ജയപ്രസാദിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ആഞ്ഞാഞ്ഞ് ചവിട്ടുന്നതും ലാത്തികൊണ്ട് മൃഗീയമായി മര്‍ദിക്കുന്നതും പാന്റിന്റെ സിപ് തുറന്ന് ജനനേന്ദ്രിയം കേടുവരുത്താന്‍ ശ്രമം നടത്തുന്നതുമൊക്കെ നാമേവരും കണ്ടതാണ്. ഇതില്‍ ഒരു തെറ്റ് ചെയ്താല്‍ത്തന്നെ കൊലപാതക ശ്രമത്തിന് കേസെടുക്കാവുന്നതാണ്. എന്നാല്‍ ഇവിടെ അത്തരമൊരു വകുപ്പും ചുമത്താതിരിക്കുന്നത് മര്‍ദനം മുഖ്യമന്ത്രിയുടെയും അഭ്യന്തരമന്ത്രിയുടെയും അറിവോടെയാണെന്ന അനുമാനത്തിലാണ് എത്തുന്നത്. പൊലീസിനെ വന്‍തോതില്‍ ക്രിമിനല്‍വല്‍ക്കരിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമായ സംഭവമാണ്. കരിങ്കൊടി കാണിച്ചാല്‍ ശാരീരികമായി തകര്‍ക്കുമെന്ന നിലയില്‍ എന്തിനാണ് പൊലീസ് ഇത്ര ക്രൂരമാകുന്നത്്. പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ തകര്‍ക്കുമെന്ന നിലയിലും ലൈംഗികശേഷിപോലും ഇല്ലാതാക്കുമെന്ന നിലയിലും നാണംകെട്ട സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവും അനുവാദവും ഇല്ലാതെ ഇത്തരം അഴിഞ്ഞാട്ടം നടക്കില്ല. പ്രക്ഷോഭത്തെ നേരത്തെ നേരിട്ട രീതിയില്‍ നേരിടുമെന്ന ദുഃസൂചനയാണ് ഇതൊക്കെ നല്‍കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധിച്ച എഐവൈഎഫ് പ്രവര്‍ത്തകയായ യുവതിയെ കോണ്‍ഗ്രസിലെ ക്രിമിനലുകളാണ് ഒരുഘട്ടത്തില്‍ നേരിട്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാരനാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ പൊലീസിന്റെ മൃഗീയതയും. ഇതിനെതിരായ പ്രക്ഷോഭത്തെ മുഴുവന്‍ ബഹുജനങ്ങളും ഏറ്റെടുക്കണം. ഇതിനായി ജനാധിപത്യ വിശ്വാസികള്‍ മുഴുവന്‍ മുന്നോട്ടുവരണം. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നാണ് ചീഫ്വിപ്പ് കോണ്‍ഗ്രസ് പ്രസിഡന്റിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണമാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. സോളാര്‍ തട്ടിപ്പ് ബിജു രാധാകൃഷ്ണന്റെയൊ, സരിതയുടെയൊ, ഉമ്മന്‍ചാണ്ടിയുടെയൊ ആരുടെ നേതൃത്വത്തിലാണ് നടന്നതെന്ന് ഗൗരവമായി കണ്ടെത്തണം. തട്ടിപ്പുകാരുടെ സംരക്ഷകനായാണ് ഉമ്മന്‍ചാണ്ടി നിലകൊള്ളുന്നത്. കെ കരുണാകരന്റെ പാവം പയ്യന്‍ ആന്റോ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സോളാര്‍ പ്രോജക്ട് പിന്നീട് സരിതയുടെ പദ്ധതിയായാണ് മാറിയത്. ഉമ്മന്‍ചാണ്ടി അറിയാതെ ഇത് നടക്കില്ല. ഈ പദ്ധതി ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്താമെന്ന ആശയം ആരുടേതാണെന്നാണ് കണ്ടെത്തേണ്ടത്. കേസില്‍ പരാതി ഉന്നയിച്ചവരൊക്കെ ആദ്യം സമീപിച്ചത് മുഖ്യമന്ത്രിയെ ആണെന്നത് ഇദ്ദേഹത്തെ വിശ്വസിച്ച് പണം നല്‍കി എന്നതിനാലാണ്. എന്നാല്‍ ഇവരെ കേസില്‍പ്പെടുത്താനാണ് നോക്കിയത്. സോളാര്‍ പ്രക്ഷോഭത്തെയും പ്രതിഷേധത്തെയും എത്ര കൊടിയ മര്‍ദനം അഴിച്ചുവിട്ടും അടിച്ചമര്‍ത്താന്‍ നോക്കിയാലും അടിച്ചമര്‍ത്താന്‍ ആകില്ലെന്നും പിണറായി പറഞ്ഞു.
കിരാത വാഴ്ചയ്ക്കു പിന്നില്‍ ഉന്നതതല ഗൂഢാലോചന
കേരള മനഃസാക്ഷിയെ ഞെട്ടിച്ച പൊലീസ് കിരാത നടപടിക്കു പിന്നില്‍ ഉന്നതതല ഗൂഢാലോചന. കേവലം ഒന്നോ രണ്ടോ പൊലീസുകാര്‍ ആവേശത്തിന് ചെയ്തതല്ലെന്നും ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് മൂന്നാംകിട മര്‍ദനമുറ അരങ്ങേറിയതെന്നും വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയരുന്ന പ്രതിഷേധം ഇല്ലാതാക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് യുവാവിനു നേരെ പൈശാചിക അക്രമം അഴിച്ചുവിട്ടതെന്നതിനും കൂടുതല്‍ തെളിവുകള്‍. തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയദാസ് മാത്രമല്ല, മറ്റ് പൊലീസുകാരും യുവാവിന്റെ ജനനേന്ദ്രിയം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വിവരം പുറത്തു വന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു.
വിജയദാസ് പാന്റിന്റെ സിബ് ഊരി ലാത്തികൊണ്ട് കുത്തിയശേഷവും പൊലീസ് ഭീകരത തുടര്‍ന്നു. മറ്റ് രണ്ട് പൊലീസുകാര്‍ യുവാവിനെ ബലമായി പിടിച്ചുനിര്‍ത്തിയശേഷം പിന്നില്‍ നിന്ന മറ്റൊരു പൊലീസുകാരന്‍ വലതുകൈകൊണ്ട് ജനനേന്ദ്രിയം ഞെരിക്കുന്ന ചിത്രംകൂടി മാധ്യമങ്ങള്‍ പുറത്തു വിട്ടു. ബൂട്ടിട്ട് ജനനേന്ദ്രിയത്തില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് നിലത്ത് വീണ് പുളഞ്ഞ യുവാവിനെ തുടര്‍ന്നും നിഷ്കരുണം മര്‍ദിച്ചു. സംഭവം നടന്ന് ഒരു മണിക്കൂറിനകം ആഭ്യന്തര വകുപ്പിലെ ഒരു ഉന്നതന്‍ അക്രമത്തിന് നേതൃത്വം കൊടുത്ത എസ്ഐ വിജയദാസിനെ ടെലിഫോണില്‍ വിളിച്ചു. വിജയദാസിന്റെ 94479-60083 എന്ന നമ്പരിലേക്കാണ് സെക്രട്ടറിയറ്റിലെ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചത്. തല്‍ക്കാലം ഒരു വകുപ്പുതല സസ്പെന്‍ഷന്‍ ഉണ്ടാകുമെന്നും മറ്റ് കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നോക്കുമെന്നുമായിരുന്നു ഉന്നതന്റെ ഉറപ്പ്. ഈ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് സസ്പെന്‍ഡ് ചെയ്ത വിവരം ബന്ധപ്പെട്ടവര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
ഒരു പ്രകോപനവുമില്ലാതെയാണ് യുവാവിനെ പൊലീസുകാര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയാല്‍ ഇതായിരിക്കും ശിക്ഷയെന്ന മുന്നറിയിപ്പ് നല്‍കാനുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രക്ഷോഭസ്ഥലത്തുവച്ചുതന്നെ മൂന്നാംമുറ പ്രയോഗിക്കാന്‍ ഒരു സംഘം പൊലീസുകാരെ ഒരുക്കിനിര്‍ത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധസൂചകമായി സ്വന്തം ഷര്‍ട്ട് ഊരി ഉയര്‍ത്തിക്കാട്ടിയ നിരായുധനായ യുവാവിനെയാണ് ആക്രമിച്ചതെന്നതും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. അക്രമം പകല്‍പോലെ തെളിഞ്ഞിട്ടും കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്തതും ഉന്നത കേന്ദ്രത്തില്‍നിന്നുമുള്ള ഇടപെടല്‍ വ്യക്തമാക്കുന്നു.
ജീവന്‍തന്നെ അപകടത്തിലാക്കുന്ന അക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് നിയമമെങ്കിലും അതിന് തയ്യാറാകുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തുള്ളവര്‍ മാത്രമല്ല, വി എം സുധീരനും മുരളീധരനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും സാംസ്കാരിക നായകരുമെല്ലാം ഏക സ്വരത്തില്‍ പൊലീസിന്റെ കാടത്തത്തെ അപലപിച്ചിട്ടും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഒരു കുലുക്കവുമില്ലെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

No comments:
Post a Comment