Friday, March 1, 2013

ഐആര്‍ഇ: ഖനനഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയില്‍


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആര്‍ഇയിലെ തൊഴില്‍ പ്രതിസന്ധി രൂക്ഷം. പ്രശ്ന പരിഹാരത്തിന് കമ്പനി മാനേജ്മെന്റും തൊഴില്‍ മന്ത്രിയും ഇടപെടാത്തത് നഷ്ടത്തിലായ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനാണെന്ന് ആക്ഷേപം. ഖനനത്തിനായി വെള്ളനാതുരുത്തിലെ 82 ഏക്കര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണിപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെത്തന്നെ പ്രതിസന്ധിയിലാക്കിയത്. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍, സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കരയോഗ പ്രതിനിധകളും ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് ഒന്നര വര്‍ഷം മുമ്പ് ലീസ് പാക്കേജിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായത്. ധാതുമണല്‍ പൂര്‍ണമായി ഖനനനംചെയ്ത ശേഷം മൂന്നുവര്‍ഷത്തിനുശേഷം ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാമെന്നായിരുന്നു ധാരണ. സെന്റിന് 50,000 രൂപയും കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നിര്‍ണയിക്കുന്ന വിലയും നല്‍കും. എന്നാല്‍, മൂന്നു മാസംമുമ്പ് ധാരണാപത്രം ഒപ്പുവയ്ക്കുന്ന വേളയിലാണ് ടിഡിഎസ് ഇനത്തില്‍ വസ്തു ഉടമകള്‍ 20 ശതമാനം തുക അടയ്ക്കണമെന്ന് കമ്പനി അധികൃതര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു. അതോടെ കരാറില്‍നിന്ന് വസ്തു ഉടമകള്‍ പിന്മാറി. നികുതി സംബന്ധിച്ച വിഷയം കരാറുണ്ടാക്കിയ അവസരത്തില്‍ കമ്പനി അധികൃതര്‍ മറച്ചുവച്ചത് നിഗൂഢമാണെന്ന് വസ്തു ഉടമകള്‍ പറയുന്നു. ഇത് കരാര്‍ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.

വസ്തു ക്രയവിക്രയം സംബന്ധിച്ച അധികാരം കരാര്‍ പ്രകാരം കമ്പനിയില്‍ നിക്ഷിപ്തമാണ്. രണ്ടായിരത്തോളം വസ്തു ഉടമകളില്‍ പ്രമാണം കമ്പനിക്ക് നല്‍കിയ പകുതിയിലധികം പേര്‍ വെട്ടിലായി. ഇവര്‍ക്ക് വീട് വയ്ക്കാനോ പഴയ വീട് അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത അവസ്ഥയാണ്. മക്കളുടെ വിവാഹത്തിനും പഠനാവശ്യങ്ങള്‍ക്കും വസ്തു ഈട് നല്‍കി ബാങ്കില്‍നിന്ന് വായ്പ എടുക്കാനും കഴിയുന്നില്ല. മൂന്നു വര്‍ഷത്തിനുശേഷം ഭൂമി തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ തല്‍ക്കാലത്തേക്ക് വീട് വാങ്ങിയവരും വാടകയ്ക്ക് താമസമാക്കിയവരുമുണ്ട്. വീടു വാങ്ങാന്‍ കടം മുന്തിയ പലിശയ്ക്ക് കടം വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ വഴിയില്ലാതെ പലരും പ്രതിസന്ധിയിലാണ്. പല വീടും കാലപ്പഴക്കത്താല്‍ പൊളിഞ്ഞുവീഴാറായ സ്ഥിതിയിലാണ്. വീട് നന്നാക്കാന്‍ അനുമതിയില്ലാത്തതിനാല്‍ തകര്‍ച്ച നോക്കിനില്‍ക്കാനേ ഇവര്‍ക്ക് കഴിയൂ. കമ്പനിയുടെ

പ്രധാന ഖനനമേഖലയായ വെള്ളനാതുരുത്തില്‍ ഇപ്പോള്‍ ഖനനം പൂര്‍ണമായി നിലച്ചു. ഖനന മേഖലയില്‍ 20 വര്‍ഷമായി ജോലിചെയ്യുന്ന 240 തൊഴിലാളികളെ സ്ഥിരപ്പെടുത്താനും മാനേജ്മെന്റ് തയ്യാറല്ല. തൊഴിലാളികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്താനുള്ള തീരുമാനമെടുക്കാന്‍ തൊഴില്‍ മന്ത്രി ഷിബുബേബിജോണിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി ഷിബുവും കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും കമ്പനി ജിഎമ്മും പങ്കെടുത്തു. വിശദമായി ചര്‍ച്ച നടത്തി തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍, തുടര്‍ന്ന് ഒരു ചര്‍ച്ചയും നടന്നില്ല. എന്നുമാത്രമല്ല, ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കു നല്‍കാന്‍ ധാരണയായ ആനുകൂല്യങ്ങളും നിഷേധിച്ചു. തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലാതെ ഖനനം മുടങ്ങിയാല്‍ വര്‍ഷത്തില്‍ പൂര്‍ണതോതില്‍ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയും അട്ടിമറിച്ചു. തൊഴിലാളികളുടെ ചികിത്സാ ആനുകൂല്യവും നിഷേധിക്കുകയാണ്.
(സനല്‍ ഡി പ്രേം)

deshabhimani 010313

No comments:

Post a Comment