Friday, March 22, 2013

എംപിമാരെ അരങ്ങിലെത്തിച്ച എ കെ ജി


കേരളത്തില്‍നിന്നുള്ള തലമുതിര്‍ന്ന എംപിമാര്‍ എ കെ ജിയുടെ പ്രേരണയില്‍ ഡല്‍ഹിയില്‍ നാടകനടന്‍മാരായി വേഷപ്പകര്‍ച്ച നടത്തിയ സംഭവം നാടകാചാര്യന്‍ ഓംചേരി ഓര്‍ക്കുന്നു. 1952ല്‍ ആലപ്പുഴയില്‍ നടന്ന ചരിത്ര പ്രസിദ്ധമായ കയര്‍ത്തൊഴിലാളി സമരത്തെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങള്‍ക്കായി പണം സ്വരൂപിക്കുകയായിരുന്നു നാടകത്തിന്റെ ലക്ഷ്യം അക്കാലത്ത് ഡല്‍ഹി മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെട്ടിരുന്നത് കൊണാട്ട് പ്ലേസിലെ "കേരളക്ലബ്"ആണ്. എന്നാല്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും മറ്റും ഒതുങ്ങുന്ന ഒരു കൂട്ടായ്മ മാത്രമായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ തങ്ങളുടേതായ ഒരു സര്‍ഗാത്മകവേദി  കണ്ടെത്താന്‍മറ്റുള്ള മലയാളികള്‍ ശ്രമം തുടങ്ങി. അങ്ങനെയാണ് മലയാളി തൊഴിലാളി സംഘടനയുടെ പിറവി. ഇപ്പോള്‍ പടര്‍ന്നു പന്തലിച്ച ഡല്‍ഹി മലയാളി അസോസിയേഷന്റെ ആദ്യരൂപം ഈ തൊഴിലാളി സംഘടനയാണ്.

എ കെ ജി ലോക്സഭ പ്രതിപക്ഷനേതാവായി എത്തിയതോടെ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ താമസ സ്ഥലമായിരുന്ന "വിന്‍ഡ്സര്‍ പ്ലേസ്-നാല്" തങ്ങളുടെയും കേന്ദ്രമാക്കി. ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന ഓംചേരിക്ക് ഇവരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നു. എ കെ ജിയെ ഓംചേരിയും മിക്കവാറും സന്ദര്‍ശിച്ചു തുടങ്ങി. ഒരുദിവസം എ കെ ജി ഓംചേരിയെ ആളെവിട്ട് വിളിപ്പിച്ചു. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ സമരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. "തൊഴിലാളി കുടംബങ്ങള്‍ പട്ടിണിയിലാണ്. അവരെ സഹായിക്കാന്‍ ഡല്‍ഹിയില്‍നിന്ന് കുറച്ച് പണം കണ്ടെത്തണം. അതിന് തലസ്ഥാനത്ത് ഒരു നാടകം അവതരിപ്പിക്കണം"- ഇതായിരുന്നു എ കെ ജിയുടെ നിര്‍ദേശം. തിരുവനന്തപുരത്ത് നിയമവിദ്യാര്‍ഥിയായിരിക്കെ ജാതിക്കോമരങ്ങളെ വിമര്‍ശിച്ച് ഓംചേരി എഴുതിയ നാടകം വിജെടി ഹാളില്‍ അവതരിപ്പിച്ചിരുന്നു. എംപിയായ വി പി നായര്‍ ഇക്കാര്യം എ കെ ജിയെ ധരിപ്പിച്ചിരുന്നു. "പുതിയ നാടകത്തില്‍ ഫലിതം വേണ്ട, ഗൗരവത്തിലാകട്ടെ അവതരണം"- എന്ന് എ കെ ജി നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം നാടകം എഴുതി എ കെ ജിയെ ഏല്‍പ്പിച്ചു. "ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു" എന്ന നാടകത്തിന്റെ പിറവി അങ്ങനെയാണ്. ക്രിസ്തുവിനെ കൈയൊഴിയുന്ന പള്ളിവിട്ട്, തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വികാരിയുടെ കഥയാണ് നാടകം പറഞ്ഞത്.

നാല് ദിവസം കഴിഞ്ഞപ്പോള്‍ എ കെ ജി വീണ്ടും ഓംചേരിയെ വിളിപ്പിച്ചു. നാടകം ഇഷ്ടമായിട്ടുണ്ടാവില്ലേ എന്ന പരിഭ്രമത്തോടെയാണ് ചെന്നത്. വിന്‍ഡ്സര്‍ പ്ലേസില്‍ എ കെ ജിയും കെ സി ജോര്‍ജ്, പി ടി പുന്നൂസ്, ഇമ്പിച്ചിബാവ, വി പി നായര്‍ എന്നീ എംപിമാരും ഉണ്ടായിരുന്നു. "ഇവരാണ് നിങ്ങളുടെ നാല് കഥാപാത്രങ്ങള്‍. അവര്‍ അഭിനയിക്കേണ്ടത് ഏതൊക്കെ വേഷങ്ങളാണെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. മറ്റ് അഭിനേതാക്കളെയും കണ്ടെത്തി ഉടന്‍ തന്നെ നാടക പരിശീലനം തുടങ്ങണം"- ഓംചേരിയെ കണ്ട ഉടന്‍ എ കെ ജി നിര്‍ദേശിച്ചു. എംപിമാര്‍ ചിട്ടയായി റിഹേഴ്സലിനെത്തി. ഓംചേരിയുടെ സഹപ്രവര്‍ത്തകനും നാടക നടനുമായ റോസ്കോട്ട് കൃഷ്ണപിള്ളയും ഉണ്ടായിരുന്നു. എംപിമാരുടെ കൂട്ടത്തില്‍ വി പി നായര്‍ക്ക് മാത്രമായിരുന്നു അരങ്ങുമായി നേരത്തേ പരിചയമുണ്ടായിരുന്നത്. പ്രോത്സാഹനവുമായി എ കെ ജി റിഹേഴ്സല്‍ വേദിയില്‍ എത്തുമായിരുന്നു. ഡല്‍ഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ആദ്യ നാടകം അങ്ങനെ എന്‍ഡിഎംസി ഹാളിലെ അരങ്ങിലെത്തി. നാടകം കാണാന്‍ എ കെ ജിക്കൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള കമ്മ്യൂണിസ്റ്റ് എംപിമാരുമെത്തി. വിഖ്യാത കവി ഹരീന്ദ്രനാഥ് ചതോപാധ്യായയും വേദിയിലുണ്ടായിരുന്നു.

deshabhimani 210313

No comments:

Post a Comment