Thursday, April 11, 2013
കേരള സഹകരണസംഘം രണ്ടാം ഭേദഗതി ബില്‍ പാസാക്കി
2013ലെ കേരള സഹകരണസംഘം രണ്ടാം ഭേദഗതി ബില്‍ നിയമസഭ പാസാക്കി. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കുള്ള അധികാരങ്ങള്‍ സഹകരണ രജിസ്ട്രാറുടെ കീഴുദ്യോഗസ്ഥര്‍ക്കുകൂടി ഏല്‍പ്പിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് സഹകരണസംഘം രണ്ടാം ഭേദഗതിബില്‍. സഹകരണസംഘം ആക്ടിനുകീഴിലുള്ള സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമബോര്‍ഡ് രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. മന്ത്രി സി എന്‍ ബാലകൃഷ്ണനാണ് ബില്‍ അവതരിപ്പിച്ചത്.
സഹകരണമേഖലയില്‍ ജനാധിപത്യം സംരക്ഷിക്കാനാകണം സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 1991ലെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സഹകരണമേഖലയില്‍ യുദ്ധമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മാറുന്നതനുസരിച്ച് ജില്ലാബാങ്ക് ഭരണവും മാറുന്ന സ്ഥിതിക്ക് അറുതി വരുത്തണം. കേരളത്തിലെ സഹകരണബാങ്കുകളിന്മേല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് മേഖലയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. അഡ്മിനിസ്്ട്രേറ്റീവ് ഭരണം ആറുമാസത്തിനപ്പുറം കടന്നാല്‍ അത് ഭരണഘടനാ വിരുദ്ധമാകും. നിര്‍ദിഷ്ട കാലയളവിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി ബോര്‍ഡുകള്‍ രൂപീകരിക്കണം. സഹകരണമേഖലയെ തകര്‍ക്കാന്‍ വിദേശബാങ്കുകള്‍ക്ക് കടന്നുകയറാന്‍ അവസരമൊരുക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദേശം മറികടന്നാണ് ഈ നീക്കം. സഹകരണമേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കാനുള്ള സാധ്യത സംസ്ഥാനസര്‍ക്കാര്‍ ആരായണം. വിദ്യാഭ്യാസ, മെഡിക്കല്‍ മേഖലകളില്‍ സഹകരണമേഖല നല്‍കിയിട്ടുള്ള സംഭാവന കണക്കിലെടുത്ത് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ സഹകരണലക്ഷ്യം ബില്ലില്‍ അവ്യക്തമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സഹകരണമേഖല കേരളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒട്ടേറെ എന്‍ജിനിയറിങ് കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കണ്‍സ്യൂമര്‍ഫെഡുപോലുള്ള സംരംഭങ്ങളും സഹകരണമേഖലയുടെ സംഭാവനകളാണ്. സഹകാരികള്‍ ഉണ്ടാക്കിയ ആസ്തിയാണ് പരിയാരം മെഡിക്കല്‍ കോളേജിലുള്ളത്. ഈ സ്ഥാപനത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍, കെ കെ നാരായണന്‍, കെ ശിവദാസന്‍നായര്‍ എന്നിവരും ഭേദഗതി അവതരിപ്പിച്ച് സംസാരിച്ചു.
മുനിസിപ്പാലിറ്റി, പങ്കാളിത്ത ബില്ലുകള്‍ പാസാക്കി
2013ലെ കേരള മുനിസിപ്പാലിറ്റി രണ്ടാം ഭേദഗതി ബില്‍, 2011ലെ ഇന്ത്യന്‍ പങ്കാളിത്ത കേരള ഭേദഗതി ബില്‍ എന്നിവ നിയമസഭ പാസാക്കി. 1999 ഒക്ടോബര്‍ 15 മുതല്‍ 2008 ഡിസംബര്‍ 31 വരെ നടത്തിയിട്ടുള്ള അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നിബന്ധനയ്ക്ക് വിധേയമായി വ്യവസ്ഥചെയ്ത് നല്‍കുന്നതാണ് 2013ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേഗദതി) ബില്‍. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഓണറേറിയം പറ്റുന്നവര്‍ക്കും തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥയും ഇതിലുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാരുകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍, ഇവയില്‍ ഏതെങ്കിലും സ്ഥാപനത്തില്‍നിന്ന് ഓണറേറിയം പറ്റുന്നവരും മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്നതിന് മത്സരിക്കാന്‍ യോഗ്യരായിരിക്കില്ല.
1994ലെ കേരള മുനിസിപ്പല്‍ ആക്ടിലെ 86-ാം വകുപ്പില്‍ ഭേദഗതി വരുത്തും. ആക്ട് അനുസരിച്ച് ഡീലിമിറ്റേഷന്‍ കമീഷന്‍ വാര്‍ഡ് വിഭജനവും അവയുടെ അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ഉത്തരവിന് നിയമപ്രാബല്യമുണ്ടാവും. വിവിധ രേഖകള്‍ക്കു നല്‍കേണ്ട ഫീസ് വര്‍ധിപ്പിക്കാനാണ് ഇന്ത്യന്‍ പങ്കാളിത്ത കേരള ഭേദഗതി ബില്‍ കൊണ്ടുവന്നത്. നിലവില്‍ 50 പൈസ മുതല്‍ 15 രൂപവരെയാണ് ഫീസ്നിരക്ക്. 1973ല്‍ നിശ്ചയിച്ച നിരക്കുകളാണ് ഇതുവരെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് 50 രൂപ മുതല്‍ 300 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.
deshabhimani 110413
Labels:
നിയമസഭ,
വാര്‍ത്ത,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment