Thursday, April 11, 2013
അങ്കണവാടിയില്‍ കഞ്ഞി മാത്രം; ഉള്‍പ്രദേശത്ത് അതുമില്ല
അഗളി: കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യകാര്യത്തില്‍ പ്രധാനപങ്ക് വഹിക്കേണ്ട അങ്കണവാടികളുടെ സ്ഥിതി അട്ടപ്പാടിയില്‍ പരിതാപകരം. "പോഷകാഹാര"മായി കഞ്ഞി മാത്രമാണ് മിക്കയിടത്തും നല്‍കുന്നത്. ദൂരെയുള്ള ഊരുകളില്‍ അതും കിട്ടാറില്ല. അട്ടപ്പാടി മേഖലയിലെ മൂന്നു പഞ്ചായത്തിലായി 172 അങ്കണവാടിയില്‍ 4402 കുട്ടികള്‍ എത്തുന്നുണ്ട്. ഇതില്‍ ശരാശരി 30 ശതമാനം കുട്ടികള്‍ക്ക് തൂക്കക്കുറവുണ്ടെന്ന് സംയോജിത ശിശുവികസന പരിപാടി(ഐസിഡിഎസ്) അധികൃതര്‍ സമ്മതിക്കുന്നു. അരിയും പയറും ചേര്‍ന്ന കഞ്ഞി, ഉപ്പുമാവ്, ശര്‍ക്കരയും അവിലും എന്നിവ അടങ്ങിയ ഭക്ഷണക്രമമാണ് അങ്കണവാടികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ അട്ടപ്പാടിയില്‍ കഞ്ഞി മാത്രമാണ് ചില കേന്ദ്രങ്ങളില്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഗുണനിലവാരം ഇല്ലെന്നും പരാതിയുണ്ട്. ഇത് പരിശോധിക്കാനുള്ള സംവിധാനവും ഇവിടെയില്ല.
സ്വകാര്യവ്യക്തിയാണ് അട്ടപ്പാടിയില്‍ ഭക്ഷ്യവസ്തു ഇറക്കുന്നത്. ചില സൊസൈറ്റികളുടെ പേരിലാണ് ഇടപാട് മുഴുവന്‍. ഭരണത്തില്‍ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന ഇയാള്‍ ഇറക്കുന്ന സാധനങ്ങള്‍ പരിശോധിക്കാനോ പരാതിപ്പെടാനോ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ തയ്യാറുമല്ല. ആറുമാസംമുതല്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്താകെ അങ്കണവാടികള്‍ മുഖേന "അമൃതം"പൊടി നല്‍കുന്നുണ്ട്. പോഷകമൂല്യമുള്ള "അമൃതം" ഒരുകുട്ടിക്ക് പ്രതിമാസം മൂന്നുകിലോവരെ നല്‍കണമെന്നാണ് നിര്‍ദേശം. അട്ടപ്പാടിയിലെ അങ്കണവാടികളില്‍ കുട്ടികളുടെ എണ്ണമനുസരിച്ച് പ്രതിമാസം 13,206 കിലോ അമൃതംപൊടി വേണം. ഇവിടെ വിതരണം ചെയ്യുന്നത് വെറും 6,000 കിലോയ്ക്ക് താഴെ.
അട്ടപ്പാടിയില്‍ അമൃതം നിര്‍മിച്ചു നല്കുന്ന കുടുംബശ്രീയൂണിറ്റായ "തേജസ്സി"ന് ഒരു വര്‍ഷമായി തുക കുടിശ്ശികയാണ്. അഗളി പഞ്ചായത്തുമാത്രം 15ലക്ഷംരൂപ നല്‍കാനുണ്ട്. വാര്‍ഷികപദ്ധതിയില്‍ പൂരകപോഷകാഹാരത്തിന് തുക വകയിരുത്തുന്നതിലും പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാണിക്കുന്നു. അഗളി പഞ്ചായത്തില്‍ പോഷകാഹാരവിതരണത്തിന് ഒരുകോടിയോളം രൂപ വേണം. വകയിരുത്തുന്നത് 42 ലക്ഷംമാത്രം. ഈ സ്ഥിതി തുടര്‍ന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അഗളി പഞ്ചായത്തിലെ അങ്കണവാടികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാല്, മുട്ട, ഉപ്പുമാവ്, ഗോതമ്പുകഞ്ഞി, പയര്‍, കടലമിഠായി ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കിയിരുന്നു. മാവേലി, ത്രിവേണി സ്റ്റോറുകള്‍വഴിയാണ് അന്ന് സാധനങ്ങള്‍ എത്തിച്ചിരുന്നത്. അതേസമയം, അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായത് സംബന്ധിച്ച് ഗൗരവമായ നടപടിയൊന്നും ബുധനാഴ്ച സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
deshabhimani 110413
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment