പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരുടെ "ഹിസ്റ്ററി ആസ് എ സൈറ്റ് ഓഫ് സ്ട്രഗിള്‍" എന്ന പുസ്തകം ഉപരാഷ്ട്രപതി ഡോ എ ഹമീദ് അന്‍സാരി പ്രകാശനം ചെയ്തു. പ്രമുഖ ചരിത്രകാരി റോമിലാഥാപ്പര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ചരിത്ര രചനയിലെ വേറിട്ട ശബ്ദമാണ് കെ എന്‍ പണിക്കരുടേതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സാമ്രാജ്യത്വവിരുദ്ധ ചരിത്ര രചനയ്ക്ക് ഊന്നല്‍ നല്‍കുകയും മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹം മുന്‍നിര ചിരിത്രകാരന്മാരില്‍ ഒരാളാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ചരിത്രവും ചരിത്രരചനയും ബൗദ്ധികമായും പ്രായോഗികമായും നിര്‍ണാക പോരാട്ടത്തിന്റെ വേദിയായി മാറുകയാണ്. ബൗദ്ധികമായ ചരിത്രമാണ് പണിക്കരുടെ വഴി. അതിലൂടെ സാമൂഹികവും സാംസ്കാരികവുമായ പരിഛേദമാണ് അദ്ദേഹം ചികയുന്നത്. ബൗദ്ധികമായ അധിനിവേശത്തിനെതിരെയുള്ള ഡോ. പണിക്കരുടെ പോരാട്ടം അവഗണിക്കാനാകുന്നതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്ക് അപകടകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗവര്‍ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. മതവും ജാതിയും രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന അവസ്ഥയില്‍ ജനാധിപത്യം എവിടെ എത്തി എന്ന് പരിശോധിക്കണം. മതേതരത്വവും മതതീവ്രവാദവും തമ്മിലാണ് മത്സരം. മതേതരത്വം വര്‍ഗീയതയ്ക്കെതിരായി മാത്രമല്ല, ജാതിയത, പ്രാദേശികവാദം, വിഭാഗീയത എന്നിവയ്ക്കും എതിരായ ആയുധമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇവയെല്ലാം വിഷയമാകേണ്ടതുണ്ട്്. ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കും. ചരിത്രകാരന്‍ എന്ന നിലയില്‍ അതുല്യ പ്രതിഭയാണ് ഡോ കെ എന്‍ പണിക്കര്‍. തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യം തുറന്നു പറയുന്നതില്‍ അദ്ദേഹം മടിക്കാറില്ല. നമ്മുടെ നല്ല പാരമ്പര്യങ്ങളുടെ വക്താവായ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഹിന്ദിയിലേക്കും വിവിധ പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനംചെയ്ത് പ്രസിദ്ധീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വര്‍ഗീയവല്‍ക്കരിച്ച ചരിത്ര രീതികളെ ശക്തമായി എതിര്‍ക്കുന്ന ചരിത്രകാരനാണ് ഡോ കെ എന്‍ പണിക്കരെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മതേതര നിലപാടിലൂന്നിയുള്ള ഡോ. പണിക്കരുടെ ചരിത്രവീക്ഷണം വിലമതിക്കാനാകാത്തതാണെന്ന് ഡോ റോമിലാഥാപ്പര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചരിത്ര രചന എന്നും പ്രചോദനമാണ്. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമാക്കാന്‍ മതവര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന് ചരിത്രത്തിന്റെ പിന്‍ബലം നല്‍കാന്‍ നടന്ന ശ്രമങ്ങള്‍ നാം കണ്ടതാണ്. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതില്‍ ഡോ. പണിക്കര്‍ നിര്‍ണായക പങ്ക് വഹിച്ചു. മതേതര അടിത്തറിയിലാണ് അദ്ദേഹം ചരിത്ര രചന നിര്‍വഹിക്കുന്നതെന്നും റോമിലാഥാപ്പര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി ശശി തരൂര്‍, മന്ത്രി വി എസ് ശിവകുമാര്‍, കെസിഎച്ച്ആര്‍ ഡയറക്ടര്‍ ഡോ പി ജെ ചെറിയാന്‍, അക്കാദമിക് കോഡിനേറ്റര്‍ ഡോ പ്രീതാനായര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani
No comments:
Post a Comment