Thursday, March 21, 2013

മുച്ചീട്ടുകളിക്കാരന്റെ പാഴ്വാക്ക്


പണ്ടൊരിക്കല്‍ കാസ്റ്റിങ് വോട്ടിന്റെ കാലത്ത് ഭരണം നിലനിര്‍ത്താന്‍ ഒരു ജില്ല പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ പത്ത് താലൂക്ക് പ്രഖ്യാപിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ എല്ലാക്കാലത്തും അധികാരം നിലനിര്‍ത്താന്‍ നടത്തുന്ന ഇത്തരം രാഷ്ട്രീയ അഴിമതികള്‍ തുറന്നുകാട്ടിക്കൊണ്ടാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ധനാഭ്യര്‍ഥന ചര്‍ച്ച ഉപസംഹരിച്ചത്. ബജറ്റിന്റെ തുടര്‍ച്ചയായി മന്ത്രി കെ എം മാണി അവതരിപ്പിച്ച ധനാഭ്യര്‍ഥനയിന്‍മേലുള്ള ചര്‍ച്ചയിലും മുഴച്ചുനിന്നത് ബജറ്റിലെ ജനവിരുദ്ധതയും സ്വജനപക്ഷപാതവും. വിവിധ കമീഷന്‍ റിപ്പോര്‍ട്ടുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ താലൂക്ക് രൂപീകരണത്തിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ നാലാമതുള്ളതാണ് പയ്യന്നൂര്‍ എന്ന് സി കൃഷ്ണന്റെ ഉപക്ഷേപത്തിന് കഴിഞ്ഞ സഭാസമ്മേളനത്തില്‍ മന്ത്രി മറുപടി നല്‍കിയതാണ്. എന്നാല്‍, 12 താലൂക്ക് പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരിനെ കാണാനില്ല. സി കൃഷ്ണന്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തുറന്നുകാട്ടപ്പെട്ടത് സര്‍ക്കാരിന്റെ നഗ്നമായ സ്വജനപക്ഷപാതം.

മന്ത്രി ഗണേശ്കുമാര്‍ ചെവിയില്‍ പറഞ്ഞതനുസരിച്ച് നിലവിലുള്ള പത്തനാപുരം താലൂക്ക് വീണ്ടും താലൂക്കാക്കി മന്ത്രിയുടെ വക പ്രഖ്യാപനം. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കട്ടിയപ്പോള്‍, മന്ത്രിക്ക് മറുപടിയുണ്ടായില്ല. മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ച കോളേജുകള്‍ സര്‍ക്കാര്‍മേഖലയിലാണോ സ്വകാര്യമേഖലയിലാണോ എന്നത് നറുക്കിട്ടെടുക്കാനിരിക്കുകയാണ് മന്ത്രി. വിദ്യാഭ്യാസമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നതും ആഭ്യന്തരവകുപ്പിന്റെ പദ്ധതികള്‍പോലും സ്വകാര്യപങ്കാളിത്തത്തില്‍ നടപ്പാക്കുന്നതിലെ ഗുരുതരമായ വീഴ്ചയുംചൂണ്ടിക്കാട്ടിയതോടെ ധനാഭ്യര്‍ഥന ചര്‍ച്ച കത്തിക്കയറി. ആര്‍ രാജേഷാണ് വിദ്യാഭ്യാസവകുപ്പില്‍ നടക്കുന്ന അഴിമതിയുമായി രംഗത്തെത്തിയത്. അധികാരം നിലനിര്‍ത്താന്‍ ഭരണകക്ഷി എംഎല്‍എമാര്‍ക്ക് വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിച്ചതും പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിനിധാനംചെയ്യുന്ന മണ്ഡലങ്ങളെ അവഗണിച്ചതും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു.

ബജറ്റിനെതിരെ നേരത്തെ പ്രതിഷേധമുയര്‍ത്തിയ ചില ഭരണകക്ഷി അംഗങ്ങള്‍ ധനാഭ്യര്‍ഥനയെ അനുകൂലിച്ച് സംസാരിച്ചതും ഇതിന് തെളിവായി. കെ എം ഷാജിയും വി ടി ബലറാമും ഷാഫി പറമ്പിലും അത്രയും പെട്ടെന്നാണ് "ഹരിതനിറം" മാറിയത്. സ്വന്തം "സിദ്ധാന്തങ്ങള്‍" പ്രഖ്യാപിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പുതിയ കണ്ടെത്തല്‍ സിപിഐ എം എക്കാലവും അക്രമികളുടെ പാര്‍ടി ആണെന്നായിരുന്നു. എന്നാല്‍, ഈ അക്രമികളുടെ നോമിനിയായി എംപിയായ അബ്ദുള്ളക്കുട്ടി ആ വകുപ്പില്‍ പ്രതിമാസം കിട്ടുന്ന 30,000 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവനചെയ്യാന്‍ തയ്യാറാകുമോ എന്ന് ബാലന്‍ ചോദിച്ചപ്പോള്‍ കുട്ടിക്കൊന്നും പറയാനുണ്ടായില്ല. ഓരോ പ്രസംഗം കഴിഞ്ഞും പോയി കുടിക്കുന്ന ചായയുടെ പൈസ ഉള്‍പ്പെടെ സിപിഐ എം സൗജന്യത്തില്‍ കിട്ടിയതാണെന്ന് ഓര്‍ക്കണമെന്നായി കോടിയേരി.

പി സി വിഷ്ണുനാഥും ഷാഫി പറമ്പിലുമെല്ലാം സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത് മനസ്സിലാക്കാം. അബ്ദുള്ളക്കുട്ടിക്കിതെങ്ങനെ കഴിയുന്നു എന്നായിരുന്നു കോടിയേരിയുടെ സംശയം. സ്കോട്ട്ലന്‍ഡിലെ പിശുക്കനായ ഒരു രക്ഷിതാവിനെക്കുറിച്ചുള്ള കഥയാണ് എം ചന്ദ്രന്‍ ഓര്‍ത്തത്. നിലവിളിച്ച കുട്ടിയോട് ഈ രക്ഷിതാവ് പറഞ്ഞത് നാളെ പാര്‍ക്കില്‍ കൊണ്ടുപോയി മറ്റുള്ളവര്‍ ഐസ്ക്രീം തിന്നുന്നത് കാണിച്ചുതരാമെന്നാണ്. അതുപോലെയാണ് മറുപടി പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍. ഇതൊന്നും നടക്കില്ലെന്ന് മന്ത്രിക്ക് നന്നായി അറിയാം. പൊള്ളയായ വാഗ്ദാനങ്ങളാണ് ധനമന്ത്രി നല്‍കിയതെന്നു പറഞ്ഞ കെ രാധാകൃഷ്ണന്‍ ബജറ്റിനെ മുച്ചീട്ടുകളിക്കാരന്റെ പാഴ്വാക്കായാണ് വിലയിരുത്തിയത്. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് ബജറ്റില്‍ പേറ്റന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പി സി ജോര്‍ജിന്റെ തെറികള്‍ക്കും പേറ്റന്റ് കൊടുക്കണമെന്ന് സാജുപോള്‍ ആവശ്യപ്പെട്ടു. വീടിനു മുന്നില്‍ കോലംകെട്ടി നില്‍ക്കുന്നതുപോലെയാണ് സര്‍ക്കാര്‍ പ്രതിസന്ധികളെ മറികടക്കാന്‍ പി സി ജോര്‍ജിനെ മുന്നില്‍ നിര്‍ത്തുന്നതെന്നാണ് കെ കെ ജയചന്ദ്രന് പറയാനുണ്ടായിരുന്നത്. കെ രാജു, സി മോയിന്‍കുട്ടി, ജോസ് തെറ്റയില്‍, എന്‍ ജയരാജ്, പി എ മാധവന്‍, പി ബി അബ്ദുള്‍ റസാക്ക്, ആര്‍ രാജേഷ്, ഇ കെ വിജയന്‍ എന്നിവരും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തു. കൊലപാതകമോ മറ്റ് അക്രമങ്ങളോ നടന്നാല്‍ സാക്ഷിമൊഴികളിലെ വൈരുധ്യം കണ്ടെത്താന്‍ ഗവേഷണം നടത്തുന്നത് സാധാരണ നിലയില്‍ ആരായിരിക്കും? അത് പ്രതിഭാഗം അഭിഭാഷകന്‍തന്നെ. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണമുള്ള മന്ത്രിതന്നെ ഇങ്ങനെ ഗവേഷണം നടത്തിയാലോ? ആ രീതിയിലേക്ക് സംസ്ഥാന ആഭ്യന്തരമന്ത്രി അധഃപതിക്കരുതെന്ന് മികച്ച ക്രിമിനല്‍ അഭിഭാഷകന്‍കൂടിയായ മാത്യു ടി തോമസ്.

കഠിനംകുളത്ത് സാമൂഹ്യപ്രവര്‍ത്തകനെ ഗുണ്ടാസംഘം കൊന്ന സംഭവത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ആഭ്യന്തരവകുപ്പിന്റെ ഗുണ്ടാമുഖം തുറന്നുകാട്ടപ്പെട്ടത്. ഇതേ വിഷയത്തില്‍ നേരത്തെ സ്ഥലം എംഎല്‍എ ഉപക്ഷേപത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിലും അടിയന്തര പ്രമേയ നോട്ടീസിലും വൈരുധ്യമുണ്ടായിരുന്നുവെന്നായിരുന്നു തിരുവഞ്ചൂരിന്റെ കണ്ടെത്തല്‍. ശശിയെ തഴഞ്ഞാണ് മാത്യു ടി തോമസിന് അടിയന്തര പ്രമേയത്തിന് അവതരിപ്പിക്കാന്‍ അവസരം നല്‍കിയതെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിപക്ഷത്തുനിന്ന്പ്രതിഷേധമുയര്‍ന്നപ്പോള്‍ പരാമര്‍ശം മന്ത്രിക്ക് പിന്‍വലിക്കേണ്ടി വന്നു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
(എം രഘുനാഥ്)

deshabhimani 220313

No comments:

Post a Comment