ഫയലുകള്‍ കാണാതായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ചോദിച്ചു. ഫയലുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് കല്‍ക്കരി മന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞു. എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടോ. എന്തുകൊണ്ട് സിഎജിയെ സമീപിച്ച് രേഖകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരാഞ്ഞു. ഫയലുകള്‍ കാണാതായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. സര്‍ക്കാരിന് വേണ്ടപ്പെട്ട ചില നേതാക്കളുമായി ബന്ധപ്പെട്ടതാണ് കാണാതായ ഫയലുകള്‍. കേസ് കോടതിയുടെ നിരീക്ഷണത്തിലിരിക്കെയാണ് തെളിവ് നശിപ്പിക്കല്‍ശ്രമങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു. പ്രസ്താവന നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി ഇറങ്ങിപ്പോയത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. വ്യക്തതയില്ലാത്തതാണ് പ്രസ്താവനയെന്നും വിശദീകരണത്തിന് അവസരം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ഇതിന് അവസരം നല്‍കുന്ന പതിവുണ്ടെങ്കിലും ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഇതിന് തയ്യാറായില്ല. കല്‍ക്കരി വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്ന് ലോക്സഭയില്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. രണ്ടുമണിക്ക് പ്രധാനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെ നടപടികള്‍ മുടങ്ങി.
(എം പ്രശാന്ത്)
പ്രധാനമന്ത്രി ഒഴിഞ്ഞുമാറരുത് : സിപിഐ എം
കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ മറുപടി പറയാതെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറരുതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എങ്ങനെയാണ് ഫയലുകള്‍ കാണാതായത്, ഏതു കാലത്തുള്ള ഫയലുകള്‍, കാണാതായതുസംബന്ധിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല, എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നു. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട ഫയലുകളുടെ ഉള്ളടക്കം തങ്ങളുടെ പക്കലുണ്ടെന്ന് സിഎജി അറിയിച്ചിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഇത് ആവശ്യപ്പെടുന്നില്ല. ഇതിനൊന്നും വിശദീകരണം നല്‍കാതെ പ്രധാനമന്ത്രി മൗനംപാലിക്കുന്നു.
യുപിഎ സര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധനയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ബിഎസ്പി, ജെഡിയു, ആര്‍ജെഡി എന്നീ പാര്‍ടികള്‍ പിന്തുണ നല്‍കുന്നു. പുതിയ രാഷ്ട്രീയസഖ്യത്തിന്റെ സൂചനയാണിത്. ഇത്തരം ബില്ലുകള്‍ പാസാക്കുന്നതിന് ബിജെപിയും യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. സബ്സിഡിയും ഇറക്കുമതിയും കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞപ്പോഴേ ഇന്ധനവില വര്‍ധിപ്പിക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഒരു ഭാഗത്ത് ഭക്ഷ്യസുരക്ഷയെന്നു പറഞ്ഞ് ആനുകൂല്യം പ്രഖ്യാപിക്കുകയും മറുകൈകൊണ്ട് തട്ടിയെടുക്കുകയും ചെയ്യുന്നു. എണ്ണക്കമ്പനികളുടെ ലാഭമോ നഷ്ടമോ എത്രയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. പെന്‍ഷന്‍ഫണ്ട് മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള നീക്കം ഇടതുപക്ഷം ശക്തമായി എതിര്‍ക്കും. വന്‍ തുക നിക്ഷേപമുള്ളതാണ് പെന്‍ഷന്‍ഫണ്ട്. നിരവധി വിദേശകമ്പനികള്‍ ഇതില്‍ കണ്ണുവയ്ക്കുന്നു. ഓഹരിക്കമ്പോളത്തില്‍ പെന്‍ഷന്‍ഫണ്ട് ഊഹക്കച്ചവടത്തിനായി നിക്ഷേപിക്കപ്പെടുമ്പോള്‍ ഭാവി സുരക്ഷിതമല്ലാതാകും. പെന്‍ഷന്‍ അവകാശമാണോ ഊഹക്കച്ചവടത്തിനനുസരിച്ച് ലഭിക്കുന്ന തുകയാണോ എന്നതാണ് ചോദ്യം. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്നതിന്റെ ഭാഗമാണ് പെന്‍ഷന്‍ ആനുകൂല്യം ഇല്ലാതാക്കല്‍. അഞ്ചുവര്‍ഷമായിട്ടും മെച്ചപ്പെടാത്ത ആഗോള സമ്പദ്വ്യവസ്ഥയില്‍ ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിന് തൊഴിലാളികളുടെ പെന്‍ഷന്‍ഫണ്ട് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment