Tuesday, March 5, 2013

കടലിലെറിഞ്ഞാല്‍ കടലും നാറും


കേരളത്തിലെ ഭരണനേതൃത്വം ജനങ്ങളെ അപമാനത്തിന്റെ മാലിന്യക്കുഴിയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. ഇത്രയും നാണിപ്പിക്കുന്ന അവസ്ഥ കേരളീയന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളും "വെളിപ്പെടുത്ത"ലുകളും വിവാദങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. അപവാദങ്ങളുടെ ചുമടുമായി ഒന്നിലേറെ മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നുമുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലേത്. ഒരു മന്ത്രിയുടെ സദാചാരനിഷ്ഠയും വ്യക്തിജീവിതത്തിലെ സംശുദ്ധിയും പരസ്യമായി ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. മന്ത്രിയുടേതിന് തുല്യമായ സ്ഥാനം കൈയാളുന്ന, സര്‍ക്കാരിന്റെ ചീഫ് വിപ്പാണ് ഇത് ജനങ്ങള്‍ക്കുമുമ്പാകെ വിളിച്ചുപറഞ്ഞത്. മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവില്‍നിന്ന് മര്‍ദനമേറ്റു എന്ന വാര്‍ത്ത ഉയര്‍ത്തിക്കാട്ടി, ആ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മന്ത്രി വനംവകുപ്പ് കൈയാളുന്ന കെ ബി ഗണേശ്കുമാറാണ് എന്ന് ചീഫ് വിപ്പ് വെളിപ്പെടുത്തിയിരിക്കുന്നു. മുന്നണിനേതൃത്വത്തിനുമുന്നിലോ മുഖ്യമന്ത്രിക്ക് മുന്നിലോ അല്ല, പത്രസമ്മേളനം വിളിച്ച് പരസ്യമായ പ്രഖ്യാപനമാണ് നടത്തിയത്.

ഇങ്ങനെയൊരു വാര്‍ത്ത വന്നാല്‍ എല്ലാ മന്ത്രിമാരും സംശയത്തിന്റെ നിഴലിലാകും, അതുകൊണ്ട് ശരിയായ കാര്യം താന്‍ പറയുന്നു എന്നാണ് ചീഫ്വിപ്പ് തന്റെ വെളിപ്പെടുത്തലിന് ന്യായീകരണമായി നിരത്തിയ വാദം. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ആക്രമിക്കപ്പെട്ട വിവരം രണ്ടാഴ്ചയോളം ഈ ചീഫ് വിപ്പ് മറച്ചുവച്ചു എന്നതിന് വേറെ തെളിവു വേണ്ട. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട മന്ത്രി അപമാനകരമായ നിലയിലാണ്. ആത്മാഭിമാനത്തിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ ഇനി ഒരുനിമിഷം അദ്ദേഹം മന്ത്രിപദത്തില്‍ തുടര്‍ന്നുകൂടാ. ആരോപണം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്നുതന്നെ ഉയര്‍ന്ന നിലയില്‍, തന്റെ നിരപരാധിത്വം തെളിയിക്കുംവരെ മാറിനില്‍ക്കാനുള്ള സാമാന്യബോധം മന്ത്രിയില്‍നിന്നുണ്ടാകണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍, ഇടപെടാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടാകണം. സ്ത്രീപീഡനക്കാരെയും ബലാത്സംഗക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാനുള്ളതാണ് അധികാരം എന്ന് ധരിച്ചുവശായ മുഖ്യമന്ത്രിയില്‍നിന്ന് അത്തരമൊരു വിവേകം കേരളീയര്‍ക്ക് പ്രതീക്ഷിക്കാമോ?

ഗണേശ് രാജിവച്ചാലും പുറത്താക്കപ്പെട്ടാലും ജോര്‍ജിന്റെ പ്രശ്നം അവസാനിക്കുന്നില്ല. താനടക്കമുള്ള മന്ത്രിമാരുടെ മാനാപമാനങ്ങള്‍ കൈകാര്യംചെയ്യാനുള്ള ഉത്തരവാദിത്തം ചീഫ്വിപ്പിന് ആരാണ് കൊടുത്തത് എന്ന് മുഖ്യമന്ത്രിതന്നെയാണ് പറയേണ്ടത്. ഒരു സഹപ്രവര്‍ത്തകനെക്കുറിച്ച് പരസ്യമായി അപവാദം പറഞ്ഞിട്ടുണ്ടെങ്കില്‍, അത് തെളിയിക്കാന്‍ ചീഫ്വിപ്പിനുതന്നെയാണ് ബാധ്യത. സൂപ്പര്‍ മുഖ്യമന്ത്രിയും സൂപ്പര്‍ നേതാവും സൂപ്പര്‍ യുഡിഎഫ് തലവനുമായി പി സി ജോര്‍ജിനെ ഉമ്മന്‍ചാണ്ടി അഴിച്ചുവിട്ടതിന്റെ ദുരന്തം തുടര്‍ച്ചയായി ദുര്‍ഗന്ധം വമിപ്പിക്കുകയാണ്. പി സി ജോര്‍ജ്, തന്റെ പാര്‍ടിയിലെ മുതിര്‍ന്ന നേതാവ് പി ജെ ജോസഫിനെതിരെ വ്യാജ എസ്എംഎസ് കേസുണ്ടാക്കിയത് ആരും മറന്നിട്ടില്ല. തന്നെ പാമൊലിന്‍ കേസില്‍നിന്ന് രക്ഷിക്കാനുള്ള ദൗത്യവുമായി പി സി ജോര്‍ജിനെ കയറൂരിവിട്ടത് ഉമ്മന്‍ചാണ്ടിതന്നെയാണ്. ഒടുവിലത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയെ ചീഫ് വിപ്പ് എടാപോടായെന്നു വിളിക്കുന്നിടത്തുവരെയെത്തി.

പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥരുടെ മുമ്പില്‍ മന്ത്രി ഗണേശ്കുമാറിനെ പി സി ജോര്‍ജ് "നിന്നെ ഞാന്‍ മന്ത്രിക്കസേരയില്‍ ഇരുത്തിത്തരാമെടാ"യെന്ന് വെല്ലുവിളിച്ചത് ഉമ്മന്‍ചാണ്ടി തലകുമ്പിട്ടിരുന്നു കേള്‍ക്കുകയായിരുന്നു. മന്ത്രി ഇറങ്ങിപ്പോയതുകൊണ്ട് അന്ന് അടിപൊട്ടിയില്ല. ചീഫ്വിപ്പിന്റെ ഉപജാപവും അഴിമതിയും തെറ്റായ ബന്ധങ്ങളും സഹിക്കാതെയാണ് പ്രസ് സെക്രട്ടറി കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയത്. ചീഫ് വിപ്പിനെക്കുറിച്ച് ലേഖനമെഴുതിയതിന് ആ പാര്‍ടി ലീഡറുടെ പേഴ്സണല്‍ സ്റ്റാഫിനെ കഴിഞ്ഞ ദിവസം പറഞ്ഞുവിട്ടു. ഒരു മൂന്നാംകിട ക്രിമിനലിന്റെ വാക്കും പ്രവൃത്തിയുമായി നടക്കുന്ന ഒരാളുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണ് ഇന്ന് യുഡിഎഫ് ഭരണമെന്നര്‍ഥം. ഗണേശിനെക്കുറിച്ചാകട്ടെ, കടുത്ത ആരോപണങ്ങളുന്നയിച്ചത് അദ്ദേഹത്തിന്റെ പിതാവുതന്നെയാണ്. മന്ത്രിയാക്കിയത് പാര്‍ടിയാണെന്നും പുറത്താക്കണമെന്നും ആര്‍ ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ട് ഏറെ നാളായി. ചര്‍ച്ച ചെയ്യട്ടെ, എന്നിട്ട് തീരുമാനമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. ഇതെല്ലാംകൊണ്ടാണ്, ഈ സര്‍ക്കാരിനെ സഹിക്കേണ്ടിവരുന്ന കേരളീയന്റെ ദൈന്യം സങ്കല്‍പ്പാതീതമാകുന്നത്. എല്ലാ വൃത്തികേടിന്റെയും കൂടാരമാണ് സംസ്ഥാനം ഭരിക്കുന്ന മന്ത്രിസഭയെന്ന് പറയുന്നത് പ്രതിപക്ഷം മാത്രമല്ല. മാഫിയകളുടെ കൈപ്പിടിയിലാണ് ഭരണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ പറയുമ്പോള്‍, കേന്ദ്രമന്ത്രി എ കെ ആന്റണി അവജ്ഞയോടെയാണ് ഈ സര്‍ക്കാരിനെ കാണുന്നത്.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ തനിക്ക് പിന്തുണ കിട്ടിയത് എല്‍ഡിഎഫ് ഭരിക്കുമ്പോഴാണെന്നും ആന്റണി പറഞ്ഞുവച്ചു. വകുപ്പുകള്‍ മന്ത്രിമാരുടെ സ്വതന്ത്രസാമ്രാജ്യമാണ്. എല്ലാ വകുപ്പിലും അഴിമതി കൊടികുത്തിവാഴുന്നു. അഴിമതിക്കേസുകള്‍ പിന്‍വലിച്ച് സ്വയംരക്ഷിക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നത്. നാട്ടില്‍ വൈദ്യുതിയില്ല, കുടിവെള്ളമില്ല. അഴിമതിയുടെ കൃഷിയാണ് നടക്കുന്നത്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിനെതിരെ മൂന്നാമത്തെ അഴിമതിക്കേസ് വന്നത് അടുത്ത ദിവസമാണ്. ഒരു മന്ത്രിക്കെതിരെ ഇത്രയും ചുരുങ്ങിയ സമയത്തിനിടയില്‍ മൂന്ന് അഴിമതിക്കേസ് റെക്കോഡ് തന്നെ. മന്ത്രിയുടെ വീട്ടില്‍ കൗണ്ടറുകള്‍ തുറന്നാണ് പണപ്പിരിവെന്ന് പാര്‍ടിയുടെ സെക്രട്ടറി തന്നെ ആരോപിക്കുന്നു. ഏതെങ്കിലും ഒരുദാഹരണത്തിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ വിവരിക്കാനാകില്ല. ഇത്രയും കെട്ടുപോയ ഒരു ഭരണവും ഭരണനേതൃത്വവും കേരളചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ല.

ചീഞ്ഞുനാറിയ ആ അവസ്ഥയാണ് ഗണേശിനെതിരായ ആരോപണത്തിലൂടെയും ചീഫ് വിപ്പിന്റെ പ്രകടനത്തിലൂടെയും ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. ചീഫ് വിപ്പിനെയും തല്ലുകൊണ്ട മന്ത്രിയെയും പോലുള്ളവര്‍ക്ക് സസുഖം വാഴാനുള്ള സൗകര്യമാണ് ഉമ്മന്‍ചാണ്ടി ഒരുക്കിയിരിക്കുന്നത് എന്നതാണ് സത്യം. കാരണം, ഏതു ത്രാസിലിട്ട് തൂക്കിയാലും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ അപരാധങ്ങളും മോശമല്ല എന്നുതെളിയും. ഈ അഴുക്കിനെ ചുമന്നുമാറ്റി അറബിക്കടലിലെറിഞ്ഞാല്‍ ആ കടല്‍പോലും മലീമസമാകും. കേരളത്തിനു പറ്റിയ കൈത്തെറ്റാണീ സര്‍ക്കാര്‍. മന്ത്രിയും ചീഫ്വിപ്പും പുറത്തായാലും നാറ്റം തുടരും. ഇനിയും അവരെ തുടരാന്‍ വിട്ടാല്‍ ഉമ്മന്‍ചാണ്ടി ജനങ്ങളോട് പറയേണ്ടുന്ന കണക്കുകളുടെ എണ്ണവും വര്‍ധിക്കും.

deshabhimani editorial 050313

No comments:

Post a Comment