Friday, March 22, 2013

ഗ്രനേഡ് എറിഞ്ഞത് 14 തവണ സര്‍വകലാശാല യുദ്ധഭൂമിയായി

കണ്ണൂര്‍: നിരായുധരായ വിദ്യാര്‍ഥികള്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിച്ചത് 14 തവണ. മുള്ളുവേലികളും ജലപീരങ്കിയും കണ്ണീര്‍വാതകവും അടക്കമുള്ള സന്നാഹങ്ങള്‍. മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാല ക്യാമ്പസിനെ യുദ്ധഭൂമിയാക്കിയ പൊലീസ് അതിക്രമം ചരിത്രത്തിലാദ്യം. ഇത് മുന്‍കൂട്ടിയുള്ള ഗൂഡാലോചനയുടെ ഭാഗം. ന്യായമായ ആവശ്യങ്ങളുന്നയിച്ചുള്ള സമരം വിദ്യാര്‍ഥികളുടെ അതിക്രമമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇതിന് പൊലീസിനെ കരുതിക്കൂട്ടി ഉപയോഗിച്ചു. സമരം അവസാനിപ്പിച്ച് പിരിയാന്‍ ഒരുങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്ന വിദ്യാര്‍ഥികളെ പ്രകോപനമില്ലാതെ തല്ലിച്ചതയ്ക്കുകയായിരുന്നു. ആരുടെയോ നിര്‍ദേശം ലഭിച്ചതുപോലെ പിന്നീട് പൊലീസിന് പേയിളകുന്നതാണ് കണ്ടത്. മുന്‍നിരയിലുണ്ടായിരുന്നവരെ അടിച്ചുവീഴ്ത്തി നരനായാട്ടിന് കാക്കിപ്പട സജ്ജമായി. അസഭ്യവര്‍ഷവുമായാണ് വിദ്യാര്‍ഥികളെ നേരിട്ടത്. പല ആവശ്യങ്ങള്‍ക്കായി ക്യാമ്പസിലെത്തിയവര്‍ക്കും ജീവനക്കാര്‍ക്കും സാരമായി പരിക്കേറ്റു. ഇതിനിടെ, സര്‍വകലാശാല ജീവനക്കാരെയും പൊലീസ് അധിക്ഷേപിച്ചു. സര്‍വകലാശാലയുടെ കവാടം അടച്ചിട്ട്, ഭക്ഷണം കഴിക്കാന്‍ പുറത്തുപോകുന്നതും നിഷേധിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍, വളപട്ടണം, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍ സിഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേനയെ സജ്ജമാക്കിയത്.

അടിയേറ്റുവീണ വിദ്യാര്‍ഥികളെ വാഹനത്തില്‍ കയറ്റി പല സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകാനാണ് ജില്ലാപൊലീസ് മേധാവി നിര്‍ദേശിച്ചത്. ഗവേഷണത്തിന്റെ ഭാഗമായി എത്തിയ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥികളെ വകുപ്പ് ലൈബ്രറിയില്‍നിന്നും അടിച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തു. വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ പഠനസാമഗ്രികള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടികളെയും ആട്ടിയോടിച്ചു. ക്യാന്റീനില്‍ ഭക്ഷണം കഴിക്കുന്നവരെയും പിടിച്ചുകൊണ്ടുപോയി. പരീക്ഷയുള്ള വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 307 അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഭീമമായ ഫീസ് വര്‍ധനവാണ് സിന്‍ഡിക്കറ്റ് പ്രാബല്യത്തിലാക്കിയത്. ഇത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവില്ല. 100 മുതല്‍ 1300 ശതമാനം വരെയാണ് വര്‍ധന. സര്‍വകലാശാലയുടെ പകല്‍ക്കൊള്ളക്കെതിരെ നടത്തിയ സമരത്തെയാണ് പൊലീസ് ചോരയില്‍ മുക്കിയത്. പെണ്‍കുട്ടികളോടുപോലും കാക്കിപ്പട കാരുണ്യം കാട്ടിയില്ല.

അവകാശ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്നു: എസ്എഫ്ഐ

കണ്ണൂര്‍: ഫീസ് വര്‍ധന പിന്‍വലിക്കണമെന്നതടക്കമുള്ള ന്യായമായ ആവശ്യങ്ങളുന്നയിച്ച് നടത്തിയ യൂണിവേഴ്സിറ്റി മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ മൃഗീയ ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.

അവകാശസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് ചോരയില്‍ മുക്കിക്കൊല്ലാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിന്ദ്യമായ നിലപാടാണ് ലാത്തിച്ചാര്‍ജില്‍ തെളിഞ്ഞത്. പെണ്‍കുട്ടികളെയടക്കം അതിഭീകരമായി തല്ലിച്ചതച്ചു. നേതാക്കളടക്കം 28 പേരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവരോധിച്ച സിന്‍ഡിക്കറ്റ് അക്കാദമിക് വിരുദ്ധവും വിദ്യാര്‍ഥിവിരുദ്ധവുമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്. ഈ അധ്യയന വര്‍ഷം വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ എട്ടു തവണ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. എന്നാല്‍ ഒരിക്കല്‍പോലും സിന്‍ഡിക്കറ്റ് പ്രതിനിധികള്‍ ചര്‍ച്ചക്കു തയ്യാറായില്ല.

ഭീമമായ ഫീസ് വര്‍ധനയാണ് സിന്‍ഡിക്കറ്റ് അടുത്തിടെ വിദ്യാര്‍ഥികളുടെമേല്‍ അടിച്ചേല്‍പ്പിച്ചത്. നിലവിലുള്ള ഫീസിന്റെ അഞ്ചു പത്തും ഇരട്ടിവരെയാണ് വര്‍ധന. സര്‍വകലാശാലയുടെ ഒട്ടേറെ സേവനങ്ങള്‍ക്ക് പുതുതായി ഫീസ് ഏര്‍പ്പെടുത്തി. സാധാരണ കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നു ഒഴിവാക്കുന്ന തരത്തിലുള്ള ഫീസ് വര്‍ധനയായതിനാലാണ് പരീക്ഷാസമയമായിട്ടുപോലും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കാന്‍ എസ്എഫ്ഐ തീരുമാനിച്ചത്. എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു പൊലീസ്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പൊലീസിന്റെ ക്രൂരതക്കെതിരെ മുഴുവനാളുകളും പ്രതിഷേധിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 220313

No comments:

Post a Comment