Wednesday, March 13, 2013

ഇറ്റാലിയന്‍ സൈനികരെ തിരിച്ചുകൊണ്ടുവരണം: യെച്ചൂരി


മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന രണ്ട് ഇറ്റാലിയന്‍ സൈനികരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇവരുടെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ ഉറപ്പുവരുത്തണമെന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ നേരിടുന്ന പ്രതികള്‍ക്ക് വോട്ടവകാശം അനുവദിനീയമല്ലെന്നിരിക്കെ എന്തിനാണ് ഇരുവരെയും വോട്ട് ചെയ്യാന്‍ ഇറ്റലിക്ക് പോകാന്‍ അനുവദിച്ചതെന്ന കാര്യം സുപ്രീംകോടതി വിശദമാക്കണം. ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ച് വിചാരണ നേരിടുന്ന പ്രതികള്‍ക്ക് പോസ്റ്റല്‍വോട്ടിനുപോലും അവകാശമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇറ്റാലിയന്‍ സൈനികരെ വോട്ട് ചെയ്യാന്‍ അനുവദിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണം. ഇറ്റാലിയന്‍ സൈനികര്‍ ഉള്‍പ്പെട്ട കേസ് കേള്‍ക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ആവശ്യം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം- യെച്ചൂരി പറഞ്ഞു. മൂന്നു മാസത്തിനകം രണ്ടുവട്ടം നാട്ടില്‍ പോകാന്‍ കടല്‍ക്കൊല കേസിലെ പ്രതികള്‍ക്ക് അനുമതി നല്‍കിയ നടപടി വിചിത്രമാണെന്ന് സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. രാജ്യത്തെ കുറ്റവാളികള്‍ക്കുപോലും ഒരിക്കലും കിട്ടാത്ത ആനുകൂല്യമാണിതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബജറ്റിലെ ജനപ്രിയത ഉപയോഗിച്ചല്ല മൂന്ന് നിയമനിര്‍മാണങ്ങളിലൂടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുപിഎ തയ്യാറെടുക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. സബ്സിഡി പണമായി നല്‍കുന്ന സമ്പ്രദായത്തിന് അടിസ്ഥാനമായുള്ള ആധാര്‍ നിയമനിര്‍മാണം, ഭക്ഷ്യസുരക്ഷാ ബില്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നേരിടാനാണ് യുപിഎ തയ്യാറാകുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ 185 ഔദ്യോഗിക ഭേദഗതി കൊണ്ടുവന്നതിനാല്‍ ഈ ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണം. കല്‍ക്കരി കുംഭകോണത്തിന്റെ അന്വേഷണവിവരം സര്‍ക്കാരിന് കൈമാറരുതെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഇതുവരെയില്ലാത്തതാണ്. അഴിമതിക്കേസ് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. എന്നാല്‍, ഇതിന്റെ പേരില്‍ പാര്‍ലമെന്റ് നടപടി തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. നവഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായുള്ള ബില്ലുകള്‍ പാസാക്കാനുള്ള കോണ്‍ഗ്രസ്- ബിജെപി ഒത്തുകളിയുടെ ഭാഗമാണ് സഭാ സ്തംഭനമെന്നും യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു

റെയില്‍- പൊതുബജറ്റുകളില്‍ കേരളത്തോട് കാട്ടിയ അവഗണന പരിഹരിക്കണമെന്നും ഇറ്റാലിയന്‍ സൈനികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു. കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങള്‍ സംബന്ധിച്ച് പൊതുബജറ്റില്‍ ഒരു പരാമര്‍ശവുമില്ലാതിലുള്ള അതൃപ്തി എംപിമാര്‍ പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചു. നേരത്തെ പ്രധാനമന്ത്രിതന്നെ വാഗ്ദാനംചെയ്ത ഐഐടി ഇത്തവണയും ബജറ്റില്‍ അനുവദിച്ചില്ലെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് എത്രയും വേഗം നടപ്പാക്കണം. കോടിക്കണക്കിന് വിദേശനാണ്യം നേടിത്തരുന്ന വിദേശ മലയാളികളെ പുനരധിവസിപ്പിക്കാന്‍ ഫലപ്രദമായ പദ്ധതികളില്ല. യാത്രാപ്രശ്നവും ഗുരുതരമാണ്. കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ അനവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല.

നാളികേരം, റബര്‍, ഏലം, കശുഅണ്ടി കര്‍ഷകര്‍ അനവധി പ്രശ്നങ്ങള്‍ നേരിടുന്നു. പാമോയില്‍ ഇറക്കുമതിചെയ്ത് സബ്സിഡിയോടെ അത് വിതരണംചെയ്യുന്നതിനാല്‍ വെളിച്ചെണ്ണ വിലയും നാളികേരവിലയും കുത്തനെ ഇടിഞ്ഞു. പാമോയിലിന് നല്‍കിയ എല്ലാ ഇളവുകളും പിന്‍വലിച്ച് കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കണം. വെളിച്ചെണ്ണയ്ക്ക് സബ്സിഡി നല്‍കണം. റബര്‍, കശുവണ്ടി, ഏലം എന്നിവയുടെ കാര്യത്തിലും വിലയിടിവ് തടയാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബാങ്കിങ് നിയമ ഭേദഗതി സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കും. കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള സ്വാധീനം പരിഗണിച്ച് ഇവയെ സംരക്ഷിക്കാന്‍ നടപടി വേണം. കെഎസ്ആര്‍ടിസിയില്‍നിന്ന് ഡീസലിന് ഉയര്‍ന്ന വില ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണം. തദ്ദേശസ്ഥാപനങ്ങള്‍വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് കേരളത്തിന് പ്രയോജനപ്പെടുംവിധം നടപ്പാക്കണം. പാലക്കാട് കോച്ച് ഫാക്ടറി, വിഴിഞ്ഞം തുറമുഖം എന്നിവ യാഥാര്‍ഥ്യമാക്കണം. കേരളത്തിന്റെ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ലോക്സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐഐടി അനുവദിക്കുന്ന കാര്യത്തില്‍ പന്ത്രണ്ടാം പദ്ധതിക്കാലത്തുതന്നെ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി എം ബി രാജേഷ് എംപി പറഞ്ഞു. എംപിമാരായ സി പി നാരായണന്‍, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ, പി കെ ബിജു, എം പി അച്യുതന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

deshabhimani 130313

No comments:

Post a Comment