Monday, March 11, 2013
മാനേജ്മെന്റിന്റെ മാനസപുത്രന്‍; ചിന്മയ ഹോസ്റ്റലില്‍ പ്രത്യേകമുറി
രാഘവ് രാജന്‍ എന്ന വ്യാജപേരില്‍ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിച്ച പിടികിട്ടാപ്പുള്ളി ബിട്ടി മൊഹന്തിയുടെ ലോക്കല്‍ ഗാര്‍ഡിയനായത് പാലക്കാട് സ്വദേശിയായ ഡയരക്ടര്‍. മാനേജ്മെന്റിന്റെ മാനസപുത്രനായ ബിട്ടിക്ക് കണ്ണൂര്‍ തളാപ്പിലെ ചിന്മയ ഹോസ്റ്റലില്‍ പ്രത്യേക മുറിയും കോളേജില്‍ പ്രത്യേക പരിഗണനയുമാണ് ലഭിച്ചത്. പിടികിട്ടാപ്പുള്ളിയായ ബിട്ടിയെ മാതൃകയാക്കാനാണ് മറ്റു വിദ്യാര്‍ഥികളോട് രക്ഷിതാവായ ഈ ഉന്നതന്‍ ആവശ്യപ്പെട്ടത്. മറ്റുവിദ്യാര്‍ഥികള്‍ ലീവെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കുന്ന ചിന്‍ടെക്കില്‍ ബിട്ടി മൊഹന്തിക്ക് ലീവെടുക്കുന്നതിലും നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറയുന്നു. സഹപാഠികളുമായി ഇടപഴകാത്ത ബിട്ടി തീര്‍ത്തും ദുരൂഹനായിരുന്നുവെന്ന് 2009-11 ബാച്ചിലെ എംബിഎ വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങള്‍ക്കൊപ്പം പഠിച്ചത് പിടികിട്ടാപ്പുള്ളിയായിരുന്നുവെന്ന് ആലോചിക്കാന്‍പോലും ഇവര്‍ക്കാവുന്നില്ല. ചിന്‍ടെക്കിലെ 2009-11 ബാച്ച് വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച ബിട്ടി മൊഹന്തിയും സംരക്ഷകനായ ഉന്നതനുമാണ്.
ഒഡീഷ സ്വദേശിയാണെന്നാണ് സഹപാഠികളോട് ഇയാള്‍ പറഞ്ഞത്. സായിബാബയുടെ പുട്ടപര്‍ത്തിയിലെ ആശ്രമത്തിലാണ് വളര്‍ന്നത്. കംപ്യൂട്ടര്‍ സയന്‍സില്‍ ബി ടെക്കിന് ശേഷം ഇന്‍ഫോസിസില്‍ ജോലിചെയ്തു. ഇന്‍ഫോസിസില്‍നിന്നാണ് എംബിഎ ബിരുദമെടുക്കാന്‍ കണ്ണൂരിലെത്തിത്. കുടുംബം സ്വാമി ചിന്മയാനന്ദന്റെ ഭക്തരായതിനാലാണ് ഇത്രയും ദൂരെ ചിന്‍ടെക്കില്‍ പഠിക്കാനെത്തിയതെന്നായിരുന്നു വിശദീകരണം. ബാബ മരിച്ചപ്പോള്‍ കാണാന്‍ പോവാതിരുന്നപ്പോള്‍ ചിലര്‍ക്കെങ്കിലും ഇയാളെക്കുറിച്ച് സംശയമുണ്ടായിരുന്നു. ഉന്നതന്റെ സ്വന്തക്കാരനായതിനാല്‍ ആരും ഇക്കാര്യം പരസ്യമായി പറഞ്ഞില്ല. അവധിക്കാലത്തുപോലും ബിട്ടി നാട്ടില്‍ പോയില്ല. ആരുമായും സൗഹൃദംകൂടാതെ ഒഴിഞ്ഞുമാറിയുള്ള ജീവിതമായിരുന്നു. ഹോസ്റ്റലിലെ ബിട്ടിയുടെ മുറിയില്‍ മറ്റു വിദ്യാര്‍ഥികള്‍ കയറുന്നതുപോലും അധികൃതര്‍ വിലക്കിയിരുന്നു. മുറിയില്‍ കയറിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ശാസിച്ചിട്ടുമുണ്ട്. ആളെ തിരിച്ചറിയാതിരിക്കാനുള്ള മുന്‍കരുതലായിരുന്നോ അതെന്നാണിപ്പോള്‍ വിദ്യാര്‍ഥികളുടെ സംശയം.
മൊഹന്തിയുടെ എല്ലാകാര്യങ്ങളും അറിഞ്ഞാണ് ചിന്‍ടെക്കിലെ ഉന്നതന്‍ സംരക്ഷിച്ചതെന്ന സംശയവും വിദ്യാര്‍ഥികള്‍ക്കുണ്ട്. എംബിഎയ്ക്കുശേഷം ചിന്‍ടെക്കില്‍ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. ഇവിടെനിന്ന് അവധിയെടുക്കാതെ കൊച്ചി അമൃതയില്‍ ജോലി ചെയ്തതോടെ പിരിച്ചുവിടുകയായിരുന്നു. ചിന്മയമിഷനിലെ സ്വാമിമാരുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ബിട്ടി തികഞ്ഞ വിശ്വാസിയായിരുന്നു. ദിവസവും ക്ഷേത്രത്തില്‍ പോകുമായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. മറുനാട്ടുകാരായ നിരവധിപേര്‍ ഇപ്പോള്‍ ചിന്‍ടെക്കിലും സ്കൂളിലും പഠിക്കുന്നുണ്ട്. ദത്തെടുത്തതാണെന്നും മറ്റുമാണ് മാനേജ്മെന്റ് പറയുന്നത്. മൊഹന്തി പിടിയിലായതോടെ ഇവരുടെ കുടുംബപശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കേണ്ടിവരും.
(പി ദിനേശന്‍)
deshabhimani 110313
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment