Monday, December 7, 2009

മാധ്യമങ്ങളുടെ രാഷ്ട്രീയ ഗൂഢാലോചന

സമകാലികലോകത്ത് മാധ്യമങ്ങളുടെ മുഖം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മാധ്യമങ്ങളുടെ ശക്തിയില്‍ ഏതൊക്കെ തരം മാറ്റങ്ങളാണുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. മുന്‍വര്‍ഷങ്ങളില്‍ മാധ്യമം എന്നതിനര്‍ഥം വാര്‍ത്താപത്രങ്ങള്‍, റേഡിയോ മുതലായവയെന്നായിരുന്നു. ഇന്നതിന്റെ കൂടെ നിരവധി വിനിമയ സംവിധാനങ്ങള്‍കൂടെ ചേര്‍ന്നിരിക്കുന്നു. ഉദാഹരണങ്ങളാണ് മൊബൈല്‍ ഫോണ്‍, പേഴ്സണല്‍ കംപ്യൂട്ടര്‍, ലാപ്ടോപ് തുടങ്ങിയവ. ഇന്ന് പുതിയ മൊബൈല്‍ ഫോണുകളില്‍ റേഡിയോ കേള്‍ക്കാം, ടിവി കാണുകയും ചെയ്യാം. ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോണുകളിലടക്കം വാര്‍ത്തകള്‍ കിട്ടാനുള്ള സൌകര്യമുണ്ട്. ഇക്കാലത്ത് വാര്‍ത്തകള്‍ക്ക് ഒരു മെബൈല്‍ ഫോണ്‍മാത്രം മതി. അതു കൂടാതെ എസ്എംഎസ്, എംഎംഎസ് സംവിധാനങ്ങള്‍ കൂടിയുണ്ട്. ലാപ്ടോപ്പുകളും പേഴ്സണല്‍ കംപ്യൂട്ടറുകളും വിദഗ്ധതൊഴിലിനു മാത്രമല്ല ഉള്ളത്. അവ വാര്‍ത്തയുടെയും വിനോദത്തിന്റെയും ഉപാധികളാണ്.

ഇന്ന് വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്നും ശക്തി നേടിയിരിക്കുന്നുവെന്നും അതിന്റെ ഫലമായി ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കാനാവുമെന്നും അറിയാം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ നമുക്ക് ഗൂഗിളിന്റെ ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നില്ല. എന്നാല്‍, ഇന്ന് നമുക്ക് അതുപയോഗിച്ച് ഏതൊരു രാജ്യത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും, ശാസ്ത്രവുമൊക്കെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാവും. മുമ്പ് കേബിള്‍ കണക്ഷന്‍ കിട്ടുന്നതിന് ബാല്‍ക്കണിയിലോ ടെറസിലോ ഡിഷ് വയ്ക്കേണ്ടിയിരുന്നു. എന്നാല്‍, ഇന്ന് 100-150 ചാനലുകള്‍ നേരിട്ട് ഡിടിഎച്ച് സംവിധാനം വഴി വീട്ടിലെത്തും. ഡിടിഎച്ചിന് സാധാരണഗതിയില്‍ 400 ചാനല്‍വരെയുണ്ട്. അതിനാല്‍ ടിവികള്‍ക്ക് 400 ചാനല്‍വരെ സ്വീകരിക്കാനുള്ള ശേഷിയുണ്ടാവണം. വാര്‍ത്താപത്രങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടില്ലെങ്കിലും അതിന്റെ പുറങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ വിമാനയാത്രികര്‍ക്ക് ഓരോരുത്തര്‍ക്കും ചെറിയ ടിവി സെറ്റ് കാണാനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ചാനല്‍ കാണാനാവും. ഇന്ത്യയിലും വിമാനത്തില്‍ ചാനല്‍ ലഭ്യത ഉറപ്പുവരുത്തുന്ന രണ്ട് സ്വകാര്യ സ്ഥാപനങ്ങളുമായി സ്വകാര്യ ചാനലുടമകള്‍ക്ക് കരാറുണ്ട്.

അങ്ങനെ നാം കാണുന്നത് സാങ്കേതികമായ കേന്ദ്രീകരണം വര്‍ധിച്ചുവരുന്നതായാണ്. അങ്ങനെ വിനിമയ സംവിധാനങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വാര്‍ത്ത-വിനോദ സംവിധാനങ്ങള്‍ സ്ഥിരമായി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. വിവിധ വിനിമയ സംവിധാനങ്ങളിലൂടെ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് നടത്താവുന്ന ഒന്നായി ക്രിക്കറ്റ് കളി ഇന്ന് മാറിയിരിക്കുന്നു. അത് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ കളി ടെലിവിഷനില്‍ കാണിക്കാനുള്ള അവസരം കിട്ടുന്നതിനായി തെറ്റായ മാര്‍ഗങ്ങള്‍പോലും അവലംബിക്കുന്നതിന് മാധ്യമസ്ഥാപനങ്ങള്‍ ഒരു മടിയും കാണിക്കുന്നില്ല. കളികളും വിനോദോപാധികളും യോജിച്ചുചേര്‍ന്ന് വിപണി വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഹോക്കിയെക്കുറിച്ച് ചക്ദേയും ക്രിക്കറ്റിനെക്കുറിച്ച് ലഗാനും, ഫുട്ബോളിനെക്കുറിച്ച് സോസര്‍ സിനിമയും വന്നുകഴിഞ്ഞു.

ജനങ്ങളെ ഭൌതികാധിഷ്ഠിതമായ ഒരു ജീവിതം നയിക്കുന്നതിന് നിര്‍ബന്ധിക്കാന്‍ മാധ്യമങ്ങളും ഇന്ന് അവരുടെ പങ്കുവഹിക്കുന്നുണ്ട്. ഒന്ന് അവര്‍ അവരുടെ പണം ഓഹരിവിപണിയിലിറക്കണം അല്ലെങ്കില്‍ പൂര്‍ണമായി ചെലവഴിക്കണം എന്ന മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ആനന്ദബസാര്‍ പത്രിക അവകാശപ്പെടുന്നത് കൊല്‍ക്കത്തയില്‍നിന്ന് വിമാനം കയറുന്ന രണ്ടില്‍ ഒരാളും, ബംഗാളിലെ കാറുടമകളില്‍ 40 ശതമാനവും, മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുന്നവരില്‍ 50 ശതമാനത്തിലേറെയും എസി ഉടമകളില്‍ 40 ശതമാനവും തങ്ങളുടെ വായനക്കാരാണെന്നാണ്. ഏത് പത്രം തെരഞ്ഞെടുക്കുന്നു എന്നതുപോലും അന്തസ്സിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

വായനക്കാരാണ് പത്രങ്ങളുടെ സ്വര്‍ണഖനി. എന്തുകൊണ്ടെന്നാല്‍ അവരില്‍നിന്നാണ് വരുമാനം വരുന്നത്. പത്രികയ്ക്ക് അവരുടെ വിപണി വികസന സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. പക്ഷിപ്പനിക്കാലത്ത് ഓഹരിവിപണി തകര്‍ന്നാല്‍ ഇംഗ്ളീഷ് ഭാഷാപത്രങ്ങള്‍ അമേരിക്കന്‍ സ്വാധീനത്തെ പക്ഷിപ്പനിയിലേക്ക് കൊണ്ടുവരുന്നു. വിപണിയിലെ തകര്‍ച്ചയ്ക്കു കാരണം മാന്ദ്യമാണെന്നത് മറച്ചുവച്ച് പക്ഷിപ്പനിയാണതിന് കാരണമെന്ന് തോന്നാവുന്ന തലക്കെട്ടുകള്‍ നല്‍കുന്നു.

പൊതുജന മാധ്യമങ്ങളില്‍ കാലുറപ്പിക്കുന്ന മറ്റൊരു നിയന്ത്രണ സംവിധാനം പരസ്യ ഉടമയുടേതാണ്. ഒരുവശത്ത് വാര്‍ത്താപത്രങ്ങളില്‍ വിദേശനിക്ഷേപം അനിയന്ത്രിതമായി കടന്നുവരുന്നു. മറുഭാഗത്താവട്ടെ ടെലിവിഷന്‍ വാര്‍ത്തകളില്‍ നിയന്ത്രണം വരുന്നു. അതിന്റെ ഫലമായി ഇങ്ങനെ കടന്നുവരുന്ന വിദേശ മൂലധനത്തിന് അവരുടെ ക്ഷേമത്തിനൊത്തവിധം വാര്‍ത്തകളെ നിയന്ത്രിക്കാനാവുന്നു.

ഇന്ത്യ-അമേരിക്ക ആണവകരാറിനോടുള്ള സിപിഐ എം നിലപാടിനോട് മാധ്യമസ്ഥാപനങ്ങള്‍ എടുത്ത സമീപനങ്ങളില്‍നിന്ന് ഇത് വ്യക്തമാണ്. സിപിഐ എം വിരുദ്ധ നിലപാട് ഒരേസമയംതന്നെ ഒരേപോലെ ആരോ പറഞ്ഞുകൊടുക്കുന്നതുപോലെ എല്ലാ മാധ്യമസ്ഥാപനങ്ങളും എടുക്കുകയായിരുന്നു. ഈ വിഷയത്തില്‍ സിപിഐ എമ്മിനകത്ത് വ്യത്യസ്താഭിപ്രായമുണ്ടെന്ന് വരുത്താനും എല്ലാ മാധ്യമങ്ങളും ഒരേപോലെ ശ്രമിച്ചു. ചൈനയ്ക്ക് അനുകൂലമായി അമേരിക്കയെ എതിര്‍ക്കുകയാണെന്ന മട്ടിലും ഈ വിഷയം അവതരിപ്പിക്കപ്പെട്ടു.

മറ്റൊരു പ്രത്യേകത എല്ലാതരം വിനിമയോപാധികളുടെയും ഉടമസ്ഥത ഒരേ സ്ഥാപനംതന്നെ കൈയടക്കിവയ്ക്കുന്നതിലാണ്. ഒരേ വാര്‍ത്താ ഏജന്‍സിതന്നെ എഫ്എം റേഡിയോ, ടിവി ചാനല്‍, വാര്‍ത്താപത്രം, വെബ്സൈറ്റ്, ഡിടിഎച്ച് കേബിള്‍ എന്നിവയുടെ ഉടമയായിരിക്കുന്നു. മാധ്യമങ്ങളും ബിസിനസ് ലോകവും ശത്രുക്കളാണെങ്കിലും തന്ത്രപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ അവര്‍ സുഹൃത്തുക്കളായിരിക്കുകയാണ്. മാധ്യമങ്ങളുടെ വൈവിധ്യാത്മകത വര്‍ധിച്ചതോടൊപ്പംതന്നെ അവര്‍ തമ്മിലുള്ള ബന്ധവും വര്‍ധിച്ചിരിക്കുന്നു. ഒരു മീഡിയാ ചാനല്‍ നന്ദിഗ്രാം വിഷയത്തില്‍ ഗവമെന്റിനെതിരെ നീങ്ങാന്‍ തീരുമാനിച്ചാല്‍ അവര്‍ക്കത് ടെലിവിഷനിലൂടെയും വാര്‍ത്താപത്രത്തിലൂടെയും വെബ്സൈറ്റിലൂടെയും ചെയ്യാനാവുന്നു. അങ്ങനെ ഒരേ കഥതന്നെ എല്ലാ മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് ലഭ്യമാവുന്നു. നേരിട്ടുള്ള പ്രചാരണം വര്‍ധിക്കുന്നതോടൊപ്പം പ്രചാരണതന്ത്രത്തിലും വര്‍ധനയുണ്ടാകുന്നു. ടെലികമ്യൂണിക്കേഷന്‍, മാധ്യമങ്ങള്‍, വിവരസാങ്കേതികവിദ്യ എന്നിവ പരസ്പരം ബന്ധിതമാവുന്നു. ഒരിടത്ത് ഒന്നിന് എത്താനാവുന്നില്ലെങ്കില്‍ അവിടെ മറ്റൊന്ന് എത്തിച്ചേരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ 1967, 1969 അല്ലെങ്കില്‍ 1978, 1997, എന്തിന് 2007-ലേതിനേക്കാള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ഭീമമായ വ്യത്യാസമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ഇലക്ട്രോണിക് മാധ്യമരംഗത്തെ പ്രമുഖര്‍ ഇടതുമുന്നണിക്കെതിരായി സംഘടിതമായ പ്രചാരവേലയാണ് അഴിച്ചുവിട്ടത്. ഇപ്പോള്‍ പശ്ചിമബംഗാളില്‍ മൂന്നു കോടിയോളം ജനങ്ങള്‍ പത്രമാധ്യമങ്ങളുടെ വായനക്കാരെന്ന പരിധിയില്‍ വരുന്നവരാണ്. രണ്ടു കോടിയോളം പേര്‍ പ്രാദേശിക ദേശീയ ഭാഷാ ചാനലുകളുടെ കാഴ്ചക്കാരാണ്. അതില്‍ ചിലവയൊഴിച്ച് മറ്റെല്ലാ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ജനങ്ങളുടെ സ്ഥാപനവിരുദ്ധസ്വഭാവം മുതലെടുക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്ത്- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടതുവിരുദ്ധ തരംഗമുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പശ്ചിമബംഗാളിലെ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ വ്യത്യസ്ത സംഭവങ്ങളില്‍ നടത്തുന്ന ചെറിയ ചെറിയ മിനുക്കുപണികളിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. അവര്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. എക്സ്ക്ളൂസീവുകള്‍, ബ്രേക്കിങ് ന്യൂസുകള്‍ എന്നിവയിലൂടെ കാഴ്ചക്കാരെ വര്‍ധിപ്പിക്കുന്നതിനായി മൊത്തത്തില്‍ ഇടതുശക്തികള്‍ക്കെതിരെയാണ് നീങ്ങുന്നത്. ഒന്നോ രണ്ടോ ചാനലുകളും ചില പത്രങ്ങളും ഇടതുവിരുദ്ധ ശക്തികളുടെ സംഘാടകരായാണ് പ്രവര്‍ത്തിക്കുന്നത്. പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ ഒരു സ്വാധീനശക്തിയായി ടിവി ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അംഗീകരിക്കാതെ തരമില്ല. ഇടതുവിരുദ്ധശക്തികളുമായി യോജിച്ചുനില്‍ക്കുന്ന ദിനപത്രങ്ങള്‍ അവരോട് യോജിച്ചുപോകുന്നു.

അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഫലപ്രദമായ ഉപകരണങ്ങളായാണ് രൂപപ്പെട്ടതെങ്കിലും സ്ഥിതിഗതികളെ സ്വതന്ത്രമായി വിശകലനംചെയ്യുന്നതിന് ജനങ്ങള്‍ക്ക് കഴിയുന്നില്ലെന്നതിനാല്‍ അവയെ ശരിയായി ഉപയോഗപ്പെടുത്താനാവുന്നില്ല. മുമ്പ് മാറ്റങ്ങള്‍ സംഭവിച്ചിരുന്നത് വളരെ സാവധാനത്തിലായിരുന്നെങ്കില്‍ ഇന്നത് നടക്കുന്നത് ഏറെ വേഗത്തിലാണ്. ഇതിന്റെ ഫലമായി മാധ്യമരംഗത്തെ പുരോഗതി വിശകലനം ചെയ്യാനാവുന്നില്ലെങ്കില്‍ ഒരു പ്രധാന സംഭവം ആറു മാസത്തിനിടയില്‍ അപ്രസക്തമായിപ്പോകും. അതിനാല്‍ അതീവ ജാഗ്രതയോടെ ഇരിക്കുക എന്നതേ വഴിയുള്ളൂ. അല്ലെങ്കില്‍ സത്യമെന്തെന്ന് മനസ്സിലാക്കാനാവില്ല. സത്യത്തെ കുഴിക്കടിയില്‍ കിടത്തിക്കൊണ്ട് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിഭ്രമാത്മകതയും അവതരണ രീതിയും വായനക്കാരെ മറ്റെവിടേക്കോ നയിച്ചുകൊണ്ടുപോകും. സത്യവും മിഥ്യയും തിരിച്ചറിയാന്‍ ശ്രമിച്ചാലേ മാധ്യമങ്ങളാല്‍ വഴിതെറ്റിക്കപ്പെടാതെ ശരിയായ പാതയിലൂടെ മുന്നേറാനാവൂ.

അവിക് ദത്ത (ഗണശക്തി അസിസ്റന്റ് എഡിറ്ററും സിപിഐ -എം പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റി അംഗവുമാണ് ലേഖകന്‍.)

2 comments:

  1. വായനക്കാരാണ് പത്രങ്ങളുടെ സ്വര്‍ണഖനി. എന്തുകൊണ്ടെന്നാല്‍ അവരില്‍നിന്നാണ് വരുമാനം വരുന്നത്. പത്രികയ്ക്ക് അവരുടെ വിപണി വികസന സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. പക്ഷിപ്പനിക്കാലത്ത് ഓഹരിവിപണി തകര്‍ന്നാല്‍ ഇംഗ്ളീഷ് ഭാഷാപത്രങ്ങള്‍ അമേരിക്കന്‍ സ്വാധീനത്തെ പക്ഷിപ്പനിയിലേക്ക് കൊണ്ടുവരുന്നു. വിപണിയിലെ തകര്‍ച്ചയ്ക്കു കാരണം മാന്ദ്യമാണെന്നത് മറച്ചുവച്ച് പക്ഷിപ്പനിയാണതിന് കാരണമെന്ന് തോന്നാവുന്ന തലക്കെട്ടുകള്‍ നല്‍കുന്നു.

    ReplyDelete
  2. പശ്ചിമ ബംഗാളിലെ മാദ്ധ്യമങ്ങള്‍ ഒരു 'പാര' ആയി അല്ലേ? വളരെ കഷ്ടം .മാദ്ധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കാര്യം . ഇതാ കേരളത്തിലെ ഒരു മാദ്ധ്യമ സിന്‍ഡിക്കേറ്റ് കളി വായിക്കൂ.

    ReplyDelete