Friday, April 12, 2013
ആര്യങ്കാവ്: നിര്‍മാണത്തിലുള്ള റെയില്‍പ്പാതവഴി നികുതിവെട്ടിച്ച് വണ്ടികള്‍ കടക്കുന്നു
ആര്യങ്കാവ് ചെക്ക്പോസ്റ്റിനു സമീപം ദേശീയപാതയ്ക്കു സമാന്തരമായി നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാതവഴി നികുതിവെട്ടിച്ച് ചരക്കുലോറികള്‍ കടന്നുപോകുന്നു. പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ നികുതിവെട്ടിപ്പാണ് ഇവിടെ നടക്കുന്നത്. തമിഴ്നാട്ടില്‍നിന്നു ദേശീയപാത 208 വഴി ആര്യങ്കാവ് വാണിജ്യനികുതി ഓഫീസ് പിന്നിട്ടുവരുന്ന ചരക്കുവാഹനങ്ങളാണ് ഇങ്ങനെ കടന്നുപോകുന്നത്. വാഹനനികുതി ചെക്ക്പോസ്റ്റില്‍ എത്തി ചരക്കിന്റെ തൂക്കംനോക്കി അടയ്ക്കേണ്ട നികുതി ഒടുക്കാതെയാണ് ഇവ കേരളത്തിലേക്കു കടക്കുന്നത്. രാത്രിയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ ഈ താല്‍ക്കാലിക പാതവഴി കടന്നുപോകുന്നുവെന്നു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പാറപ്പൊടി, ഗ്രാനൈറ്റ്, മാര്‍ബിള്‍, തടി തുടങ്ങിയവയുമായി വരുന്ന വാഹനങ്ങളാണ് നികുതിവെട്ടിച്ചു കടക്കുന്നത്. പകല്‍ എത്തുന്ന വാഹനങ്ങള്‍ തമിഴ്നാട് അതിര്‍ത്തികടന്ന് വാണിജ്യനികുതി ചെക്ക്പോസ്റ്റിനു മുമ്പായി നിര്‍ത്തിയിടും. ഇവയില്‍ ഭൂരിപക്ഷവും തമിഴ്നാട് രജിസ്ട്രേഷന്‍ വണ്ടികളാണ്. കേരള രജിസ്ട്രേഷന്‍ വാഹനങ്ങളും കടന്നുപോകാറുണ്ട്. രാത്രിയായാല്‍ വാണിജ്യനികുതി ചെക്ക്പോസ്റ്റില്‍ എത്തി നികുതി അടയ്ക്കും. പിന്നീട് വാഹനനികുതി ചെക്ക്പോസ്റ്റില്‍ എത്താതെ ഇവ താല്‍ക്കാലിക പാതവഴി കടക്കും.
കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാത ബ്രോഡ്ഗേജാക്കുന്നതിന്റെ ഭാഗമായി ഈ ഭാഗത്തു പാത വീതികൂട്ടുന്ന പണി നടന്നുവരികയാണ്. വാഹനനികുതി ചെക്ക്പോസ്റ്റിനു മുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ചെക്ക്പോസ്റ്റ് ഡ്യൂട്ടിക്കു വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ റെയില്‍വേപാത വഴി കടക്കുന്ന വാഹനങ്ങള്‍ പിടികൂടാനുമാകുന്നില്ല. വാഹനനികുതി ചെക്ക്പോസ്റ്റില്‍ ഒരുടണ്‍ ചരക്കിനു 2000 രൂപയാണ് ഒടുക്കേണ്ടത്. തുടര്‍ന്നുള്ള ഓരോ ടണ്ണിനും 1000 രൂപവീതം അധികമായി നല്‍കണം. എന്നാല്‍, കേരളത്തിനു കിട്ടേണ്ട ഈ നികുതിവരുമാനം ഇല്ലാതാക്കിയാണ് വാഹനങ്ങള്‍ വെട്ടിപ്പുനടത്തി കടന്നുപോകുന്നത്. ഇതു തടയാന്‍ മതിയായ ജീവനക്കാരില്ലാത്തത് വെട്ടിപ്പുകാര്‍ക്കു കൂടുതല്‍ സഹായമാകുന്നു. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഒരു പ്യൂണ്‍ എന്നിവരാണ് വാഹന ചെക്ക്പോസ്റ്റില്‍ നിലവിലുള്ളത്. എഎംവിഐമാര്‍ എട്ടുമണിക്കൂള്‍ ഷിഫ്റ്റില്‍ മാറിമാറി ഡ്യൂട്ടി നോക്കും. എംവിഐ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഡ്യൂട്ടിക്കുണ്ടാകുക. റെയില്‍വേപാതയുടെ പണി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പണി ഇനിയും മാസങ്ങള്‍ നീളും. അതുവരെ കേരളത്തിനു കിട്ടേണ്ട നികുതിവരുമാനം ചോരുമെന്ന് ഉറപ്പാണ്.
(എം സുരേന്ദ്രന്‍)
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment