ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ധനമന്ത്രി അമിത് മിത്രയ്ക്കുമെതിരെ ഉയര്‍ന്ന പ്രതിഷേധത്തെപ്പറ്റി ഗവര്‍ണര്‍ എം കെ നാരായണന്‍ നടത്തിയ പ്രസ്താവന അനുചിതവും പദവിക്ക് യോജിക്കാത്തതുമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഗവര്‍ണറുടെ ഇടപെടല്‍ നീതിപൂര്‍വമാണോയെന്ന് പരിശോധിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ച കത്തില്‍ കാരാട്ട് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷപാര്‍ടികളുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുന്നു. ഓഫീസുകള്‍ പരക്കെ തകര്‍ക്കുന്നു. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഗവര്‍ണറുടെ പ്രസ്താവന അക്രമികള്‍ക്ക് ഊര്‍ജം പകരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ ഗവര്‍ണര്‍ അപലപിക്കുന്നത് മനസിലാക്കാം. എന്നാല്‍, ഡല്‍ഹിയിലെ പ്രതിഷേധം മുന്‍കൂട്ടി നിശ്ചയിച്ച ആക്രമണമാണെന്നും അസാധാരണമാണെന്നുമുള്ള പ്രസ്താവന അനുചിതമായി. അമിത് മിത്രയെ തടഞ്ഞവര്‍ക്ക് ജനാധിപത്യചട്ടക്കൂടില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്നുള്ള എം കെ നാരായണന്റെ പ്രസ്താവന അനാവശ്യമാണ്. സിപിഐ എം മാപ്പു പറയണമെന്നുവരെ ഗവര്‍ണര്‍ പറഞ്ഞുവച്ചു. ഇത് പദവിക്ക് യോജിച്ചതല്ല. സംസ്ഥാനത്ത് ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും നേതാക്കള്‍ക്കും ജനാധിപത്യചട്ടക്കൂടില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് പറയുന്നത് ആ പദവിക്ക് യോജിച്ച നടപടിയല്ല- കാരാട്ട് കത്തില്‍ വ്യക്തമാക്കി. കൊല്‍ക്കത്ത രാജ്ഭവനിലുള്ളില്‍ ഇരിക്കുന്ന ഗവര്‍ണര്‍ എങ്ങനെയാണ് ഡല്‍ഹിയിലെ സംഭവം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് അറിയുന്നതെന്ന് കാരാട്ട് ചോദിച്ചു. ഒരു തടസ്സവുമില്ലാതെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി യോജനഭവനിലേക്ക് പോയതും തിരിച്ചുവന്നതുമെന്ന് ദൃശ്യമാധ്യമങ്ങളുടെ ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.
പ്രതിഷേധം വ്യാപകം
കൊല്‍ക്കത്ത: തൃണമൂല്‍ അക്രമത്തിനെതിരെ പശ്ചിമബംഗാളിലെങ്ങും പ്രതിഷേധം. രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഫാസിസ്റ്റ് അക്രമത്തിനെതിരെ അണിനിരന്നു. ഭരണസംവിധാനത്തെ ദുരുപയോഗിച്ച് ജനാധിപത്യാവകാശങ്ങള്‍ ലംഘിക്കുന്ന തൃണമൂല്‍ അക്രമത്തെ വിവിധ തലങ്ങളിലുള്ള പ്രമുഖര്‍ അപലപിച്ചു. രാജ്യത്തെ ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ പ്രസിഡന്‍സി സര്‍വകലാശാല അക്രമിച്ചതില്‍ പ്രതിഷേധിച്ച് വന്‍ റാലി നടന്നു. കോളേജ് സ്വകയറില്‍നിന്ന് എസ്പ്ലനേഡ് വരെ നടന്ന പ്രകടനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരും അണിചേര്‍ന്നു. സര്‍വകലാശാല അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥിനികളെ അപമാനിച്ച നടപടി സംസ്കാരശൂന്യവും ക്രിമിനല്‍ കുറ്റവുമാണന്ന് ഗവര്‍ണര്‍ എം കെ നാരായണന്‍ പറഞ്ഞു.
സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ കക്ഷികളുടെയും ആയിരത്തിലേറെ ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. നൂറുകണക്കിന് ഓഫീസുകള്‍ക്ക് തീയിട്ടു. അക്രമത്തില്‍ പരിക്കേറ്റ് നേതാക്കള്‍ അടക്കം നിരവധിപേര്‍ ആശുപത്രിയിലാണ്. സിപിഐ എം പ്രവര്‍ത്തകരുടെ കടകളും സ്ഥാപനങ്ങളും അടിച്ചുതകര്‍ത്തു. സിലിഗുരിയില്‍ സിപിഐ എം ഡാര്‍ജിലിങ് ജില്ലാകമ്മിറ്റി ഓഫീസ് അക്രമിച്ചതും നേതാക്കളെ മര്‍ദിച്ചതും വികസനമന്ത്രി ഗൗതംദേബിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പൊലീസ് ഓഫീസില്‍ അതിക്രമിച്ചുകടന്ന് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗങ്ങായ അശോക ഭട്ടാചര്യ, ജീബേഷ് സര്‍ക്കാര്‍ എന്നിവരുള്‍പ്പടെ 32 പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അക്രമത്തിനെതിരെ വ്യാഴാഴ്ച സിലിഗുരിയില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ ആചരിച്ചു. എങ്ങും പ്രതിഷേധപ്രകടനവും യോഗങ്ങളും നടന്നു. ഉത്തര 24 പര്‍ഗാസ് ജില്ലയിലെ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ഹൗറ കോര്‍പഷേന്‍ മൈതാനിയിലും വന്‍ പ്രതിഷേധയോഗമാണ് നടന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസു പറഞ്ഞു. ധനമന്ത്രി അമിത് മിത്രയെ തടഞ്ഞതില്‍ ഇടതുമുന്നണി ഖേദം പ്രകടിപ്പിച്ചിട്ടും തൃണമൂല്‍ അക്രമം വ്യാപിപ്പിച്ചു. സംഘടിത അക്രമത്തിനെതിരെ പ്രതിഷേധമുയരണമെന്നും ജനാധിപത്യാവകാശം സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ബിമന്‍ബസു പറഞ്ഞു.
(ഗോപി)
നുണപ്രചാരണംകൊണ്ട് പ്രക്ഷോഭം തകര്‍ക്കാനാകില്ല: എസ്എഫ്ഐ
സുദീപ്ത ഗുപ്തയുടെ കൊലപാതകത്തിനെതിരായ പ്രതിഷേധം കള്ളപ്രചാരണംകൊണ്ട് അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. സുദീപ്തയുടെ കസ്റ്റഡി മരണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തുന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥി സമൂഹം ഒന്നാകെ അണിനിരക്കണമെന്ന് ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
ഡല്‍ഹിയില്‍ ആസൂത്രണ കമീഷന്‍ ആസ്ഥാനത്തുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ യഥാര്‍ഥ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സുദീപ്തയുടെ കൊലപാതകത്തെത്തുടര്‍ന്ന് രാജ്യത്തുയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഡല്‍ഹിയിലും. ഇതില്‍ എസ്എഫ്ഐക്കൊപ്പം മറ്റു ബഹുജനസംഘടനകളും അണിനിരന്നു. പ്രതിഷേധത്തിനിടെ അമിത് മിത്രയെ തടഞ്ഞുവച്ചു. ഇതില്‍ എസ്എഫ്ഐക്ക് പങ്കില്ല. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് സിപിഐ എമ്മും വ്യക്തമാക്കി. എന്നാല്‍, രണ്ടു ദിവസമായി എസ്എഫ്ഐക്കും ഇടതുപക്ഷ പാര്‍ടികള്‍ക്കുമെതിരെ വ്യാപക അക്രമം നടത്തുകയാണ് തൃണമൂല്‍. ഇടതുപക്ഷ പാര്‍ടികളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ഓഫീസുകള്‍ ആക്രമിച്ച് തീയിട്ട് നശിപ്പിച്ചു. ഇടതുപക്ഷ നേതാക്കളും അക്രമത്തിനിരയാകുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേര്‍വാഴ്ചയായിരുന്നു. ഊര്‍ജതന്ത്ര പഠനവിഭാഗത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ബേക്കര്‍ ലാബ് അടിച്ചുതകര്‍ത്തു. 1913ല്‍ ആചാര്യ ജഗദീഷ് ചന്ദ്രബോസ് സ്ഥാപിക്കുകയും നോബേല്‍ സമ്മാന ജേതാവ് ഡോ. സി വി രാമന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ലാബാണിത്. എസ്എഫ്ഐ ജനറല്‍ സെക്രട്ടറി തന്നെ ആക്രമിച്ചെന്നാണ് കഴിഞ്ഞദിവസം മന്ത്രി സുബ്രത മുഖര്‍ജി ആരോപിച്ചത്. അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണിത്.
സംസ്ഥാനത്തെ കോളേജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള റാലിയില്‍ പങ്കെടുത്തതിനാണ് പൊലീസ് സുദീപ്ത ഗുപ്തയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദനം ശരീരത്തില്‍ ഉണ്ടാക്കിയ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജനാധിപത്യ പോരാട്ടത്തിനുള്ള അണയാത്ത പ്രചോദനമാണ് സുദീപ്ത ഗുപ്ത. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം എസ്എഫ്ഐ ശക്തമാക്കുമെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു. എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിമാരായ വിക്രംസിങ്, ശതരൂപ് ഘോഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കോപ്പല്‍, സുമിത് തന്‍വാര്‍, സുനന്ദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എ കെ ജി ഭവനിലേക്ക് പ്രകടനത്തിനുള്ള തൃണമൂല്‍ നീക്കം പാളി
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ധനമന്ത്രി അമിത് മിത്രക്കുമെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനെതിരെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് പ്രകടനം നടത്താനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമം പാളി. പ്രകടനത്തിന് ആളെ കിട്ടാത്തതിനാലാണ് പ്രതിഷേധത്തില്‍ നിന്ന് തൃണമൂല്‍ പിന്മാറിയത്. എ കെ ജി ഭവനിലേക്ക്് പ്രതിഷേധപ്രകടനം നടത്തുമെന്ന് മാധ്യമങ്ങളെയും മറ്റും മൂന്‍കൂട്ടി അറിയിച്ചെങ്കിലും ആളുകള്‍ കുറവായതിനാല്‍ പരിപാടി ജന്ദര്‍മന്ദിറിലേക്ക് മാറ്റി. വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടെ നടന്ന പ്രകടനത്തില്‍ പങ്കെടുത്തത്. മമത ബാനര്‍ജിയാകട്ടെ പ്രധാനമന്ത്രിയെപ്പോലും കാണാതെ കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോകുകയും ചെയ്തു. തൃണമൂല്‍ ഭീഷണിയെ തുടര്‍ന്ന് എ കെ ജി ഭവന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ എകെ ജി ഭവനില്‍ തടിച്ചുകൂടി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരെല്ലാം എ കെ ജി ഭവനില്‍ പതിവുപോലെ എത്തി.
മമതയുടെ ഉന്മാദത്തിന് ജെ പിയും ഇരയായി
ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ളകാലം. ഇന്ദിരയുടെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണന്‍ കൊല്‍ക്കത്തയിലുമെത്തി. ഇന്ദിരയുടെ സ്വേഛാധിപത്യത്തിനെതിരെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രതീകമായി മാറിയ ജെ പിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ജെ പി സഞ്ചരിച്ച കാറിന് മുമ്പിലേക്ക് അതിനിടെ ഒരു യുവതി അലറിവിളിച്ച് ചാടി വീണു. ജെപിയുടെ യാത്ര തടയാന്‍ കാറിന്റെ ബോണറ്റില്‍ കയറി അവര്‍ നൃത്തം വച്ചു. കൂട്ടാളികള്‍ കാറിന്റെ ചില്ല് തകര്‍ത്തു. ഇന്ത്യ മുഴുവന്‍ ആദരിച്ച ജെ പിക്കെതിരെ ഈ അപഹാസ്യസമരം നയിച്ച യുവതി മമത ബാനര്‍ജിയായിരുന്നു. ഇതേ മമതയാണ് ബംഗാള്‍ പൊലീസ് വിദ്യാര്‍ഥി നേതാവിനെ കൊന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ അക്രമമായി ചിത്രീകരിച്ച് ബംഗാളില്‍ ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കുന്നത്. ബംഗാളിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയിട്ടും ജനാധിപത്യവിരുദ്ധമായ മമതയുടെ മനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആവര്‍ത്തിച്ച് തെളിയുന്നത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് പതിമൂന്നാം നാളിലാണ് മാധ്യമപ്പടയുമായി മമത ബാനര്‍ജി ബംഗൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സിലെത്തിയത്. പ്രസിദ്ധമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്യാമപാദ ഗൊരായ് മാധ്യമപ്പടയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം രോഗികള്‍ക്ക് പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടി. അന്നു രാത്രി തന്നെ ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. അടുത്ത ദിവസം നിരവധി ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന ഡോക്ടറെയാണ് അകാരണമായി സസ്പെന്‍ഡ് ചെയ്തത്. മമത ബാനര്‍ജി എന്ന രാഷ്ട്രീയനേതാവിന്റെ ജനാധിപത്യ മൂല്യബോധം അളക്കാനുള്ള ഒരുദാഹരണം മാത്രമാണിത്. ബംഗാളിനെ രക്തത്തില്‍ കുളിപ്പിക്കുന്നില്‍ മമതയ്ക്കുള്ള പങ്ക് തള്ളിക്കളയാനാകില്ല. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമാണിപ്പോള്‍ ബംഗാളില്‍. കഴിഞ്ഞ രണ്ട് ദിവസമായി തൃണമൂലുകാര്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിരവധി അക്രമം നടത്തി. അക്രമം തടയാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി തന്നെയാണ് പൊലീസിനെ നോക്കുകുത്തിയാക്കി ഗുണ്ടാവിളയാട്ടത്തിന് നേതൃത്വം നല്‍കുന്നത്.
എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്ത പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് നിസ്സാരസംഭവമാണെന്ന മമതയുടെ പ്രകോപന പ്രസ്താവനയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമാക്കിയത്. മഹാപ്രതാപിയാണെന്ന തോന്നലോടെ പ്രവര്‍ത്തിക്കുന്ന ഉന്മാദരോഗിയാണ് മമത ബാനര്‍ജിയെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുകൊണ്ടാകാം "മമതബാനര്‍ജിക്ക് അസുഖം ബാധിച്ചാല്‍ സംസ്ഥാനത്തിനും അസുഖം ബാധിക്കുമെന്ന" തമാശ ബംഗാളിലെങ്ങും പ്രചാരം നേടിയത്. അധികാരം വിഭജിച്ച് നല്‍കാന്‍ മമത ഒരിക്കലും തയ്യാറായില്ല. എല്ലാ തീരുമാനങ്ങളും സ്വന്തമായിയെടുക്കും. കാര്‍ട്ടൂണ്‍ വരച്ച ജാദവ്പുര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അഖിലേഷ് മഹാപത്രയെ ജയിലിലിട്ടതും അബ്ദുല്‍റസാഖ് മൊള്ളയെന്ന സമാജികനെ പരസ്യമായി മര്‍ദിച്ചതും നിയമസഭയ്ക്കുള്ളില്‍ രണ്ട് എംഎല്‍മാരെ മര്‍ദിച്ചതും മമതയുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഉദാഹരണം.
ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിലും മമതയുടെ പെരുമാറ്റം ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കെതിരായിരുന്നു. 1998ല്‍ വനിതാസംവരണത്തെ എതിര്‍ത്ത സമാജ്വാദി പാര്‍ടിയിലെ ദരോഗ പ്രസാദ് സരോജിനെ കോളറിന് പിടിച്ച് വലിച്ചിഴച്ചു. 2006ല്‍ രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത്ത്സിങ്ങ് അത്ത്വാളിന്റെ മുഖത്ത് വലിച്ചെറിഞ്ഞു. കൊല്‍ക്കത്തയില്‍ സിഎന്‍എന്‍ ഐബിഎന്‍ നടത്തിയ തല്‍സമയ പരിപാടിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചോദ്യകര്‍ത്താക്കളൊക്കെ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. ഇതൊക്കെ മമതയുടെ അസഹിഷ്ണുതയുടെ നേര്‍സാക്ഷ്യങ്ങളാണ്.
(വി ബി പരമേശ്വരന്‍)
deshabhimani 120413
No comments:
Post a Comment