Thursday, April 11, 2013
പിണറായി വധശ്രമം; ഗൗരവമായ അന്വേഷണം വേണം: സിപിഐ എം
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരെയുള്ള വധശ്രമത്തിന് വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയും നടന്നതായ വിവരങ്ങളാണ് ഇതിനകം പുറത്തുവന്നിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് ഗൗരവപൂര്‍ണ്ണമായ പൊലീസ് അന്വേഷണമാണ് വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ കഴിയുംവിധം വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് പാര്‍ടി ഘടകങ്ങളോട് ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ വീടിനടുത്തുനിന്നും തോക്കും വെട്ടുകത്തിയുമായി കണ്ട വളയം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഇനിയും സമഗ്രമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും സംഭവത്തിനു പിന്നിലെ പ്രേരണക്കാരെയും പ്രതിയുമായി ബന്ധമുള്ള കുറ്റവാളികളേയും പുറത്തുകൊണ്ടുവരാനുള്ള ജാഗ്രതാപൂര്‍ണ്ണമായ അന്വേഷണം നടക്കുന്നില്ല. മാനസിക വിഭ്രാന്തിയുള്ള ആളെന്ന് ചിത്രീകരിച്ച് പ്രതിയെ വിട്ടയയ്ക്കാനായിരുന്നു ഉന്നതതലത്തില്‍ പൊലീസ് ആദ്യം ആലോചിച്ചത്. എന്നാല്‍, താന്‍ എത്തിയത് പിണറായി വിജയനെ വധിക്കാനാണെന്ന് സ്വബോധത്തോടെ പ്രതി പൊലീസില്‍ സമ്മതിച്ചിരുന്നു എന്നതുകൊണ്ടാണ് കേസ് എടുക്കാന്‍ നിര്‍ബന്ധിതമായത്. പിന്നീട് ഡോക്ടര്‍മാരുടെ പരിശോധനയില്‍ പ്രതി മനോരോഗിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നിട്ടും പ്രതിയുടെ പിന്നില്‍ ആരൊക്കെയാണെന്നും ഇയാളെ അതിന് പ്രേരിപ്പിച്ചതിലും വധോദ്യമ നീക്കങ്ങളിലും ആര്‍എംപി നേതാക്കളുടെ പങ്ക് എന്തെന്നും പൊലീസ് വേണ്ടവിധം അന്വേഷിക്കുന്നില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ ഉന്നതനായ നേതാവിനു നേരെ വധശ്രമ പദ്ധതിയുമായി നടന്ന ഒരാള്‍ പൊലീസ് പിടിയിലാവുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടും ഈ സംഭവത്തെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുലര്‍ത്തുന്ന മൗനം അര്‍ത്ഥഗര്‍ഭമാണ്. പിടികൂടിയ ആള്‍ക്ക് സ്വന്തം നിലയ്ക്ക് ആലോചിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല പുറത്തുവന്നിരിക്കുന്നത്. മാരകശേഷിയുള്ള പിസ്റ്റളും തിരകളും സംഘടിപ്പിക്കാന്‍ പ്രതി ശ്രമിച്ചതിനെപ്പറ്റിയുള്ള തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. എയര്‍ഗണ്‍ പണം കൊടുത്ത് വാങ്ങിച്ച ആളോട് ലൈസന്‍സുള്ള പിസ്റ്റല്‍ കിട്ടുമോയെന്ന് ഇയാള്‍ അന്വേഷിച്ചപ്പോള്‍ ഒരുലക്ഷം രൂപ വില പറഞ്ഞതിനാല്‍ അതുമായി തിരിച്ചുവരാമെന്ന് അറിയിച്ചാണ് മടങ്ങിയത്. ഉത്തര കേരളത്തിലെ രണ്ടു ജില്ലകളിലെ പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികള്‍ക്കു മുമ്പായി ആ സ്ഥലങ്ങളിലെത്തി ഇയാള്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഇതിലൂടെയെല്ലാം തികഞ്ഞ ആസൂത്രണത്തിലൂടെ പിണറായി വിജയന്റെ ജീവന്‍ അപായപ്പെടുത്തുക എന്ന ദൃഢമായ ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ നീങ്ങിയതെന്ന് ആര്‍ക്കും മനസ്സിലാകും. പിണറായിയില്‍ ഇയാള്‍ വന്നിറങ്ങിയത് ഒരു ബൈക്കില്‍ ആയിരുന്നു എന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെ ആര്‍എംപിക്കാരും മറ്റും പ്രചരിപ്പിച്ച കല്‍പ്പിത കഥകളും കൊലവിളിയും ഇപ്പോഴത്തെ വധശ്രമവും തമ്മിലുള്ള ബന്ധവും പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. വടകരയിലെ ഒരു ലോഡ്ജില്‍ നാലുദിവസം തങ്ങി പ്രതിയും മറ്റു ചിലരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിപിഐ എം ന്റെ സമുന്നതനായ നേതാവിനെതിരെ നടന്ന വധശ്രമ സംഭവത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ അന്വേഷിക്കാനുള്ള ചുമതലയും ബാധ്യതയും സംസ്ഥാന സര്‍ക്കാരിനുണ്ട്. യുഡിഎഫിന് താല്‍ക്കാലിക നേട്ടമുണ്ടാക്കുന്നതിനുവേണ്ടി ആര്‍എംപിയുടെ വഴിപിഴച്ച രാഷ്ട്രീയത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വസ്തുതകളിലേക്ക് അന്വേഷണം നീങ്ങാത്തത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധവും നാടിന്റെ സമാധാന ജീവിതത്തെ ഭംഗപ്പെടുത്തുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment