വനംവകുപ്പുമന്ത്രി ഗണേഷ്കുമാറിനെതിരെ മന്ത്രിപദവിയുള്ള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്കെതിരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് തന്നെ ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചുവെന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ ഇതിനകം നടപടി സ്വീകരിക്കേണ്ടതായിരുന്നു. ആരോപണവിധേയനായ ഗണേഷ്കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുകഴിഞ്ഞു. ഗണേഷ്കുമാറിനെതിരെ പി സി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണം വസ്തുതാപരമല്ലെങ്കില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പിനെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ടതാണ്. ഇതില്‍ രണ്ടുപേരെയും സംരക്ഷിച്ചുകൊണ്ട് ഈ പ്രശ്നം കൈകാര്യം ചെയ്യാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ ധൈര്യം കാണിക്കില്ല. ഫലത്തില്‍ യുഡിഎഫ് ചെന്നുപെട്ട പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ് . ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുമ്പുതന്നെ യുഡിഎഫ്് ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്ന സമീപനം സംസ്ഥാനത്തിനു തന്നെ അപമാനമാണ്. മുമ്പുതന്നെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഗവണ്‍മെന്റിന് ഈ സംഭവത്തോടുകൂടി നിലനില്‍പ്പ് തന്നെ ഇല്ലാതായിരിക്കുകയാണ് എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
deshabhimani
No comments:
Post a Comment