Saturday, September 7, 2013

വെള്ളം കയ്ക്കും

തൊട്ടതിനൊക്കെ തീവിലയാക്കി ജനജീവിതം നരകതുല്യമാക്കിയ സര്‍ക്കാര്‍ ദാഹജലത്തിന്റെ വിലയും ഇരട്ടിയാക്കുന്നു. ഒക്ടോബറില്‍ പുതിയനിരക്കു പ്രാബല്യത്തില്‍ വന്നേക്കും.

നിരക്കുവര്‍ധന ഇരട്ടിയാക്കുന്ന താരിഫ് തിട്ടപ്പെടുത്തുന്ന തിരക്കിലാണ് അതോറിറ്റി അധികൃതര്‍. മന്ത്രിസഭയുടെ അനുമതിയോടെയായിരിക്കും കുടിവെള്ള വിതരണത്തിന്റെ മറവില്‍ നടക്കുന്ന പകല്‍കൊള്ളയുടെ ഉത്തരവിറക്കുക.

14 ലക്ഷത്തോളം ഗാര്‍ഹികകണക്ഷ്‌നുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെ ഗാര്‍ഹികകണക്ഷനുകളുടെ സംഖ്യ 13,14524 എന്നാണ് ജലഅതോറിറ്റിയുടെ രേഖകളില്‍ കാണുന്നത്. 1100ഓളം വ്യാവസായിക കണക്ഷനുകളടക്കം 10,5213 ഗാര്‍ഹികേതര കണക്ഷനുകളും.

5000 ലിറ്റര്‍ വരെയുള്ള കുടിവെള്ളത്തിന്റെ പ്രതിമാസനിരക്ക് 20 രൂപയായിരുന്നത് ഇനി 40 രൂപയാകും. 5000 ലിറ്റര്‍ മുതല്‍ 10000 വരെ 40 രൂപ 80 എന്നത് രൂപയാകും. പതിനായിരം ലിറ്റര്‍ കവിഞ്ഞാല്‍ ഓരോ ആയിരം ലിറ്ററിനും 5 രൂപ 10 രൂപയാക്കി ഉയര്‍ത്തും. ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനുമിടയില്‍ ലിറ്ററിന് 90 രൂപ 180 ആയും ഇരുപതിനായിരത്തിനു മുകളിലുള്ള ഓരോ ആയിരം ലിറ്ററിന് 12 രൂപയായും വര്‍ധനയുണ്ടാകും.

30000-40000 ലിറ്റര്‍ 300 രൂപയും പുറമേ ഓരോ ആയിരം ലിറ്ററിനും പത്തിനുപകരം 20 രൂപയും 40000-50000 ലിറ്ററിന് 250 ന് പകരം 500 രൂപയും നാല്‍പതിനായിരത്തിനുമുകളില്‍ ആയിരം ലിറ്ററിന് 14ന് പകരം 28 രൂപയും നല്‍കണം. അന്‍പതിനായിരത്തിനു മുകളില്‍ 780 രൂപയും അതിനു മുകളിലുള്ള ഓരോ ആയിരം ലിറ്ററിന് 50 രൂപവീതവും നല്‍കണമെന്നാണ് വെള്ളക്കരം പുതുക്കികൊണ്ടുള്ള കൊള്ള നിരക്ക്.

വിതരണത്തിനായി പ്രതിദിനം 1990.64ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശുദ്ധീകരിക്കുന്നത്. എന്നാല്‍ ഇതില്‍ 543 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം ചോര്‍ന്നുപോകുന്നുവെന്നാണ് അതോറിറ്റിയുടെ കണക്ക്. ഈ ചോര്‍ച്ച മാറ്റിയാല്‍ മാത്രം മതി അതോറിറ്റി ലാഭത്തിലെത്താന്‍.

ജനങ്ങള്‍ക്കു നല്‍കാനുള്ള ദാഹജലം നിര്‍മ്മാണമേഖലയിലേക്ക് ഒഴുക്കി കോഴയായി കോടികള്‍ കൊയ്യുന്ന ഉന്നതര്‍ക്കെതിരേ ഒരു നടപടിയുമില്ല. ചോരുന്ന വെള്ളത്തിന്റെ കണക്കില്‍ നല്ലൊരു പങ്കും ചോരുന്നത് ഫഌറ്റ് നിര്‍മ്മാണ മാഫിയകള്‍ക്ക്. അതുകൊണ്ടു തന്നെയാണ് ചോര്‍ച്ച അടച്ച് ചോര്‍ച്ചക്കണക്ക് ഒഴിവാക്കാത്തതെന്ന് അതോറിറ്റിയിലെ തന്നെ ഉന്നതവൃത്തങ്ങള്‍ 'ജനയുഗ'ത്തോട് പറഞ്ഞു.

(കെ രംഗനാഥ്) janayugom

No comments:

Post a Comment