Friday, September 6, 2013

എസ്ബിടി ലയനനീക്കം സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് നിരക്കാത്തത്: പന്ന്യന്‍

കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ വികസന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പൊതുമേഖലാ ബാങ്ക് ലയന നയം പിന്‍വലിക്കുക, വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തില്‍ എസ് ബി ടി  ഹെഡ്ഢാഫീസിന് മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, വ്യവസായം, സേവനം, ഗ്രാമവികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴില്‍, സൃഷ്ടി, പാര്‍പ്പിട - വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ ബാങ്കാണ് എസ് ബി ടി. മികച്ച സേവന കാര്യലാഭക്ഷമതയും ആറുപതിറ്റാണ്ടായി മലയാളികളുടെ സാമൂഹ്യ സാമ്പത്തിക ക്ഷേമത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ അസ്തിത്വവും സ്വത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാരും പൊതുസമൂഹവും അടിയന്തിരമായി ഇടപെടണമെന്ന് പന്ന്യന്‍രവീന്ദ്രന്‍ ആവശ്യപ്പെട്ടു. എസ് ബി ടിക്കു സ്വയംഭരണാവകാശവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കി എസ് ബി ഐയുടെ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി ശിവന്‍കുട്ടി എം എല്‍ എ, ജോര്‍ജ് മേഴ്‌സിയര്‍, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ്, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മോഹനന്‍, എം കൃഷ്ണന്‍ (കേന്ദ്ര ഗവണ്‍മെന്റ് കോണ്‍ഫെഡറേഷന്‍), മഹേശ്വരന്‍ നായര്‍ (തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ്), കുറ്റിയാനിക്കാട് മധു (എ ഐ ടി യു സി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

എ ഐ ബി ഇ എ സംസ്ഥാന പ്രസിഡന്റ് കെ മല്ലിക അധ്യക്ഷത വഹിച്ചു. എസ് ബി ടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ മുരളീധരന്‍പിള്ള സ്വാഗതവും പ്രസിഡന്റ് എ എല്‍ റപ്പായി നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം സി ദിവാകരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഒരു ഭാഗത്ത് പൊതുമേഖലാ  ബാങ്കുകളെ കൂട്ടി ലയിപ്പിച്ച് എണ്ണം ചുരുക്കുകയും മറുവശത്ത് കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ തുടങ്ങുവാന്‍ അനുമതി നല്‍കുന്നത് വിരോധാഭാസവും ജനവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് യൂണിയന്‍ നേതാക്കളായ പി പി വര്‍ഗീസ് (എ ഐ ബി ഇ എ), സി രാജ്കുമാര്‍ (എ ഐ ബി ഒ സി), ടി എം പ്രകാശ് (എന്‍ സി ബി ഇ), എ കെ രമേശ് ബാബു (ബി ഇ എഫ് ഐ), പി വി ജോസ് (എസ് ബി ടി എസ് യു) എന്നിവര്‍ പ്രസംഗിച്ചു.

janayugom 060913

No comments:

Post a Comment