Sunday, September 8, 2013

3000 ന്യായവില സ്റ്റോര്‍ പൂട്ടും

സപ്ലൈകോ ഒഴികെയുള്ള സ്ഥാപനങ്ങളെ വിപണി വിലനിയന്ത്രണ സംവിധാനത്തില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയതോടെ സംസ്ഥാനത്ത് മൂവായിരത്തിലേറെ ന്യായവില സ്റ്റോറുകള്‍ അടച്ചുപൂട്ടേണ്ടിവരും. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഉത്സവകാലത്ത് ഒഴികെ വിപണിയില്‍ ഇടപെടരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണത്. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ശക്തമായി ഇടപെട്ടിരുന്ന ന്യായവില സ്റ്റോറുകള്‍ പൂട്ടുന്നതോടെ നിത്യോപയോഗസാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരും. വന്‍കിട കച്ചവടക്കാര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റ് ലോബിക്കും വേണ്ടിയാണ് സര്‍ക്കാരിന്റെ നഷ്ടക്കണക്ക് പറഞ്ഞ് അടച്ചുപൂട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആക്ഷേപമുണ്ട്.

കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ 142 ത്രിവേണി സ്റ്റോറും 800 നീതി സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. 220 നീതി മെഡിക്കല്‍ സ്റ്റോറും സംസ്ഥാനത്തുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍ നഗരങ്ങളില്‍ ആരംഭിച്ച മെഗാ മാര്‍ക്കറ്റുകളും ചെറുനഗരങ്ങളിലെ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും വിപണിയില്‍ കാര്യമായി ഇടപെട്ടിരുന്നു. കുട്ടനാട്ടില്‍ ഒഴുകുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റും സജീവമാണ്. മലമ്പ്രദേശങ്ങളിലും തീരദേശത്തും ഏഴ് സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുമുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ടിവരും. കണ്‍സ്യൂമര്‍ഫെഡ് സഹായത്തോടെ വിവിധ സഹകരണസംഘങ്ങളുടെ കീഴില്‍ 1200 ന്യായവില സ്റ്റോറും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഓണം കഴിയുന്നതോടെ ഇവയും പൂട്ടും. പഞ്ചായത്തില്‍ കുറഞ്ഞത് ഏഴ്, മുനിസിപ്പാലിറ്റിയില്‍ 15, കോര്‍പറേഷനില്‍ 25 എന്നിങ്ങനെ സംസ്ഥാനത്ത് 10,000 നന്മ സ്റ്റോര്‍ ആരംഭിക്കാനുള്ള പദ്ധതിയും അവതാളത്തിലാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടതാണ് ഈ പദ്ധതി.

ന്യായവിലയ്ക്ക് പച്ചക്കറി, പഴം എന്നിവ ലഭ്യമാക്കാന്‍ ഹോര്‍ടികോര്‍പിന് കീഴില്‍ 250 വിപണന കേന്ദ്രങ്ങളുണ്ട്. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് വിഎഫ്പിസികെയ്ക്ക് 274 വിപണികളുണ്ട്. ഇവയുടെ പ്രവര്‍ത്തനവും നിലയ്ക്കാനാണ് സാധ്യത. യുഡിഎഫ് സര്‍ക്കാര്‍ സാമ്പത്തികനയത്തിന്റെ ഭാഗമായാണ് സ്വകാര്യലോബിക്കുവേണ്ടി വിപണിയില്‍നിന്ന് പിന്മാറാന്‍ തീരുമാനമെടുത്തത്. ഇതിനായി സര്‍ക്കാരിന്റെ നഷ്ടക്കണക്ക് പെരുപ്പിച്ച് കാണിച്ചു. നഷ്ടം കുറയ്ക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കാനെന്ന പേരില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു. ഈ സമിതി തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിന്റെ മറവിലാണ് പുതിയ തീരുമാനം. സപ്ലൈകോക്ക് നല്‍കുന്ന സബ്സിഡിയും ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment