക്ക് പൊളിക്കാന്‍ വന്‍കിട പത്ര മാനേജ്മെന്റുകള്‍ ഏജന്റുമാര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് പീഡിപ്പിക്കുകയാണെന്ന് കേരള ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏജന്റുമാരുടെ പണിമുടക്ക് നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. 99 ശതമാനം ഏജന്റുമാരും സമരത്തിലാണ്. മൊബൈല്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി വന്‍കിട പത്ര മാനേജ്മെന്റുകള്‍ ചിലരെക്കൊണ്ട് ചിലയിടത്ത് പത്രം വിതരണം ചെയ്യിക്കുന്നുണ്ട്. കൂടാതെ മൂന്ന് രൂപയ്ക്ക് പത്ര ജീവനക്കാര്‍ നേരിട്ടും വിതരണം നടത്തുന്നുണ്ട്. സമരത്തില്‍ ഏജന്റുമാര്‍ ഐക്യത്തോടെ അണിനിരന്നപ്പോള്‍ അതിനെ തകര്‍ക്കാന്‍ കള്ളക്കേസുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
സമരത്തിന് സഹായമഭ്യര്‍ഥിച്ച് വ്യാഴാഴ്ച കാസര്‍കോട്ടെ എല്ലാ പത്രസ്ഥാപനങ്ങളും അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. മനോരമയുടെ ഓഫീസും സന്ദര്‍ശിച്ച് അവിടെയുണ്ടായിരുന്ന ലേഖകനോട് സമരത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മടങ്ങി. എന്നാല്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് കള്ളപ്പരാതി നല്‍കി തങ്ങള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. തങ്ങള്‍ ഓഫീസിലെത്തിയപ്പോള്‍ അവിടെ ഇല്ലാതിരുന്ന സര്‍ക്കുലേഷന്‍ ജീവനക്കാരനാണ് പരാതിക്കാരന്‍ . ഇത് ഭാവിയില്‍ പ്രത്യാഘാതമുണ്ടാക്കും. കാഞ്ഞങ്ങാടും ഏജന്റുമാര്‍ക്കെതിരെ കള്ളക്കേസെടുത്തു. ഇതുകൊണ്ടൊന്നും ഏജന്റുമാരെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനാകില്ല. പാര്‍ടി മുഖപത്രങ്ങള്‍ നശിപ്പിച്ച് അത് ഏജന്റുമാരുടെ തലയിലിടാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.
വ്യാവസായികമായി പ്രവര്‍ത്തിക്കാത്തതിനാലും സമരത്തോട് അനുഭാവപൂര്‍ണമായി സഹകരിക്കുന്നതിനാലുമാണ് പാര്‍ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നത്. മംഗളം, ഇന്ത്യന്‍ എക്സ്പ്രസ് പത്രങ്ങള്‍ 40 ശതമാനം കമീഷനും ഉത്സവബത്തയും അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ ഇവ വിതരണം ചെയ്യും. ചര്‍ച്ചക്ക് പോലും തയ്യാറാകാത്ത പത്ര മാനേജ്മെന്റുകള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡി രാജന്‍ , സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍ , എം കെ രവീന്ദ്രന്‍ , രവി ഉദിനൂര്‍ , അസീസ്, വിശ്വാസ് എന്നിവര്‍ പങ്കെടുത്തു.

ന്യൂസ് പേപ്പര്‍ ഏജന്റുമാരുടെ പണിമുടക്ക്; സമര സഹായ സമിതി രൂപീകരിച്ചു

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യൂസ് പേപ്പര്‍ ഏജന്റുമാര്‍ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ വടകരയില്‍ സമര സഹായ സമിതി രൂപീകരിച്ചു. കേളു ഏട്ടന്‍ - പി പി ശങ്കരന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ ടി പി രാജന്‍ അധ്യക്ഷനായി. ജയരാജന്‍ , കെ കെ കുഞ്ഞിരാമന്‍ , എ കുഞ്ഞിരാമന്‍ , എം ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. പ്രദീപന്‍ ഓര്‍ക്കാട്ടേരി സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ : ടി കെ കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), കെ വി രാമചന്ദ്രന്‍ , എ കെ ബാലന്‍ (വൈസ് ചെയര്‍മാന്‍മാര്‍), പ്രദീപന്‍ ഓര്‍ക്കാട്ടേരി (കണ്‍വീനര്‍), എ പി പ്രജിത്ത്, പി കെ പ്രേമന്‍ (ജോ. കണ്‍വീനര്‍മാര്‍).

deshabhimani 240312

1 comment:

  1. പത്ര ഏജന്റുമാരുടെ പണിമുടക്ക് പൊളിക്കാന്‍ വന്‍കിട പത്ര മാനേജ്മെന്റുകള്‍ ഏജന്റുമാര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് പീഡിപ്പിക്കുകയാണെന്ന് കേരള ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏജന്റുമാരുടെ പണിമുടക്ക് നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. 99 ശതമാനം ഏജന്റുമാരും സമരത്തിലാണ്. മൊബൈല്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി വന്‍കിട പത്ര മാനേജ്മെന്റുകള്‍ ചിലരെക്കൊണ്ട് ചിലയിടത്ത് പത്രം വിതരണം ചെയ്യിക്കുന്നുണ്ട്. കൂടാതെ മൂന്ന് രൂപയ്ക്ക് പത്ര ജീവനക്കാര്‍ നേരിട്ടും വിതരണം നടത്തുന്നുണ്ട്. സമരത്തില്‍ ഏജന്റുമാര്‍ ഐക്യത്തോടെ അണിനിരന്നപ്പോള്‍ അതിനെ തകര്‍ക്കാന്‍ കള്ളക്കേസുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

    ReplyDelete