Friday, March 1, 2013
"കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ട് എന്ത് കാര്യം"
ആലപ്പുഴ: രണ്ട് എംപിമാരടക്കം നാലു കേന്ദ്രമന്ത്രിമാരില്‍ ആലപ്പുഴ നിവാസികള്‍ അര്‍പ്പിച്ച വിശ്വാസം പാഴായി. യാത്രക്കാരുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന ആലപ്പുഴ തീരദേശപാതയില്‍ ഒരു പുതിയ തീവണ്ടി പോലും അനുവദിക്കാതെ റെയില്‍വെ വീണ്ടും അവഗണനയില്‍ തള്ളി. കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്ന റെയില്‍വെ മേല്‍പാലങ്ങളില്‍ ഒന്നു പോലും ബജറ്റില്‍ ഇടംപിടിച്ചില്ല. പാതയിരട്ടിപ്പിനും വേണ്ടത്ര പണം അനുവദിച്ചിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം- കുമ്പളം പാത ഇരട്ടിപ്പ് ഇന്നും കടലാസില്‍ മാത്രമാണ്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പോലും തുടങ്ങിയിട്ടില്ല. തുറവൂര്‍- അരൂര്‍, ഹരിപ്പാട്- അമ്പലപ്പുഴ എന്നീ പാതയിരട്ടിപ്പിക്കല്‍ മുന്‍ ബജറ്റില്‍ പറഞ്ഞിരുന്നത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇരട്ടപ്പാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു പോലും ഈ തുക തികയില്ല. തുറവൂര്‍- എഴുപുന്ന റോഡിലും കൃഷ്ണപുരത്തെയും മേല്‍പാലങ്ങളുടെ സ്ഥിതിയും ഇതുതന്നെ.
ബജറ്റില്‍ പുതുതായി പറയുന്ന അണ്ടര്‍പാസുകളുടെ നിര്‍മാണവും പെട്ടെന്നൊന്നും നടക്കാനിടിയില്ലെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു. അണ്ടര്‍ പാസുകള്‍ നിര്‍മിക്കണമെങ്കില്‍ നിലവിലുള്ള റെയില്‍പാത ഒന്നും ഒന്നരയും മീറ്റര്‍ ഉയര്‍ത്തേണ്ടി വരും. ഇതിന് കോടികള്‍ ചെലവ് വരും. എന്നാല്‍ ബജറ്റില്‍ കേരളത്തിനാകെ ഇതിനായി 20 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പഴകിയ കോച്ചുകള്‍, ശ്വാസം മുട്ടിക്കുന്ന തിരക്ക്, ക്രോസിങ്ങിന് പിടിച്ചിടുന്ന സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ്, കാവലില്ലാ റെയില്‍ക്രോസുകള്‍, കടലാസിലൊതുങ്ങുന്ന മേല്‍പാലങ്ങള്‍, ശുചിത്വമില്ലാത്ത കോച്ചുകള്‍, ട്രെയിനുകള്‍ തമ്മിലെ സമയവിടവ് ഈ പ്രശ്നങ്ങള്‍ ഒന്നു പോലും പരിഹരിക്കാന്‍ ബജറ്റിനായില്ല.
റെയില്‍വെയുടെ കണക്ക് അനുസരിച്ച് തന്നെ കായംകുളം മുതല്‍ അരൂര്‍ വരെയുള്ള 90 കിലോമീറ്റര്‍ തീരദേശ പാതയിലുടെ ദിവസേന 65,000 പേരാണ് ഇന്ന് യാത്ര ചെയ്യുന്നത്. അതിനുള്ളതാകട്ടെ രണ്ട് മെമുവും എട്ട് പാസഞ്ചര്‍ ട്രെയിനും ഇന്റര്‍സിറ്റിയടക്കം എട്ട്് എക്സ്പ്രസ് ട്രെയിനും മാത്രം. രാവിലെ ഇന്റര്‍സിറ്റി കഴിഞ്ഞാല്‍ പകല്‍ തിരുവനന്തപുരത്തേയ്ക്ക് നേരിട്ട് ഒരു വണ്ടി പോലുമില്ല. എറണാകുളത്തു നിന്ന് വൈകിട്ട് ആറരകഴിഞ്ഞാലും സ്ഥിതി ഇതു തന്നെ. ധന്‍ബാദ് കഴിഞ്ഞാല്‍ പിന്നെ പാതിരാത്രിയാകണം മറ്റൊരു വണ്ടി കിട്ടാന്‍. കണ്ണൂരില്‍ നിന്ന് എട്ടരയ്ക്ക് എറണാകുളത്ത് എത്തി വെറുതെ കിടക്കുന്ന ഇന്റര്‍സിറ്റി ആലപ്പുഴവരെയോ കായംകുളം വരെയോ നീട്ടിയാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയുമായിരുന്നു. അതുപോലും ചെയ്തില്ല. ഓട്ടോകാസ്റ്റിലെ വാഗണ്‍ നിര്‍മാണ ഫാക്ടറി വിട്ട് റെയില്‍ കമ്പോണന്റ് ഫാക്ടറിക്കായി 97 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എവിടെ ഈ ഫാക്ടറി സ്ഥാപിക്കുമെന്നുപോലും തീരുമാനിച്ചിട്ടില്ല. ചേര്‍ത്തല തെക്ക് ഇലഞ്ഞിപ്പാടം ഇതിനായി നികര്‍ത്തുന്നത് വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുമെന്ന് വിമര്‍ശനം ഉണ്ട്. വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ പ്രഖ്യാപനവും അടുത്ത ബജറ്റിലും ആവര്‍ത്തിക്കേണ്ടിവരുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
deshabhimani
Labels:
ബജറ്റ്,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment