Sunday, September 8, 2013

ഉമ്മന്‍ചാണ്ടിക്ക് പങ്കെന്ന് വീണ്ടും വെളിപ്പെടുത്തല്‍

സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുപ്പത് ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി തട്ടിപ്പിനിരയായ അമേരിക്കന്‍ വ്യവസായി കെ ബാബുരാജന്‍. ഉമ്മന്‍ചാണ്ടിയുമായി ബിജു നിരവധി തവണ ബന്ധപ്പെട്ടതിന് താന്‍ സാക്ഷിയാണ്. തന്റെ വീട്ടില്‍ വച്ച് പല പ്രാവശ്യം മുഖ്യമന്ത്രിയുമായി ബിജു ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാബുരാജന്‍  റിപ്പോര്‍ട്ടര്‍ , പീപ്പിള്‍ ചാനലുകളോട് വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പത്തനംതിട്ടയിലെ ക്രഷറുടമ ശ്രീധരന്‍ നായരുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്.

1.19 കോടി രൂപയാണ് താന്‍ ബിജുവിന് കൈമാറിയത്. ഇടപാടിന്റെ വിശ്വാസ്യതയ്ക്കായി ഉമ്മന്‍ചാണ്ടിയുടെ മഷിപ്പേന കൊണ്ടുള്ള കൈയൊപ്പുവച്ച കത്താണ് തന്നെ ബിജു കാണിച്ചത്. ശരിയായ ലെറ്റര്‍ പാഡാണ് ഇതെന്ന് എനിക്ക് ഉറപ്പാണ്. ഇത് വ്യാജമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ കത്തും ഇതിനൊപ്പം കാട്ടിയിരുന്നു. 30 ശതമാനം കമ്മീഷന്‍ തുക, മുഖ്യമന്ത്രി വീണ്ടും സോളാര്‍ കമ്പനിയില്‍ കുറഞ്ഞ പലിശയില്‍ നിക്ഷേപിക്കുമെന്നും ബിജു പറഞ്ഞിരുന്നു.ഈ തുക മുഖ്യമന്ത്രിക്ക് മുത്തൂറ്റിലും മറ്റും നിക്ഷേപിച്ചു കൂടെ എന്നു താന്‍ ചോദിച്ചപ്പോള്‍, അതിലൊക്കെ നിക്ഷേപിച്ചാല്‍ പുറത്തറിയുമെന്ന് ബിജു പറഞ്ഞതായും ബാബുരാജന്‍ വെളിപ്പെടുത്തി. എറണാകുളത്ത് ഗസ്റ്റ് ഹൗസില്‍ ഗണേഷ്കുമാറിനെ പറ്റി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതായും ബിജു പറഞ്ഞിരുന്നു.

സോളര്‍ വിവാദങ്ങളെ തുടര്‍ന്ന് തന്റെ ജീവിന് ഭീഷണിയുണ്ട്. കരുതലോടെയാണ് ജീവിക്കുന്നത്. തന്റെ കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ബാബുരാജന്‍ പറഞ്ഞു. ബിജുവും സരിതയും തന്നെ വഞ്ചിച്ചതായി മാര്‍ച്ച് 14ന് തന്നെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിട്ട് കണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാണ് പണം തട്ടിയതെന്നും അറിയിച്ചതാണ്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ലായെന്നും ബാബുരാജന്‍ പീപ്പിള്‍ ചാനലിലോട് പ്രതികരിച്ചു. ആറന്മുള ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 2012 നവംബര്‍ മുതല്‍ നിരവധി തവണകളായി 1.19 കോടി രൂപ തട്ടിയെടുത്തതായി ബാബുരാജ് മുമ്പു തന്നെ വെളിപ്പെടുത്തിയതാണ്. ഇക്കാര്യം ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു.

മനോരമ ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് സരിതയെയും ബിജുവിനേയും ബാബുരാജന്‍ സമീപിച്ചത്. കാറ്റാടിപ്പാടത്തില്‍ പണം മുടക്കിയാല്‍ 27 ശതമാനമാണ് ലാഭം വാഗ്ദാനം ചെയ്തത്. പണം പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും സോളാര്‍ പാനല്‍ സ്ഥാപിച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍, മാര്‍ച്ച് 14ന് അഭിഭാഷകനും മറ്റൊരു സുഹൃത്തിനുമൊപ്പം ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി പരാതി നല്‍കി. എന്നാല്‍, 15ന് പകല്‍ 12.14നാണ് പരാതി സ്വീകരിച്ചതെന്നു കാട്ടിയാണ് ആഭ്യന്തരവകുപ്പ് ബാബുരാജിന് രസീത് നല്‍കിയത്. മൂന്നു മാസം പിന്നിട്ടിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പൊലീസ്, ക്രൈംബ്രാഞ്ചിന് കൈമാറിയ ഈ പരാതിയില്‍ ജൂണ്‍ 19ന് മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഞായറാഴ്ച ഡല്‍ഹിക്ക് തിരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.

deshabhimani

No comments:

Post a Comment