Friday, October 12, 2012

ജനശ്രീ തട്ടിപ്പിന് ഹസ്സന്റെ ബിനാമിയും


ജനശ്രീ തട്ടിപ്പിന് എം എം ഹസ്സന്‍ തട്ടിക്കൂട്ടിയ പ്രിയദര്‍ശിനി റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് െ്രപെവറ്റ് ലിമിറ്റഡ് കമ്പനിയുടെ ആകെയുള്ള രണ്ട് ട്രസ്റ്റികളില്‍ ഒരാളായ കേശവന്‍ നറുകര ഹസ്സന്റെ ബിനാമി. 2001-05 കാലയളവില്‍ ഹസ്സന്‍ മന്ത്രിയായിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കേശവന്‍ നറുകര, ഹസ്സന്റെ സന്തത സഹചാരിയും എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരനുമാണ്. രണ്ടാമത്തെ ട്രസ്റ്റി ജയ ശ്രീകുമാര്‍, ഹസ്സന്റെ കൂട്ടാളിയും ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ബി എസ് ബാലചന്ദ്രന്റെ വിശ്വസ്തയും ഭാരത് സേവക് സമാജിന്റെ പ്രോഗ്രാം ഡയറക്ടറുമാണ്. ഈ കമ്പനിയാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് കമ്പനിയെ പണയത്തിലാക്കിയത്. ഇതോടെ ജനശ്രീയുടെയും മൈക്രോഫിന്‍ ലിമിറ്റഡ് കമ്പനിയുടെയും മുഴുവന്‍ ആസ്തിയും പൂര്‍ണ അവകാശവും ഈ തട്ടിക്കൂട്ട് കമ്പനിയുടെ കൈയിലായി. വെറും ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനമാണ് രണ്ട് ട്രസ്റ്റികളുടെയും പേരിലുള്ളത്. ജനശ്രീയുടെ അതേ വിലാസത്തില്‍ രൂപീകരിച്ച ഈ വ്യാജ കമ്പനിക്ക് ഇനി ജനശ്രീയെ ഏത് നിമിഷവും വിഴുങ്ങാം.

എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്നാണ് കോണ്‍ഗ്രസുകാര്‍ക്ക് പ്രിയപ്പെട്ട ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരില്‍ത്തന്നെ തട്ടിപ്പ് സംഘം രൂപീകരിച്ചതെന്നതും ചര്‍ച്ചയാവുകയാണ്. ഹസ്സന്റെ സ്വകാര്യലാഭത്തിന് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരില്‍ തട്ടിപ്പ് സ്ഥാപനം തുടങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് ഐ വിഭാഗം പ്രതികരിച്ചു. ജനശ്രീ മൈക്രോഫിന്‍ സമാഹരിക്കുമെന്ന് പറയുന്ന മൂന്ന് കോടി രൂപയുടെ കടപ്പത്രത്തിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്നതിനാണ് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുണ്ടാക്കി രഹസ്യ പണയക്കരാറില്‍ ഒപ്പുവച്ചത്. ഇത്തരം കടപ്പത്രത്തിന് ട്രസ്റ്റിയായി നില്‍ക്കുന്ന കമ്പനി ആദ്യ കമ്പനിയേക്കാള്‍ ഏറെക്കാലത്തെ പ്രവര്‍ത്തനപരിചയമുള്ളതും കൂടുതല്‍ ഓഹരി മൂലധനമുള്ളതും ഏവരുടെയും അംഗീകാരമുള്ളതുമായിരിക്കണമെങ്കിലും ഇവിടെ അതെല്ലാം ലംഘിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രവുമായിരുന്നു ഇത്. കടപ്പത്ര ഉടമകള്‍ക്ക് 11 മുതല്‍ 13 ശതമാനംവരെ പലിശ നല്‍കുമെന്ന് പ്രിയദര്‍ശിനിയും ജനശ്രീയും തമ്മിലുണ്ടാക്കിയ കരാറില്‍ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് ബാങ്കിങ് നൂലാമാലകളില്ലാതെ പണം നിക്ഷേപിക്കാനും കള്ളപ്പണം വെളുപ്പിക്കാനും കഴിയും. ഈ പണം പാവപ്പെട്ട സ്ത്രീകള്‍ക്ക് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കി ചൂഷണം നടത്തുകയെന്നതും ഹസ്സന്റെയും കൂട്ടരുടെയും ലക്ഷ്യമാണ്. കടപ്പത്രം നല്‍കുന്ന ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ കാശ് തിരിച്ചുനല്‍കുന്നതില്‍ ജനശ്രീ വീഴ്ച വരുത്തിയാല്‍ അത് നല്‍കേണ്ടത് പ്രിയദര്‍ശിനി കമ്പനിയാണ്. ഇതിന് പകരമായി ജനശ്രീയുടെ ആസ്തികള്‍ ഈ കമ്പനിയുടെ കൈയിലാകും. കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ചാല്‍ വളരെ എളുപ്പത്തില്‍ ആസ്തികളാകെ പ്രിയദര്‍ശിനി കമ്പനിയുടെ കൈയിലാകും.

ഹസന്‍ 2 കോടി പിരിക്കാന്‍ ശ്രമിച്ചെന്ന് ജനശ്രീ ചെയര്‍പേഴ്സണ്‍

കൊച്ചി: ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം എം ഹസനെതിരെ ജനശ്രീ ചെയര്‍പേഴ്സന്‍. ഹസന്‍ ജനശ്രീയുടെ യൂണിറ്റുകള്‍വഴി രണ്ടേകാല്‍കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെന്ന് കൊടുങ്ങല്ലൂര്‍ മേത്തല ജനശ്രീ മിഷന്‍ ചെയര്‍പേഴ്സണ്‍ സുലേഖ അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന കണ്‍വന്‍ഷന്‍ നടത്താനാണ് ഹസന്‍ പണം സ്വരൂപിക്കാന്‍ ശ്രമിച്ചത്. ഇതിനായി ഓരോ യൂണിറ്റും 5000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജനശ്രീയില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഇത്രയും പണം കൊടുക്കാനായില്ല. കൊടുക്കാത്ത യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കിയില്ലെന്നും സുലേഖ അഷ്റഫ് പറഞ്ഞു. മേത്തല ജനശ്രീ മിഷനുനേരെ പാര്‍ടി പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ അപവാദപ്രചാരണം നടത്തുകയാണ്. പാര്‍ടി നേതൃത്വത്തിന്റെ മോശമായ പ്രവൃത്തികള്‍ക്കെതിരെ ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിഹാരമൊന്നും ഉണ്ടായില്ല. ജനശ്രീ അംഗങ്ങള്‍ക്ക് പശുവിനെ തരാമെന്നുപറഞ്ഞ് മേലധികാരികള്‍ കബളിപ്പിച്ചുവെന്നും സുലേഖ അഷ്റഫ് പറഞ്ഞു.

deshabhimani 121012

1 comment:

  1. ജനശ്രീ തട്ടിപ്പിന് എം എം ഹസ്സന്‍ തട്ടിക്കൂട്ടിയ പ്രിയദര്‍ശിനി റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് െ്രപെവറ്റ് ലിമിറ്റഡ് കമ്പനിയുടെ ആകെയുള്ള രണ്ട് ട്രസ്റ്റികളില്‍ ഒരാളായ കേശവന്‍ നറുകര ഹസ്സന്റെ ബിനാമി. 2001-05 കാലയളവില്‍ ഹസ്സന്‍ മന്ത്രിയായിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കേശവന്‍ നറുകര, ഹസ്സന്റെ സന്തത സഹചാരിയും എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരനുമാണ്. രണ്ടാമത്തെ ട്രസ്റ്റി ജയ ശ്രീകുമാര്‍, ഹസ്സന്റെ കൂട്ടാളിയും ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ബി എസ് ബാലചന്ദ്രന്റെ വിശ്വസ്തയും ഭാരത് സേവക് സമാജിന്റെ പ്രോഗ്രാം ഡയറക്ടറുമാണ്. ഈ കമ്പനിയാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് കമ്പനിയെ പണയത്തിലാക്കിയത്. ഇതോടെ ജനശ്രീയുടെയും മൈക്രോഫിന്‍ ലിമിറ്റഡ് കമ്പനിയുടെയും മുഴുവന്‍ ആസ്തിയും പൂര്‍ണ അവകാശവും ഈ തട്ടിക്കൂട്ട് കമ്പനിയുടെ കൈയിലായി. വെറും ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനമാണ് രണ്ട് ട്രസ്റ്റികളുടെയും പേരിലുള്ളത്. ജനശ്രീയുടെ അതേ വിലാസത്തില്‍ രൂപീകരിച്ച ഈ വ്യാജ കമ്പനിക്ക് ഇനി ജനശ്രീയെ ഏത് നിമിഷവും വിഴുങ്ങാം.

    ReplyDelete