Friday, April 12, 2013

തൊഴിലാളികള്‍ക്ക് നട്ടുച്ചക്കും വിശ്രമമില്ല


സൂര്യാഘാതം കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് പകല്‍ 12 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പല സ്ഥലങ്ങളിലും പണി നടക്കുന്നത് കൊടുംചൂടില്‍തന്നെ. കെട്ടിടനിര്‍മാണ മേഖലയിലാണ് തൊഴിലാളികള്‍ കൂടുതലും നിന്നുരുകുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് മിക്കവാറും സ്ഥലങ്ങളില്‍ വെയില്‍കൊണ്ട് പണി ചെയ്യേണ്ടി വരുന്നത്. എറണാകുളത്ത് ജില്ലാകോടതിയുടെ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതും പൊരിവെയിലത്താണ്. പത്തോളം തൊഴിലാളികളാണ് പകല്‍ 12 മുതല്‍ മൂന്നുവരെ കുട്ടകളില്‍ മെറ്റല്‍ നിറയ്ക്കാനും കോണ്‍ക്രീറ്റ് കൂട്ടാനുമെല്ലാം നിയോഗിക്കപ്പെട്ടത്. പഴയ ജില്ലാകോടതിക്ക് തൊട്ടടുത്തുതന്നെയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. ഇവര്‍ക്ക് ഒരുവിധ സുരക്ഷയും ഒരുക്കാതെയാണ് പണി തകൃതിയായി നടത്തുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കെട്ടിടനിര്‍മാണം നടക്കുന്ന കാക്കനാടും മൂന്നുമണിക്കൂര്‍ തൊഴിലാളികള്‍ക്ക് വിശ്രമം നടപ്പായിട്ടില്ല. ഇന്‍ഫോപാര്‍ക്കിന്റെ പുതിയ കെട്ടിടം, കാക്കനാട് സിഗ്നലിനു സമീപമുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പതിവുപോലെ വ്യാഴാഴ്ചയും തുടര്‍ന്നു. മൂവാറ്റുപുഴയാറില്‍നിന്ന് നഗരത്തിലേക്ക് വെള്ളം എത്തിക്കാനുള്ള ജനറം കുടിവെള്ളപദ്ധതിയുടെ പൈപ്പ്ലൈനുകള്‍ ഇടുന്നത് അടക്കമുള്ള ജോലികള്‍ക്കും വിശ്രമം ഉണ്ടായില്ല. മണീട് വെട്ടിക്കലില്‍ പന്ത്രണ്ടോളം തൊഴിലാളികളാണ് നട്ടുച്ചയ്ക്കും ജോലി ചെയ്തത്. തൊഴിലാളികള്‍ക്ക് പകല്‍ വിശ്രമം അനുവദിക്കാന്‍ ഉത്തരവിറക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണാണ് നിയമസഭയെ അറിയിച്ചത്. ഇത് പരിശോധിക്കാന്‍ തൊഴില്‍സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും മന്ത്രി അവകാശപ്പെട്ടു. തൊഴിലിടങ്ങളിലെ ജോലിസമയം ക്രമീകരിക്കുന്നതുസംബന്ധിച്ച നിര്‍ദേശം കെട്ടിടനിര്‍മാണ തൊഴിലാളി യൂണിയനാണ് (സിഐടിയു) കോണ്‍ട്രാക്ടര്‍മാരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ആദ്യം സമര്‍പ്പിച്ചത്. മറ്റ് സംഘടനകള്‍ ഈ വിഷയത്തില്‍ മൗനംപാലിക്കുകയാണ് ചെയ്തതെന്ന് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി ഹംസ പറഞ്ഞു. പല സ്ഥലങ്ങളിലും നട്ടുച്ചയ്ക്കു നടത്തുന്ന ടാറിങ്ജോലികളുടെ സമയം ക്രമീകരിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

(ശ്രീരാജ് ഓണക്കൂര്‍) deshabhimani 120413

No comments:

Post a Comment