Friday, April 12, 2013

പടപ്പുറപ്പാടില്‍ ഗ്രൂപ്പ് ചേകവന്മാര്‍


എ ഐ ഗ്രൂപ്പുകള്‍ തമ്മിലടിച്ചു, കണ്ണൂരില്‍ ഒരാള്‍ക്ക് പരിക്ക്

അങ്കമാലി/കൊല്ലം/കണ്ണൂര്‍: യൂത്തു കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ തമ്മിലടി. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ കെഎസ്യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റി. അങ്കമാലിയിലും കൊല്ലത്തും കണ്ണൂര്‍ തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തുമാണ് സംഘര്‍ഷത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിയത്.

അങ്കമാലിയില്‍ ആന്ധ്രയില്‍ നിന്നെത്തിയ പോളിങ്ങ് ഓഫീസര്‍ ബി ഗോവിന്ദിന് കഴുത്തിന് പരിക്കേറ്റു. കറുകുറ്റി പഞ്ചായത്ത് ഹാളിലാണ് വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ വോട്ടെടുപ്പ് തുടങ്ങിയത്. ഐ ഗ്രൂപ്പിന് മേധാവിത്വമുള്ള ഇവിടെ എ ഗ്രൂപ്പുകാര്‍ ബാലറ്റ് പേപ്പര്‍ തട്ടിയെടുത്തു. തുടര്‍ന്ന് സംഘര്‍ഷമാരംഭിച്ചു. റിട്ടേണിങ്ങ് ഓഫീസര്‍ അരുണ്‍റാവു, ബല്‍റാം എന്നിവര്‍ ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. നാലുദിവസങ്ങളിലായി നാലു മണ്ഡലങ്ങളിലെ ഭാരവാഹികളെയാണ് തെരഞ്ഞെടുക്കുന്നത്.

പടപ്പുറപ്പാടില്‍ ഗ്രൂപ്പ് ചേകവന്മാര്‍

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇക്കുറി ജില്ലയില്‍ എ ഗ്രൂപ്പിനെ നാമാവശേഷമാക്കുമെന്ന് ഐ ഗ്രൂപ്പ്. തങ്ങളുടെ വോട്ട് മറ്റാര്‍ക്കും നല്‍കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും വയലാര്‍ രവി ഗ്രൂപ്പ്. വെള്ളിയാഴ്ചയാണ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്. അങ്കപ്പുറപ്പാടിലാണ് ഗ്രൂപ്പ് ചേകവരെല്ലാം. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ കഴിയുമെന്ന വിശ്വാസം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനോ കോണ്‍ഗ്രസ് നേതൃത്വത്തിനോ ഇല്ല. പുലിവാലുപിടിച്ച സ്ഥിതിയിലാണ് നേതൃത്വം. ആകെ 6800 ഓളം നോമിനേഷനുകളാണ് ഇതേവരെ കിട്ടിയിട്ടുള്ളത്. ഇതില്‍ 4000ത്തിലേറെയും ഐ ഗ്രൂപ്പുകാരാണ്. ആയിരത്തോളം വയലാര്‍ രവി ഗ്രൂപ്പുകാരുണ്ട്. രണ്ടായിരത്തില്‍താഴെ മാത്രമാണ് എ ഗ്രൂപ്പുകാര്‍.

നിലവിലുള്ള ഭാരവാഹികളില്‍ പലരും പ്രായംകുറച്ചുകാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നോമിനേഷന്‍ നല്‍കിയിട്ടുണ്ട്. വില്ലേജ്-താലൂക്ക് ഓഫീസുകളില്‍നിന്നും സംവരണ വിഭാഗത്തില്‍പ്പെട്ടവരെന്ന് തെളിയിക്കാന്‍ ജാതിസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചതും കൈപ്പറ്റിയതും ഒരാഴ്ചക്കാലം ഈ ഓഫീസുകളുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളെയും തകിടംമറിച്ചു. നോമിനേഷനൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായാണ് സംവരണവിഭാഗം നോമിനേഷന്‍ നല്‍കിയിട്ടുള്ളത്. അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ഐ ഗ്രൂപ്പുകാരാണെന്നാണ് നേതൃത്വം രഹസ്യമായി സമ്മതിക്കുന്നത്. രക്തചൊരിച്ചിലില്ലാതെ യൂത്ത് കോണ്‍ഗ്രസില്‍ ജനാധിപത്യം നടപ്പാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ നേതൃത്വം. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നതില്‍ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കം തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടലായി മാറുമോ എന്നതാണ് നാട്ടുകാരുടെ ഭയം. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ക്ക് ശ്രമിച്ചപ്പോഴെല്ലാം നാട്ടിലെ ക്രമസമാധാനം തകര്‍ന്ന ഓര്‍മ ജനത്തെയും ഭയചകിതരാക്കുകയാണ്.

deshabhimani

No comments:

Post a Comment