കൊച്ചി മെട്രോക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി വൈകും. ജപ്പാന്‍ ബാങ്കില്‍ നിന്നുള്ള വായ്പയുടെ കാര്യത്തില്‍ ധാരണയായ ശേഷമേ പദ്ധതി കേന്ദ്ര മന്ത്രിസഭ പരിഗണിക്കൂവെന്ന് നഗരവികസന മന്ത്രാലയ സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണ അറിയിച്ചു. പൊതുനിക്ഷേപ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ കൊച്ചി മെട്രോ പദ്ധതിക്കുള്ള തടസ്സമെല്ലാം നീങ്ങിയെന്നായിരുന്നു വിലയിരുത്തല്‍ . എന്നാല്‍ , വായ്പാ കാര്യത്തില്‍ ജപ്പാന്‍ ബാങ്കും സാമ്പത്തികകാര്യ വകുപ്പും ധാരണയില്‍ എത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ മന്ത്രിസഭ പദ്ധതി പരിഗണിക്കൂ എന്നും ഡോ. സുധീര്‍ കൃഷ്ണ പറഞ്ഞു.
പദ്ധതി ചെലവിന്റെ 44 ശതമാനമാണ് ജപ്പാന്‍ ബാങ്കില്‍ നിന്ന് വായ്പ പ്രതീക്ഷിക്കുന്നത്. ആകെ 5181 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് വായ്പയായി കിട്ടേണ്ടത് 2170 കോടി രൂപയാണ്. പദ്ധതി ചെലവിന്റെ പകുതിയോളം തുകയും വായ്പാ ഇനത്തിലാണ്. അതിനാലാണ് പദ്ധതി മന്ത്രിസഭയുടെ മുന്നിലെത്തുന്നതിനു മുമ്പ് വായ്പ സംബന്ധിച്ച് ധാരണയിലെത്തണമെന്ന തീരുമാനമുണ്ടായത്. സാധാരണ പൊതുനിക്ഷേപ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്ന പദ്ധതികള്‍ കാലതാമസമില്ലാതെ മന്ത്രിസഭ പരിഗണിക്കാറുണ്ട്. കൊച്ചി മെട്രോയില്‍ സ്വകാര്യപങ്കാളിത്തം വേണമെന്ന നിലപാടിലാണ് ആസൂത്രണ കമീഷന്‍ . പണം കണ്ടെത്തുന്ന കാര്യത്തില്‍ തടസ്സം നേരിട്ടാല്‍ സ്വകാര്യകമ്പനികളുടെ കടന്നുവരവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ആദര്‍ശ് ഫ്ളാറ്റുകള്‍ പ്രതിരോധ മന്ത്രാലയത്തിന് കൈമാറണം
മുംബൈ: കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിനായി നിര്‍മിച്ച ആദര്‍ശ് ഫ്ളാറ്റുകള്‍ പ്രതിരോധ മന്ത്രാലയത്തിന് കൈമാറണമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള 31 നില ഫ്ളാറ്റ് സുരക്ഷാഭീഷണിയിലാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മുംബൈ ഭീകരാക്രമണം പോലെയുള്ള സംഭവങ്ങളില്‍നിന്ന് പാഠം പഠിക്കണമെന്നും കോടതി പറഞ്ഞു. രാജ്യസുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. മുംബൈ നഗരസഭയോടും മുംബൈ വികസന അതോറിറ്റിയോടും ഫ്ളാറ്റ് സമുച്ചയത്തിന് അനുമതി നല്‍കിയതിന് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകൃതിവിഭവങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാകണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എണ്ണയും വാതകവും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാകണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഏഷ്യ വാതക പങ്കാളിത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2ജി സ്പെക്ട്രം അഴിമതിയെ വെല്ലുന്ന 10.67 ലക്ഷം കോടി രൂപയുടെ കല്‍ക്കരി ഖനി അഴിമതി പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഊര്‍ജ വിതരണം വിപുലമാക്കാന്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന വിധമുള്ള വില അനിവാര്യമാണെന്നു പറഞ്ഞ പ്രധാനമന്ത്രി എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണവും മേല്‍നോട്ടവും അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനം ത്വരിതപ്പെടുത്തുന്ന വിധം വാതകവില നിര്‍ണയനയത്തിന് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ സാമ്പത്തികചൂഷണം നിക്ഷേപകര്‍ക്കും ജനങ്ങള്‍ക്കും ഒരേപോലെ ഗുണമാകുന്ന വിധത്തിലാകണം. എണ്ണ- വാതകരംഗത്തേക്ക് സ്വകാര്യ കമ്പനികളുടെ കടന്നുവരവ് വാതക ലഭ്യത വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വാതക ആവശ്യകത അഞ്ചുവര്‍ഷത്തിനിടെ 14 ശതമാനം ഉയര്‍ന്നു. പുതിയ പര്യവേക്ഷണ ലൈസന്‍സിങ് നയത്തിനു കീഴില്‍ എണ്ണ-വാതക മേഖലയില്‍ 14 ശതകോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനായി. കൊച്ചി- ദാബോള്‍ എല്‍എന്‍ജി ടെര്‍മിനലുകള്‍ നിലവില്‍ വരുന്നതോടെ എല്‍എന്‍ജി ഇറക്കുമതി ശേഷി 140 ലക്ഷം ടണ്ണില്‍ നിന്ന് 200 ലക്ഷം ടണ്ണായി ഉയരും. 12-ാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ 30,000 കിലോമീറ്റര്‍ വാതകക്കുഴലാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈക്കോ ഉള്‍പ്പെടെ 500 പേര്‍ കസ്റ്റഡിയില്‍
തിരുനല്‍വേലി: കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭം നടക്കുന്ന പ്രദേശമായ തിരുനല്‍വേലിയിലെ ഇദിന്തകരയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച എംഡിഎംകെ നേതാവ് വൈക്കോ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോകുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എംഡിഎംകെ, പിഎംകെ, വിസികെ ഉള്‍പ്പെടെയുള്ള പാര്‍ടികളിലെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ ലംഘിച്ചാണ് ഇവര്‍ സമരകേന്ദ്രത്തിലേക്ക് പോകാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സമരത്തെ അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരം അഞ്ചാം ദിവസം പിന്നിട്ടു.
നീലച്ചിത്ര വിവാദം: ഗുജറാത്ത് സഭ മൂന്നാംനാളിലും സ്തംഭിച്ചു
ഗാന്ധിനഗര്‍ : നീലച്ചിത്ര വിവാദത്തില്‍ ഉള്‍പ്പെട്ട രണ്ടു ബിജെപി എംഎല്‍എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം ഗുജറാത്ത് നിയമസഭ സ്തംഭിപ്പിപ്പിച്ചു. പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായി സഭാ നടപടികള്‍ തടസ്സപ്പെട്ടതോടെ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും വെള്ളിയാഴ്ചയും സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. അതേസമയം, ആരോപണവിധേയനായ എംഎല്‍എയുടെ ടാബ്ലെറ്റ് കംപ്യൂട്ടറില്‍ അശ്ലീലദൃശ്യങ്ങള്‍ ഒന്നുമില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വിദഗ്ധര്‍ സ്പീക്കര്‍ ഗണ്‍പത് വാസവയ്ക്ക് കൈമാറി. റിപ്പോര്‍ട്ട് സ്പീക്കര്‍ സഭയില്‍ വായിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറുമെന്ന് സ്പീക്കര്‍ അറിയിച്ചു. ശങ്കര്‍ ചൗധരി, ജെതാ ഭര്‍വാദ് എന്നീ ബിജെപി എംഎല്‍എമാരാണ് ചൊവ്വാഴ്ച നിയമസഭാ നടപടിക്കിടെ തങ്ങളുടെ ടാബ്ലെറ്റില്‍ സ്ത്രീകളുടെ അശ്ലീലചിത്രം കണ്ടത്.
സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ഇന്ത്യക്ക് 50 കോടിയുടെ ലോകബാങ്ക് സഹായം
വാഷിങ്ടണ്‍ : ഇന്ത്യക്കായി അമ്പത് കോടി ഡോളറിന്റെ വിദ്യാഭ്യാസ പദ്ധതിക്ക് ലോകബാങ്ക് അംഗീകാരം നല്‍കി. സെക്കന്‍ഡറി തലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പദ്ധതി. കേന്ദ്രസര്‍ക്കാര്‍ 1290 കോടി ഡോളര്‍ ചെലവിട്ട് നടപ്പാക്കുന്ന രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ കീഴിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ലോകബാങ്ക് പദ്ധതി സഹായിക്കും. ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് അസോസിയേഷന്‍ വഴി 25 വര്‍ഷത്തേക്ക് പലിശരഹിത വായ്പയായാണ് ധനസഹായമെന്ന് ലോകബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. സെക്കന്‍ഡറി വിദ്യാഭ്യാസം ക്രമേണ സാര്‍വത്രികമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. നിലവിലുള്ള 60000 സര്‍ക്കാര്‍ സെക്കന്‍ഡറി സ്കൂളുകളുടെ വികസനം, അറ്റകുറ്റപ്പണി, പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് തുക വിനിയോഗിക്കും. 44000 യുപിഎസുകളെ സെക്കന്‍ഡറിസ്കൂളുകളാക്കി ഉയര്‍ത്തും. 11000 സീനിയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ പുതുതായി ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
deshabhimani 240312
കൊച്ചി മെട്രോക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി വൈകും. ജപ്പാന്‍ ബാങ്കില്‍ നിന്നുള്ള വായ്പയുടെ കാര്യത്തില്‍ ധാരണയായ ശേഷമേ പദ്ധതി കേന്ദ്ര മന്ത്രിസഭ പരിഗണിക്കൂവെന്ന് നഗരവികസന മന്ത്രാലയ സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണ അറിയിച്ചു. പൊതുനിക്ഷേപ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ കൊച്ചി മെട്രോ പദ്ധതിക്കുള്ള തടസ്സമെല്ലാം നീങ്ങിയെന്നായിരുന്നു വിലയിരുത്തല്‍ . എന്നാല്‍ , വായ്പാ കാര്യത്തില്‍ ജപ്പാന്‍ ബാങ്കും സാമ്പത്തികകാര്യ വകുപ്പും ധാരണയില്‍ എത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ മന്ത്രിസഭ പദ്ധതി പരിഗണിക്കൂ എന്നും ഡോ. സുധീര്‍ കൃഷ്ണ പറഞ്ഞു.
ReplyDelete