Wednesday, April 17, 2013

പിണറായി വധോദ്യമം: ആര്‍എംപി ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചന


സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുനേരെ നടന്ന വധോദ്യമത്തില്‍ ആര്‍എംപിയുടെ ബന്ധം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. ആര്‍എംപിക്കാരായ രണ്ടുപേരെ ബുധനാഴ്ച കണ്ണൂരിലേക്ക് വിളിപ്പിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. ഓര്‍ക്കാട്ടേരി സ്വദേശികളായ ഇവരില്‍നിന്ന് ഗൂഢാലോചനയിലേക്ക്വിരല്‍ചൂണ്ടുന്ന സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ആര്‍എംപിയുടെ ചില പ്രധാന നേതാക്കള്‍ നിരീക്ഷണത്തിലാണ്. വധോദ്യമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ആയുധങ്ങള്‍ക്കായി ബന്ധപ്പെട്ട നാല് കൊല്ലന്മാരെയും വ്യാഴാഴ്ച വിളിപ്പിച്ചിട്ടുണ്ട്. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍നിന്ന് പിടിച്ചെടുത്ത തോക്കും കത്തിവാളും ബുധനാഴ്ച അന്വേഷണോദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനായില്ല. ഇതിനായുള്ള അപേക്ഷ തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോടതിയില്‍ ചെന്ന് ആയുധങ്ങള്‍ പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ, വെള്ളിയാഴ്ച കോഴിക്കോട്ട് ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേരുന്ന ഉത്തരമേഖലയിലെ പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ പിണറായി വധോദ്യമക്കേസും ചര്‍ച്ചാവിഷയമാകും. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ചുറ്റിപ്പറ്റിയല്ലാതെ ഗൗരവമായ അന്വേഷണം നടക്കുന്നില്ലെന്ന വിമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരിക്കാന്‍ ഉന്നതതല ഇടപെടലുണ്ടെന്ന സംശയവും ശക്തമാണ്. ആഭ്യന്തരമന്ത്രി വിളിച്ച റേഞ്ച്തല യോഗത്തിന്റെ മുന്നോടിയായാണ് ഡിജിപിയുടെ യോഗം. ലോക്കല്‍ പൊലീസിനു പുറമെ സ്പെഷല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം ഹാളില്‍ ചേരുന്ന യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ഡിവൈഎസ്പിമുതല്‍ എഡിജിപിവരെയുള്ളവരാണ് പങ്കെടുക്കേണ്ടത്. 23നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇതേ ഉദ്യോഗസ്ഥരുടെ യോഗം.

deshabhimani 180413

No comments:

Post a Comment