Friday, April 12, 2013
അട്ടപ്പാടി ഊരുകളില്‍ മുതിര്‍ന്നവരുടെ മരണസംഖ്യയും കൂടുന്നു
അട്ടപ്പാടി ആദിവാസി ഊരുകളില്‍ രോഗവും മരണവും വര്‍ധിക്കുന്നു. പോഷകാഹാരക്കുറവുമൂലം നവജാതശിശുക്കള്‍ മരിക്കുന്നതോടൊപ്പം മുതിര്‍ന്നവരുടെ മരണസംഖ്യയും കൂടുന്നു. 2011 ജനുവരി മുതല്‍ 2012 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 776 പേരാണ് ഈ മേഖലയില്‍ മരിച്ചത്. വിവിധ ആശുപത്രികളിലായി രോഗം ബാധിച്ച 118 പേരും മരിച്ചു. ഇതിനുശേഷമുള്ള കണക്കുകൂടി എടുത്താല്‍ മരണസംഖ്യ ഗണ്യമായി ഉയരും. അതേസമയം ഒന്നരവര്‍ഷത്തിനിടെ ജനനം 600ല്‍ താഴെ മാത്രമാണ്. ആദിവാസികളില്‍ വ്യാപകമായ വന്ധ്യതയുടെ ഫലമാണിതെന്നാണ് കണക്കാക്കുന്നത്. നേരത്തെ നടത്തിയ പഠനത്തില്‍ 500ലധികം ദമ്പതികളില്‍ വന്ധ്യത കണ്ടെത്തിയിരുന്നു. ആദിവാസികളില്‍ സിസേറിയന്‍ വര്‍ധിക്കുന്നതും അമ്മമാരുടെ ആരോഗ്യസ്ഥിതി മോശമാക്കുന്നു. ഗര്‍ഭകാലത്ത് ആവശ്യമായ പോഷകാഹാരം ലഭിക്കാത്തതിനാല്‍ മോശമായ ആരോഗ്യസ്ഥിതിയാണ് സിസേറിയനു കാരണം.
ഗര്‍ഭിണികള്‍ക്ക് സഹായമായി 4000 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരവധി തവണ ഓഫീസുകളില്‍ കയറിയിറങ്ങിയാലും പ്രസവത്തിന് മുമ്പ് തുക ലഭിക്കാറില്ല. 70,000 ജനസംഖ്യയുള്ള അട്ടപ്പാടിയില്‍ 30000 പേരും ആദിവാസികളാണ്. ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചുമതലപ്പെട്ട പട്ടികവര്‍ഗ, സാമൂഹ്യക്ഷേമ, ആരോഗ്യവകുപ്പുകളുടെ പ്രവര്‍ത്തനം തീര്‍ത്തും അവതാളത്തിലായി. ആനക്കട്ടി, ഷോളയൂര്‍, പുത്തൂര്‍ സിഎച്ച്സികളുടെ നില പരിതാപകരമാണ്. ആദിവാസികള്‍ കൂടുതലുള്ള പ്രദേശത്താണ് മൂന്ന് സബ്സെന്ററുകളും. എല്ലാ കേന്ദ്രത്തിലും ജീവനക്കാരുണ്ടെങ്കിലും താമസിക്കാനും പ്രവര്‍ത്തിക്കാനും ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. അട്ടപ്പാടിയിലെ മൂന്ന് പഞ്ചയത്തുകളിലായി 172 അങ്കണവാടികളുണ്ടെങ്കിലും ഐസിഡിഎസില്‍ ആറ് സൂപ്പര്‍വൈസര്‍ വേണ്ടിടത്ത് ഒരാളേയുള്ളു. ട്രൈബല്‍ വകുപ്പിന്റെ കീഴില്‍ എല്ലാ ഊരുകളിലും എസ്ടി പ്രൊമോട്ടര്‍മാരുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment