Tuesday, April 2, 2013
ചരിത്രപ്രദര്‍ശനം അഭിനന്ദനാര്‍ഹം
""തൊഴിലാളിവര്‍ഗ ചരിത്രവും വിപ്ലവ പ്രസ്ഥാനം കടന്നുവന്ന വഴിയും പ്രദര്ശിപ്പിക്കുവാന് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. പുതുതലമുറയ്ക്ക് പഠനാര്ഹമായരീതിയില് പ്രദര്‍ശനം ഒരുക്കിയതിന് അഭിനന്ദനം"" -സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഒരുക്കിയ ചരിത്രപ്രദര്‍ശനം കണ്ടശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചിട്ട വാക്കുകള്‍.
പൊലീസ് മൈതാനിയില്‍ പ്രതിനിധി സമ്മേളനം നടക്കുന്ന ദീപാങ്കര്‍ മുഖര്‍ജി ഹാളിന്റെയും നഗരിയുടെയും ഭക്ഷണശാലയുടെയും ഒരുക്കങ്ങള്‍ നോക്കിക്കണ്ടശേഷമാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ പിണറായി ചരിത്രപ്രദര്‍ശന ഹാളിലെത്തിയത്. പ്രദര്‍ശന നഗരിയിലെ സി കണ്ണന്റെ ചിത്രത്തിനുമുന്നില്‍ അല്പ നിമിഷം ആദരവോടെ നിന്നു. പിന്നീട് തീവണ്ടി ആവി എന്ജിന് മാതൃക കൗതുകപൂര്‍വം വീക്ഷിച്ചു. ചരിത്രം സൃഷ്ടിച്ച സമരങ്ങളുടെ പുനരാവിഷ്കാരവും ചരിത്ര പുരുഷന്മാരുടെ ചിത്രങ്ങളും കണ്ടു. തയ്യാറാക്കിയ ശില്പികളെയും ചിത്രകാരന്മാരെയും അഭിനന്ദിക്കുകയും ചെയ്തു. കാവുമ്പായി, കയ്യൂര്‍, കരിവെള്ളൂര്‍ സമര ശില്പങ്ങള് വീക്ഷിച്ചശേഷം കൂത്തുപറമ്പ് സംഭവത്തിന്റെ ദൃശ്യാവിഷ്കാരത്തിനു മുന്നിലെത്തിയപ്പോള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ പങ്കുവച്ചു. തൊഴിലും അറിവും ഇഴചേരുന്ന "ബീഡിപ്പണിശാല" കൗതുകത്തോടെ കണ്ടു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്, സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കൃഷ്ണന്, വി നാരായണന്, സി കൃഷ്ണന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും പ്രദര്‍ശനം സന്ദര്‍ശിച്ചു.
ചുവപ്പില്‍ മുങ്ങി കണ്ണൂര്‍
കണ്ണൂര്‍: സമരഗാഥകളുടെ മണ്ണ് മഹാസമ്മേളനത്തെ വരവേല്‍ക്കാന്‍ ചെമ്പട്ടണിഞ്ഞൊരുങ്ങി. സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ തേരോട്ടങ്ങള്‍ക്ക് തട്ടകമായ കണ്ണൂര്‍ സിഐടിയു ദേശീയ സമ്മേളനത്തിന് ആദ്യമായി ആതിഥ്യമൊരുക്കുമ്പോള്‍ മണ്ണും മനസ്സും ചുവന്നു തുടുക്കുകയാണ്. രക്തസാക്ഷിത്വങ്ങളുടെയും ത്യാഗങ്ങളുടെയും നാള്‍വഴികള്‍ താണ്ടിയ മഹാപ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ് കണ്ണൂരിലെ ഒരുക്കങ്ങള്‍. കണ്ണൂരിന്റെ നാട്ടിടവഴികള്ക്കുപോലും ഇപ്പോള്‍ ചുവപ്പാണ്. കൊടിതോരണങ്ങളാല്‍ എങ്ങും അലംകൃതം. മുക്കിലും മൂലയിലും നേതാക്കളുടെ ഛായാപടങ്ങള്‍, സുന്ദരമായ സംഘാടകസമിതി ഓഫീസുകള്‍. നാടുണര്‍ത്തുന്ന വിവിധ പരിപാടികള്‍. കലാവിരുതും കൗതുകവും സമന്വയിക്കുന്ന പ്രചാരണോപാധികള്‍ അത്യാകര്‍ഷകം. കണ്ണൂര്‍ തെക്കീബസാറില് അന്യസംസ്ഥാന തൊഴിലാളികളുടെ ചിത്രമുള്ള ഹിന്ദി ബോര്‍ഡ്, മുനിസിപ്പല്‍ ബസ്സറ്റാന്ഡ് കെട്ടിടത്തിലെ കൂറ്റന്‍ ബാനര്‍, കെഎസ്ആര്ടിസിക്കുമുമ്പില് തൊഴിലാളികള്‍ സ്ഥാപിച്ച ട്രാന്‍സ്പോര്‍ട് ബസിന്റെ കൂറ്റന്‍ മാതൃക, വൈദ്യുതിഭവനുമുമ്പില് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ വൈദ്യുതി ടവര്‍ മാതൃക തുടങ്ങിയവ പ്രചാരണത്തിന് വ്യത്യസ്തത പകരുന്നു.
വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. 60 കഴിഞ്ഞ തൊഴിലാളികളെ ആദരിച്ച പരിപാടി മാതൃകാപരമായി. അര ലക്ഷത്തിലധികംപേരെ 200 കേന്ദ്രങ്ങളിലായി നടന്ന പരിപാടിയില്‍ ആദരിച്ചു. അന്യസംസ്ഥാന തൊഴിലാളികളും പങ്കെടുത്തു. 17 ഏരിയകളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ സംഘടിപ്പിച്ച ടി എം ജനാര്ദനന് സ്മാരക വോളി ഫെസ്റ്റും കമ്പവലി മത്സരവും കായികപ്രേമികള്‍ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. പയ്യാമ്പലം ബീച്ചില്‍ നടത്തിയ ചിത്രകാരസംഗമവും പോര്‍ട്രെയിറ്റ് ക്യാമ്പും ആകര്‍ഷകമായി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വിളംബര ജാഥകള്‍ സമ്മേളനത്തിന്റെ കേളികൊട്ടായി. കണ്ണൂര്‍ പൊലീസ് മൈതാനിയിലെ ചരിത്രപ്രദര്‍ശനം പതിനായിരങ്ങള്‍ക്ക് കൗതുകവും വിജ്ഞാനവും പകര്‍ന്ന് തുടരുകയാണ്. എട്ടിന് തൊഴിലാളിപ്രസ്ഥാനത്തിന്റെ സംഘശക്തി വിളിച്ചോതുന്ന സമാപനറാലിയില്‍ രണ്ടുലക്ഷം പേര് അണിനിരക്കും.
പതാകജാഥ പ്രയാണം തുടങ്ങി
ആലപ്പുഴ: സിഐടിയു അഖിലേന്ത്യാ സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള രക്തപതാകയും വഹിച്ചുള്ള ജാഥ പുന്നപ്ര- വയലാര്‍ സമരസേനാനികള്‍ അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്ന് പ്രയാണം തുടങ്ങി. വലിയചുടുകാട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുന്നപ്ര സമരസേനാനി പി കെ ചന്ദ്രാനന്ദന്‍ ജാഥാക്യാപ്റ്റന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് പതാകകൈമാറി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ആനത്തലവട്ടം ആനന്ദന്, കെ ചന്ദ്രന്‍പിള്ള, ജെ മേഴ്സികുട്ടിയമ്മ എന്നിവര്‍ സംസാരിച്ചു. ജാഥയ്ക്ക് മാരാരിക്കുളം രക്തസാക്ഷിമണ്ഡപം, ചേര്‍ത്തല മുട്ടം കവല, വയലാര്‍ രക്തസാക്ഷി മണ്ഡപം, അരൂര്‍ ക്ഷേത്രം കവല എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.
ജില്ലാ അതിര്‍ത്തിയായ ഇടക്കൊച്ചിയില്‍ ജാഥയെ എറണാകുളത്തേയ്ക്ക് വരവേറ്റു. സിഐടിയു ജില്ലാ പ്രസിഡന്റ് കെ ജെ ജേക്കബ് ജാഥാ ക്യാപ്ടനെ ഷാള്‍ അണിയിച്ചു. ഇരുചക്രവാഹനങ്ങളുടെയും ചുവപ്പ്സേന മാര്‍ച്ചിന്റെയും അകമ്പടിയോടെയാണ് ജാഥയെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ആനയിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ ആനത്തലവട്ടം ആനന്ദന്, അംഗങ്ങളായ ജെ മേഴ്സിക്കുട്ടിയമ്മ, അഡ്വ. വി വി ശശീന്ദ്രന്, അഡ്വ. കെ പ്രസാദ്, കെ എന്‍ ഗോപിനാഥ് എന്നിവരും സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്, സെക്രട്ടറി കെ ചന്ദ്രന്‍പിള്ള തുടങ്ങിയവരും സംസാരിച്ചു. തോപ്പുംപടി ബി ടി ആര് ജങ്ഷന്, ഹൈക്കോടതി കവല, ഏലൂര്‍ ഫാക്ട് ജങ്ഷന്, അങ്കമാലി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കറുകുറ്റിയില്വച്ച് തൃശൂര്‍ ജില്ലയിലെ സിഐടിയു പ്രവര്‍ത്തകര്‍ ജാഥയെ വരവേറ്റു.
deshabhimani
Labels:
വാർത്ത,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment