Monday, March 11, 2013
ഉടമകള്‍ക്ക് വഴങ്ങിയുള്ള മാധ്യമപ്രവര്‍ത്തനം മനുഷ്യാവകാശ ലംഘനം: തമ്പാന്‍ തോമസ്
കണ്ണൂര്‍: മാധ്യമ ഉടമകളുടെ താല്‍പര്യത്തിന് വഴങ്ങിയുള്ള പത്രപ്രവര്‍ത്തനം സമൂഹത്തോടു ചെയ്യുന്ന വലിയ തെറ്റാണെന്ന് അഡ്വ. തമ്പാന്‍ തോമസ് പറഞ്ഞു. മാധ്യമ മുതലാളിമാര്‍ക്കുമുന്നില്‍ കൈകെട്ടി ഓച്ചാനിക്കുകയെന്ന തെറ്റ് പത്രപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുകയാണ്. റേറ്റിങ് കൂട്ടുന്നതിന് ദൃശ്യമാധ്യമങ്ങള്‍ വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്നത് മനുഷ്യാവകാശ ലംഘനമാണ്. ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കളെന്ന് വിശേഷിപ്പിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഭ്രാന്തുപിടിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മനുഷ്യാവകാശവും മാധ്യമങ്ങളും" സെമിനാറും ഫോട്ടോ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെ സ്ഥാപിത താല്‍പര്യക്കാര്‍ ഉപയോഗിക്കുന്നത് വര്‍ധിക്കുകയാണ്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കുമെന്ന് പറയുന്ന കോടതിയും മാധ്യമങ്ങളുടെ സ്വാധീനത്തിന് വഴങ്ങി വിധി പറയുമ്പോള്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ശമ്പളം നല്‍കാത്തതും മനുഷ്യാവകാശലംഘനമായി കണക്കാക്കണം.പത്രപ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള അധികാരം ഉടമകള്‍ക്ക് നല്‍കണമെന്ന് വാദിക്കുന്നതും അവകാശത്തിനായി ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും തമ്പാന്‍ തോമസ് പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി അധ്യക്ഷനായി. മുന്‍ സംസ്ഥാന പ്രസിഡന്റ് പി പി ശശീന്ദ്രന്‍, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ എ വി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് കെ എന്‍ ബാബു സ്വാഗതവും യു പി സന്തോഷ് നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫോട്ടോപ്രദര്‍ശനം- ഞായറാഴ്ചയും തുടരും.
deshabhimani
Labels:
മാധ്യമം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment