Friday, September 6, 2013

കെഎസ്ആര്‍ടിസി 1700 ഷെഡ്യൂള്‍കൂടി വെട്ടിക്കുറയ്ക്കുന്നു

കെഎസ്ആര്‍ടിസിയുടെ 1,700 ഷെഡ്യൂള്‍കൂടി വെട്ടിച്ചുരുക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കി. 7,000 രൂപയില്‍ താഴെ വരുമാനമുള്ള ഷെഡ്യൂളുകളെല്ലാം അവസാനിപ്പിക്കാനാണ് നിര്‍ദേശം. 5,746 ഷെഡ്യൂള്‍ കോര്‍പറേഷന് അനുവദിച്ചതില്‍ 1,750ല്‍പരം സര്‍വീസുകള്‍ ഇപ്പോള്‍പ്രവര്‍ത്തിപ്പിക്കുന്നില്ല. ഇതിനിടയിലാണ് നിലവിലുള്ള ഷെഡ്യൂളുകളും ഇല്ലാതാക്കുന്നത്. ഇതോടെ കോര്‍പറേഷന്റെ നിലനിലപ്പുതന്നെ ചോദ്യംചെയ്യപ്പെടും.

ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാത്തതാണ് കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി. ഭരണകക്ഷി എംഎല്‍എമാരും നേതാക്കളും അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഒഫീസര്‍മാരെ ഭീഷണിപ്പെടുത്തി, തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഷെഡ്യൂളുകള്‍ നടത്തിക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ സര്‍വീസ് വേണ്ടിടത്ത് ദിവസംമുഴുവന്‍ വണ്ടി ഓടിക്കുന്നതും വരുമാനം കുറയ്ക്കുന്നു. മുന്‍കാലങ്ങളില്‍ ഓരോ റൂട്ടിന്റെയും ആവശ്യകതയും വരുമാനവും കണക്കിലെടുത്ത് സര്‍വീസ് ക്രമീകരിച്ചിരുന്നു. ഇതെല്ലാം അട്ടിമറിച്ചു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ട മാനേജ്മെന്റുതല സമിതികളുടെ യോഗങ്ങളും കൃത്യമായി നടക്കുന്നില്ല. ആവശ്യത്തിന് സ്പെയര്‍പാര്‍ട്സ് ഇല്ലാത്തതും സര്‍വീസുകളെ ബാധിക്കുന്നു.

ബജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും കോര്‍പറേഷന് കൃത്യമായി ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 225 കോടി രൂപ കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയതില്‍ 22 കോടി ഇനിയും നല്‍കാനുണ്ട്. ഈ വര്‍ഷം 325 കോടി പ്രഖ്യാപിച്ചെങ്കിലും 150 കോടിയാണ് അനുവദിച്ചത്. പുതിയ ബസുകള്‍ നിരത്തിലിറക്കി കൂടുതല്‍ ഷെഡ്യൂള്‍ പ്രവര്‍ത്തിപ്പിച്ചാല്‍മാത്രമെ കോര്‍പറേഷന് പിടിച്ചുനില്‍ക്കാനാകൂ. എന്നാല്‍, ഇതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കേന്ദ്രത്തില്‍നിന്ന് ജന്‍റം ബസ് അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഇക്കാര്യത്തില്‍ ഒരു ഉറപ്പും കേന്ദ്രം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ സഹായം ഓഹരി മൂലധനമാക്കി മാറ്റുന്നതിലൂടെ കോര്‍പറേഷന്റെ ആസ്തി വര്‍ധിക്കുന്നുമില്ല.

deshabhimani

No comments:

Post a Comment