Thursday, September 12, 2013

ഒക്ടോബര്‍ ഒന്നുമുതല്‍ മുഖ്യമന്ത്രിയെ ഉപരോധിക്കും

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്നുമുതല്‍ ഉമ്മന്‍ചാണ്ടിയെ ഉപരോധിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ഇപ്പാള്‍ നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഉപരോധം.

കേന്ദ്രസംസ്ഥാന സര്‍ക്കാരുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടി പ്രചാരണം സംഘടിപ്പിക്കാനും വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന നേതാക്കള്‍ ജാഥക്ക് നേതൃത്വം നല്‍കും. സോളാര്‍ കേസില്‍ സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടികള്‍ ഈ ജാഥ തുറന്നുകാട്ടും-അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തന്റെ സ്വന്തക്കാരെ രക്ഷിക്കാന്‍ ഏതറ്റംവരെ പോകാനും ഉമ്മന്‍ചാണ്ടി തയ്യാറാണ്. ഇതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കും.

പാലക്കാട് കോച്ച് ഫാക്ടറി പൂര്‍ണ്ണമായും സ്വകാര്യ മേഖലയില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് അതീരൂക്ഷമായി തുടരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിനെതിരെ എല്‍ഡിഎഫ് സംസ്ഥാന ഘടകം പ്രമേയം പാസാക്കി. കുട്ടനാട് പാക്കേജും ഇടുക്കി പാക്കേജും സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും.

സിറിയയില്‍ രാസായുധമുണ്ടെന്ന് പറഞ്ഞ് അവരെ കടന്നാക്രമിക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. ഇതിന് മുന്‍പ് ഇറാഖിലും അമേരിക്ക ഇതേ നീക്കം നടത്തിയിരുന്നു. സിറിയയില്‍ ആഭ്യന്തരകലാപമുണ്ടാക്കാന്‍ വിമതര്‍ക്ക് ആയുധങ്ങളടക്കം അമേരിക്ക എത്തിച്ചുകൊടുക്കുന്നുണ്ട്. ഇത് തുറന്ന്കാണിച്ച് എല്ലാ ജില്ലകളിലും സാമ്രാജ്യത്വവിരുദ്ധ സെമിനാറുകള്‍ സംഘടിപ്പിക്കും.

deshabhimani

No comments:

Post a Comment