Tuesday, April 2, 2013
"പാതിരാ ട്രഷറി"കളില്‍നിന്ന് 995.99 കോടി മറിഞ്ഞെന്ന് മാണി
കീഴ്വഴക്കങ്ങളെല്ലാം തകിടം മറിച്ച് സംസ്ഥാന ട്രഷറി പൊതു അവധിദിവസമായ ഈസ്റ്റര്‍ ദിനത്തിലും അര്‍ധരാത്രിവരെ തുറന്നുവച്ചിട്ടും കടന്നുപോയ സാമ്പത്തികവര്‍ഷത്തെ പദ്ധതി തുക വിജയകരമായി ചെലവഴിക്കാനായില്ല. ഞായറാഴ്ച അര്‍ധരാത്രി വരെ 995.99 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി കെ എം മാണി അവകാശപ്പെട്ടു. ഇതില്‍ 361.36 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച അര്‍ധരാത്രിവരെ 3835.74 കോടി രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് മന്ത്രിയുടെ അവകാശവാദം. ഇതില്‍ 963.48 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിച്ചത്. ഒരാഴ്ച സംസ്ഥാനത്തിനു ലഭിച്ച നികുതി വരുമാനം 1143.83 കോടി രൂപയാണ്. ഈസ്റ്റര്‍ അവധിയായിരുന്നിട്ടുകൂടി പണമിടപാടുകള്‍ സുഗമമായി നടത്താന്‍ രാപ്പകല്‍ ജോലി ചെയ്ത ട്രഷറി ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
എന്നാല്‍, സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും അവതാളത്തിലായ ധനസ്ഥിതിയുടെയും ദയനീയ ചിത്രം വെളിപ്പെടുത്തുന്നതായി സാമ്പത്തിക വര്‍ഷാവസാനത്തെ സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനമെന്ന് ജീവനക്കാര്‍ പറയുന്നു. 60 ശതമാനം തുക ചെലവഴിച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 100 ശതമാനമാകാന്‍ രണ്ടുമാസത്തെ സമയം അനുവദിക്കുന്നുവെന്ന തട്ടിപ്പിലൂടെ മുഴുവന്‍ തുകയും ചെലവഴിച്ചെന്ന കണക്കുണ്ടാക്കാനുള്ള വെപ്രാളത്തിലായിരുന്നു ധനവകുപ്പ്. ഈസ്റ്റര്‍ ദിനത്തിലും ട്രഷറികള്‍ തുറന്നെങ്കിലും വന്‍കിട കരാറുകാര്‍ക്ക് മാത്രമാണ് പ്രയോജനമുണ്ടായത്. ആദ്യം വൈകിട്ട് 5 വരെ ബില്‍ മാറാമെന്ന നിര്‍ദേശം വന്നെങ്കിലും പിന്നീട് രാത്രി 12.30 വരെ ബില്‍ മാറിക്കൊടുക്കാന്‍ നിര്‍ദേശം ലഭിച്ചു. എന്നാല്‍, ജനങ്ങളുടെ നിക്ഷേപം ഖജനാവില്‍ വാങ്ങുന്നത് പുതിയ സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാരിനുള്ള വിമുഖത തിങ്കളാഴ്ച മുതല്‍ മറനീക്കുകയാണ്. പുതിയ സാമ്പത്തികവര്‍ഷം മുതല്‍ ട്രഷറി നിക്ഷേപത്തിന് സര്‍ക്കാര്‍ അരശതമാനം പലിശ കുറച്ചു. സ്ഥിരനിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കിയിരുന്ന 9.5 ശതമാനം പലിശ ഒമ്പതായി. മറ്റുള്ളവര്‍ക്ക് ഒമ്പതുശതമാനം ആയിരുന്നത് ഇനി 8.5 ശതമാനമേ ലഭിക്കൂ. സ്വകാര്യബാങ്കുകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ട്രഷറി നിക്ഷേപത്തിന്റെ പലിശനിരക്കില്‍ മാറ്റംവരുത്തിയിട്ടുള്ളത്.
deshabhimani 020413
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment