Sunday, March 31, 2013

പൊലീസില്‍ ക്രിമിനല്‍വത്കരണം കൂടുന്നു


: പൊലീസിലെ ക്രിമിനല്‍വത്കരണം തടയാന്‍ കര്‍ശന നടപടി കൈകൊള്ളണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും അധികൃതര്‍ക്ക് മൃദുസമീപനം. ക്രിമിനല്‍കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസുകാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും കാര്യമായ നടപടി നേരിടുന്നവര്‍ ആരുമില്ലെന്നതാണ് യാഥാര്‍ഥ്യം. രണ്ടു ദിവസത്തിനിടെ ഒരാള്‍ എന്ന കണക്കിലാണ് ഇപ്പോള്‍ ക്രിമിനല്‍ േകസുകളില്‍ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണം.

കഴിഞ്ഞവര്‍ഷം ക്രിമിനല്‍ കുറ്റത്തിന് നടപടിക്ക് വിധേയരായവര്‍ 194 പേരാണ്. ഇതില്‍ സസ്‌പെന്‍ഷനെങ്കിലും ലഭിച്ചതാവട്ടെ 107 പേരും. അവരില്‍ ബഹുഭൂരിപക്ഷവും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ സര്‍വീസില്‍ തിരികെ എത്തുകയും ചെയ്തു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിയാകുന്ന പൊലീസുകാരുടെ എണ്ണവും കുറവല്ല. ഇത്തരം കേസുകളില്‍ നടപടിക്ക് വിധേയരായ പൊലീസുകാര്‍ 38 പേരുണ്ട്. അതില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചത് വെറും 14 പേര്‍ക്ക്. മറ്റുള്ളവര്‍ക്കെതിരെ വകുപ്പുതല നടപടിമാത്രം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബാധ്യസ്ഥരായ പൊലീസുകാരാണ് അതിക്രമങ്ങള്‍ കാണിക്കുന്നതും വകുപ്പുതല നടപടിമാത്രം ഏറ്റുവാങ്ങി രക്ഷപ്പെടുന്നതും.

മണല്‍, മദ്യ, ബ്‌ളേഡ് മാഫിയകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടിക സഹിതം സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കൈമാറിയിട്ടും ആഭ്യന്തരവകുപ്പില്‍ നിന്ന് നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞവര്‍ഷം ഒരു ഡിവൈ എസ് പി, 26 എസ് ഐമാര്‍, 54 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ (ഹെഡ്‌കോണ്‍സ്റ്റബിള്‍), 91 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ (കോണ്‍സ്റ്റബിള്‍), 22 പൊലീസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിച്ചത്.

jaanyugom

സ്വപ്നങ്ങള്‍ ബാക്കിയാക്കി കണ്ണീരുമായി കടല്‍ താണ്ടി


കിടപ്പാടമായ നാലുസെന്റ് പണയപ്പെടുത്തിയവര്‍, സ്വന്തമായി വീടെന്ന സ്വപ്നംപോലും യാഥാര്‍ഥ്യമാക്കാത്തവര്‍, മകളുടെ വിവാഹത്തിന് വാങ്ങിയ സ്വര്‍ണത്തിന്റെ ബാധ്യത എങ്ങനെ തീര്‍ക്കുമെന്ന് ചങ്കുപൊട്ടി നിലവിളിക്കുന്നവര്‍... ജീവിതദുരിതങ്ങളില്‍നിന്ന് കരകയറാന്‍ മണലാരണ്യത്തിലേക്ക് പറന്നുയര്‍ന്നവര്‍ വെറുംകൈയോടെ മടങ്ങിവരുന്ന കാഴ്ച ദയനീയം. സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ എല്ലാം നഷ്ടപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവര്‍ക്ക് പറയാനുള്ളത് ദുരിതകഥമാത്രം. തിരിച്ചെത്തിയവര്‍ അമര്‍ഷവും നിസ്സഹായതയും പങ്കുവച്ചു.

ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഗള്‍ഫിലേക്ക് പോയതെന്ന് കാളികാവ് പുലിപെട്ടി ജമാലുദീന്‍ പറഞ്ഞു. സൗദിയില്‍ അലക്കുകടയില്‍ തൊഴിലാളിയായ ജമാലുദീന്‍ നാലുവര്‍ഷമായി ഗള്‍ഫില്‍. പ്രാരാബ്ധം കാരണം അവധിക്കുപോലും നാട്ടിലെത്തിയില്ല. ഒമ്പതുസെന്റ് സ്ഥലമാണ് ആകെയുള്ളത്. വീടുനിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരിച്ചെടുക്കാനായില്ല. മൂന്ന് പെണ്‍കുട്ടികളടക്കം നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം എങ്ങനെ കഴിയുമെന്നതിനെച്ചൊല്ലി ജമാലുദീന്റെ കണ്ണ് നിറഞ്ഞു. ആകെയുള്ള നാലുസെന്റ് സ്ഥലവും വീടും വിറ്റാണ് എടത്തനാട്ടുകര കൈതക്കുണ്ട് സുലൈമാന്‍ ഗള്‍ഫിലെത്തിയത്. എട്ടുവര്‍ഷമായെങ്കിലും കാര്യമായൊന്നും സമ്പാദിക്കാനായില്ല. വാടകവീട്ടിലാണ് താമസം. സ്വന്തമായൊരു വീട് സ്വപ്നംമാത്രം. ജിദ്ദയിലെ കഫ്റ്റീരിയയില്‍ ജീവനക്കാരനായിരുന്നു. വിസ പുതുക്കിക്കിട്ടാതായതോടെ നാട്ടിലേക്ക് മടങ്ങി. ഇനി തിരിച്ചുപോക്ക് അസാധ്യമാണെന്ന് സുലൈമാന്‍ പറഞ്ഞു.

കൊണ്ടോട്ടി കിഴിശേരി സൈതലവി 15 വര്‍ഷമായി ജിദ്ദയിലെ ഹുലൈലില്‍ ഹോട്ടല്‍തൊഴിലാളിയാണ്. സ്വദേശിവല്‍ക്കരണം സൈതലവിയുടെയും വയറ്റത്തടിച്ചു. ചെറിയൊരു വീട് ഉണ്ടെന്നല്ലാതെ സമ്പാദ്യമൊന്നുമില്ല. നാട്ടില്‍ എന്തെങ്കിലും തുടങ്ങാന്‍ ഭീമമായ തുക വേണം. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സൈതലവി പറഞ്ഞു. സൗദി മന്ത്രാലയം തെരച്ചില്‍ ശക്തമാക്കിയതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.

deshabhimani 310313

ഇറാന്‍: പാശ്ചാത്യ ഭീഷണിക്കെതിരെ ബ്രിക്സ്


ഡര്‍ബന്‍: ആണവപ്രശ്നത്തില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും മറ്റും മുഴക്കുന്ന ആക്രമണഭീഷണികളില്‍ അഞ്ചാം ബ്രിക്സ് ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചു. ഇറാനെതിരെ ഏകപക്ഷീയമായി ഉപരോധം അടിച്ചേല്‍പ്പിക്കുന്നതിലും ബ്രിക്സ് കൂട്ടായ്മ ആശങ്ക പ്രകടിപ്പിച്ചു. ഹരിത സമ്പദ്വ്യവസ്ഥ സഹകരണത്തിനടക്കം വിവിധ കരാറുകള്‍ ഒപ്പിട്ട് ഉച്ചകോടി ബുധനാഴ്ച (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ) സമാപിച്ചു.

അന്താരാഷ്ട്രബാധ്യതകള്‍ നിറവേറ്റിക്കൊണ്ട് സമാധാനപരമായ ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കാന്‍ ഇറാനുള്ള അവകാശം അംഗീകരിക്കുന്നതായി ഇന്ത്യയും ചൈനയും റഷ്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന പ്രധാന വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ വ്യക്തമാക്കി. ഇറാനിയന്‍ ആണവപ്രശ്നത്തിന് ചര്‍ച്ചയിലൂടെയല്ലാതെ പരിഹാരമില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ഉച്ചകോടിയുടെ അവസാനം പുറത്തുവിട്ട ഡര്‍ബന്‍ പ്രഖ്യാപനം വ്യക്തമാക്കി. സിറിയയിലെ സംഘര്‍ഷത്തിന് സിറിയന്‍ നേതൃത്വത്തില്‍ രാഷ്ട്രീയപ്രക്രിയയിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും ബ്രിക്സ് രാജ്യങ്ങള്‍ വ്യക്തമാക്കി.

ശാശ്വതസമാധാനവും സ്ഥിരതയും സ്ഥാപിക്കാന്‍ അഫ്ഗാനിസ്ഥാന് സമയവും വികസനസഹായവും സഹകരണവും കമ്പോളങ്ങളില്‍ പ്രത്യേക പരിഗണനയും നല്‍കണമെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സൗദി പ്രതിനിധിയെ വിളിപ്പിച്ച് ഇറാന്‍ പ്രതിഷേധം അറിയിച്ചു

തെഹ്റാന്‍: സൗദി അറേബ്യയില്‍ അടുത്തയിടെ പിടിയിലായ "ചാരസംഘം" ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന സൗദി അധികൃതരുടെ ആരോപണത്തില്‍ ഇറാന്‍ പ്രതിഷേധിച്ചു. ഇറാനിലെ സൗദി നയതന്ത്രപ്രതിനിധിയെ വിദേശമന്ത്രാലയത്തില്‍ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചു. പ്രശ്നത്തില്‍ ഇറാന്‍ സൗദിയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സൗദി ഭരണകൂടം ഷിയാ മുസ്ലിങ്ങളുടെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനൊപ്പം അവരെ ഇറാന്‍ചാരന്മാരായി മുദ്രകുത്തുന്നതും അസാധാരണമല്ല.

deshabhimani 310313

ജനറിക് മരുന്നുകളുടെ വിതരണം താളംതെറ്റി


സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ വഴിയുള്ള ജനറിക് മരുന്നുകളുടെ വിതരണം താളംതെറ്റുന്നു. ആവശ്യത്തിന് മരുന്നില്ലാത്തതും ജീവനക്കാരില്ലാത്തതുമാണ് ഇതിന് കാരണം. അഞ്ചു മെഡിക്കല്‍ കോളേജുകള്‍ വഴിയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികള്‍ വഴിയുമുള്ള ജനറിക് മരുന്നുകളുടെ ആദ്യഘട്ടം വിതരണത്തിലാണ് പ്രതിസന്ധി ഒഴിയാതെ തുടരുന്നത്. 524 ഇനം അത്യാവശ്യമരുന്നുകളും 324 ഇനം റേഷനിങ് മരുന്നുകളും 100ലധികം ക്യാന്‍സര്‍ മരുന്നുകളും ഉള്‍പ്പെടെ ആയിരത്തോളം മരുന്നുകളാണ് സൗജന്യമായി രോഗികള്‍ക്ക് നല്‍കിയിരുന്നത്.

ആശുപത്രികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് മരുന്നുകള്‍ എത്തിക്കുന്നത്. സൗജന്യമായി കൂടുതല്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ആശുപത്രികളിലെ ഒ പിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടി. എന്നാല്‍ അതിനനുസരിച്ച് മരുന്ന് നല്‍കാന്‍ കഴിയുന്നില്ല. ആശുപത്രികള്‍ ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമായ മരുന്നുകള്‍ എത്തിച്ചുകൊടുക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കഴിയാത്തതിനാലാണ് മരുന്നുവിതരണം തടസ്സപ്പെടുന്നത്.

deshabhimani

ബിഎംഎസ് പ്രവര്‍ത്തകനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചു


ഭീമനടി: പൂങ്ങംചാലില്‍ ആര്‍എസ്എസ്-ബിജെപി ശാഖകളുടെ അക്രമ പ്രവര്‍ത്തനങ്ങളോട് വിയോജിച്ച ബിഎംഎസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി ആക്രമിച്ചു. വീട്ടുപകരണങ്ങളും ഓട്ടോറിക്ഷയും തകര്‍ത്തു. ഭാര്യയുടെ രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്നു. ബിഎംഎസ് പ്രവര്‍ത്തകനായ സ്വകാര്യ ബസ് ഡ്രൈവറായ പി സുമേഷി (35)നെയാണ് കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ അടുക്കളംപാടിയിലെ സുനില്‍കുമാര്‍ (34), ചിര്‍ക്കയത്തെ അജേഷ്, സഹോദരന്‍ അരുണ്‍ എന്ന മുത്തു (25), രൂപേഷ് (21), പറമ്പയിലെ സുരേഷ് (38), കുമ്പളപ്പള്ളിയിലെ ഹരീഷ് (35) എന്നിവരുടെ നേതൃത്വത്തില്‍ പുറത്തേക്ക് വലിച്ചിഴച്ച് അക്രമിക്കുകയായിരുന്നു. വീട്ടിലേക്കോടി കയറിയെങ്കിലും അക്രമിസംഘം സുമേഷിനെയും ഭാര്യ ഷീജയെയും ഇരുമ്പ് ദണ്ഡുകളുപയോഗിച്ച് മര്‍ദിച്ചു. സുമേഷിന്റെ തലക്ക് ഇരുമ്പ് ദണ്ഡുകൊണ്ടടിച്ചു. കൈകാലുകള്‍ ഒടിച്ചു. ഭാര്യ ഷീജയുടെ കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റു. ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തിയും ഉറ്റവരെ അക്രമിച്ചും തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിക്കാനാണ് പ്രദേശത്ത് ആര്‍എസ്്എസ്-ബിജെപി ശ്രമം. അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാതെ വിട്ടുനിന്നതിലുള്ള രോഷത്തിലാണ് സുമേഷിന്റെ വീടാക്രമിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ആര്‍എസ്എസ്സുകാര്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

മണ്ണാര്‍ക്കാട്: തെങ്കര കാളക്കാട് സിപിഐ എം ബ്രാഞ്ച്സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേരെ ആര്‍എസ്എസ്സുകാര്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കാളക്കാട് തൃക്കമ്പറ്റ ചന്ദ്രന്റെ വീട്ടില്‍ കയറിയാണ് ആര്‍എസ്എസ്സുകാര്‍ അക്രമം നടത്തിയത്. ചന്ദ്രന്റെ മകളുടെ വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒത്തുകൂടിയവരെ ആക്രമിക്കുകയായിരുന്നു. തൃക്കമ്പറ്റ ചന്ദ്രന്‍, സഹോദരന്‍ സുരേഷ്ബാബു, സിപിഐ എം ബ്രാഞ്ച്സെക്രട്ടറി പുവ്വത്തിങ്കല്‍ ശിവന്‍, തൃക്കമ്പറ്റ സുന്ദരതന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ജയേഷ്, സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടുപേര്‍ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയിലുള്ള ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. സംഘര്‍ഷമുണ്ടാക്കി മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ്സുകാരുടെ നീക്കം അവസാനിപ്പിക്കണമെന്ന് സിപിഐ എം തെങ്കര ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കെഎസ്യുക്കാര്‍ അറസ്റ്റില്‍

കുറ്റ്യാടി: എസ്എഫ്ഐ ഏരിയാ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്എഫ്ഐ നേതാക്കളെ കാര്‍ തടഞ്ഞ് അക്രമിച്ച കേസില്‍ കെഎസ്യുക്കാരന്‍ അറസ്റ്റില്‍.മാപ്പിളാണ്ടി ജുനൈദ് (18)നെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പൈക്കളങ്ങാടിയില്‍ ജില്ലാ സെക്രട്ടറി കിരണ്‍രാജ് ഉള്‍പ്പെടെ ആറ് പ്രവര്‍ത്തകരെയാണ് അക്രമിച്ചത്. നിരവധി കേസില്‍ പ്രതിയാണ് ജുനൈദ്. എസ്ഐ എ കെ രാജനും സംഘവും കുറ്റ്യാടിയില്‍ നിന്നാണ് ജുനൈദിനെ അറസ്റ്റ് ചെയ്തത,

വധശ്രമം; അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി

നാദാപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മുസ്ലീം ലീഗുകാരെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഡിവൈഎഫ്ഐ നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ എ എം റഷീദ് ഉദ്ഘാടനം ചെയ്തു. പേരോട്ട് യൂത്ത് ലീഗ് അക്രമത്തില്‍ പരിക്കേറ്റ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ കഴിയുകയായിരുന്ന അമ്മയെയും മകനെയും സന്ദര്‍ശിച്ച് മടങ്ങവെയാണ് ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ അക്രമിച്ചത്. എം വിനോദന്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ പി പ്രദീഷ്, കുരുമ്പേരി ശശി, കെ ടി കെ സ്വാതി, പി കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

deshabhimani

ദക്ഷിണ കൊറിയയുമായി യുദ്ധാവസ്ഥ: ഉത്തര കൊറിയ


പ്യോങ്യാങ്: ദക്ഷിണകൊറിയയുമായി യുദ്ധാവസ്ഥ രൂപപ്പെട്ടിരിക്കയാണെന്ന് ഉത്തരകൊറിയ. ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് നടത്തുന്ന പ്രകോപനപരമായ നടപടികളുടെ സാഹചര്യത്തിലാണ് ഈ പ്രതികരണം. ഈ സമയം മുതല്‍ ഉത്തര-ദക്ഷിണ കൊറിയന്‍ ബന്ധം യുദ്ധാവസ്ഥയിലാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും അതിനനുസരിച്ച് കൈകാര്യം ചെയ്യുമെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരകൊറിയന്‍ സര്‍ക്കാരും ഭരണകക്ഷിയും മറ്റ് സംഘടനകളും സംയുക്തമായാണ് പ്രസ്താവനയിറക്കിയത്. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയയുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക മേഖല അടച്ചുപൂട്ടുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ആറ് പതിറ്റാണ്ടോളമായി തുടരുന്ന കൊറിയകളുടെ സംഘര്‍ഷം അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് രൂക്ഷമായത്. സ്വന്തം സഖ്യത്തിലുള്‍പ്പെട്ട ദക്ഷിണകൊറിയയുമായി ചേര്‍ന്ന് മേഖലയില്‍ അമേരിക്ക സൈനികാഭ്യാസം തുടങ്ങിയതോടെ പ്രശ്നം വഷളായി. ഇത്തവണത്തെ സൈനികാഭ്യാസത്തിന് കൂടുതല്‍ മാരകമായ യുദ്ധസന്നാഹങ്ങളാണ് അമേരിക്ക എത്തിച്ചത്. മേഖലയുടെ സമാധാനം തകര്‍ക്കാനും തങ്ങളുടെ പരമാധികാരം വെല്ലുവിളിക്കാനുമുള്ള അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും പ്രകോപനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉത്തരകൊറിയയുടെ പ്രസ്താവനയില്‍ പുതുതായി ഒന്നുമില്ലെന്നും യുദ്ധത്തിന് അവര്‍ അടിയന്തര നീക്കം നടത്തുന്നതായി കരുതുന്നില്ലെന്നും ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. കെയ്സോങ് വ്യാവസായിക മേഖല അടയ്ക്കാത്തത് ഇതിന് തെളിവാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള നടപടികള്‍ വഞ്ചകസംഘം തുടരുകയാണെങ്കില്‍ വ്യാവസായിക മേഖല അടച്ചിടുമെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയത്. മേഖലയിലെ ചെറുകിട-ഇടത്തരം കമ്പനികളുടെ ദുരിതസ്ഥിതി പരിഗണിച്ചാണ് കടുത്ത നീക്കത്തിന് മുതിരാത്തത്. ഇവിടെയുള്ള 123 കമ്പനികളുടെയും തൊഴിലാളികളും ദുരിതത്തിലാകും. അതിനാല്‍, അങ്ങേയറ്റം സംയമനം പാലിക്കുകയാണ്- കെയ്സോങ് മേഖലയുടെ ചുമതലയുള്ള ഏജന്‍സിയെ ഉദ്ധരിച്ച് കെസിഎന്‍എ റിപ്പോര്‍ട്ട്ചെയ്തു. ദക്ഷിണകൊറിയയിലെയും ശാന്തസമുദ്രത്തിലെയും അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിക്കാന്‍ തങ്ങളുടെ മിസൈല്‍ യൂണിറ്റുകളെ സജ്ജമാക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് അണ്‍ വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു.

deshabhimani 310313

വിശ്വാസയോഗ്യന്‍


ഗുസ്തി പിടിത്തക്കാര്‍ നല്ല കരളുറപ്പുള്ളവരാകും എന്നാണ് വയ്പ്. യാദവകുലത്തില്‍ പിറന്ന് ഫയല്‍വാനായി ഗോദയിലിറങ്ങിയ മുലായംസിങ്, "യഹാം പരിന്താ ബി പര്‍ നഹി മാര്‍ സക്താ"(ഇവിടെ പരുന്തുപോലും പറക്കില്ല) എന്ന് പ്രഖ്യാപിച്ചപ്പോള്‍, അയോധ്യയില്‍ പള്ളിപൊളിക്കാന്‍ ചെന്ന കര്‍സേവകരും അദ്വാനിയും ഭയന്നുപോയത് ആ കരളുറപ്പിനെയാണ്. 1990 സെപ്തംബര്‍ 25ന് സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ട അദ്വാനിയുടെ രഥം ലക്ഷ്യത്തിലെത്താതെ പോയതിന് മുഖ്യകാരണങ്ങളിലൊന്ന് അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിങ്ങിന്റെ നിര്‍ഭയ നിലപാടാണ്. അന്ന് വിശ്വനാഥ് പ്രതാപ്സിങ്ങിനെക്കാള്‍ കടുത്ത മതേതരവാദി; ലാലുപ്രസാദിനെക്കാള്‍ വലിയ കാര്‍ക്കശ്യക്കാരന്‍ എന്നൊക്കെയായിരുന്നു മുലായം സിങ്ങിന്റെ വിശേഷണം.

മെയ്ന്‍പുരിയിലെ ഗുസ്തിഗോദയില്‍നിന്ന് നത്തുസിങ്ങിന്റെ കൈപിടിച്ച് രാഷ്ട്രീയത്തിന്റെ പടികയറിയ മുലായം, ലോഹ്യയുടെയും ചരണ്‍സിങ്ങിന്റെയും ശിഷ്യനായി സോഷ്യലിസ്റ്റ് കുപ്പായമിട്ടുകൊണ്ടാണ് 1967ല്‍ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമായത്. പിന്നെ തിരിഞ്ഞുനോട്ടമില്ല. ഭരണക്കുത്തക കൈയാളിയ കോണ്‍ഗ്രസിനെതിരെ ഘോരപോരാട്ടം. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം. ഭാരതീയ ലോക്ദള്‍, ജനതാപാര്‍ടി, ലോക്ദള്‍, കിസാന്‍ മസ്ദൂര്‍ പാര്‍ടി, ജനതാദള്‍, ഒടുവില്‍ സ്വന്തമായി സമാജ്വാദി പാര്‍ടി. ഇതിനിടയില്‍ ഏതൊക്കെ മുന്നണിയുണ്ടാക്കി, ആരുമായൊക്കെ ഭരണംപങ്കിട്ടു എന്നൊന്നും മുലായത്തിന് നിശ്ചയമില്ല. വി പി സിങ്ങിന്റെ വിശ്വസ്തനായിരിക്കെ, ചന്ദ്രശേഖറിന്റെ കൈയും പിടിച്ചിറങ്ങിപ്പോയി മന്ത്രിയായതുപോലെ നാടകീയതകളാല്‍ സുലഭമാണാജീവിതം. കരുളറുപ്പുണ്ട്, പേക്ഷെ ഇരിപ്പുറയ്ക്കില്ല എന്നര്‍ഥം. യുപിഎയ്ക്കൊപ്പമാണ് തല്‍ക്കാലം ഇരിപ്പ്. യുപിയില്‍ മായാവതിയുടെ കയ്യിലിരിപ്പുകൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആനയെ ഓടിച്ച് അഖിലേഷിനെ കുടിയിരുത്താനായി. മുഖ്യമന്ത്രിക്കസേരയില്‍ കൊതിയില്ലാഞ്ഞിട്ടല്ല. ലക്ഷ്യം അതിലും വലുതാണ്. ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിനരികിലൂടെ പോകുമ്പോള്‍ മനസ്സില്‍ തരിപ്പു തുടങ്ങിയിട്ട് വര്‍ഷം പലതായി. ഇക്കുറിയെങ്കിലും ആ കസേരയിലൊന്നിരിക്കണമെന്ന് കരുതിയാണ്, മകനെ ലഖ്നൗവില്‍ വിട്ട് സ്വസ്ഥനായത്. തെരഞ്ഞെടുപ്പിന് മണിമുഴങ്ങുന്നു. രാഹുല്‍, മോഡി, മന്‍മോഹന്‍, അദ്വാനി തുടങ്ങിയ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. തന്നെ ആരും ഗൗനിക്കുന്നില്ല. എങ്കില്‍ സ്വയം ഒന്ന് ഗൗനിക്കാമെന്ന് കരുതി. അതാണ് മൂന്നാംമുന്നണി പ്രഖ്യാപനമായി പുറത്തുവന്നത്. പണ്ട് അദ്വാനിയെ കണ്ടാല്‍ മുഖംതിരിക്കും. ഇപ്പോള്‍ അദ്വാനിക്കും കൊടുത്തു ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ്. നല്ലവനുക്കു നല്ലവനെന്ന്. അദ്വാനിപോലും അമ്പരന്നുകാണും. എല്ലാറ്റിലും വ്യത്യസ്തനാകണമെന്ന് നിര്‍ബന്ധമാണ്. വനിതാസംവരണം വരുമ്പോള്‍ എതിര്‍ത്തു. ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപത്തെ സഭയ്ക്ക് പുറത്ത് എതിര്‍ത്തു, അകത്ത് അനുകൂലിച്ച് വോട്ട് ചെയ്തു. ആണവകരാര്‍ വന്നപ്പോള്‍ അമേരിക്കന്‍ സായ്പിനേക്കാള്‍ അതിനോട് കൂറുകാട്ടി. ആഗോളവല്‍ക്കരണത്തിനെതിരെ പ്രസംഗിക്കും, സമരംചെയ്യും; ആ നയത്തിന്റെ ആഗോള ചാമ്പ്യനാകാനും മടി തീരെയില്ല. ആരും വിശ്വസിച്ച് അടുപ്പിക്കുന്നില്ല എന്നതാണ് സത്യം.

കോണ്‍ഗ്രസ് തന്നെ ഗത്യന്തരമില്ലാത്തതുകൊണ്ട് പിടിച്ചുനിര്‍ത്തിയതാണ്. ചാടിപ്പോകാനൊരുങ്ങുമ്പോള്‍ സിബിഐ എന്ന വടികാട്ടി പേടിപ്പിക്കും. എന്‍സിപി പുറത്തുവരികയും ലാലുവിനും നിതീഷിനുമൊക്കെ കനിവുതോന്നുകയുംചെയ്താല്‍ ഒരു മൂന്നാംമുന്നണി ആകാം എന്നാണ് പുതിയ ചിന്ത. തെരഞ്ഞെടുപ്പു കഴിഞ്ഞ് വരുന്നത് തൂക്കുസഭയായാല്‍ ഒരുപക്ഷേ സമയം തെളിഞ്ഞേക്കും. ദേവഗൗഡയ്ക്ക് വീണ നറുക്ക് ഇത്തവണ തന്റെ തലയിലെങ്ങാനും പതിച്ചാലോ. അതുകൊണ്ട് കോണ്‍ഗ്രസ് കൂട്ടുകാരന്‍, അദ്വാനി സത്യസന്ധന്‍, പവാര്‍ മഹാന്‍, ഇടതുപക്ഷം ഹൃദയപക്ഷം, മതേതരത്വം വിജയിക്കട്ടെ എന്നിങ്ങനെയുള്ള മന്ത്രങ്ങള്‍ ഇനി മാറിമാറി വരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏതാണ് പ്രയോജനം ചെയ്യുക എന്ന് ഇപ്പോഴേ തിട്ടപ്പെടുത്താനാകില്ലല്ലോ.
(സൂക്ഷ്മന്‍)

deshabhimani varanthapathipp 310313

സാമ്പത്തികവര്‍ഷം അവസാനിച്ചു; രൂപയുടെ നില പരുങ്ങലില്‍


വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപ ഏറ്റവും താഴെയെത്തിയ സാമ്പത്തികവര്‍ഷം കടന്നുപോകുന്നു. വ്യാപാരശിഷ്ടത്തില്‍ കുറവു വരാത്തത് രൂപയുടെ നില വീണ്ടും പരുങ്ങലിലാക്കി. 2012 ജൂണ്‍ 25ന് ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 57.13 എന്ന താഴ്ചയിലെത്തി. 2012 മാര്‍ച്ച് 30ന് ഡോളറിന് 50.89 രൂപയായിരുന്ന നിരക്ക് മൂന്ന് മാസം കൊണ്ടാണ് റെക്കോഡ് താഴ്ചയിലെത്തിയത്. ഒക്ടോബര്‍ നാലിന് 51.74 രൂപ എന്ന മെച്ചപ്പെട്ട നിലയിലെത്തിയെങ്കിലും അധികം നിലനിന്നില്ല. 2013 മാര്‍ച്ച് 30ന് 54.28 രൂപ എന്ന നിലയിലാണ് ഡോളറുമായുള്ള വിനിമയനിരക്ക്. ഡിസംബര്‍ പാദത്തില്‍ വ്യാപാരശിഷ്ടം മെച്ചപ്പെട്ട നിലയിലെത്തിയിരുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 6.7 ശതമാനമെന്ന നിലയിലായിരുന്നു ഡിസംബറിലെ വ്യാപാരശിഷ്ടം. 2012-13 സാമ്പത്തികവര്‍ഷമാകെ എടുത്താല്‍ വ്യാപാരശിഷ്ടം അഞ്ച് ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്‍ പറഞ്ഞു.

2011 ഡിസംബര്‍ പാദത്തില്‍ 2000 കോടി അമേരിക്കന്‍ ഡോളറായിരുന്നു ഇന്ത്യയുടെ വ്യാപാരശിഷ്ടം. 2012 ഡിസംബര്‍ ആയപ്പോള്‍ അത് 3200 ഡോളറായി. ക്രൂഡോയില്‍, സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചതും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വന്‍തോതില്‍ കുറഞ്ഞതും രൂപയ്ക്ക് വിനയായി. രാജ്യത്തെ സേവനമേഖല താരതമ്യേന ദുര്‍ബലമായത് മറ്റൊരു കാരണം. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനാണ് സാമ്പത്തിക പരിഷ്കാരങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പരിഷ്കാരങ്ങള്‍ ഫലമൊന്നുമുണ്ടാക്കിയില്ല. വ്യവസ്ഥകള്‍ വീണ്ടും ഉദാരമാക്കിയിട്ടും നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ താല്‍പ്പര്യമില്ല. എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് ക്രിസില്‍ പോലുള്ള റേറ്റിങ് ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥയിലുണ്ടായ മാന്ദ്യം തുടരുകയാണ്. അമേരിക്കയും യൂറോപ്പും പ്രതിസന്ധിയില്‍നിന്ന് കരകയറിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ഇന്ത്യയിലേക്ക് നിക്ഷേപമൊഴുകാന്‍ സാധ്യതയുള്ളൂ.
(വി ജയിന്‍)

deshabhimani 310313

ഇടപാടുകാര്‍ എത്തിയില്ല; ദുഃഖവെള്ളിയില്‍ ബാങ്കുകള്‍ക്ക് വന്‍ നഷ്ടം

ദുഃഖവെള്ളി പ്രവൃത്തിദിവസമാക്കിയത് ബാങ്കുകള്‍ക്ക് നഷ്ടക്കച്ചവടമായി. പല ശാഖയിലും ഒറ്റ ഇടപാടുപോലും നടന്നില്ല. ഭൂരിപക്ഷം ശാഖകളിലും ഒന്നോ രണ്ടോ ചെലാനിലൂടെ ചെറിയ തുക മാത്രമാണ് നികുതിയായി ലഭിച്ചത്. വൈകിട്ടുവരെ പ്രവര്‍ത്തിച്ച ബാങ്കുകള്‍ക്ക് വൈദ്യുതിച്ചാര്‍ജിനുള്ള പണംപോലും കമീഷന്‍ ഇനത്തില്‍ ലഭിച്ചില്ല. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്തൊട്ടാകെ നൂറില്‍ പ്പരം ശാഖ തുറന്നപ്പോള്‍ 22 ചെലാനിലൂടെ എട്ടുലക്ഷം രൂപ മാത്രമാണ് നികുതി പിരിഞ്ഞത്. എസ്ബിടി എറണാകുളം ജില്ലയില്‍ 29 ശാഖ തുറന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക് എന്നിവ ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ ഓവര്‍ടൈം വേതനവും മറ്റ് അലവന്‍സും നല്‍കിയതല്ലാതെ ഇടപാടുകളൊന്നും നടന്നില്ല.

കനറ ബാങ്കിന്റെ ലോക്കല്‍ പ്രോസസിങ് സെന്റര്‍ (എല്‍പിസി) ശാഖ ദുഃഖവെള്ളിയാഴ്ച തുറന്നുപ്രവര്‍ത്തിപ്പിച്ചിട്ടും രണ്ട് ക്ലിയറിങ് ചെക്ക് മാത്രമാണ് പാസാക്കാന്‍ കഴിഞ്ഞത്. എസ്ബിടി അങ്കമാലി ശാഖ, ബാങ്ക് ഓഫ് ബറോഡ തൃശൂര്‍ മെയിന്‍, കനറ ബാങ്ക് വെസ്റ്റ് പാലസ് റോഡ്, ബ്രോഡ്വേ, സൗത്ത് ശാഖകള്‍, ഇന്ത്യന്‍ ബാങ്ക് ചാലക്കുടി എന്നിവിടങ്ങളില്‍ ഇടപാടുകളൊന്നും നടന്നില്ല. എസ്ബിഐ മെയിന്‍, ട്രഷറി ശാഖകളില്‍ ഒരോ ഇടപാടുവീതമാണ് നടന്നത്. എസ്ബിടി തൃശൂര്‍ മെയിന്‍ ശാഖയില്‍ ഒരു ചെലാനും കനറ ബാങ്ക് ബാനര്‍ജി റോഡ് ശാഖയില്‍ രണ്ടു ചെലാനും എസ്ബിടി ചാലക്കുടി ശാഖയില്‍ മൂന്നു ചെലാനും ഇടപാടു നടന്നു. ഒഴിവുകള്‍ വെട്ടിച്ചുരുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് റിസര്‍വ് ബാങ്ക് നിര്‍ദേശത്തിനു പിന്നിലെന്നും ഈസ്റ്റര്‍ ദിനത്തില്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനവും നഷ്ടക്കച്ചവടമാകുമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 310313

വള്ളിക്കാട് ആര്‍എംപി അക്രമം: 2 സിപിഐ എം ഓഫീസ് തകര്‍ത്തു


ആര്‍എംപി അക്രമികള്‍ വള്ളിക്കാട്ടെ രണ്ട് സിപിഐ എം ഓഫീസുകള്‍ അര്‍ധരാത്രി അടിച്ചുതകര്‍ത്തു. കുടികിടപ്പ് സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച വള്ളിക്കാട് വാസുവിന്റെ സ്മരണക്കായുള്ള സിപിഐ എം വൈക്കിലശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ്, ബാലവാടി ബ്രാഞ്ച് ഓഫീസായ ഇ എം എസ് സ്മാരകമന്ദിരം എന്നിവയാണ് തകര്‍ത്തത്. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. വാസു സ്മാരകത്തിലെ എട്ട് ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. ഇ എം എസ് സ്മാരകത്തിന്റെ മുകളിലത്തെ നിലയിലെയും താഴത്തെ നിലയിലെ റെഡ്സ്റ്റാര്‍ വായനശാലയുടെയും ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ ബൈക്കിലും മറ്റുമെത്തിയ പത്തോളംവരുന്ന സംഘമാണ് ഓഫീസ് തകര്‍ത്തതെന്ന് പരിസരവാസികള്‍ പറഞ്ഞു. കുഞ്ഞികണ്ടി സദാശിവന്‍(45), മഠത്തുംതാഴെകുനി സുരേന്ദ്രന്‍(44), കൈതേലികുനി സജിത്(40), കുളങ്ങരത്ത് മീത്തല്‍ ശ്രീജന്‍(37) എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

30, 31 തീയതികളില്‍ കുന്നുമ്മക്കരയില്‍ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വരിശ്യക്കുനി, പടവത്ത്താഴെ, വൈക്കിലശേരി ഭാഗങ്ങളില്‍ സ്ഥാപിച്ച പതാകകളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. തകര്‍ത്ത ഓഫീസുകള്‍ എംഎല്‍എമാരായ സി കെ നാണു, കെ കെ ലതിക, പാര്‍ടി ജില്ലാ കമ്മിറ്റിയംഗം ആര്‍ ഗോപാലന്‍, ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വടകര പൊലീസില്‍ പരാതി നല്‍കി. സിപിഐ എം നേതൃത്വത്തില്‍ വള്ളിക്കാട് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.

ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ ഒഞ്ചിയം മേഖലയില്‍ ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് ആര്‍എംപി സംഘം. എന്നാല്‍ സിപിഐ എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അവസരോചിതമായ ഇടപെടലുകളാണ് സംഘര്‍ഷം ഒഴിവാക്കുന്നത്. അക്രമികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതും ഇവര്‍ക്ക് പ്രചോദനമാകുന്നു. സിപിഐ എമ്മിനെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് ആര്‍എംപിക്കാര്‍ക്ക് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കാന്‍ പ്രേരണയായതെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ നടന്ന ഈ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും അക്രമികളുടെ ദുഷ്ടലക്ഷ്യം തിരിച്ചറിയണമെന്നും ഏരിയാ കമ്മറ്റി അഭ്യര്‍ഥിച്ചു.

deshabhimani

മോഡിയെ പുകഴ്ത്താന്‍ യുഎസ് സംഘത്തിന് കൈക്കൂലി


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്താന്‍ അമേരിക്കന്‍ സംഘത്തെ ഇന്ത്യയില്‍ എത്തിച്ചത് കൈക്കൂലി നല്‍കിയാണെന്ന് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. മൂന്ന് അമേരിക്കന്‍ പ്രതിനിധി സംഘങ്ങള്‍ അടങ്ങുന്ന 24 അംഗ സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം വന്‍നേട്ടമായി പ്രചരിപ്പിച്ച ബിജെപിക്ക് അമേരിക്കന്‍ മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍ നാണക്കേടായി. ഓരോ പ്രതിനിധിക്കും 1.62 ലക്ഷം രൂപ മുതല്‍ 8.68 ലക്ഷം രൂപ വരെ ചെലവ് വരുന്ന ടൂര്‍ പാക്കേജിന്റെ മറവിലാണ് സംഘത്തെ ഇന്ത്യയില്‍ എത്തിച്ചതെന്ന വിവരം ചിക്കാഗോ കേന്ദ്രമായ ഹൈ ഇന്ത്യ പത്രമാണ് പുറത്തുവിട്ടത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പൊതുപണം കൈക്കൂലിക്കായി ഉപയോഗിച്ച നരേന്ദ്രമോഡി രാജി വയ്ക്കണമെന്ന് ഗുജറാത്തിലെ പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തിലുള്ള സംഘം നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റ് രണ്ട് റിപ്പബ്ലിക്കന്‍ പ്രതിനിധികളും ബാക്കി ബിസിനസുകാരുമായിരുന്നു സംഘത്തില്‍. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി എന്ന സംഘടനയുടെ പ്രവര്‍ത്തകനും ബിസിനസുകാരനുമായ സുഭാഷ്കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്. നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ആഡംബരസഞ്ചാരം സുഭാഷ്കുമാര്‍ വാഗ്ദാനം ചെയ്തു. ഉന്നതരായ ബിസിനസുകാര്‍ക്കും ജനപ്രതിനിധികള്‍ക്കുമായിരുന്നു ക്ഷണം. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ അതിഥികളായി അങ്ങോട്ടുള്ള സന്ദര്‍ശനവും ബിജെപി പിന്തുണയോടെ ഭരിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലുമൊത്തുള്ള അത്താഴവും നിശ്ചയിച്ചിരുന്നു.

ഗുജറാത്തില്‍ എത്തിയ സംഘം മോഡിയെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും സംസ്ഥാനത്തിന്റെ വികസനമാതൃകയെ വാനോളം പുകഴ്ത്തുകയും ചെയ്തു. അമേരിക്ക മോഡിയോടുള്ള നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് ബിജെപി ദേശീയനേതൃത്വവും തൊട്ട് പിന്നാലെ രംഗത്തെത്തി. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് 1995 മുതല്‍ മോഡിക്ക് അമേരിക്ക സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അമേരിക്കന്‍ ഭഭരണകൂടത്തിന്റെ വിലക്ക് നീക്കാന്‍ ഒരു സ്വകാര്യ പ്രതിനിധിസംഘത്തിന് കഴിയുന്നതെങ്ങനെ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും പ്രതിനിധിസംഘാംഗങ്ങളോ ഗുജറാത്ത് സര്‍ക്കാരോ വ്യക്തമായ മറുപടി നല്‍കിയില്ല. നരേന്ദ്രമോഡിയുടെ വികസനമാതൃക വിദേശരാജ്യങ്ങള്‍ പോലും അംഗീകരിക്കുന്നുവെന്നായിരുന്നു ബിജെപി പ്രചരണം. ഈ മാസം ആദ്യം അമേരിക്കയിലെ വാര്‍ട്ടണ്‍ ഇന്ത്യ എക്കണോമിക് ഫോറം സംഘടിപ്പിച്ച പരിപാടിയിലേക്ക് മോഡിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ ക്ഷണം പിന്‍വലിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി.

deshabhimani 310313

കടല്‍കൊല: ഒത്തുകളിക്ക് വീണ്ടും അരങ്ങൊരുങ്ങുന്നു


ഇറ്റാലിയന്‍ സൈനികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏല്‍പ്പിക്കുന്നതില്‍ ഒത്തുകളി. ഇറ്റാലിയന്‍ സര്‍ക്കാരുമായുണ്ടാക്കിയ രഹസ്യ ഒത്തുതീര്‍പ്പിനെ സഹായിക്കുംവിധം അന്വേഷണറിപ്പോര്‍ട്ട് ഉണ്ടാക്കിയെടുക്കാനാണ് അന്വേഷണം എന്‍ഐഎയ്ക്ക് വിടുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിയമമന്ത്രാലയവും ചര്‍ച്ച നടത്തി. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചേക്കും.

വിചാരണയ്ക്കുള്ള പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് കേസ് എന്‍ഐഎയ്ക്ക് വിടുന്നത്. കേരള പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ വധശിക്ഷവരെ ലഭിക്കാവുന്ന 302-ാംവകുപ്പാണ് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ ചുമത്തിയത്. കേരള പൊലീസിന്റെ എഫ്ഐആറോ കുറ്റപത്രമോ സുപ്രീംകോടതി റദ്ദാക്കിയിട്ടില്ല. നിലവിലുള്ള സാഹചര്യത്തില്‍ ബോധപൂര്‍വമുള്ള നരഹത്യക്ക് സൈനികരെ വിചാരണ ചെയ്യാം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് നല്‍കിയ വാഗ്ദാനം അനുസരിച്ച് ഇത് നടക്കില്ല. ഇന്ത്യയുടെ നിയമപ്രക്രിയയ്ക്കുശേഷം സൈനികരെ ഇറ്റലിക്ക് കൈമാറാനോ ശിക്ഷ വിധിക്കപ്പെട്ടാല്‍തന്നെ അത് പരമാവധി ലഘുവാക്കാനോ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതിനായി എന്‍ഐഎയുടെ സേവനം ഉപയോഗപ്പെടുത്താമെന്നാണ് വിലയിരുത്തല്‍. സൈനികരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ഇറ്റലി തയ്യാറായത് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിലാണ്. ഇതിന്റെ ഭാഗമായാണ് കേന്ദ്രം സെഷന്‍സ് കോടതിക്കുപകരം വിചാരണ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യയുടെ ക്രിമിനല്‍നടപടി ചട്ടത്തിന്റെ 29(1) വകുപ്പനുസരിച്ച് മജിസ്ട്രേട്ട് കോടതിക്ക് വധശിക്ഷ, ജീവപര്യന്തം, ഏഴുവര്‍ഷത്തില്‍ കൂടുതലുള്ള തടവ് എന്നിവ വിധിക്കാന്‍ അധികാരമില്ല. മുമ്പ് കേസ് നടന്നത് കൊല്ലം സെഷന്‍സ് കോടതിയിലാണ്. ഹൈക്കോടതിയുടെ അംഗീകാരം വേണമെങ്കിലും വധശിക്ഷപോലും വിധിക്കാന്‍ സെഷന്‍സ് കോടതിക്ക് കഴിയും. കൊല്ലം സെഷന്‍സ് കോടതിയെത്തന്നെ പ്രത്യേക കോടതിയാക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് ഈ സാഹചര്യത്തിലാണ്. പ്രോസിക്യൂട്ടിങ് ഏജന്‍സിയായും അന്വേഷണ ഏജന്‍സിയായുമാണ് എന്‍ഐഎ പ്രവര്‍ത്തിക്കുക. കേസ് സങ്കീര്‍ണമായ നയതന്ത്രപ്രശ്നമാക്കി മാറ്റാനാണ് ഇറ്റലി തുടക്കംമുതല്‍ ശ്രമിച്ചത്. കേന്ദ്ര നീക്കങ്ങളും ഇറ്റലിയുടെ വാദത്തിന്റെ ചുവടുപിടിച്ചാണ്.

എന്‍ഐഎ അന്വേഷിക്കുന്നതില്‍ സന്തോഷം: തിരുവഞ്ചൂര്‍

കോട്ടയം: ഇറ്റാലിയന്‍ സൈനികര്‍ പ്രതികളായ കടല്‍ക്കൊലക്കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് സന്തോഷമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലയൂരുകയാണെന്ന് ആര്‍ക്കും തോന്നില്ലെന്നും മന്ത്രി പറഞ്ഞു. സൈനികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയത് നിയമപരമാണോ എന്ന ചോദ്യത്തിന് തന്നോട് അലോചിച്ചല്ല അക്കാര്യം തീരുമാനിച്ചതെന്നായിരുന്നു പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കുന്നതിലൂടെ സോണിയാഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന ആരോപണം ഉയരില്ലേയെന്ന ചോദ്യത്തിന് അത് ഊഹാപോഹമാണെന്നും നിയമത്തിന്റെ വഴിയെയാണ് പോകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു മറുപടി.

deshabhimani 310313

ആശങ്ക രൂക്ഷമാക്കി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നാളെ മുതല്‍


ആശങ്കയും അനിശ്ചിതത്വവും രൂക്ഷമാക്കി സര്‍ക്കാര്‍ സര്‍വീസില്‍ തിങ്കളാഴ്ച മുതല്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നിലവില്‍ വരും. തൊഴിലന്വേഷകര്‍ക്കൊപ്പം നിലവിലുള്ള ജീവനക്കാര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ് പദ്ധതി. ഏപ്രില്‍ ഒന്നിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരെയെല്ലാം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. മിനിമം പെന്‍ഷന്‍ പോലും ഉറപ്പില്ലാത്ത പദ്ധതിയിലേക്ക് നിലവിലുള്ള ജീവനക്കാരെയും ഭാവിയില്‍ കൊണ്ടുവരാന്‍ കഴിയും. പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍വീസില്‍ പുതുതായി പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ അടിസ്ഥാനശമ്പളവും ഡിഎയും ചേരുന്ന തുകയുടെ 10 ശതമാനം പെന്‍ഷന്‍ഫണ്ടില്‍ നിക്ഷേപിക്കേണ്ടിവരും. 10 ശതമാനം തുക സര്‍ക്കാരും അടയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തുക അടച്ചിട്ടേയില്ല. കേന്ദ്ര സര്‍വീസിലുള്ളവരുടെ 2004 മുതലുള്ള വിഹിതം കേരളവും ഇതുവരെയും അടച്ചില്ല. ജീവനക്കാര്‍ അടയ്ക്കുന്ന തുക ഓഹരി കമ്പോളത്തില്‍ ചൂതാട്ടത്തിനായി നല്‍കുന്നതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല. പെന്‍ഷന്‍ തുക പിന്‍വലിക്കാനുള്ള അവകാശവും ഇല്ലാതാകും. മിനിമം പെന്‍ഷന്‍ ഇല്ല എന്നുമാത്രമല്ല, മാസം ആദ്യം ലഭിച്ച പെന്‍ഷന്‍ തുകയായിരിക്കും തുടര്‍ന്നും കിട്ടുക. പെന്‍ഷന്‍തുകയില്‍ വര്‍ധനയുമുണ്ടാകില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കുടുംബപെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പിഎഫ് എന്നിവയടക്കമുള്ള ആനുകൂല്യങ്ങളില്ല. മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കാനാകില്ലെന്നും പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിലേക്ക് തന്നെയാണെന്നും പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചശേഷം പിഎസ്സി വഴിയുള്ള നിയമനം വന്‍തോതില്‍ കുറഞ്ഞിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏപ്രില്‍ ഒന്നിന് ശേഷം മതിയെന്ന സര്‍ക്കാരിന്റെ രഹസ്യനിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങളും മരവിപ്പിച്ചു. അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കിയില്ല. വിവിധ ജില്ലകളില്‍ പുതുതായി അനുവദിച്ച ഹയസെക്കന്‍ഡറി ബാച്ചുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനവും മരവിപ്പിച്ചു. പങ്കാളിത്തപെന്‍ഷന്‍ പദ്ധതിക്കെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കിനെതുടര്‍ന്നുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
(ദിലീപ് മലയാലപ്പുഴ)

deshabhimani 310313

സോഷ്യലിസ്റ്റ് ജനത ദൈ്വവാരിക പത്രാധിപര്‍ക്ക് മര്‍ദനം


സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പ്രസിദ്ധീകരണം സോഷ്യലിസ്റ്റ് ദൈ്വവാരികയുടെ പത്രാധിപരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വിവര്‍ത്തകനുമായ എം ടി ബേബിയെ എം പി വീരേന്ദ്രകുമാറിന്റെ അനുയായി ക്രൂരമായി മര്‍ദിച്ചു. നെഞ്ചത്ത് ചവിട്ടേറ്റ് വീണ ബേബിയുടെ തലയ്ക്കും ക്ഷതമേറ്റു. പാര്‍ടിയുടെ മുതിര്‍ന്ന നേതാവും വാരിക മാനേജിങ് എഡിറ്ററുമായ ചാരുപാറ രവിയുടെ മകന്‍ സി ആര്‍ അരുണാണ് മര്‍ദിച്ചതെന്ന് ബേബി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. അരുണ്‍ മാതൃഭൂമി പത്രത്തിന്റെ പരസ്യവിഭാഗം ജീവനക്കാരനാണ്.

വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ വാരിക ഓഫീസിലാണ് ബേബിക്ക് മര്‍ദനമേറ്റത്. പാര്‍ടി വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിക്കെതിരെ ലേഖനം എഴുതണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമത്തിനിടയാക്കിയതെന്ന് ബേബി "ദേശാഭിമാനി"യോട് പറഞ്ഞു. വാരികയുടെ പുതിയ ലക്കത്തില്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാനസമിതിയിലെ ഉള്‍പ്പോരിനെക്കുറിച്ച് ഏകപക്ഷീയമായ ലേഖനം എഴുതണമെന്ന് ചാരുപാറ രവി ആവശ്യപ്പെട്ടു. ലേഖനത്തില്‍ കൃഷ്ണന്‍കുട്ടിയെ അധിക്ഷേപിക്കണമെന്നും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രവി പറഞ്ഞു. തന്റെ മാധ്യമ- രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും നീതിബോധത്തിനും നിരക്കാത്തതിനാല്‍ അപ്രകാരം ചെയ്തില്ല. പുതിയ ലക്കം പുറത്തുവന്നശേഷം ലേഖനം പ്രസിദ്ധീകരിക്കാത്തതിനാല്‍ രവി ശകാരിച്ചു. രവി നടത്തുന്ന അണ്‍ എയ്ഡഡ് സ്കൂളിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട വാര്‍ത്ത വാരികയില്‍ കൊടുത്തിരുന്നു. ഇതില്‍ അരുണിന്റെ പേര് ഉള്‍പ്പെട്ടില്ല. ഇതിന്റെ പേരില്‍ ബുധനാഴ്ച അരുണ്‍ മൊബൈലില്‍ വിളിച്ച് അസഭ്യം പറഞ്ഞു. അച്ഛന്‍ തന്ന വാര്‍ത്തയാണ് പ്രസിദ്ധീകരിച്ചതെന്ന് അരുണിനോട് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തിയ അരുണ്‍ അസഭ്യം പറഞ്ഞ്, ചവിട്ടി നിലത്തിടുകയായിരുന്നു. തല തറയിലിടിച്ചു. ഓഫീസിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന വടികൊണ്ട് തലയ്ക്കടിക്കാനും ശ്രമിച്ചു. നിരങ്ങിമാറിയതിനാല്‍ തലയ്ക്ക് കൊണ്ടില്ല. തിരുവനന്തപുരത്ത് നിന്നാല്‍ കൊന്നുകളയുമെന്ന് അരുണ്‍ ഭീഷണിപ്പെടുത്തിയതായും ബേബി പറഞ്ഞു. ബേബിയെ വീരന്‍ ജനത ജില്ലാ പ്രസിഡന്റ് എന്‍ എം നായര്‍, ജില്ലാ സമിതി അംഗം ചാല സുരേന്ദ്രന്‍ എന്നിവരാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ബേബി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി കന്റോണ്‍മെന്റ് എസ്ഐക്ക് കൈമാറി.

deshabhimani 310313

കാഴ്ചകള്‍ തേടി ജനം നിറയുന്നു

ദേശാഭിമാനി 310313

കുടിവെള്ളം കച്ചവടച്ചരക്കാക്കാന്‍ അനുവദിക്കില്ല: പിണറായി

ദേശാഭിമാനി 310313

Saturday, March 30, 2013

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി


സൗദിയില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. പരമാവധി തൊഴില്‍ നഷ്ടം ഒഴിവാക്കും. മറ്റൊരു രാജ്യത്തിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ട്. എത്രപേര്‍ സൗദിയില്‍ ജോലി ചെയ്യുന്നുവെന്ന കണക്കും അതില്‍ എത്ര പേരെ ബാധിക്കുമെന്ന കണക്കും സര്‍ക്കാരിന് കിട്ടിയിട്ടില്ല. ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്ന് കരുതുന്നില്ല.

ടോള്‍ പിരിവിനെ സംസ്ഥാനം എതിര്‍ത്തിട്ടില്ല. ദേശീയപാത വിഭാഗത്തിനു കൈമാറിയ സംസ്ഥാന പാതകളുടെ കാര്യത്തില്‍ ഇളവു വേണമെന്നാണ് ആവശ്യപ്പെട്ടത്. ദേശീയപാതയോരത്തു നിന്നും മദ്യശാലകള്‍ നീക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani

കുടിവെള്ളം വില്‍പ്പനച്ചരക്കാക്കാന്‍ സര്‍ക്കാര്‍ നീക്കം


സംസ്ഥാനം രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മഴ കുറഞ്ഞതു മൂലം കേരളത്തില്‍ വരള്‍ച്ച ശക്തമാകുന്നു. 2016 ഓടെ കേരളത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം. കുടിവെള്ളവും വില്‍പ്പനചരക്കാക്കാനാണ് ശ്രമം. പെരിയാറും മലമ്പുഴയും വില്‍ക്കാന്‍ ശ്രമിച്ചവരാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. ഇത്തവണയും അതേ നീക്കമാണ്. കുടിവെള്ളത്തിന് സബ്സിഡി അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനൊപ്പം സ്വകാര്യവല്‍കരണ നയങ്ങള്‍ അവസാനിപ്പിക്കണം. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് വെള്ളം കച്ചവടം നടത്താനാണ് ശ്രമം. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കും. ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി മെയ് 20 മുതല്‍ 25 വരെ താലൂക്ക് ഓഫീസുകള്‍ ഉപരോധിക്കും. മെയ് മൂന്നിനും നാലിനും ദേശീയതലത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും ശക്തമായ പ്രക്ഷോഭം തുടങ്ങുക. 9 മുതല്‍ 16 വരെ ഏരിയാ പ്രചാരണ കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. 3,4,5 തീയതികളില്‍ ബ്രാഞ്ച് തലത്തിലും വിപുലമായ കൂട്ടായ്മകള്‍ വിളിച്ചു ചേര്‍ക്കും. വരള്‍ച്ചാ- കുടിവെള്ള പ്രശ്നങ്ങള്‍ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള അവകാശം, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ-വിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങള്‍, തൊഴിലും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക, അഴിമതി തടയുക, കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടി പ്രക്ഷോഭം നടത്തുക.

സംസ്ഥാനസര്‍ക്കാരിന്റെ ജന്രദോഹ നയം അവസാനിപ്പിക്കണം. കേന്ദ്ര അവഗണന തുടരുകയാണ്. പൊതു ബജറ്റിലും കേന്ദ്ര ബജറ്റിലും കേരളത്തെ പരിഗണിച്ചിട്ടില്ല. സൗദിയില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചതു കൊണ്ടു കാര്യമില്ല. ശക്തമായ ഇടപെടലാണ് ആവശ്യം. പി സി ജോര്‍ജിനെ മുഖ്യമന്ത്രി ഒഴിവാക്കാത്തത് ഭയം കൊണ്ടാണ്. ജോര്‍ജിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

കടത്തനാടന്‍ കഥന പാരമ്പര്യങ്ങളുടെ വീറ്


വടകര: രാഷ്ട്രീയവും കലയും ജീവവായുവായ എം കെ പണികോട്ടിക്ക് (എം കേളപ്പന്‍) ലഭിച്ച ദല സാഹിത്യ അവാര്‍ഡ് അര്‍ഹതയുടെ അംഗീകാരം. ഒപ്പം ആദരിക്കപ്പെടുന്നത് ഒരു നാടിന്റെ സംസ്കൃതിയും. നല്ല കഥപറച്ചിലുകാരനായിരുന്നു എം കെ പണിക്കോട്ടി. കടത്തനാടന്‍ മണ്ണിന്റെ ഗന്ധമുള്ളതായിരുന്നു കഥകള്‍. കടത്തനാടന്‍ വാമൊഴി സംസ്കാരത്തിന്റെ അവസാന കണ്ണികളിലൊരാളാണ് ഇദ്ദേഹം. രണ്ട് ഗുരുനാഥരുണ്ട് കേളപ്പേട്ടന്റെ ജീവിതത്തില്‍. അഞ്ചാംക്ലാസില്‍ ജയിച്ച് തുടര്‍പഠനത്തിന് ഗതിയില്ലാതെ വീട്ടിലിരുന്നപ്പോള്‍ എട്ടണ ഫീസു നല്‍കി ചീനംവീട് ഹയര്‍ എലിമെന്ററി സ്കൂളിലേക്ക് പിടിച്ചുകൊണ്ടുപോയ രാമുണ്ണി മാസ്റ്റര്‍. 1950ലെ ഒരു സന്ധ്യയില്‍ പണിക്കോട്ടിയില്‍ പതിവുപോലെ സൊറ പറഞ്ഞിരിക്കുമ്പോള്‍ "നിങ്ങള്‍ക്ക് നാടിനുവേണ്ടി എന്തെങ്കിലും ചെയ്തുകൂടെ" എന്നുചോദിച്ച വി പി കുട്ടി മാസ്റ്റര്‍. ദല പുരസ്കാരം ഇവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് കേളപ്പേട്ടന്‍ പറയുന്നു.

ദരിദ്രകര്‍ഷക കുടുംബത്തില്‍ 85 വര്‍ഷം മുമ്പായിരുന്നു ജനനം. നന്നേ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം വയലില്‍ കന്നുപൂട്ടാന്‍ തുടങ്ങി. വിദ്യാഭ്യാസം എട്ടാംക്ലാസില്‍ അവസാനിച്ചു. പിന്നീട് കര്‍ഷകത്തൊഴിലാളിയായി. 1950ല്‍ ജീവിത സാഹചര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് അടുപ്പിച്ചു. കടത്തനാടിന്റെ തച്ചോളിക്കളി രാഷ്ടീയ തച്ചോളിക്കളിയാക്കി അവതരിപ്പിച്ചു. നാടെങ്ങും ഇതിന് വേദിലഭിച്ചു. തച്ചോളിക്കളിക്കും സാംസ്കാരിക പ്രവര്‍ത്തനത്തിനുമായി 1952ല്‍ പണിക്കോട്ടിയില്‍ ഐക്യകേരള കലാസമിതി രൂപീകരിച്ചു. കലാസമിതി നേതൃത്വത്തില്‍ പുറത്തിറക്കിയ "പൊന്‍പുലരി" കൈയെഴുത്തു മാസികയിലാണ് പണിക്കോട്ടിയുടെ ആദ്യകാല രചനകള്‍ വെളിച്ചം കണ്ടത്. ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു. വാഴക്കുലയ്ക്ക് പകരം "പുത്തന്‍ വാഴക്കുല"യെഴുതി. പ്രതിധ്വനി, ജീവിതം ഒരു സുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷന്‍, ബ്രഹ്മരക്ഷസ്, വര്‍ഗസമരം, ശിവപുരം കോട്ട എന്നീ നാടകങ്ങളും പണിക്കോട്ടിയുടേതായുണ്ട്.വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച "ശിവപുരംകോട്ട" നൂറിലേറെ വേദികളില്‍ അവതരിപ്പിച്ചു. വടക്കന്‍പാട്ടുകളിലൂടെ, വടക്കന്‍പാട്ടുകളിലെ പെണ്‍പെരുമ, ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍ എന്നീ പുസ്തകങ്ങളും ഇദ്ദേഹത്തിന്റെതാണ്.
(ടി രാജന്‍)

deshabhimani 290313

ഹാസ്യത്തിന്റെ അക്ഷരവസന്തം വിരിയിച്ച ഇ വിയുടെ ഓര്‍മയ്ക്ക് 75 വയസ്സ്


ശൂരനാട്: മലയാളക്കരയില്‍ ചിരിയുടെ പൂക്കാലം വിരിയിച്ച ഹാസ്യസാഹിത്യ കുലപതി ഇ വി കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ക്ക് ഏഴരപതിറ്റാണ്ട് വയസ്സ്. ചിരിയുടെ ചിരഞ്ജീവി ഇ വി 1938 മാര്‍ച്ച് 30നാണ് അന്തരിച്ചത്. കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട്ടില്‍ വക്കീല്‍ പപ്പുപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1894 സെപ്തംബര്‍ 14ന് ആയിരുന്നു ജനനം. മലയാള സാഹിത്യത്തിനും നാടകക്കളരിക്കും മഹത്തായ സംഭാവന നലകിയ ഇവിക്ക് ഉചിതമായ സ്മാരകം ഇല്ലെന്നത് സാംസ്കാരിക കേരളത്തിന്റെ ഔചത്യമില്ലായ്മയായി ഇന്നും നിലനില്‍ക്കുന്നു. നാണക്കേട് തിരുത്താന്‍ സാംസ്കാരിക വകുപ്പ് മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇ വിയുടെ മൂലകുടുംബം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ ആലത്തൂര്‍ വീടാണ്. ഇ വി ജനിച്ച് ഏഴുമാസം കഴിഞ്ഞ് കുന്നത്തൂര്‍ ഇഞ്ചകാട്ട് വീട്ടില്‍നിന്ന് താമസം അടൂര്‍ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് വീട്ടിലേക്ക് മാറ്റിയിരുന്നു. അച്ഛന്‍ പപ്പുപിള്ള അടൂര്‍ കോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും മഹാനായ ഹാസ്യനടന്‍ അടൂര്‍ഭാസി, ചന്ദ്രാജി, പത്മനാഭന്‍ എന്നിവര്‍ ഇ വിയുടെ മക്കളാണ്. ഒരുപെണ്‍കുട്ടിയും ഉണ്ടായിരുന്നു.

ഇ വി ജനിച്ച കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട്ടില്‍ പില്‍ക്കാലത്ത് അനന്തിരവള്‍ മീനാക്ഷിയും കുടുംബവുമായിരുന്നു താമസം. ഈ വീടും പറമ്പും ഇന്ന് കൈമാറ്റം ചെയ്തു. നാടകകൃത്ത്, നടന്‍, പത്രാധിപര്‍, അഭിഭാഷകന്‍, ചെറുകഥാകൃത്ത്, നിയമസഭാ സാമാജികന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന ഇ വിയെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ഹാസ്യസാഹിത്യത്തിന്റെ ഇതിഹാസമായിട്ടാണ്. ആറാംക്ലാസില്‍ പഠിക്കവെയാണ് ആദ്യനോവല്‍ "ബാലകൃഷ്ണന്‍" പിറന്നത്. കോട്ടയം സി എം എസ് കോളേജില്‍ പഠിക്കവെ ശാകുന്തളം സംഗീതനാടകത്തിലും അഭിനയിച്ചു. ഈ കാലത്താണ് "വക്കീലങ്ങുന്നിന്റെ വിവാഹം" എന്ന ഹാസ്യപുസ്തകം എഴുതിയത്. സി എം എസ് കോളേജിലെ മലയാളം മേധാവി കെ ശങ്കരപിള്ളയും പിന്നീട് തിരുവനന്തപുരത്ത് പഠിക്കവെ മലയാള പ്രൊഫസര്‍ എ ആര്‍ രാജരാജവര്‍മയും ഇ വിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. ലോ കോളേജിലെ നിയമ പഠനകാലത്താണ് സി വി രാമന്‍പിള്ളയുമായി അടുപ്പം തുടങ്ങിയത്. സി വി രാമന്‍പിള്ളയുടെ മകള്‍ ബി എ മഹേശ്വരിയമ്മയെയാണ് ഇ വി വിവാഹം ചെയ്തത്. ഉദ്യോഗസ്ഥവര്‍ഗത്തെയും ബ്രാഹ്മണകുലത്തെയും തുറന്ന് വിമര്‍ശിക്കുന്ന "നാടുകടത്തല്‍" എന്ന കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട് ചരിത്രസ്മാരകമാക്കാന്‍ എംഎല്‍എയായിരുന്ന ടി നാണുമാസ്റ്ററും പിന്നീട് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ടി കെ രാമകൃഷ്ണന്‍ സാംസ്കാരികമന്ത്രിയായിരിക്കെ ഇ വിയുടെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍, പിന്നീടത് മുടങ്ങി. ഇപ്പോള്‍ ജന്മഗൃഹത്തിന്റെ സ്ഥാനത്ത് പുതിയ കോണ്‍ക്രീറ്റ് മന്ദിരമാണ്. തലസ്ഥാനത്തോ കൊല്ലം ജില്ലാ ആസ്ഥാനത്തോ ഇ വിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കുന്നത്തൂര്‍ ഏഴാംമൈല്‍ പിറവി സാംസ്കാരിക സമിതി ഇ വിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മാത്രമാണ് മഹാനായ സാഹിത്യകാരന് ഇന്ന് അവശേഷിക്കുന്ന ഏക സ്മാരകം.
(എം അനില്‍)

deshabhimani 290313

Friday, March 29, 2013

സ്കൂളുകള്‍ക്കുള്ള എസ്എസ്എ ഫണ്ടില്‍നിന്ന് സ്വകാര്യകമ്പനിക്ക് പണം നല്‍കി


പിറവം: സര്‍വശിക്ഷാ അഭിയാന്‍ സ്കൂളുകളില്‍ നടത്തുന്ന വിവിധ നിര്‍മാണപ്രവൃത്തികളില്‍നിന്ന് മൂന്നു ശതമാനം തുകവീതം സ്വകാര്യ സര്‍വേ കമ്പനിക്കു വകമാറ്റി നല്‍കി. ജില്ലയിലെ 97 സ്കൂളുകളിലായി ഏഴു കോടിയോളം രൂപയുടെ ക്ലാസ് മുറി നവീകരണവും പുതിയ കെട്ടിടനിര്‍മാണവും നടക്കുന്നുണ്ട്. ഇതില്‍നിന്നു മൂന്നു ശതമാനമായ 21 ലക്ഷത്തോളം രൂപയാണ് സ്കൂളുകളുടെ പ്ലാന്‍, കെട്ടിടങ്ങളുടെ രൂപരേഖ, മതില്‍, കിണര്‍, റോഡ് എന്നിവ ഡിജിറ്റലായി തയ്യാറാക്കാന്‍ നല്‍കിയത്. ആലുവയിലുള്ള ജിയോ സ്പക് എന്ന സ്വകാര്യകമ്പനിക്കാണ് തുക നല്‍കിയത്. ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബ്ലോക്ക് പ്രോജക്ട് ഓഫീസുകളെയോ ബന്ധപ്പെട്ട സ്കൂളുകളെയോ അറിയിക്കാതെയാണ് ഡിജിറ്റല്‍ മാപ്പിങ്ങിന്റെ പേരില്‍ തുക വകമാറ്റിയെടുത്തത്. എസ്എസ്എയുടെ എന്‍ജിനിയറിങ് വിഭാഗം അറ്റകുറ്റപ്പണികളും നിര്‍മാണങ്ങളും വേണ്ട സ്കൂളുകള്‍ കണ്ടെത്തി ഏതൊക്കെ പണികള്‍ ചെയ്യണമെന്നും അവയ്ക്ക് നിശ്ചിത തുക അടങ്കലായി നല്‍കുകയുമായിരുന്നു പതിവ്. ഇപ്രകാരം ചെയ്ത പണികള്‍ക്കനുസരിച്ച് തുക കിട്ടുമെന്ന പ്രതീക്ഷയില്‍ മാര്‍ച്ച് 29ന് അവസാന ഗഡു ചെക്ക് വാങ്ങിയപ്പോഴാണ് പദ്ധതിയിലെ തട്ടിപ്പു പുറത്തുവന്നത്.

എസ്എസ്എ അടങ്കല്‍ അനുസരിച്ച് നല്‍കുന്ന തുകയ്ക്ക് കൃത്യമായി പണികള്‍ ചെയ്തുകൊള്ളാം എന്ന വ്യവസ്ഥയില്‍ ബന്ധപ്പെട്ട ബിപിഒമാരും സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പിടിഎ പ്രസിഡന്റുമാരും 100 രൂപ മുദ്രപത്രത്തില്‍ ഒപ്പുവച്ച കരാര്‍പ്രകാരമാണ് പണികള്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ നിയമപരമായി പറഞ്ഞ തുക കൊടുക്കാന്‍ എസ്എസ്എ ബാധ്യസ്ഥമാണെന്നു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഏഴുലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളും നിര്‍മാണവും നടത്തിയവര്‍ക്ക് 22,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ തുകയടക്കം ഓരോ സ്കൂളിനും ലക്ഷത്തോളം രൂപ സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളപ്പോഴാണ് ഈ കബളിപ്പിക്കല്‍. എന്നാല്‍, ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായതായും ഏഴു കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറിലാണ് ആലുവയിലെ കമ്പനിയെ തെരഞ്ഞെടുത്തതെന്നും എസ്എസ്എ ജില്ലാ ഓഫീസില്‍നിന്ന് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വരുംവര്‍ഷത്തെ ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍ ഡിജിറ്റല്‍ സര്‍വേ നിര്‍ബന്ധമാണെന്നും ജില്ലാ പഞ്ചായത്തില്‍ കൂടിയ പര്‍ച്ചേസ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും ഇവര്‍ വിശദീകരിക്കുന്നു. എന്നാല്‍, വര്‍ഷാരംഭത്തില്‍ ഇല്ലാതിരുന്ന ഡിജിറ്റല്‍ മാപ്പിങ് ഇപ്പോള്‍ കയറിവന്നതെങ്ങനെയെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. തുക വകമാറ്റുന്നതു സംബന്ധിച്ച് ജില്ലാ പര്‍ച്ചേസ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ സ്കൂളുകളെയും അവയുടെ ചുമതലയുള്ള ഹെഡ്മാസ്റ്റര്‍മാരെയും പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എന്‍ സജീവന്‍ പറഞ്ഞു.

deshabhimani

കൂലി നല്‍കാന്‍ പണമില്ല: തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാന്‍ ശ്രമം


തൊഴിലാളികള്‍ക്ക് കൂലി ലഭ്യമാക്കാതെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം. തൊഴിലാളികള്‍ ചെയ്ത ജോലിക്ക് കൂലി നല്‍കാനുള്ള തുക ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ കൈമാറിയിട്ട്. ജോലിചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണിത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പണമില്ലാതെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധികൃതര്‍ നെട്ടോട്ടമോടുകയാണ്. കൂലിയില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. നൂറുജോലി പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് അതത് സാമ്പത്തികവര്‍ഷം കൂലി ലഭിച്ചില്ലെങ്കില്‍ നൂറ് ജോലി ചെയ്തതായി രേഖപ്പെടുത്തില്ല. ഇക്കാരണത്താല്‍ നൂറ് ജോലി പൂര്‍ത്തീകരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കുന്ന 1000 രൂപയും ഓണക്കോടിയും നഷ്ടമാകും. സാംഖ്യ സോഫ്റ്റ്വെയര്‍ അപ്ലോഡ് ചെയ്ത പഞ്ചായത്തുകളില്‍ മാര്‍ച്ച് 31 കഴിഞ്ഞാല്‍ 2012-13 സാമ്പത്തികവര്‍ഷത്തെ കണക്കില്‍ ഈ ജോലികള്‍കൂടി ചേര്‍ക്കാന്‍ കഴിയുകയുമില്ല. ഇതിനാല്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ഇല്ലാതാകും.

പല പഞ്ചായത്തുകളിലും ജോലി ചെയ്തതിന്റെ മസ്റ്ററോള്‍ തിരികെ ലഭിച്ച ശേഷം പണത്തിനായി ബ്ലോക്ക് ഓഫീസുകളില്‍ സമീപിച്ചപ്പോഴാണ് പണം ലഭ്യമല്ലാത്ത വിവരം അറിയുന്നത്. പല പഞ്ചായത്തുകള്‍ക്കും ആവശ്യപ്പെട്ട തുകയുടെ നാലിലൊന്ന് മാത്രമാണ് നല്‍കിയത്. രണ്ടും അതിലധികവും പ്രോജക്ടുകളുടെ പണം ലഭ്യമാകാതെ കിടക്കുന്ന പഞ്ചായത്തിലെ തൊഴിലാളികള്‍ ഇതുമൂലം ബുദ്ധിമുട്ടിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് പണം പഞ്ചായത്തുകളിലേക്ക് അലോട്ട് ചെയ്യാത്തത്. കഴിഞ്ഞകാലങ്ങളില്‍ അലോട്ട്മെന്റ് ചെയ്ത തുകയ്ക്ക് അനുസരിച്ച് തൊഴിലാളികളെക്കൊണ്ട് പണിചെയ്യിക്കാന്‍ പഞ്ചായത്തുകള്‍ മത്സരിക്കുമ്പോള്‍ ഈ വര്‍ഷം പണിചെയ്ത പണത്തിനായി യാചിക്കേണ്ട അവസ്ഥയാണ്.
(എ ബി അന്‍സാര്‍)

deshabhimani 290313

സൌദി സ്വദേശിവല്‍ക്കണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം: പിണറായി


സൗദി സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ജാഗ്രതാപൂര്‍ണ്ണമായ അടിയന്തര ഇടപെടല്‍ നടത്തുന്നതിന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്‌താവിച്ചു.

സൗദിയിലെ പത്തുലക്ഷത്തോളം മലയാളികളില്‍ ഒന്നരലക്ഷത്തോളം പേരെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്‌. കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എം.പിമാരുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം അടിയന്തരമായി സൗദിയിലെത്തി അവിടത്തെ ഭരണാധികാരികളുമായി നേരിട്ട്‌ ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ നടപടി സ്വീകരിക്കണം. അല്ലാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരെ സൗദിയില്‍നിന്നും കുടിയിറക്കിയശേഷം ചര്‍ച്ചയും നടപടിയുമാകാമെന്ന നിലപാട്‌ അങ്ങേയറ്റം നിരുത്തരവാദപരമായതാണ്‌.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‌ കത്തെഴുതി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിയാനാണ്‌ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്‌. കേന്ദ്ര പ്രവാസികാര്യ മന്ത്രിയാകട്ടെ പ്രവാസി ഇന്ത്യക്കാര്‍ തിരിച്ചുവന്നാല്‍ പുനരധിവാസത്തിന്‌ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന്‌ ഉപദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട ചുമതലയില്‍നിന്നും ഒഴിയുകയാണ്‌. പ്രവാസി ഇന്ത്യക്കാരോട്‌ കാട്ടുന്ന ഈ കാരുണ്യരാഹിത്യവും ദ്രോഹവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തിരുത്തണം.

ഒരു കമ്പനിയുടെ പത്തു ജീവനക്കാരില്‍ ഒരാള്‍ തദ്ദേശിയായിരിക്കണമെന്നും എണ്ണം കുറവാണെങ്കിലും ഏതൊരു കമ്പനിയിലും തദ്ദേശി ഉണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന നിതാഖത്ത്‌ നിയമം നടപ്പാക്കുന്നതിനെപ്പറ്റി സൗദി സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പേ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും നിയമം ഉദാരമാക്കുന്നതിനോ നിലവിലുള്ള തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടാതിരിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കാനോ സ്‌പോണ്‍സര്‍ മാറ്റം അനുവദിക്കാനോ സൗദി സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ഇടപെടല്‍ നടത്തുന്നതിന്‌ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും തയ്യാറായില്ല. അതിന്‌ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രാഷ്‌ട്രീയപരമായും ഭരണപരമായും നീങ്ങേണ്ട സംസ്ഥാന സര്‍ക്കാരും തികഞ്ഞ അലംഭാവം കാട്ടി. ഇതിന്റെ ഫലമായി സൗദിയുടെ മലയാളി സമൂഹം ഇന്ന്‌ കടുത്ത ആശങ്കയിലാണ്‌. സ്‌പോണ്‍സര്‍ മാറ്റത്തിലടക്കം തൊഴിലെടുക്കുന്നവരെ നാടുകടത്തുന്നതിനുള്ള പരിശോധന കൂടി വന്നതിനാല്‍ വ്യാപാര കേന്ദ്രങ്ങളിലടക്കം മാന്ദ്യവും മലയാളികളായ തൊഴിലാളികളിലൊരു പങ്ക്‌ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണെന്നുമാണ്‌ അവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ പിണറായി വിജയന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

കടപ്പാട്: സി.പി.ഐ എം കേരള

തദ്ദേശസ്ഥാപനങ്ങള്‍ക്ക് വന്‍തുക നഷ്ടമാകും

പദ്ധതിനിര്‍വഹണത്തില്‍ പിന്നോട്ടുപോയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അടുത്ത വാര്‍ഷികപദ്ധതിയില്‍ വന്‍തുക നഷ്ടപ്പെടും. പദ്ധതിനിര്‍വഹണം ശരാശരി 30 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ഭൂരിപക്ഷം സ്ഥലത്തും 40 ശതമാനത്തോളം ആയിട്ടേയുള്ളൂ. ജില്ലാപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും വളരെ പുറകിലാണ്. ഈ വര്‍ഷം ആകെ ലഭിച്ച വികസനഫണ്ടിന്റെ 60 ശതമാനം മാര്‍ച്ച് 31നകം വിനിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബാക്കിവരുന്ന 40 ശതമാനം തുക അടുത്ത വര്‍ഷത്തേക്ക് ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. മെയിന്റനന്‍സ് ഫണ്ടിനും ഇത് ബാധകമാണെന്ന് പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ ഓഫീസ് അറിയിച്ചു.

60ല്‍ താഴെ വിനിയോഗമുള്ള സ്ഥാപനങ്ങള്‍ക്കും 40 ശതമാനം കാരിഓവര്‍ ചെയ്യാന്‍ അനുമതിയുണ്ട്. അറുപത് ശതമാനത്തില്‍ താഴെ ചെലവഴിച്ചവര്‍ക്ക് ഇതു കഴിഞ്ഞുള്ള തുക നഷ്ടമാകും. ഉദാഹരണത്തിന് മുപ്പത് ശതമാനമാണ് വിനിയോഗമെങ്കില്‍ അടുത്ത വര്‍ഷം 40 ശതമാനംകൂടി ഉപയോഗിക്കാം. നടപ്പുവര്‍ഷ പദ്ധതിവിഹിതത്തിന്റെ മൊത്തം 70 ശതമാനമേ ഈ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാനാകൂ. ഈ തുക 2014-15 സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതത്തില്‍നിന്ന് കിഴിക്കാനാണ് ആലോചന. 2013-14ലെ പദ്ധതിവിഹിതം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. വിനിയോഗം 60 ശതമാനത്തിലെത്താത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാവുക.

 ഏപ്രില്‍ 30 വരെ പദ്ധതിനിര്‍വഹണം നീട്ടിയതായി മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചത് ഏറെ ആശയക്കുഴപ്പമുണ്ടാക്കി. 60 ശതമാനം ചെലവഴിച്ചവര്‍ക്ക് ബാക്കി അടുത്ത വര്‍ഷം ചെലവഴിക്കാന്‍ അനുവാദം നല്‍കുകയാണ് ചെയ്തതെന്ന് പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തി. സാമ്പത്തികവര്‍ഷാവസാനത്തിലെ നിര്‍ണായക പ്രവൃത്തിദിവസങ്ങള്‍ അവധി ആയതുകൊണ്ടാണ് ഈ തീരുമാനം എടുക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഏപ്രില്‍ 30 വരെ പദ്ധതിനിര്‍വഹണം നീട്ടണമെന്ന് മന്ത്രിസഭായോഗത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ആസൂത്രണബോര്‍ഡ് ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് മറിച്ച് തീരുമാനമുണ്ടായത്. പദ്ധതിനിര്‍വഹണത്തിലെ വന്‍പരാജയത്തിന് ധനവകുപ്പിന്റെ തടസ്സവും കാരണമായി. അവസാനഗഡു ഇനിയും അനുവദിച്ചിട്ടുമില്ല. പഞ്ചായത്ത്വകുപ്പും നഗരകാര്യവകുപ്പും ഗ്രാമവികസനവകുപ്പും മൂന്ന് മന്ത്രിമാര്‍ക്കായി വീതിച്ചതും സുഗമമായ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

അവശേഷിക്കുന്നത് ഒരു ദിവസം: ചെലവാക്കിയത് 60 ശതമാനം

ആലപ്പുഴ: പദ്ധതി വര്‍ഷം തീരാന്‍ ഒരു പ്രവൃത്തി ദിവസം മാത്രം അവശേഷിക്കെ ജില്ലയിലെ പഞ്ചായത്തുകള്‍ ചെലവഴിച്ചത് 60 ശതമാനം തുകമാത്രം. എന്നാല്‍ സംസ്ഥാന തലത്തില്‍ എടുത്താല്‍ ആലപ്പുഴ ജില്ലയാണ് മുന്നില്‍. ജില്ലയില്‍ തന്നെ 84 ശതമാനം ചെലവഴിച്ച് എല്‍ഡിഎഫ് ഭരിക്കുന്ന ഹരിപ്പാട്ടെ വീയപുരം പഞ്ചായത്ത് ഒന്നാമതെത്തി. കേവലം 31 ശതമാനം മാത്രം ചെലവഴിച്ച യുഡിഎഫ് ഭരണസമിതി നയിക്കുന്ന വീയപുരം പഞ്ചായത്താണ് ഏറ്റവും പിന്നില്‍. 60 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിച്ച 80 ശതമാനം എല്‍ഡിഎഫ് ഭരിക്കുന്നവയാണ്. തുക ചെലവാക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്നതാകട്ടെ യുഡിഎഫ് ഭരണസമിതികളും. ജില്ലയിലെ മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫ് ഭരിക്കുന്ന ആലപ്പുഴയാണ് മുന്നില്‍. വ്യാഴാഴ്ച വരെ 64 ശതമാനം പദ്ധതി തുക ചെലവഴിച്ചു. യുഡിഎഫ് ഭരിക്കുന്ന കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ 40 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ആലപ്പുഴയെ അപേക്ഷിച്ച് മറ്റ് മുനിസിപ്പാലിറ്റികള്‍ക്ക് പദ്ധതി വിഹിതവും വളരെ കുറവാണ്. അതിനിടെ പദ്ധതിയില്‍ ചെലവഴിക്കാത്ത തുക ഇഎംഎസ് ഭവന പദ്ധതിക്ക് ജില്ലാ സഹകരണബാങ്കില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവിനായി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് പല പഞ്ചായത്തുകള്‍ക്കും ആശ്വാസമായി. ലാപ്സാകുമെന്ന് കരുതിയ തുക ഇനി പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാം. നടപ്പാക്കാനും ബുദ്ധിമുട്ടില്ല. ഭരണസമിതി ഒരു തീരുമാനം എടുത്ത് ഒരു ചെക്ക് എഴുതിയാല്‍ മാത്രം മതി. എന്നാല്‍ പദ്ധതി നടത്തിപ്പ് ഏപ്രില്‍ 30 വരെ നീട്ടിയതായുള്ള പ്രഖ്യാപനം സംബന്ധിച്ച് പഞ്ചായത്തുകളില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്.

deshabhimani 290313

പിന്നോക്കവിഭാഗവകുപ്പ് യാഥാര്‍ഥ്യമായില്ല; ജോലിഭാരം തുടരുന്നു


പട്ടികജാതി വികസന വകുപ്പിന്റെ ജോലിഭാരം കുറയ്ക്കാന്‍ പിന്നോക്ക വിഭാഗവകുപ്പ് രൂപീകരിക്കാനുള്ള നടപടി പാതിവഴിയില്‍. പുതിയ വകുപ്പില്‍ പ്രാദേശികതലത്തില്‍ ഓഫീസുകളോ തസ്തികകളോ രൂപീകരിക്കാത്തതിനാല്‍ ജോലിഭാരത്തില്‍ കുറവുവരുത്താനായില്ല. ഒബിസി, മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ തുടങ്ങിയവയുടെ കാര്യങ്ങള്‍ കൈകാര്യംചെയ്യാനാണ് കഴിഞ്ഞവര്‍ഷം ഒബിസി വകുപ്പ് രൂപീകരിച്ചത്. ഇവയുടെ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നത് ഇപ്പോഴും പട്ടികജാതി ക്ഷേമവകുപ്പ് തന്നെ. ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണക്കൂടുതല്‍ പരിഗണിച്ചാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. തിരുവനന്തപുരത്തെ ഓഫീസില്‍ ഡയറക്ടറെയും സെക്രട്ടറിയെയും പത്തോളം ജീവനക്കാരെയും നിയമിച്ചു. ജില്ല-താലൂക്ക് തലങ്ങളില്‍ ഓഫീസാകാത്തതിനാല്‍ വകുപ്പും ഉദ്യോഗസ്ഥരും നോക്കുകുത്തികളായി. പട്ടികജാതിക്കാരുള്‍പ്പെടെ എല്ലാത്തരം പിന്നോക്കക്കാര്‍ക്കുമുള്ള ആനുകൂല്യവിതരണം നടത്താനാകാതെ ഓഫീസുകള്‍ വലയുന്നു. മിക്കയിടത്തും ജീവനക്കാര്‍ക്ക് അവധിദിവസങ്ങളിലും ജോലിചെയ്യേണ്ടിവരുന്നു. ഒബിസി വിഭാഗങ്ങള്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ് അടക്കമുള്ള ആനുകൂല്യം കിട്ടാതെപോകുകയും വൈകുകയും ചെയ്യുന്നു.

1978 ലെ സ്റ്റാഫ് പാറ്റേണ്‍ നിലനില്‍ക്കുന്ന പട്ടികജാതി വികസന വകുപ്പില്‍ അധികഭാരം സംബന്ധിച്ച പരാതി തുടരുകയാണ്. കൂടുതലും വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് വകുപ്പ് കൈകാര്യംചെയ്യുന്നത്. 78 ല്‍ ഒരു ജില്ലയില്‍ ആയിരത്തില്‍ താഴെ വിദ്യാര്‍ഥികളാണ് ആനുകൂല്യം നേടിയിരുന്നതെങ്കില്‍ ഇപ്പോളിത് അരലക്ഷത്തിന് മുകളിലാണ്. പട്ടികജാതിക്കാരുടേത് ഒഴികെയുള്ളവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് പുതിയ വകുപ്പിനെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
(പി സി പ്രശോഭ്)

deshabhimani 290313

പാലിയേക്കര ടോള്‍നിരക്ക് ഉയര്‍ത്തി ദേശീയപാതയില്‍ വീണ്ടും പിടിച്ചുപറി


പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത് അധികൃതരെ അറിയിക്കാതെ. ദേശീയപാത 47ല്‍ തൃശൂര്‍-അങ്കമാലി -ഇടപ്പള്ളി റൂട്ടില്‍ യാത്രചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള യാത്രാനിരക്ക്് ബുധനാഴ്ച അര്‍ധരാത്രി മുതലാണ് മുന്നറിയിപ്പില്ലാതെ വര്‍ധിപ്പിച്ചത്. ടോള്‍ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ദേശീയപാത അധകൃതരെപ്പോലും അറിയിക്കാതെ നിരക്ക് വര്‍ധനാ വിജ്ഞാപനമിറക്കിയത്. ടോള്‍ നിരക്ക് കുറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതോടെ പൊളിഞ്ഞു. വാഹനങ്ങള്‍ക്ക് പത്തു മുതല്‍ 40 രൂപ വരെയാണ് വര്‍ധന. ജനപ്രതിനിധികളെയോ പൊതുമരാമത്തുമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ രഹസ്യവും ഏകപക്ഷീയവുമായി ടോള്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം വ്യാപകമായി. നിരക്ക് കൂട്ടാന്‍ ആറുമാസം മുമ്പ് തീരുമാനിച്ചെങ്കിലും പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് കരാറുകാര്‍ പിന്‍മാറിയിരുന്നു.

പുതുക്കിയ നിരക്കുപ്രകാരം ചെറുകിട വാഹനങ്ങളുടെ ടോളില്‍ അഞ്ചു രൂപയുടെ കുറവുണ്ട്. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക്മാത്രം മുന്‍പ് 55 രൂപ ഉണ്ടായിരുന്നത് ബുധനാഴ്ച മുതല്‍ 50 രൂപയായി. ഇരുവശത്തേക്കും സഞ്ചരിക്കണമെങ്കില്‍ 80 രൂപ നല്‍കണം. ഒരുമാസത്തേക്കുള്ള പാസിന് 1790 രൂപയാണ്. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്കുള്ള ടോള്‍ ഒരുവശത്തേക്ക് 95ല്‍നിന്ന് 105 ആയും ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 145ല്‍നിന്ന് 155 ആയും ഉയര്‍ത്തി. ട്രക്ക്, ലോറി തുടങ്ങിയവയും ബസുകളും ഇനിമുതല്‍ ഒരു വശത്തേക്ക് മാത്രം 210 രൂപ നല്‍കണം. ഇരുവശത്തേക്കും 290 രൂപയായിരുന്നത് 315 രൂപയാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ അഥവാ വലിയ കണ്ടെയ്നറുകള്‍ക്ക് ഒരു വശത്തേക്ക് 310, ഇരുവശത്തേക്കും 465 എന്നിങ്ങനെയായിരുന്നത് യഥാക്രമം 335, 505 രൂപയാകും.

രാജ്യത്തെ മൊത്ത വിലസൂചിക ഉയരുന്നതനുസരിച്ച് വര്‍ഷാവര്‍ഷം നിരക്ക് കൂട്ടാന്‍ ടോള്‍ കരാറുകാര്‍ക്ക് അവകാശമുണ്ടെന്നും ഇതിന് പുതിയൊരറിയിപ്പിന്റെ ആവശ്യമില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹികുഞ്ഞിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ദേശീയപാത അധികൃതരും ടോള്‍ കമ്പനിയും തമ്മിലുള്ള ധാരണയനുസരിച്ചാണ് നിരക്കുവര്‍ധന. വാഹനങ്ങളുടെ ടോള്‍ നിരക്ക് കുറച്ചുകൊടുക്കാമെന്ന് രണ്ടുമാസം മുന്‍പ് ജനപ്രതിനിധികള്‍ക്കും സമരസമിതികള്‍ക്കും മുഖ്യമന്ത്രി വാക്കു നല്‍കിയിരുന്നതാണ്. ടോള്‍ വര്‍ധന സംബന്ധിച്ച് സ്ഥലം എംഎല്‍എ സി രവീന്ദ്രനാഥിനെയോ ചാലക്കടി എംഎല്‍എ ബി ഡി ദേവസിയേയോ അറിയിച്ചിട്ടില്ല. 2011 ഡിസംബര്‍ മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കാന്‍ തുടങ്ങിയത്.

ടോള്‍ വര്‍ധന: സി രവീന്ദ്രനാഥ് നിവേദനം നല്‍കി

പുതുക്കാട്: ധാരണയ്ക്ക് വിരുദ്ധമായി ദേശീയപാത പാല്യേക്കരയിലെ ടോള്‍ നിരക്കുകള്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ടോള്‍ നിരക്ക് കുറയ്ക്കാന്‍ നേരത്തെ ധാരണയായതാണ്. ഇതിന് വിരുദ്ധമായി ദേശീയപാത അതോറിറ്റിയും ടോള്‍ കമ്പനിയും ഏകപക്ഷീയവും ജനവിരുദ്ധവുമായി നടപടികളിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ടോള്‍ നിരക്ക് അടിയന്തരമായി കുറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശംനല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

deshabhimani 290313

വീരേന്ദ്രകുമാര്‍ പാര്‍ടി സ്വകാര്യസ്വത്താക്കി; യുഡിഎഫ് വിടണമെന്ന് നേതാക്കള്‍


എം പി വീരേന്ദ്രകുമാര്‍ പാര്‍ടിയെ സ്വകാര്യസ്വത്താക്കി അധഃപതിപ്പിച്ചുവെന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് വിട്ട് വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ ചേര്‍ന്നത് ലോക്സഭാ സീറ്റിനുവേണ്ടിയാണ്. വ്യാജരേഖ സൃഷ്ടിച്ച് പുതിയ പാര്‍ടിയുണ്ടാക്കി യുഡിഎഫ് പാളയത്തില്‍ ചേക്കേറിയ വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാറും എതിര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ പ്രേംനാഥ് അടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടി പാര്‍ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടിക്കട അഷ്റഫും സോഷ്യലിസ്റ്റ് പഠനകേന്ദ്രം ചെയര്‍മാന്‍ ടി പി ജോസഫും പറഞ്ഞു. വീരേന്ദ്രകുമാറിന്റെ നിലപാടുകളെ എതിര്‍ക്കുന്നവരുടെ എണ്ണം കൂടി വരുന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുപോകണമെന്നാണ് യോഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ 27ന്റെ കണ്‍വന്‍ഷനിലും മേയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ഭാവികാര്യങ്ങള്‍ തീരുമാനിക്കും.

അട്ടപ്പാടിയില്‍ ആദിവാസി ഭൂമി സംരക്ഷിക്കാന്‍ സിസ്ലോണ്‍ കമ്പനിക്കെതിരെ കൃഷ്ണന്‍കുട്ടി നയിച്ച സമരം വീരേന്ദ്രകുമാര്‍ അട്ടിമറിച്ചു. വയനാട് കൃഷ്ണഗിരിയില്‍ ശ്രേയാംസ്കുമാര്‍ ആദിവാസികളുടെ ഭൂമി കൈയേറിയത് സംരക്ഷിക്കാനായിരുന്നിത്. സ്വകാര്യവല്‍ക്കരണത്തിനും ജലചൂഷണത്തിനും വിദേശനിക്ഷേപത്തിനുമെതിരെ പ്രസംഗിച്ചും എഴുതിയും നടന്ന വീരേന്ദ്രകുമാര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതെന്താണെന്ന് അവര്‍ ചോദിച്ചു. ശ്രേയാംസ്കുമാറിനെ മന്ത്രിയാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എം കെ പ്രേംനാഥിനെ തോല്‍പ്പിച്ചത്. സോഷ്യലിസ്റ്റ് ജനതയുടെ ആശയങ്ങള്‍ ബലികഴിച്ച് പാര്‍ടിയെ സ്വകാരവല്‍ക്കരിച്ചു. പെട്ടിചുമക്കുന്ന നേതാക്കന്മാര്‍ പണമുണ്ടാക്കാനാണ് വീരേന്ദ്രകുമാറിനൊപ്പം നില്‍ക്കുന്നത്. സ്തുതിപാഠകരെ തിരുകിക്കയറ്റിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്. എറണാകുളം ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒമ്പത് വോട്ടിന് ജയിച്ച തോമസ് കോയിക്കരയ്ക്കു പകരം തോറ്റ അഗസ്റ്റിന്‍ കോലഞ്ചേരിയെ പ്രസിഡന്റാക്കി. സോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സെയ്ഫുദീന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗവും എച്ച്എംഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ് മനോഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 290313

നോക്കിയയുടെ നികുതി കുടിശ്ശിക 2000 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളില്‍ നികുതിവെട്ടിപ്പ് നടത്തിയ ഇനത്തില്‍ രണ്ടായിരം കോടി രൂപ ഒരാഴ്ചക്കുള്ളില്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ആഗോള മൊബൈല്‍ ഭീമന്‍ നോക്കിയക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. എ ന്നാല്‍, ആദായനികുതി വകുപ്പിന്റെ നികുതിനിര്‍ദേശത്തെ ചോദ്യംചെയ്ത് നോക്കിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സമയബന്ധിതമായി വന്‍തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന്റെ നിയമപരമായ അധികാരത്തെക്കുറിച്ച് വ്യക്തമാക്കി ആദായ നികുതിവകുപ്പ് ഉടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. ഫിന്‍ലന്‍ഡിലെ മാതൃകമ്പനിയില്‍നിന്ന് നോക്കിയയുടെ ഇന്ത്യന്‍ സ്ഥാപനത്തിന് സോഫ്റ്റ്വെയര്‍ കൈമാറിയതിന് പത്തു ശതമാനം നികുതി ഒടുക്കേണ്ടതുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. നോക്കിയ 2006ല്‍ ചെന്നൈയില്‍ ഫാക്ടറി സ്ഥാപിച്ചതുമുതലുള്ള ഇടപാടുകള്‍ പരിശോധിച്ചശേഷമാണ് 2000 കോടി നികുതി അടയ്ക്കാന്‍ 21ന് നോട്ടീസ് നല്‍കിയത്.

deshabhimani 290313

മന്ത്രി രേണുകാചാര്യയെ ബിജെപി പുറത്താക്കി


ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡയ്ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച എക്സൈസ് മന്ത്രി എം പി രേണുകാചാര്യയെ മന്ത്രിസഭയില്‍നിന്നും പാര്‍ടിയില്‍നിന്നും പുറത്താക്കി. രേണുകാചാര്യയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നല്‍കിയ കത്ത് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അംഗീകരിച്ചു. രേണുകാചാര്യയെ പാര്‍ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി അറിയിച്ചു.

ഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എക്സൈസ് വകുപ്പുമായിബന്ധപ്പെട്ട് അദ്ദേഹത്തിന് കൈക്കൂലി നല്‍കിയെന്നാണ് രേണുകാചാര്യ ആരോപിച്ചത്. ഇതിന്റെ തെളിവുകള്‍ രണ്ടു ദിവസത്തിനകം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, രേണുകാചാര്യയുടെ ആരോപണം സദാനനന്ദഗൗഡ നിഷേധിച്ചു. യെദ്യൂരപ്പ അനുകൂലിയായിരുന്ന രേണുകാചാര്യ ഇടയ്ക്ക് കെജെപിയില്‍ ചേക്കേറാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം യെദ്യൂരപ്പയോടൊപ്പം ചേരുമെന്നാണ് സൂചന.

ബിജെപി എംഎല്‍എയുടെ കാമകേളികള്‍ പുറത്ത്

മംഗളൂരു: കര്‍ണാടകത്തിലെ അഞ്ചു ബിജെപി മന്ത്രിമാര്‍ക്കുപിന്നാലെ ഒരു എംഎല്‍എകൂടി ലൈംഗികാപവാദത്തില്‍. ദക്ഷിണ കര്‍ണാടകത്തിലെ മുതിര്‍ന്ന ബിജെപി നേതാവും ഉഡുപ്പി എംഎല്‍എയുമായ രഘുപതിഭട്ടിന്റെ "രഹസ്യലീല"കളുടെ ദൃശ്യങ്ങളാണ് പുറത്തായത്. നേരത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന രഘുപതിഭട്ട് ഭാര്യ പത്മപ്രിയയുടെ ദുരൂഹമരണത്തെതുടര്‍ന്ന് 2008ല്‍ തല്‍സ്ഥാനം രാജിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എല്ലാ മാധ്യമസ്ഥാപനങ്ങളിലേക്കും ലൈംഗികലീലകളുടെ ദൃശ്യങ്ങളടങ്ങിയ സിഡി അജ്ഞാതര്‍ എത്തിക്കുകയായിരുന്നു. ഭട്ടിന്റെയും പെണ്‍കുട്ടിയുടെയും മുഖം സിഡിയില്‍ വ്യക്തം. ബംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍നിന്ന് രഹസ്യമായി പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. എല്ലാം ശത്രുക്കളാരോ ചെയ്തതാണെന്ന് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തമാസത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്നും ഭട്ട് വ്യക്തമാക്കി. ഉഡുപ്പിയില്‍ ഭട്ട് പ്രചാരണം ആരംഭിച്ചിരുന്നു.

 പത്ത് സിറ്റിങ് എംഎല്‍എമാരെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നത്രേ. അക്കൂട്ടത്തില്‍ രഘുപതിഭട്ടിന്റെ പേരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിനെച്ചൊല്ലി പാര്‍ടിയുമായി വിലപേശലും തര്‍ക്കവും തുടരുന്നതിനിടെയാണ് ലൈംഗികാപവാദം.

ഭട്ടിന്റെ ഭാര്യ പത്മപ്രിയയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. 2008 ജൂണില്‍ ഉഡുപ്പിയില്‍നിന്ന് കാണാതായ പത്മപ്രിയയെ നാലുദിവസത്തിനുശേഷം ഡല്‍ഹി ദ്വാരകയിലെ ഷമാ അപ്പാര്‍ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെളിവുകളെല്ലാം ഭട്ടിനെതിരെ തിരിഞ്ഞപ്പോള്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചു.

ബിജെപി മന്ത്രിസഭയിലെ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ഹാലപ്പയാണ് ആദ്യം ലൈംഗികാപവാദത്തില്‍പ്പെട്ടത്. പിന്നാലെ മറ്റൊരു മന്ത്രിയായ രേണുകാചാര്യക്കെതിരെ ജയലക്ഷ്മി എന്ന യുവതി ആരോപണവുമായി രംഗത്തുവന്നു. നിയമസഭയില്‍ നീലച്ചിത്രം കണ്ടതിനാണ് മന്ത്രിമാരായ കൃഷ്ണ ജെ പാലമാര്‍, ലക്ഷ്മണ സവാദി, സി സി പാട്ടില്‍ എന്നിവരുടെ കസേര തെറിച്ചത്.
(അനീഷ് ബാലന്‍)

deshabhimani

സൗദി സ്വദേശിവല്‍ക്കരണം മലബാറിന്റെ നട്ടെല്ലൊടിക്കും


കേന്ദ്രം നിര്‍ജീവം

സൗദിയില്‍ നിതാഖാത്ത് നിയമം നിലവില്‍ വന്നതിനെത്തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആശങ്ക പരിഹരിക്കാന്‍ നയതന്ത്ര ശ്രമങ്ങളൊന്നും നടത്താത്ത കേന്ദ്രം ഈ തൊഴില്‍പ്രശ്നം വിദേശ കമ്പനികളുടെ ബാധ്യതയാണെന്ന വിചിത്രമായ നിലപാടാണ് സ്വീകരിക്കുന്നത്.

സ്വദേശിവല്‍ക്കരണ നിയമം നടപ്പാക്കുന്നതില്‍ ഉദാരത പുലര്‍ത്താന്‍ സൗദി അറേബ്യയോട് ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍, നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ സ്വതന്ത്ര പരമാധികാര രാജ്യമായ സൗദി അറേബ്യയോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. എന്നാല്‍,ഒരു ഇന്ത്യക്കാരനും സഹായം തേടി സൗദിയിലെ ഇന്ത്യന്‍ എംബസിയെയോ തന്റെ മന്ത്രാലയത്തെയോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം നേടിയ സൗദി പൗരന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍നിന്ന് സൗദിയെ പിന്തിരിപ്പിക്കാനാകില്ല. എത്രമാത്രം ഇന്ത്യക്കാരെ അവിടെ നിലനിര്‍ത്താം എന്നേ പരിശോധിക്കാനാകൂ. കമ്പനികള്‍ക്ക് തന്നെയാണ് നടപടി സ്വീകരിക്കാനാകുക. തദ്ദേശീയരെ നിയമിച്ച് ഇന്ത്യക്കാരെ കമ്പനികള്‍ക്ക് സംരക്ഷിക്കാം. കുറേ പേര്‍ക്ക് എന്തായാലും സൗദി വിടേണ്ടി വരും.

തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ല. സാമ്പത്തിക സഹായം നല്‍കാനുമാകില്ല. തന്റെ മന്ത്രാലയത്തിന്റെ പക്കല്‍ ചെറിയ തുകയേ ഉള്ളൂ. അതാത് സംസ്ഥാനങ്ങള്‍ പുനരധിവാസത്തിന് മുന്‍കൈയെടുക്കണം. എത്ര ഇന്ത്യക്കാരെ നിയമം ബാധിക്കുമെന്നതിന്റെ കണക്ക് ഇല്ല. ഇന്ത്യയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം പോലും സര്‍ക്കാരിന്റെ കൈവശമില്ല. ഈ സാഹചര്യത്തില്‍ അന്യരാജ്യത്തെ ഇന്ത്യന്‍ തൊഴിലാളികളുടെ കണക്ക് എങ്ങനെ സൂക്ഷിക്കും-രവി ചോദിച്ചു.
(പി വി അഭിജിത്)

എങ്ങും ആശങ്ക; നഗരങ്ങള്‍ വിജനം

ദമാം: സ്വദേശിവല്‍ക്കരണനിയമം കര്‍ശനമാക്കുകയും തെരച്ചില്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തതോടെ സൗദി നഗരങ്ങള്‍ വിജനമായി. പുറത്തിറങ്ങാന്‍ ഭയപ്പെട്ട് ജീവിക്കുകയാണ് ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസിസമൂഹം. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍മാത്രമാണ് പലരും പുറത്തിറങ്ങുന്നത്. മിക്കയിടത്തും കടകള്‍ തുറക്കാറില്ല. നഗരങ്ങളിലും തെരുവുകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞത് രാജ്യത്തെ ചെറുകിടകച്ചവടത്തെയും വ്യാപാരത്തെയും ബാധിച്ചു. ചെറുകിടസ്ഥാപനങ്ങളിലെ ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും വിദേശികളാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പല വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

വിദേശികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചത് പാര്‍പ്പിടനിര്‍മാണ മേഖലയ്ക്കും ആഘാതമായി. നിയമം ലംഘിക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി ആദില്‍ ഫക്കീഹ് ആവര്‍ത്തിച്ചു. നടപടി തുടങ്ങിയതോടെ രണ്ടുലക്ഷം വിദേശികള്‍ ജോലി ഉപേക്ഷിച്ച് പോയതായും മൂന്നുമാസത്തിനിടെ 1,80,000 സ്ഥാപനങ്ങളില്‍ സ്വദേശികളുടെ ശമ്പളം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

സൗദി സ്വദേശിവല്‍ക്കരണം മലബാറിന്റെ നട്ടെല്ലൊടിക്കും

മലപ്പുറം: സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണ നിയമം മലബാറിന്റെ സാമ്പത്തിക-തൊഴില്‍ മേഖലകളില്‍ കനത്ത ആഘാതമേല്‍പ്പിക്കും. പത്തില്‍ താഴെ പേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിക്കുവയ്ക്കണമെന്ന നിതാഖാത്ത് നിയമം ഏറ്റവും ഗുരുതരമായി ബാധിക്കുക മലബാറിനെയാകും. എട്ടുലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ ആറുലക്ഷം പേരും മലയാളികളാണ്. ഇവരിലേറെയും മലബാറില്‍നിന്നുള്ളവരും. ഇവര്‍ മടങ്ങിയെത്തുന്നത് മലബാറിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലൊടിക്കും. മലബാറില്‍നിന്നുള്ളവരിലേറെയും അവിദഗ്ധ തൊഴിലാളികളാണ്. വിസക്ക് ലക്ഷങ്ങള്‍ നല്‍കിയാണ് പലരും സൗദിയില്‍ ജോലിതേടിയത്. ഹൗസ് ഡ്രൈവറടക്കമുള്ള വിസയിലെത്തിയ മലയാളികള്‍ ഹോട്ടല്‍, കഫ്തീരിയ, മിനി മാര്‍ക്കറ്റ് എന്നിവടങ്ങളിലാണ് ജോലിചെയ്യുന്നത്. സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്യണമെന്നത് കര്‍ശനമാക്കിയതോടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും. മലബാറിന്റെ വാണിജ്യ-വ്യവസായ മേഖലയുടെ അടിത്തറ ഗള്‍ഫ് പണമാണ്. ഇതില്‍ പ്രധാന പങ്ക് സൗദി മലയാളികളുടെതാണ്. അവിടെ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ നടത്തിയാണ് പലരും പണം സമ്പാദിക്കുന്നത്. സൗദി പൗരന്മാരുടെ ലൈസന്‍സിലാണ് ഇവര്‍ സ്ഥാപനം നടത്തുന്നത്. പുതിയ നിയമം ഇത്തരക്കാര്‍ക്ക് കട നടത്താനാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവര്‍ കച്ചവടം അവസാനിപ്പിക്കുന്നത് അവിടെ ജോലിചെയ്യുന്ന മറ്റ് മലയാളികളെയും ബാധിക്കും.

നിയമംപാലിക്കാത്തവരെ പിടികൂടി നാടുകടത്താനാണ് സൗദി സര്‍ക്കാര്‍ തീരുമാനം. ഇത്തരക്കാര്‍ക്ക് വന്‍തുക പിഴ ഈടാക്കുകയും ചെയ്യും. സ്വന്തം ചെലവില്‍ നാട്ടിലെത്തുകയും വേണം. ഫലത്തില്‍ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടാകും പ്രവാസികള്‍ നാട്ടിലെത്തുക. ഇവിടെ പുതിയ സംരംഭം തുടങ്ങാനുള്ള സാമ്പത്തികശേഷി ഭൂരിഭാഗത്തിനുമുണ്ടാകില്ല. നിര്‍മാണമേഖലയില്‍ ഉള്‍പ്പെടെ ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഗള്‍ഫ് മലയാളികളുടെ ആഡംബര വീടുകളാണ് നിര്‍മാണമേഖലയില്‍ ജോലിസൃഷ്ടിക്കുന്നത്. ഇത് സ്തംഭിക്കുന്നത് നാട്ടിലെ തൊഴില്‍സാഹചര്യം വഷളാക്കും. ഇപ്പോള്‍ തന്നെ മലബാറില്‍ നിര്‍മാണമേഖലയില്‍ സ്തംഭനാവസ്ഥ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തിലെ പ്രവാസി നിക്ഷേപത്തിന്റെ വലിയൊരളവും എത്തുന്നത് സൗദിയില്‍നിന്നാണ്. സംസ്ഥാനത്തെ ബാങ്കുകളില്‍ 62,708 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. ഇതില്‍ ഭൂരിഭാഗവും മലബാര്‍ മേഖലയിലാണ്. സൗദി പ്രതിസന്ധി ഈ മേഖലയിലെ വിദേശ നിക്ഷേപത്തിലെ ഇടവിനും സാധ്യതയുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെയും പ്രതിസന്ധി നേരിട്ട് ബാധിക്കും. മലബാറിലെ പ്രധാന നഗരങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ മിക്കതും നിലനില്‍ക്കുന്നത് ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ്. മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും പ്രധാന പ്രശ്നമാണ്. ലക്ഷങ്ങള്‍ ഒന്നിച്ച് മടങ്ങുന്നത് തൊഴില്‍ മേഖലകളില്‍ പ്രതിസന്ധിസൃഷ്ടിക്കും. പല തൊഴില്‍ മേഖലകളിലും ഇതിനകം അന്യസംസ്ഥാന തൊഴിലാളികള്‍ കീഴടക്കികഴിഞ്ഞു. നിര്‍മാണമേഖലയിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യം മടങ്ങിയെത്തുന്നവര്‍ക്ക് വെല്ലുവിളിയാണ്.

deshabhimani 290313

കുടുംബശ്രീ അക്കൗണ്ടന്റുമാരെ പിരിച്ചുവിടാന്‍ ഉത്തരവ്


സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അക്കൗണ്ടന്റുമാരെയും പിരിച്ചുവിടാന്‍ ഉത്തരവ്. കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സിഡിഎസ്)കളിലെ ആയിരത്തോളം അക്കൗണ്ടന്റുമാരെയാണ് മാര്‍ച്ച് 31നുമുമ്പ് പിരിച്ചുവിടാന്‍ സര്‍ക്കാരിനുവേണ്ടി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ 26ന് ഉത്തരവിറക്കിയത്. ഓരോ വര്‍ഷവും ഇവരുടെ കരാര്‍ പുതുക്കുകയായിരുന്നു പതിവ്. പിരിച്ചുവിടാനുള്ള ഉത്തരവ് ആദ്യമാണ്. മുസ്ലിംലീഗിന്റെ സമ്മര്‍ദത്തേതുടര്‍ന്നാണ് ഉത്തരവിറക്കിയതെന്നും ഭരണപക്ഷ അനുകൂലികളെ നിയമിക്കാനാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കരാര്‍പ്രകാരം 2013 മാര്‍ച്ച് 31 വരെ കാലാവധിയുള്ള എല്ലാ സിഡിഎസ് അക്കൗണ്ടന്റുമാരുടെയും സേവനം അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് ജില്ലാ മിഷന്‍ ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ ഉത്തരവിലുള്ളത്. പുതിയ നിയമനം നടത്തുന്നതുവരെ പരിചയസമ്പന്നരായവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിച്ചവരെയാണ് കാരണമില്ലാതെ ഒഴിവാക്കുന്നത്.

അക്കൗണ്ടന്റുമാരെ പിരിച്ചുവിടുന്ന കാര്യം കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരുടെ ജില്ലാതല യോഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. സിഡിഎസിന്റെ മുഴുവന്‍ പ്രവര്‍ത്തനവും നടത്തുന്നത് അക്കൗണ്ടന്റുമാരാണ്. അയല്‍ക്കൂട്ടങ്ങളുടെ നിക്ഷേപവും വായ്പയും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. മന്ത്ലി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) ഒണ്‍ലൈന്‍ സംവിധാനം കൈകാര്യം ചെയ്യുന്നുമുണ്ട്. ഏപ്രില്‍ 15നുമുമ്പ് പുതിയ അക്കൗണ്ടന്റുമാരെ നിയമിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, അതിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. അപേക്ഷ ക്ഷണിക്കലും പരീക്ഷയും ഇന്റര്‍വ്യുവും ഇതിനകം നടക്കാന്‍ സാധ്യതയില്ല. പുതിയ അക്കൗണ്ടന്റുമാരെ നിയമിച്ച് പരിശീലനംനല്‍കി സിഡിഎസ് പ്രവര്‍ത്തനം ഏല്‍പ്പിക്കാന്‍ രണ്ടു മാസമെങ്കിലുമെടുക്കും. ഇക്കാലത്ത് കുടുംബശ്രീ പ്രവര്‍ത്തനം താളംതെറ്റും. ഒരു സിഡിഎസിന് ഒരു അക്കൗണ്ടന്റ് എന്ന നിലയിലാണ് നിയമനം. 90 ശതമാനവും സ്ത്രീകളാണ്. 5000 രൂപയാണ് പ്രതിമാസ വേതനം. മുപ്പത്തഞ്ചില്‍ കൂടുതല്‍ വാര്‍ഡുകള്‍ വരുമ്പോള്‍ സിഡിഎസിന്റെ എണ്ണം കൂടും. കോര്‍പറേഷനുകളില്‍ മൂന്നുവരെ സിഡിഎസുകളുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് അക്കൗണ്ടന്റുമാരെ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നു. ചര്‍ച്ചയേത്തുടര്‍ന്ന് അന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
(പി സുരേശന്‍)

deshabhimani

വെള്ളക്കരം കുടിശ്ശിക 450 കോടി


സംസ്ഥാനത്തെ വെള്ളക്കരം കുടിശ്ശിക 450 കോടിയോളം രൂപ. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍മുതല്‍ കലക്ടറേറ്റ്, പൊലീസ് ആസ്ഥാനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഭീമമായ കുടിശ്ശികയുണ്ട്. വമ്പന്‍ സ്വകാര്യ സ്ഥാപനങ്ങളും കുടിശ്ശികയുടെ കാര്യത്തില്‍ പിറകിലല്ല. ദേശാഭിമാനി ഏജന്റും വിവരാവകാശ പ്രവര്‍ത്തകനുമായ രാജു വാഴക്കാലയ്ക്ക് വിവരാവകാശപ്രകാരം ലഭിച്ച രേഖപ്രകാരം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള തിരുവനന്തപുരം ജില്ലയിലാണ് മൊത്തം കുടിശ്ശികയുടെ പകുതി. ലഭ്യമായ കണക്കുപ്രകാരം 435,74,42,476 രൂപയാണ് സംസ്ഥാനത്തെ മൊത്തം കുടിശ്ശിക. 2013 ജനുവരി 15 വരെയുള്ള കണക്കുപ്രകാരം രാജ്ഭവന്‍ ബില്‍ കുടിശ്ശിക 1,53,57,510 രൂപയാണ്. ഗവര്‍ണറുടെ സെക്രട്ടറിയുടെ പേരില്‍ 8,66,438 രൂപ കുടിശ്ശികയുണ്ട്. സെക്രട്ടറിയറ്റിലെ ഉദ്യാനം പച്ചപ്പോടെ നിലനിര്‍ത്താന്‍ വെള്ളം ഉപയോഗിച്ച വകയില്‍ രണ്ടു ബില്ലിലായി കുടിശ്ശികയുള്ളത് 10,07,298 രൂപയുടേതും 2,39,436 രൂപയുടേതുമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കനകക്കുന്ന് കൊട്ടാരം 1,10,66,110 രൂപ കുടിശ്ശികയാക്കിയപ്പോള്‍ രാജകുടുംബംവക കവടിയാര്‍ കൊട്ടാരത്തിന്റെ വെള്ളക്കരം കുടിശ്ശിക 2,51,422 രൂപയാണ്.

തിരുവനന്തപുരം ജില്ലാ കലക്ടറേറ്റും കുടിശ്ശികയില്‍നിന്ന് മുക്തമല്ല. 2,29,308 രൂപ. തിരുവനന്തപുരം ജില്ലാ കോടതിയും ബില്‍ ഒടുക്കുന്നതില്‍ വീഴ്ച വരുത്തി. 1,26,946 രൂപയാണ് കുടിശ്ശിക. പുതിയ കോടതി കെട്ടിടത്തില്‍ 1,55,211 രൂപയുടെയും കുടിശ്ശികയുണ്ട്. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് 96,44,397 രൂപയുടെ കുടിശ്ശികയാണ് വരുത്തിയത്. ഗോള്‍ഫ് ലിങ്കിന്റെ പേരില്‍ 81,37,999 രൂപയും ഗോള്‍ഫ് ക്ലബ്ബിന്റെ പേരില്‍ 15,06,398 രൂപയുമാണ് ഇവര്‍ ഒടുക്കാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ കോര്‍പറേഷന്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക 5,39,78,692 രൂപയാണ്. 4,96,93,778 രൂപയുടെ കുടിശ്ശികയാണ് ഐജിമുതല്‍ കമീഷണര്‍വരെയുള്ളവര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ വരുത്തിയത്. തിരുവനന്തപുരം കെഎപി മൂന്നാം ബറ്റാലിയന്റെമാത്രം ബില്‍ കുടിശ്ശിക 83,11,614 രൂപയാണ്. ഐപിഎസ് ക്വാര്‍ട്ടേഴ്സിന്റെത് 49,79,150 രൂപയും. പൂജപ്പുര സെന്‍ട്രല്‍ ജയിലും ഇതുമായി ബന്ധപ്പെട്ടുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് വരെയുള്ള കെട്ടിടങ്ങളിലെയും ബില്‍ കുടിശ്ശിക 1,21,67,701 രൂപയാണ്്. ജില്ലയിലെ ടൂറിസംവകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ വരുത്തിയത് 4,80,05,452 രൂപയുടെ കുടിശ്ശിക.

ബില്‍ ഒടുക്കാന്‍ വൈകിയാല്‍ ഉടന്‍ ഫ്യൂസ് ഊരുന്ന കെഎസ്ഇബി തിരുവനന്തപുരം ജില്ലയില്‍മാത്രം വരുത്തിയ ജലബില്‍ കുടിശ്ശിക 2,35,62,778 രൂപയാണ്. തിരുവനന്തപുരം മ്യൂസിയത്തിലെയും കാഴ്ചബംഗ്ലാവിലെയും ജലബില്‍ കുടിശ്ശിക 68,35,357 രൂപയാണ്. അന്താരാഷ്ട്ര വിമാനത്താവളം 1,71,601 രൂപയുടെ കുടിശ്ശിക വരുത്തി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദക്ഷിണ റെയില്‍വേയുടെ സെക്ഷന്‍ എന്‍ജിനിയര്‍ ഓഫീസിന്റെ അവസ്ഥയും മറിച്ചല്ല. 1,50,422 രൂപയുടെയും 9,15,696 രൂപയുടെയും രണ്ട് ബില്ലാണ് ഈ ഓഫീസിന്റെ കീഴില്‍ കുടിശ്ശികയുള്ളത്. വലിയതുറയിലെ പോര്‍ട്ട് ഓഫീസില്‍നിന്ന് കിട്ടാനുള്ളത് 35,03,689 രൂപ. റിസര്‍വ് ബാങ്കും വെള്ളബില്‍ ഒടുക്കുന്നതില്‍ വീഴ്ചവരുത്തി. 29,36,749 രൂപയുടെ കുടിശ്ശികയാണ് ബാങ്ക് ഡെപ്യൂട്ടി ചീഫ് ഓഫീസറുടെ പേരിലുള്ളത്.
(ഷഫീഖ് അമരാവതി)

deshabhimani 290313

106 സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ നീക്കം


സംസ്ഥാനത്തെ 106 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കുകൂടി സിബിഎസ്ഇ അംഗീകാരത്തിന് ഉടന്‍ എന്‍ഒസി നല്‍കാന്‍ വിദ്യാഭ്യാസവകുപ്പില്‍ തിരക്കിട്ട നീക്കം. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകളുടെ പരിശോധന അതിവേഗം നടക്കുന്നു. ഈ സ്കൂളുകള്‍ക്കുകൂടി എന്‍ഒസി നല്‍കുന്നതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ഒസി നല്‍കിയ ആകെ സ്കൂളുകളുടെ എണ്ണം 500 കവിയും. സംസ്ഥാനത്ത് സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസിക്കായി കുറഞ്ഞത് 300 കുട്ടികളും മൂന്ന് ഏക്കര്‍ സ്ഥലവും മലയാളഭാഷാ പഠനം നിര്‍ബന്ധവുമാക്കണമെന്ന സര്‍ക്കാര്‍ നിബന്ധന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ സെപ്തംബറില്‍ റദ്ദാക്കിയതോടെ നൂറുകണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന് പുതുതായി ലഭിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് വിധി വന്ന ഉടന്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അഞ്ചുമാസം കഴിഞ്ഞാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇതുവരെ ഫയലില്‍ സ്വീകരിച്ചിട്ടുമില്ല. അന്തിമവിധി ഉണ്ടാകുന്നതുവരെ ഒരു സ്കൂളിനും എന്‍ഒസി നല്‍കാന്‍ പാടില്ലാത്തതാണ്. എന്നാല്‍, സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുംമുമ്പ് ആവശ്യപ്പെടുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കാനാണ് നീക്കം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അതേ സമയം ആവശ്യപ്പെടുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കുകയുമാണ്.

സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കാനുള്ള പ്രചാരണം ആരംഭിച്ചു. വന്‍തുക ഈടാക്കി പ്രമുഖ സ്കൂളുകളെല്ലാം പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ബുക്കിങ് തുടങ്ങി. എന്‍ഒസിക്കായി സമീപിച്ച ചില സ്കൂളുകള്‍ അവരുടെ പരസ്യങ്ങളില്‍ സിബിഎസ്ഇ അഫിലിയേഷന്‍ സൂചിപ്പിക്കുന്നുമുണ്ട്. അപേക്ഷിച്ച എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി ലഭ്യമാക്കാമെന്ന് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായാണ് അറിയുന്നത്. എന്‍ഒസിക്കായുള്ള അപേക്ഷ പരിശോധനയ്ക്കിടെ സങ്കേതികപ്പിഴവ് കണ്ടെത്തിയ 64 സ്കൂളിന്റെ അപേക്ഷ തിരിച്ചയച്ചു. പുതിയ അധ്യയന വര്‍ഷത്തിനകം സര്‍ക്കാരിന്റെ അനുമതി വാങ്ങിയെടുത്ത് സിബിഎസ്ഇ അംഗീകാരം തരപ്പെടുത്താനുള്ള മാനേജുമെന്റുകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. സിബിഎസ്ഇ അംഗീകാരം പരസ്യത്തില്‍ സൂചിപ്പിച്ചാല്‍ വിദ്യാര്‍ഥികളില്‍നിന്ന് വന്‍തുക ഫീസ് ഈടാക്കാനാകും. അധ്യാപകര്‍ക്ക് ന്യായമായ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചതിനാല്‍ ഈ പേരില്‍ 30 ശതമാനം ഫീസ് വര്‍ധന നടപ്പാക്കാന്‍ സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതിനിടെ സിബിഎസ്ഇ സ്കൂളുകളുടെ പേരില്‍ തട്ടിപ്പും വര്‍ധിച്ചു.
(എം വി പ്രദീപ്)

deshabhimani 290313

കുടിവെള്ളം കിട്ടാത്ത പാലക്കാട്ട് കുത്തകകള്‍ ഊറ്റുന്നത് ഒരുകോടി ലിറ്റര്‍ ഭൂഗര്‍ഭജലം


നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസും കടന്ന കൊടുംചൂടില്‍ പാലക്കാട് ജില്ല കടുത്ത ജലക്ഷാമത്തില്‍ വെന്തുരുകുമ്പോള്‍ പെപ്‌സിയടക്കമുളള ആഗോളകുത്തക കമ്പനികള്‍ അനുദിനം ജില്ലയില്‍ നിന്ന് ഊറ്റുന്നത് ഒരു കോടി ലിറ്ററോളം ഭൂഗര്‍ഭജലം. സൂര്യാഘാതസാധ്യത വരെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ ജലചൂഷണം നടക്കുന്ന ജില്ലയാണ് പാലക്കാട്. ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴ്ന്നിട്ടും കുത്തക കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല. സംസ്ഥാനത്താകെയുള്ള 14 മദ്യം, ബിയര്‍ ഉല്‍പ്പാദന കമ്പനികളില്‍ ആറെണ്ണവും പാലക്കാട് ജില്ലയിലാണ്. കുടിവെളള കമ്പനികളും കൂടുതല്‍ പാലക്കാട്ട് തന്നെ.

ജില്ലാ വ്യവസായകേന്ദ്രം തയ്യാറാക്കിയ കണക്കു പ്രകാരം വിവിധ കമ്പനികള്‍ ഉപയോഗിക്കുന്ന ഭൂഗര്‍ഭജലം ലിറ്ററില്‍ ഇപ്രകാരം: പെപ്‌സി കോള (6 ലക്ഷം), ഛായ ഇന്‍ഡസ്ട്രീസ് (6ലക്ഷം), അമൃത ഡിസ്റ്റിലറീസ് (5 ലക്ഷം), എം പി ഡിസ്റ്റിലറീസ് (6 ലക്ഷം), പാറ്റ്‌സ്പിന്‍ (3ലക്ഷം), സുരഭി മിനറല്‍ വാട്ടര്‍ (3ലക്ഷം), പ്രൈമോ അഗ്രോ (3 ലക്ഷം), എം പി ബ്രൂവറീസ് (3ലക്ഷം), റൂഫില്ലാ (3 ലക്ഷം), യൂണൈറ്റഡ് സ്പിരിറ്റ്‌സ് (2ലക്ഷം), കേരള ഡിസ്റ്റിലറീസ് (4 ലക്ഷം), യൂണൈറ്റഡ് ബ്രൂവറീസ് (6 ലക്ഷം), മീനാക്ഷിപുരം കേരള ആല്‍ക്കഹോളിക് പ്രോഡക്ട് ലിമിറ്റഡ് (7ലക്ഷം), വിക്ടറി (3 ലക്ഷം).
വ്യവസായ വകുപ്പിന്റെ ഔദേ്യാഗിക കണക്കുപ്രകാരം തന്നെ 60 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലമാണ് അനുദിനം കുത്തകകമ്പനികള്‍ ജില്ലയില്‍ നിന്ന് ഊറ്റുന്നത്. എന്നാല്‍, ഈ കമ്പനികളുടെ യഥാര്‍ഥ ജലഉപഭോഗം അതിന്റെ ഇരട്ടിയാണെന്നതാണ് വസ്തുത. പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ മുതല്‍ 12 ലക്ഷം ലിറ്റര്‍ വരെ ഭൂഗര്‍ഭജലമാണ് ഓരോ കമ്പനിയും ഊറ്റിയെടുക്കുന്നത്. കമ്പനികള്‍ക്കകത്തെ ഹൈപവര്‍ കംപ്രസര്‍ മോട്ടോറുകളാണ് ഭൂഗര്‍ഭജലമൂറ്റുന്നത്. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ജലവകുപ്പിന്റെ പക്കല്‍പോലുമില്ല.

പെപ്‌സി പോലുളള ചില കമ്പനികള്‍ സ്വന്തം വളപ്പിനു പുറത്ത് കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചും ഭൂഗര്‍ഭജല ചൂഷണം നടത്തുന്നതായി ജില്ലാകലക്ടര്‍ ചെയര്‍മാനായ കഞ്ചിക്കോട് കാവല്‍ സംഘം കണ്ടെത്തിയിരുന്നു. കണക്കില്‍പ്പെടാത്ത ജലചൂഷണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. വേനല്‍ കടുത്തതിന്റെ പശ്ചാത്തലത്തില്‍ ഉപഭോഗം പകുതിയായെങ്കിലും കുറയ്ക്കണമെന്ന് കുടിവെളള കമ്പനികളോട് മാത്രമാണ് ആവശ്യപ്പെട്ടത്. വേനലിനെ നേരിടാന്‍ തങ്ങളുടെ സേവനവും ആവശ്യമാണെന്ന് അവകാശപ്പെട്ട് കുപ്പിവെളള കമ്പനികള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മുഖമടച്ച് തളളുകയും ചെയ്തു. 40 ലിറ്റര്‍ വെളളത്തില്‍ നിന്ന് 10 ലിറ്റര്‍ കുടിവെളളമുണ്ടാക്കുന്നുണ്ടെന്നാണ് കമ്പനികളുടെ കണക്ക്. മലിനജലം പോലും ഗത്യന്തരമില്ലാതെ കുടിവെളളമാക്കുന്ന പാലക്കാട് പോലുളള ജില്ലയില്‍ ഈ ജലദുര്‍വിനിയോഗം അക്ഷന്തവ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇതിന്റെ പതിന്മടങ്ങ് ജലദുരൂപയോഗമാണ് ശീതളപാനീയ കമ്പനികളില്‍ നടക്കുന്നത്. ശീതളപാനീയ നിര്‍മ്മാണത്തിനു പുറമെ ഇവ നിര്‍മ്മിക്കുന്ന യന്ത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും ലക്ഷക്കണക്കിന് ലിറ്റര്‍ വെളളം വേണം. അനുവദനീയമായതിലും 48.5 ശതമാനം വെളളം പെപ്‌സി കമ്പനി മാത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് ഭൂഗര്‍ഭജലവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുളളത്.
(കിഷോര്‍ എബ്രഹാം)

janayugom

ഷാനവാസിന്റെ അനുജന് പെന്‍ഷന് മുമ്പ് പുനര്‍നിയമനം


തിങ്കളാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എറണാകുളം ഡി എം ഒ യ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുന്ന കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ മെഡിക്കല്‍ ഡയറക്ടറായി തിരക്കിട്ട് പുനര്‍നിയമനം നല്‍കിയത് വിവാദമാകുന്നു. ബുധനാഴ്ച പുന്നപ്രയില്‍ ചേര്‍ന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എക്‌സലന്‍സ് (കേപ്) ആണ് കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് എം പിയുടെ അനുജന്‍ എറണാകുളം ഡി എം ഒ ഡോ. ജുനൈദ് റഹ്മാനെ മെഡിക്കല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ഡി എം ഒ ഡോ. ടി പീതാംബരന്‍ ഉള്‍പ്പെടെ രണ്ട് ഡി എം ഒ മാരടക്കം അറുപതിലേറെ പ്രഗത്ഭ ഡോക്ടര്‍മാരും പ്രശസ്ത സ്‌പെഷ്യലിസ്റ്റുകളും തിങ്കളാഴ്ച റിട്ടയര്‍ ചെയ്യാനിരിക്കേയാണ് മറ്റാര്‍ക്കും പുനര്‍നിയമനം നല്‍കാതെ ഡോ. ജുനൈദിനു മാത്രം കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

സ്‌പെഷ്യലിസ്റ്റുകളുടെ ക്ഷാമവും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും (കെ ജി എം ഒ എ) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഉന്നയിച്ച ആവശ്യം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിരാകരിച്ചിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ വകുപ്പിന്റെ കൊച്ചി കോളജില്‍ കെ ജി എം ഒയുടെ നേതാവ് കൂടിയായ ഡോ. ജുനൈദിന് അടുത്തൂണ്‍ പറ്റുന്നതിന് മുമ്പ് പുനര്‍നിയമനം.
തിങ്കളാഴ്ച പെന്‍ഷന്‍ പറ്റുന്നവരില്‍ നല്ലൊരുപങ്ക് ഹൃദ്രോഗ ചികിത്സാ വിദഗ്ധരാണ്. മെഡിക്കല്‍ കോളജായി ഉയരാന്‍ പോകുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നുമാത്രം പെന്‍ഷന്‍ പറ്റുന്നത് മൂന്ന് പ്രഗത്ഭ കാര്‍ഡിയോളജിസ്റ്റുകളാണ്. സ്‌പെഷ്യലിസ്റ്റുകളുടെയെങ്കിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് പൊതുജനാരോഗ്യമേഖലയെ സ്‌പെഷ്യലിസ്റ്റ് ക്ഷാമത്തില്‍ നിന്നു രക്ഷിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നതും മന്ത്രി നിരാകരിച്ചിരുന്നു.

പക്ഷേ ഷാനവാസിന്റെ അനുജന്‍ ഡോ. ജുനൈദ് റഹ്മാന് പുനര്‍ നിയമനം നല്‍കാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ കരുക്കള്‍ നീക്കിയിരുന്നു. ഇതിന്റെ ഭാഗമായി നാട്ടുകാരുടെ മേല്‍വിലാസത്തില്‍ കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് കൊച്ചി മെഡിക്കല്‍ കോളജ് സംരക്ഷണസമിതി എന്ന സംഘടന തന്നെ തട്ടിക്കൂട്ടി. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തെക്കാള്‍ സമിതിയുടെ മുഖ്യ മുദ്രാവാക്യം ഡോ. ജുനൈദിനെ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ മെഡിക്കല്‍ ഡയറക്ടറാക്കുക എന്നതായിരുന്നു!

കോളജില്‍ എഴുപതോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് നികത്തണമെന്ന ആവശ്യം പോലും സമിതിക്ക് ഒരു വിഷയമേയല്ലായിരുന്നു. പൊതുജനാവശ്യം മാനിച്ചാണ് ഡോ. ജുനൈദിനെ നിയമിച്ചതെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു കോണ്‍ഗ്രസുകാര്‍ ഈ സമരനാടകം കളിച്ചതെന്ന് കെ ജി എം ഒ എയോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.
500 കോടി രൂപ ആസ്തിയും അതിലേറെ ബാധ്യതയുമുള്ള കൊച്ചി സഹകരണ മെഡിക്കല്‍കോളജ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഫയലുകള്‍ പോലും ധനകാര്യ വകുപ്പില്‍ പാറിപ്പറന്നു നടക്കുന്നതിനിടെയാണ് പെന്‍ഷന്‍കാരനാകാന്‍ പോകുന്നയാള്‍ ക്ക് മുന്‍കൂര്‍ പുനര്‍നിയമനം. ഒപ്പം കോളജിലെ 65 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും തീരുമാനിച്ചിട്ടുണ്ട്.
(കെ രംഗനാഥ്)
janayugom


വിരമിക്കുന്ന ഉദ്യോഗസ്ഥന് കണ്‍സള്‍ട്ടന്റായി നിയമനം

വൈദ്യുതി ബോര്‍ഡില്‍ മാര്‍ച്ച് 31ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് കണ്‍സള്‍ട്ടന്റായി പുനര്‍നിയമനം. ഐടി വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ക്കാണ് നിയമനം നല്‍കിയത്. ഇദ്ദേഹത്തിന്റെ സേവനകാലാവധി നീട്ടാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് കണ്‍സള്‍ട്ടന്റാക്കിയത്. ഐടി വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറടക്കം മാര്‍ച്ച് 31ന് വിരമിക്കുന്ന 19 പേര്‍ക്ക് സേവനകാലാവധി നീട്ടി നല്‍കാന്‍ വൈദ്യുതി ബോര്‍ഡില്‍ നീക്കം നടന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ എതിര്‍പ്പുയര്‍ത്തി. ഇതേത്തുടര്‍ന്നാണ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറെ സര്‍വീസില്‍നിന്നു വിരമിച്ചശേഷം ആര്‍എപിഡിആര്‍പി പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ഒരു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതികണ്‍സള്‍ട്ടന്റായി ഫീഡ് ബാക്ക് വെഞ്ച്വേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുപുറമെയാണ് മറ്റൊരു കണ്‍സള്‍ട്ടന്റിനെക്കൂടി നിയമിച്ചത്. വൈദ്യുതി ബോര്‍ഡിനെയും ആര്‍എപിഡിആര്‍പി പദ്ധതി നടപ്പാക്കുന്ന കൊറിയന്‍ കമ്പനിയെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പുതിയ കണ്‍സള്‍ട്ടന്റ് പ്രവര്‍ത്തിക്കുമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.


deshabhimani

Thursday, March 28, 2013

ആറോണ്‍ സമരത്തിന്റെ ജ്വലിക്കുന്ന സ്മരണ



ചോര വീണ ചരിത്രം

ദേശാഭിമാനി 280313

തമിഴ്നാട് പ്രമേയം പരിഹാരമാവില്ല

യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കാതെയാണ് ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതെന്ന് സിപിഐ എം തമിഴ്നാട് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.തമിഴര്‍ക്കായി പ്രത്യേക ഈഴം രൂപീകരിക്കുന്നതും ശ്രീലങ്കയുമായുള്ള സൗഹൃദമുപേക്ഷിക്കലുമല്ല പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ്ഗം. ശ്രീലങ്കയില്‍ എല്‍ടിടിയുമായുള്ള പോരാട്ടം കഴിഞ്ഞിട്ട് നാലുവര്‍ഷമായിട്ടും ശാശ്വതപരിഹാരം കാണാന്‍ തമിഴ്നാട് സര്‍ക്കാരിനായിട്ടില്ല. നാല്‍പതിനായിരം പേരാണ് അവസാനഘട്ടത്തില്‍ മരിച്ചത്. ആയുധം കൊണ്ടല്ല പ്രശ്നപരിഹാരം കാണേണ്ടതെന്ന നിലപാടാണ് സിപിഐഎം ആദ്യഘട്ടം മുതല്‍ സ്വീകരിച്ചത്. ഇരകള്‍ക്ക് അടിസ്ഥാന ജീവിത സൗകര്യവും ജനാധിപത്യപരമായ പുനരധിവാസവും ഉറപ്പുവരുത്തണം. തമിഴ്നാട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ വികാരവും പങ്കുവെക്കുന്നു. അതോടൊപ്പം ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മുഴുവന്‍ ജനാധിപത്യകക്ഷികളുടെയും ജനങ്ങളുടെയും യോജിച്ച ശബ്ദമുയമുയരണമെന്നും സിപിഐ എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

deshabhimani

നിതാഖാത്ത്; 20 ലക്ഷം വിദേശികള്‍ സൗദി വിടേണ്ടിവരും


ദമാം: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് നിതാഖാത്ത് സമ്പ്രദായം സൗദി അറേബ്യയില്‍ നിലവില്‍ വന്നു. 20 ലക്ഷം വിദേശികള്‍ ഉടന്‍ മടങ്ങേണ്ടിവരും. പത്തില്‍ താഴെ പേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിയ്ക്കു വയ്ക്കണമെന്ന ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ മലയാളികളടക്കമുള്ള ആയിരങ്ങള്‍ ആശങ്കയിലായി. നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ പുനരധിവാസം കേരളത്തെയും പ്രതികൂലമായി ബാധിക്കും. ചെറുകിടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകും.

നിയമം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്്ച ചേര്‍ന്ന മന്ത്രിസഭായോഗം നിയമഭേദഗതിയിലൂടെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതുപ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും. ഒരു മാസം മുമ്പത്തെ കണക്കനുസരിച്ച് സ്വദേശികളെ നിയമിക്കാത്ത 3,40,000 സ്ഥാപനങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് 27വരെ സമയം അനുവദിച്ചത്. മലയാളികളടക്കം വിദേശികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിലും പത്തില്‍ താഴെപ്പേരാണ് ജോലിയെടുക്കുന്നത്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്നതും ചെറിയ കടകളിലും വര്‍ക്ഷോപ്പുകളിലുമാണ്. ഈ സ്ഥാപനങ്ങളെയെല്ലാം നിയമം ബാധിക്കും.

നടപടി ശക്തമായാല്‍ 2,50,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് അവസാന കണക്ക്. ഇത്രയും സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയോടെ ഇത്തരം സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെയെങ്കിലും ജോലിക്ക് വച്ചില്ലെങ്കില്‍ ഇവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തടയും. മാത്രമല്ല, തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ഇതോടെ സൗദിയില്‍ താമസിക്കുന്നതിന് വേണ്ട രേഖയായ ഇക്കാമയും പുതുക്കാനാകില്ല. ഇക്കാമ പുതുക്കാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കി പാസ്പോര്‍ട്ട് വിഭാഗവും പൊലീസും പിടികൂടി നാടുകടത്തും. ഇതിനുള്ള ചെലവ് സ്വയം വഹിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അനധികൃത തൊഴിലാളികളെ മാത്രമല്ല മനുഷ്യക്കടത്തിലൂടെ എത്തിയവരെയും കുടിയേറ്റക്കാരെയും നാടുകടത്തുന്നുണ്ട്. ഇതില്‍ നിരവധി മലയാളികളുമുണ്ട്. പുതിയ സാഹചര്യത്തില്‍ ദിവസം 100 ഇന്ത്യക്കാര്‍ വീതം വിസ റദ്ദാക്കി പോകുന്നുണ്ടെന്നാണ് വിവരം.

തീരുമാനം ഇന്ത്യക്കാരെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. സര്‍ക്കാരും എംബസിയും ജാഗ്രത പാലിക്കും. എത്ര പേരെ ബാധിക്കുമെന്ന കണക്ക് സര്‍ക്കാരിന്റെ കൈയിലില്ല. സൗദി അധികൃതരുമായി ചര്‍ച്ച നടത്തും. സാവകാശം ലഭിച്ചാല്‍ പരിഹരിക്കാം. കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സ്ഥാനപതിയെ ചുമതലപ്പെടുത്തിയെന്നും വയലാര്‍ രവി പറഞ്ഞു.

പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രി കെ സി ജോസഫ് എന്നിവരും പ്രധാനമന്ത്രിക്ക് കത്തയച്ചു.
(ടി എം മന്സൂര്)

deshabhimani

5.44ലക്ഷം കോടിയുടെ ബ്രിക്സ് നിധി


ഉയര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളില്‍ എന്തെങ്കിലും ധന പ്രതിസന്ധികള്‍ ഉണ്ടായാല്‍ നേരിടുന്നതിന് 10000 കോടി ഡോളറിന്റെ(5.44 ലക്ഷം കോടി രൂപ) കണ്ടിന്‍ജന്‍സി റിസര്‍വ് സംവിധാനം(സിആര്‍എ) ഉണ്ടാക്കാന്‍ ബ്രിക്സ് ഉച്ചകോടി തീരുമാനിച്ചു. കൂടാതെ പശ്ചാത്തല വികസനത്തിന് സഹായം നല്‍കാന്‍ ബ്രിക്സ് വികസന ബാങ്ക് രൂപീകരിക്കണമെന്ന അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിന്റെ ശുപാര്‍ശ ഉച്ചകോടി അംഗീകരിച്ചു. പ്രതിസന്ധികള്‍ നേരിടാന്‍ 50 മുതല്‍ 100 കോടി വരെ ഡോളറിന്റെ കരുതല്‍ സംവിധാനമുണ്ടാക്കുന്നതിനോട് ഇന്ത്യക്ക് യോജിപ്പായിരുന്നെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു.

ഇപ്പോള്‍ ഉച്ചകോടി തീരുമാനിച്ച 10000 കോടി ഡോളറില്‍ 4100 കോടി ഡോളറും ഭീമമായ വിദേശ കരുതല്‍ ശേഖരമുള്ള ചൈനയുടെ സംഭാവനയായിരിക്കും. ആതിഥേയര്‍ 500 കോടി ഡോളര്‍ മുടക്കും അവശേഷിക്കുന്നത് മറ്റ് അംഗരാജ്യങ്ങളായ ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നിവ ചേര്‍ന്ന് മുടക്കും. ഉച്ചകോടിയില്‍ ബുധനാഴ്ച രാവിലത്തേക്ക് നീട്ടിയ സെഷനിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അടക്കം അംഗരാഷ്ട്രങ്ങളുടെ ഭരണനായകര്‍ സിആര്‍എയ്ക്കും ബ്രിക്സ് ബാങ്കിനുമുള്ള ധനമന്ത്രിമാരുടെ ശുപാര്‍ശ അംഗീകരിച്ചത്. കഴിഞ്ഞവര്‍ഷം ഡെല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യ മുന്നോട്ടുവച്ച രണ്ട് നിര്‍ദേശങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായതെന്ന് ചിദംബരം പറഞ്ഞു.

രണ്ട് നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ ചൈനയ്ക്കും അതീവ താല്‍പ്പര്യമുണ്ടായിരുന്നു. ബാങ്കിന്റെ മൂലധനമടക്കമുള്ള കാര്യങ്ങളില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ ബ്രസീലില്‍ ഉച്ചകോടി ചേരുമ്പോഴേക്ക് തീരുമാനത്തിലെത്താനാകുമെന്ന് ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍(ജിഡിപി) 27 ശതമാനം വിഹിതം ഈ അഞ്ച് രാജ്യങ്ങളുടെയും കൂടി ജിഡിപിയാണെന്നും ജി 20, ഐഎംഎഫ് തുടങ്ങിയ മറ്റ് ബഹുരാഷ്ട്ര സംവിധാനങ്ങളെ സ്വാധീനിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞത് ചിദംബരം ചൂണ്ടിക്കാട്ടി.

സിറിയ ബ്രിക്സിന്റെ സഹായം തേടി

ഡമാസ്കസ്: സിറിയയിലെ സംഘര്‍ഷത്തിന് വിജയകരമായ രാഷ്ട്രീയ പരിഹാരം ഉറപ്പാക്കാന്‍ അക്രമങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കുന്നതിന് ബ്രിക്സ് കൂട്ടായ്മ സഹായിക്കണമെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അഭ്യര്‍ഥിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് അയച്ച കത്തിലാണ് അസദ് ഈ ആവശ്യം ഉന്നയിച്ചത്. അറബ്മേഖല, പാശ്ചാത്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെ രണ്ട് വര്‍ഷമായുള്ള ഭീകരവാദ ഗൂഢാലോചനയ്ക്ക് ഇരയായിരിക്കുകയാണ് സിറിയ എന്ന് അസദ് ചൂണ്ടിക്കാട്ടി. അന്യായവും നിയമവിരുദ്ധവുമായ സാമ്പത്തിക ഉപരോധം മൂലം സിറിയന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ സാധ്യമായ എല്ലാ ശ്രമവും നടത്തണമെന്നും അസദ് അഭ്യര്‍ഥിച്ചു. പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആധിപത്യ ശ്രമത്തില്‍നിന്ന് വ്യത്യസ്തമായി രാജ്യങ്ങളുടെ സഹകരണവും സമാധാനവും സുരക്ഷയും വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ന്യായമായ ശക്തിയായ ബ്രിക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അസദ് താല്‍പ്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവ ചേര്‍ന്നുള്ള ബ്രിക്സ് സിറിയയില്‍ വിദേശ ഇടപെടലിന് എതിരാണ്. സിറിയക്കെതിരെ യുഎന്‍ രക്ഷാസമിതിയില്‍ ശത്രുക്കള്‍ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ എതിര്‍ത്ത് വോട്ടുചെയ്തിരുന്നു. ഇതിനിടെ സിറിയ-ഇസ്രയേല്‍ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളില്‍ യുഎന്‍ സേനകളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സിറിയന്‍ വിമത സായുധസംഘങ്ങള്‍ നുഴഞ്ഞുകയറിയതിനെ യുഎന്നില്‍ സമാധാന പാലനത്തിനുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ ഹാര്‍വെ ലദ്സൂസ് അപലപിച്ചു. സിറിയന്‍ വിമത സംഘങ്ങളുടെ ആക്രമണങ്ങള്‍ കാരണം ഇവിടെ പ്രവര്‍ത്തനം പരിമിതപ്പെടുത്താന്‍ യുഎന്‍ സേന നിര്‍ബന്ധിതമായിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിമത സായുധസംഘള്‍ക്കുമേല്‍ സ്വാധീനമുള്ള രാഷ്ട്രങ്ങള്‍ യുഎന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അവയെ പിന്തിരിപ്പിക്കണം എന്ന് യുഎന്‍ രക്ഷാസമിതി അധ്യക്ഷനായ റഷ്യന്‍ സ്ഥാനപതി വിറ്റാലി ചുര്‍കിന്‍ ആവശ്യപ്പെട്ടു. ഇതേസമയം മിസൈല്‍ സഹായത്തിനുള്ള ആവശ്യം പാശ്ചാത്യ രാഷ്ട്രങ്ങള്‍ തള്ളിയതില്‍ വിമത സഖ്യം നേതാവ് മുഅസ് അല്‍ ഖത്തീബ് രോഷം പ്രകടിപ്പിച്ചു. അമേരിക്കയോട് മിസൈല്‍ സഹായം തേടിയതായി ഖത്തീബ് പറഞ്ഞതിനെ തുടര്‍ന്ന്, സിറിയയില്‍ സൈനിക ഇടപെടലിന് ഇപ്പോള്‍ ഉദ്ദേശമില്ലെന്ന് ചൊവ്വാഴ്ച നാറ്റോ പറഞ്ഞിരുന്നു. വിമത സഖ്യമാണ് സിറിയന്‍ ജനതയുടെ ശരിയായ പ്രതിനിധികളെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍, അവരില്‍ ഏതെങ്കിലും പ്രത്യേക വ്യക്തിയെയോ സംഘത്തെയോ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്നും വൈറ്റ്ഹൗസ് വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിറിയന്‍ വിമതര്‍ക്ക് ആയുധസഹായം നല്‍കാന്‍ "ഓരോ രാജ്യങ്ങള്‍ക്കും" അവകാശമുണ്ടെന്ന് ദോഹയില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടി പ്രഖ്യാപിച്ചു.

deshabhimani 280313

തദ്ദേശ പദ്ധതിനിര്‍വഹണം: 30 വരെ നീട്ടിയെന്നും ഇല്ലെന്നും


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 30 വരെ സമയം അനുവദിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം െവൈകീട്ട് തിരുത്തി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ഒട്ടേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അറിയിച്ച സാഹചര്യത്തില്‍ പദ്ധതി വിഹിതം ചെലവഴിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായാണ് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ വൈകീട്ട് ഇത് തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. 60 ശതമാനമെങ്കിലും ചെലവഴിച്ച പദ്ധതികളുടെ ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തിലും ചെലവഴിക്കാന്‍ പ്രത്യേക അനുവാദം നല്‍കുമെന്നായിരുന്നു അറിയിപ്പ്. പദ്ധതി നിര്‍വഹണം കൂടുതലായി നടക്കേണ്ട സാമ്പത്തികവര്‍ഷത്തെ അവസാന പ്രവൃത്തി ദിവസങ്ങള്‍ പൊതുഅവധിയും ബാങ്ക് അവധിയുമായതിനാലാണ് ഈ നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മാര്‍ച്ച് അവസാനവാരം തുടര്‍ച്ചയായി അവധിയായതിനാല്‍ പദ്ധതിനിര്‍വഹണം തടസ്സപ്പെടുമെന്ന് പല പഞ്ചായത്ത് പ്രസിഡന്റുമാരും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നടപ്പുവര്‍ഷം പദ്ധതിനിര്‍വഹണത്തില്‍ ദയനീയമായ പിന്നോട്ടടിയാണുണ്ടായത്. ശരാശരി 30 ശതമാനത്തോളം ഫണ്ട് മാത്രമാണ് വിനിയോഗിച്ചതെന്നാണ് സൂചന. കൃത്യസമയത്ത് ഫണ്ടനുവദിക്കാത്തതും അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളുമാണ് പദ്ധതിനിര്‍വഹണം തടസ്സപ്പെടുത്തിയത്. മാര്‍ച്ച് അവസാനമായിട്ടും എല്ലാ ഗഡുവും അനുവദിക്കാതെ പിടിച്ചുവച്ചു. ധനവകുപ്പിന്റെ തടസ്സവാദങ്ങള്‍ മറികടന്ന് വിഹിതം കൃത്യമായി ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത്-നഗരകാര്യ വകുപ്പുകള്‍ ദയനീയമായി പരാജയപ്പെട്ടു. ട്രഷറികളില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.അഡ്വാന്‍സ് ബില്ലുകളൊന്നുപോലും അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നത് പദ്ധതി നിര്‍വഹണം വേഗത്തിലാക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍,അവര്‍ ചട്ടപ്പടി നീങ്ങിയതോടെ എല്ലാം അവതാളത്തിലായി. പഞ്ചായത്തുകളും നഗരസഭകളും രണ്ട് മന്ത്രിമാരുടെ കീഴിലാക്കിയതും തിരിച്ചടിയായി. ദേശീയപാത വികസനത്തില്‍ സംസ്ഥാനം വീഴ്ച വരുത്തിയെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ആക്ഷേപം പാടേ നിഷേധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായി. സര്‍ക്കാരിന് ഏകപക്ഷീയമായ നിലപാട് എടുക്കാന്‍ പറ്റില്ല. ഇതുകൊണ്ട് കാലതാമസം വന്നിട്ടുണ്ട്. മാര്‍ച്ച് 31നകം വിനിയോഗിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് നീക്കിവച്ച ഫണ്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന അറിയിപ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഏപ്രില്‍ ഒന്നു കഴിഞ്ഞാലും ഫണ്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

താലൂക്ക് രൂപീകരണത്തില്‍ അപാകതയില്ല: മുഖ്യമന്ത്രി

തിരു: പുതിയ താലൂക്കുകള്‍ രൂപീകരിച്ചതില്‍ ഒരപാകതയുമില്ലെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി. മര്‍മം നോക്കിയിരുന്നാല്‍ ഒന്നും നടക്കില്ല. പത്തനാപുരം താലൂക്ക് പ്രഖ്യാപനത്തില്‍ തെറ്റൊന്നുമില്ല. ആവശ്യമായ പഠനം നടത്തിയാണ് പുതിയ താലൂക്കുകള്‍ തീരുമാനിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച 22 പുതിയ കോളേജ് സര്‍ക്കാര്‍ മേഖലയിലായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജ് ഇല്ലാത്ത നിയോജകമണ്ഡലങ്ങളില്‍ പുതിയവ തുടങ്ങുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യമായ സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയാല്‍ കോളേജ് ആരംഭിക്കും. എംഎല്‍എമാരുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് പണം നല്‍കണം. സ്ഥലം വാഗ്ദാനംചെയ്ത താനൂരില്‍ കോളേജ് അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും സ്കൂള്‍ അനുവദിക്കും. കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

deshabhimani 280313

ഓട്ടോകാസ്റ്റില്‍ ഒന്നാമത്തെ യൂണിയന്‍ സിഐടിയു


എസ്എല്‍പുരം: ഓട്ടോകാസ്റ്റിലെ യൂണിയനുകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധനയില്‍ 40 ശതമാനത്തിലേറെ വോട്ടുനേടി സിഐടിയു ഒന്നാമതെത്തി. 107 വോട്ടു ലഭിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ ബാര്‍ഗൈനിങ് അംഗീകാരമുള്ള ഏക യൂണിയനും സിഐടിയുവായി. എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍ക്കും അംഗീകാരം ലഭിച്ചു.

1984ല്‍ ആരംഭിച്ച കമ്പനിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിലും സിഐടിയു നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കമ്പനി അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ക്കെതിരെ സിഐടിയു രംഗത്തുവന്നു. വിപുലമായ ജനകീയ പ്രതിരോധസമരവും ഉയര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനിയെ സംരക്ഷിക്കുന്നതിന് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. ഇതിനുള്ള അംഗീകാരമാണ് സിഐടിയുവിന് ലഭിച്ചതെന്ന് സില്‍ക്ക് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് ഡി പ്രിയേഷ്കുമാറും സെക്രട്ടറി എം ദേവദാസും പറഞ്ഞു. ഒന്നാമതെത്താന്‍ കഴിഞ്ഞതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ പ്രകടനം നടത്തി.

deshabhimani 280313

കണ്ണൂര്‍ സര്‍വകലാശാല ഫീസ് വര്‍ധന പിന്‍വലിച്ചു


കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് നടപ്പാക്കിയ ഫീസ് വര്‍ധന എസ്എഫ്ഐ നടത്തിയ അനിശ്ചിതകാല നിരാഹാരസമരത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതുതായി ഏര്‍പ്പെടുത്തിയ 22 ഇനങ്ങളിലുള്ള ഫീസ് വര്‍ധനയാണ് പിന്‍വലിച്ചത്. വര്‍ധന ആവശ്യമെങ്കില്‍ അത് പരിശോധിക്കാന്‍ സിന്‍ഡിക്കറ്റ് പ്രത്യേകസമിതിയെ നിയോഗിക്കും. ഈ സമിതി വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയേ തീരുമാനമെടുക്കൂ. ചില പരീക്ഷകള്‍ക്ക് പുതുതായി 700 മുതല്‍ 1200 ശതമാനംവരെ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് 25 ശതമാനമായി കുറയ്ക്കാനും ധാരണയായി. സപ്ലിമെന്ററി പരീക്ഷയുടെ ഫീസില്‍ 20 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് പത്തു രൂപയായി കുറച്ചു. മുമ്പ് വര്‍ധിപ്പിച്ച സര്‍വകലാശാല പഠനവകുപ്പുകളുടെ ഫീസും 25 ശതമാനമായി കുറയ്ക്കാന്‍ ധാരണയായി.

അമിത ഫീസ് വര്‍ധനക്കെതിരെ വ്യാഴാഴ്ച സര്‍വകലാശാലാ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 26 പേര്‍ ജയിലിലായി. ഈ സാഹചര്യത്തിലാണ് ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ തിങ്കളാഴ്ചമുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, ജയിംസ് മാത്യു, ടി വി രാജേഷ് എന്നിവര്‍ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ എം അബ്രഹാമുമായി ചര്‍ച്ച നടത്തിയിരുന്നു. സിന്‍ഡിക്കറ്റ് ഏര്‍പ്പെടുത്തിയ അന്യായ ഫീസ്വര്‍ധനയും ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. സമരം ബുധനാഴ്ച അവസാനിക്കുമെന്ന ധാരണയുണ്ടായതോടെ അക്രമസമരവുമായി കെഎസ്യു സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ചാനലുകളെയും മറ്റും കൂട്ടിവന്നശേഷമായിരുന്നു സമരാഭാസം. ചര്‍ച്ചയിലേക്ക് ഇവരെയും ക്ഷണിച്ചിരുന്നു. പിവിസി ഡോ. എ പി കുട്ടികൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. പി ടി ജോസഫ്, ഫിനാന്‍സ് സെക്രട്ടറി ഷാജി ജോസഫ്, സിന്‍ഡിക്കറ്റ് അംഗങ്ങളായ ബാലചന്ദ്രന്‍ കീഴോത്ത്, ഖാദര്‍ മാങ്ങാട്, എം ജെ മാത്യു, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, സെക്രട്ടറി ടി പി ബിനീഷ്, കേന്ദ്രകമ്മിറ്റിയംഗം കെ സബീഷ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പ്രശോഭ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്എഫ്ഐ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ വിനില്‍ ലക്ഷ്മണന് നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് എസ്എഫ്ഐ നേതൃത്വത്തില്‍ ധര്‍മശാലയിലേക്ക് ആഹ്ലാദ പ്രകടനം നടത്തി.

deshabhimani 280313

പാഴായ പോളിസിവഴി ഇന്‍ഷുറന്‍സ് കമ്പനികള്‍ തട്ടിയത് 5 ലക്ഷം കോടി


12 വര്‍ഷത്തിനിടെ പോളിസികള്‍ പാഴായതുമൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി ഉടമകളില്‍നിന്ന് കൊള്ളയടിച്ചത് അഞ്ചുലക്ഷം കോടിയിലേറെ രൂപ. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റിയുടെ (എആര്‍ഡിഎ) കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രാഞ്ചുകള്‍ അടച്ചും സെയില്‍സ് മാനേജര്‍മാരെ പിരിച്ചുവിട്ട് ഏജന്റുമാരുടെ പ്രവര്‍ത്തനം നിലപ്പിച്ചും ചില കമ്പനികള്‍ ബോധപൂര്‍വം തട്ടിപ്പിന് കളമൊരുക്കുന്നു. അക്കൗണ്ട് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് പോളിസി വില്‍പ്പനയിലൂടെ ചില ബാങ്കുകളും വന്‍കൊള്ളയാണ് നടത്തുന്നത്. ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ്മേഖല കേന്ദ്രീകരിച്ചാണ് ചൂഷണം. ഇന്‍ഷുറന്‍സ് പോളിസിതുക ഓഹരികമ്പോളങ്ങളില്‍ ബന്ധിപ്പിച്ചിട്ടുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്) പ്രകാരമുള്ള പോളിസികള്‍ക്കേ നിലവില്‍ പാഴായ പോളിസികളില്‍പ്പോലും ആദ്യവര്‍ഷങ്ങളില്‍ ഒടുക്കിയ പണം ഭൂരിഭാഗവും തിരികെ ലഭിക്കൂ. എന്നാല്‍, യുലിപ് ഇതര പോളിസികള്‍ക്ക് ആദ്യ അഞ്ചുവര്‍ഷംവരെ 70 ശതമാനംവരെ തുക നഷ്ടമാകും. ഇതു മുതലെടുത്ത് യുലിപ് ഇതര പോളിസികളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചാണ് തട്ടിപ്പ്. തട്ടിപ്പ് വന്‍ നേട്ടമൊരുക്കുന്നത് സ്വകാര്യകമ്പനികള്‍ക്കാണ്.

ഐആര്‍ഡിഎയുടെ കണക്കുപ്രകാരം ആദ്യവര്‍ഷംമാത്രം പ്രീമിയം ഒടുക്കിയശേഷം തുടര്‍ന്ന് തുകയടയ്ക്കാതെ പാഴാകുന്ന പോളിസികള്‍ 40 മുതല്‍ 50 ശതമാനംവരെയാണ്. ഇതിന്റെ 30 മുതല്‍ 40 ശതമാനംവരെ പോളിസികള്‍ രണ്ടാം വര്‍ഷം പാഴാകുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൊഴിഞ്ഞുപോക്ക് നടക്കുന്നു. സ്വകാര്യകമ്പനികളുടെ പോളിസികളില്‍ ആദ്യ അഞ്ചുവര്‍ഷംവരെ പ്രീമിയം മുടങ്ങാതെ അടയ്ക്കുന്നത് കേവലം 10 ശതമാനമാണെന്ന് ഐആര്‍ഡിഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തില്‍ കുറവുമാത്രം പ്രീമിയം ഒടുക്കി പാഴായ യുലിപ് ഇതര പോളിസികളില്‍ ഏറിയാല്‍ 30 ശതമാനംമുതല്‍ 50 ശതമാനം തുക മാത്രമാണ് തിരികെ ലഭിക്കുക. പലരും ഈ തുകയ്ക്കായി കയറിയിറങ്ങാനും തയ്യാറാവില്ല. ഇത് വന്‍നേട്ടമാണ് കമ്പനികള്‍ക്ക് ഒരുക്കുന്നത്. യുലിപ് പോളിസികളില്‍ ആദ്യവര്‍ഷം പ്രീമിയം ഒടുക്കിയശേഷം മുടങ്ങിയാല്‍ ആറുശതമാനം തുക ഒഴിച്ചുള്ള തുക മടക്കിനല്‍കണം. രണ്ടാം വര്‍ഷമാണ് മുടങ്ങുന്നതെങ്കില്‍ അഞ്ചുശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 4, 3 എന്നിങ്ങനെ ശതമാനം തുകയും കഴിച്ച് മടക്കിനല്‍കേണ്ടതുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അടച്ച തുക മുഴുവനും തിരികെനല്‍കണം. 2010ലാണ് നിബന്ധന കൊണ്ടുവന്നത്.

 2011-12ലെ കണക്കുപ്രകാരം യുലിപ് പോളിസികളില്‍നിന്നുള്ള ഒന്നാം വര്‍ഷ പ്രീമിയം 17,382 കോടി രൂപയാണെങ്കില്‍ ഇതര പോളിസികളില്‍ നിന്നുള്ള പ്രീമിയം 96,560 കോടി രൂപയാണ്. സ്വകാര്യകമ്പനികള്‍ നിരവധി ശാഖകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. സെയില്‍സ് മാനേജര്‍മാരെ പിരിച്ചുവിടുന്നതുവഴി ഇവര്‍ക്കു കീഴിലെ ഏജന്റുമാരും ഇല്ലാതാകും. ഇത് പോളിസി ഉടമകള്‍ക്ക് തുടര്‍പ്രീമിയം അടയ്ക്കാന്‍ തടസ്സമുണ്ടാക്കുന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കമ്പനിക്ക് 2008ല്‍ കേരളത്തില്‍ 189 ശാഖകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 79 മാത്രമാണ്. അവിവ ഇന്‍ഷുറന്‍സ് കമ്പനിക്ക് കേരളത്തില്‍ 17 ശാഖകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഏഴെണ്ണം മാത്രം. എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫിന്റെ ശാഖ 63ല്‍നിന്ന് 56 ആക്കിയും കുറച്ചു.

റെഗുലേറ്ററി കമീഷനും കൂട്ട്

കൊച്ചി: ഏജന്റുമാരുടെ സേവനം അവസാനിപ്പിക്കുന്നതിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് റെഗുലേറ്ററി കമീഷനും കൂട്ട്. 2011 ഏപ്രിലിലെ കണക്കുപ്രകാരം രാജ്യത്തെ പൊതു-സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലായി ഉണ്ടായിരുന്നത് 26,39,392 അഡൈ്വസര്‍മാരാണ്. ഇവരില്‍നിന്ന് 9,94,635 പേരാണ് കൊഴിഞ്ഞുപോയത്. 2000 മുതല്‍ സജീവമായി തുടങ്ങിയ സ്വകാര്യകമ്പനികളുടെ ഏജന്റുമാര്‍ ശരാശരി ഒരുവര്‍ഷം ചേര്‍ക്കുന്ന പോളിസികള്‍ മൂന്നോ നാലോ മാത്രമാണ്. എന്നാല്‍ ചേര്‍ക്കേണ്ട ശരാശരി പോളിസിയായി റെഗുലേറ്ററി കമീഷന്‍ നിശ്ചയിച്ചിരിക്കുന്നത് 12 പോളസികളാണ്. ഏജന്റുമാരെ ഒരുകാരണവും കൂടാതെ പിരിച്ചയക്കാനും ഇതുവഴി നേട്ടം കൊയ്യാനും കമ്പനികള്‍ക്കു തുണയാകുന്നത് ഇത്തരത്തിലുള്ള നിബന്ധനയാണ്. സ്വകാര്യമേഖലയിലെ 13,02328 അഡൈ്വസര്‍മാരില്‍ 5,81,888 പേരും എല്‍ഐസിയിലെ 13,37,064 ഏജന്റുമാരില്‍ 4,04747 പേരുമാണ് ഒരുവര്‍ഷത്തിനിടെ കൊഴിഞ്ഞുപോയത്. രണ്ടാം വര്‍ഷ പ്രീമിയം ഒടുക്കാത്തപക്ഷം ആദ്യവര്‍ഷത്തെ കമീഷനാണ് ഇത്തരത്തില്‍ തിരിച്ചുപിടിക്കുന്നത്. ഇത് ഒഴിവാക്കാന്‍ പലരും സ്വയംസേവനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒഴിവാക്കുന്ന ഏജന്റുമാര്‍ ചേര്‍ത്ത പോളിസിയില്‍ പോളിസി ഉടമ സ്വയം അടയ്ക്കുന്ന തുടര്‍പ്രീമിയത്തിന്റെ കമീഷനും സ്ഥാപനത്തിന് സ്വന്തമാകും. ഇത്തരത്തില്‍ മാത്രം ഏതാണ്ട് 7000 കോടിയോളം രൂപയുടെ വരുമാനം സ്ഥാപനങ്ങള്‍ക്കുണ്ടാകുന്നുവെന്നാണ് കണക്ക്.

deshabhimani 280313