സോളാര്‍ തട്ടിപ്പിനിരയായ പത്തനംതിട്ട മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍നായരുടെ മൊഴി അട്ടിമറിച്ചത് തട്ടിപ്പുകേസില്‍ നിന്നു രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം ഉപയോഗിച്ച് നടത്തിയ നെറികേടില്‍ ഒടുവിലത്തേത്. പാമൊലിന്‍ കേസ്, സൈന്‍ ബോര്‍ഡ് അഴിമതി, ടൈറ്റാനിയം അഴിമതി തുടങ്ങി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണമെല്ലാം അട്ടിമറിച്ചതുപോലെ സോളാര്‍ തട്ടിപ്പുകേസ് അട്ടിമറിക്കാനുമാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. പത്തനംതിട്ട കോടതിയില്‍ ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം നല്‍കിയ മൊഴി അട്ടിമറിച്ചതിലൂടെ ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും നീതിന്യായവ്യവസ്ഥയെയാണ് വെല്ലുവിളിക്കുന്നത്.
സരിതയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്ന് ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് വിശ്വാസ്യത ഉറപ്പിച്ചശേഷമാണ് ടീം സോളാര്‍ കമ്പനിയുമായുള്ള കരാറുണ്ടാക്കിയതെന്ന് ശ്രീധരന്‍നായര്‍ തുടക്കം മുതല്‍ പറഞ്ഞു. ശ്രീധരന്‍നായരെ കണ്ടിട്ടുപോലും ഇല്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. പിന്നീടത് ക്രഷറര്‍ ഉടമകളുടെ സംഘത്തോടൊപ്പം കണ്ടെന്ന് തിരുത്തി. എന്നാല്‍, സരിതയോടൊപ്പമാണ് ഉമ്മന്‍ചാണ്ടിയെ കണ്ടതെന്ന് ശ്രീധരന്‍നായര്‍ ഉറപ്പിച്ചു. ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കി. ഇതിനിടയിലാണ് 164 പ്രകാരം ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൃത്യമായി പറഞ്ഞ് ശ്രീധരന്‍നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. എന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് ശ്രീധരന്‍നായര്‍ മൊഴി നല്‍കിയില്ലെന്ന കള്ള റിപ്പോര്‍ട്ട് ഉന്നത നീതിപീഠമായ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയാണ് പൊലീസ് ചെയ്തത്. എന്നാല്‍, രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ശ്രീധരന്‍നായര്‍ ആവര്‍ത്തിച്ചതോടെ അഴിഞ്ഞുവീണത് ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പിന്റെ മുഖംമൂടി കൂടിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, തോമസ് കുരുവിള തുടങ്ങിയവരെല്ലാം സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ സരിതയും ബിജു രാധാകൃഷ്ണനുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. തട്ടിപ്പുകാരിയെന്ന് വിശ്വസ്തയായ പൊലീസുകാരി ഷീജാദാസ് ചൂണ്ടിക്കാട്ടിയശേഷവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിത കയറിയിറങ്ങി. പല പരിപാടിയിലും സരിതയും ഉമ്മന്‍ചാണ്ടിയും ഒരുമിച്ച് വേദി പങ്കിട്ടു. ബിജു രാധാകൃഷ്ണനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഡല്‍ഹി യാത്രയിലും സരിതയും ബിജുവും ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചു.
ഉമ്മന്‍ചാണ്ടി ഒപ്പിട്ട ഔദ്യോഗിക ലെറ്റര്‍ പാഡ് തട്ടിപ്പിന് ഉപയോഗിച്ചത് അന്വേഷിക്കുന്നതിനു പകരം ലെറ്റര്‍പാഡില്‍ കത്ത് തയ്യാറാക്കിയെന്ന കുറ്റം ആരോപിച്ച് കംപ്യൂട്ടര്‍ സെന്റര്‍ ഉടമയെ അഴിക്കുള്ളിലാക്കി കേസ് ഒതുക്കി. സരിത തയ്യാറാക്കിയ 21 പേജുള്ള രഹസ്യമൊഴി അട്ടിമറിച്ചതും ഉമ്മന്‍ചാണ്ടിയുടെ ഹീന തന്ത്രം. ഇതിനായി ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന ആരോപണമുയര്‍ന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മുപ്പതിലേറെ കേസുകളിലോരോന്നും മുഖ്യമന്ത്രി നടത്തുന്ന അട്ടിമറിശ്രമങ്ങള്‍ ഇങ്ങനെ നീളുന്നു.
deshabhimani 060913
No comments:
Post a Comment