Thursday, April 18, 2013

ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട്: അതിരപ്പിള്ളി മാറ്റങ്ങളോടെ നടപ്പാക്കാം


കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ട മേഖലയില്‍ അണക്കെട്ട് നിര്‍മാണം അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി ഡോ. കെ കസ്തൂരിരംഗന്‍ തലവനായ ഉന്നതതല സമിതി കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജയ്റാം രമേശ് പരിസ്ഥിതിമന്ത്രിയായിരിക്കെ ചുമതലപ്പെടുത്തിയ ഡോ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി വികസന സമിതിയുടെ സുപ്രധാന നിര്‍ദേശങ്ങളെല്ലാം തള്ളുന്നതാണ് കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്.

കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന അതിരപ്പിള്ളി വൈദ്യുതിപദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകാമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരളത്തിലെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യം കണ്ടില്ലെന്ന് നടിക്കരുതെന്ന് അഭിപ്രായപ്പെടുന്ന സമിതി പദ്ധതി വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതം ഗൗരവത്തില്‍ പരിഗണിക്കണമെന്നും അഭിപ്രായപ്പെടുന്നു. അതിരപ്പിള്ളിക്കു മുകളിലായി ചാലക്കുടി പുഴയില്‍ മറ്റൊരു അണയുണ്ട്. കാലവര്‍ഷ തോത് പലപ്പോഴും പ്രവചനാതീതമായതിനാല്‍ പുഴയിലെ നീരൊഴുക്കില്‍ സ്വാഭാവികമായും വ്യതിയാനം വരാറുണ്ട്. ഇത് കണക്കിലെടുത്ത് പദ്ധതിയില്‍നിന്നുള്ള വൈദ്യുതോല്‍പ്പാദനം എത്രവേണമെന്ന് പുനര്‍നിശ്ചയിക്കാം. അതോടൊപ്പം പദ്ധതി വരുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടം നികത്താനാകുംവിധം വൈദ്യുതോല്‍പ്പാദനം സാധ്യമാകുമോയെന്ന പരിശോധനയും വേണം. ഇതെല്ലാം പരിഗണിച്ച് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാം.

1,64,280 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പശ്ചിമഘട്ട മേഖലയെ സ്വാഭാവിക ഭൂപ്രകൃതിയായും ജനവാസമുള്ള സാംസ്കാരിക ഭൂപ്രകൃതിയായും തിരിച്ചുള്ളതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. ആകെ മേഖലയുടെ 59 ശതമാനം സാംസ്കാരിക ഭൂപ്രകൃതിയാണ്. സ്വാഭാവിക ഭൂപ്രകൃതി ശേഷിക്കുന്ന 41 ശതമാനമാണ്. ഈ മേഖലയുടെ 90 ശതമാനം വരുന്ന ആകെ പശ്ചിമഘട്ട മേഖലയുടെ 37 ശതമാനം പ്രദേശത്തെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമായ പരിസ്ഥിതി ദുര്‍ബലമേഖലയായി വേര്‍തിരിച്ചത്. ആകെ 60,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയാണ് പരിസ്ഥിതി ദുര്‍ബലപ്രദേശം. കേരളത്തില്‍ വരുന്ന പശ്ചിമഘട്ട മേഖലയുടെ 44.15 ശതമാനം പരിസ്ഥിതിദുര്‍ബലമായി വേര്‍തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12,477 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം സ്വാഭാവിക ഭൂപ്രകൃതിയും 17,214 ചതുരശ്രകിലോമീറ്റര്‍ സാംസ്കാരിക ഭൂപ്രകൃതിയുമാണ്.

പാരിസ്ഥിതിക ദുര്‍ബലമേഖലയില്‍ പരിസ്ഥിതിക്ക് വലിയ ദോഷങ്ങള്‍ വരുത്തുംവിധമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം നിര്‍ദേശിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പശ്ചാത്തലസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൂക്ഷ്മമായ പഠനത്തിനുശേഷമേ അനുമതി നല്‍കാവൂവെന്ന് സമിതി പറയുന്നു. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, മണല്‍ ഖനനം എന്നിവ പൂര്‍ണമായി നിരോധിക്കും. നിലവില്‍ ഖനനം നടക്കുന്ന ഖനികള്‍ അഞ്ചുവര്‍ഷത്തിനകം ഇല്ലാതാക്കണം. താപവൈദ്യുതനിലയം അനുവദിക്കാന്‍ പാടില്ല. ജലവൈദ്യുത പദ്ധതികള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതിയാകാം. പരിസ്ഥിതിആഘാതം കൂടുതലായ ചുവന്ന ശ്രേണിയില്‍ വരുന്ന വ്യവസായങ്ങള്‍ക്കും പൂര്‍ണ നിരോധനമാണ്. ഭക്ഷ്യ- പഴ സംസ്കരണ പദ്ധതികള്‍ ഉള്‍പ്പെടുമെന്നതിനാല്‍ ഓറഞ്ച് വിഭാഗത്തില്‍ വരുന്ന വ്യവസായങ്ങള്‍ക്ക് പൂര്‍ണ നിരോധനമില്ല. വന്‍കിട നിര്‍മാണങ്ങള്‍ അനുവദിക്കില്ല. ടൗണ്‍ഷിപ് പദ്ധതികളും മേഖലാ വികസന പദ്ധതികളും പാടില്ല. കുറഞ്ഞ പരിസ്ഥിതി ആഘാതമുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാം. എല്ലാ ഭാവിപദ്ധതികള്‍ക്കും ഗ്രാമസഭകളുടെ അനുമതി വേണം. ഗ്രാമങ്ങളുമായി ആലോചിച്ചുവേണം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. വന്യജീവി സംരക്ഷണത്തിനായും മറ്റും സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളും തദ്ദേശവാസികളുടെ അനുമതിയോടെ വേണം നടപ്പാക്കാന്‍.
(എം പ്രശാന്ത്)

deshabhimani 180413

No comments:

Post a Comment