അഖിലേഷ് യാദവ് മുഖ്യമന്ത്രിയായ സമാജ്വാദി പാര്‍ടി സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് കലാപം പടരുന്നതില്‍ ഗൂഢമായി ആഹ്ലാദിക്കുന്നു. വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ സമാജ്വാദി നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കാന്‍ ആരംഭിച്ചതോടെ കലാപത്തിന്റെ ഇരകളായ മുസ്ലീങ്ങള്‍ എസ്പിയെ കൈവിടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സോഷ്യലിസ്റ്റ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ചരണ്‍ സിങ്ങിന്റെ ലോക്ദളിനും പിന്നീട് മകന്‍ അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിനും പിന്നില്‍ പതിറ്റാണ്ടുകളായി അണിനിരന്ന പശ്ചിമ യുപിയിലെ ജാട്ട് വിഭാഗം ബിജെപി പാളയത്തിലേക്ക് മാറുന്നു എന്നതാണ് കലാപത്തിന്റെ പ്രധാന ഫലം. സംഘപരിവാറിന്റെ അയോധ്യാ പ്രക്ഷോഭകാലത്തുപോലും ജാട്ടുകള്‍ അജിത്സിങ്ങിനൊപ്പമായിരുന്നു. ജാട്ട്-മുസ്ലിം സംഘര്‍ഷം വര്‍ഗീയ കലാപമാക്കി വളര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞതാണ് ജാട്ടുകളുടെ മനംമാറ്റത്തിന് കാരണം. നരേന്ദ്രമോഡിയുടെ വലംകൈയായ അമിത്ഷാ യുപിയുടെ ചുമതലയേറ്റ ശേഷമാണ് പശ്ചിമ യുപിയില്‍ വര്‍ഗീയസംഘര്‍ഷം വര്‍ധിച്ചത് എന്നതും ശ്രദ്ധേയം. അരലക്ഷത്തോളം പേര്‍ പങ്കെടുത്ത ജാട്ട് മഹാപഞ്ചായത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രസംഗം നടത്തിയതും പ്രദേശത്തെ പ്രമുഖ ബിജെപി നേതാക്കളും എംഎല്‍എമാരുമായിരുന്നു.
പൂവാലശല്യത്തെ തുടര്‍ന്നുണ്ടായ കൊലപാതങ്ങള്‍ക്കൊടുവില്‍ ജാട്ടുകളുടെ രക്ഷകരായി അവതരിച്ച ബിജെപിയാണ് മുസ്ലിങ്ങളില്‍നിന്ന് മകളെയും മരുമകളെയും രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ജാട്ട് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. തുടര്‍ന്നുണ്ടായ കലാപത്തില്‍ രാഷ്ട്രീയഭേദമില്ലാതെ ജാട്ടുകള്‍ മുസ്ലിങ്ങള്‍ക്കെതിരെ വാളെടുത്തെന്ന് മുസഫര്‍ നഗറിലെ പത്രപ്രവര്‍ത്തകനായ ഭരത്ഭൂഷന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. അതേസമയം എക്കാലത്തും സമാജ്വാദി പാര്‍ടിയോട് ചേര്‍ന്നുനിന്ന മുസ്ലിങ്ങള്‍ കലാപം പടരാനിടയാക്കിയ സര്‍ക്കാരിന്റെ കഴിവുകേടില്‍ ദുഃഖിതരാണ്. പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരവും മറ്റുസഹായവും അനുവദിക്കാത്തതിലും പ്രതിഷേധമുണ്ട്. ഈ രോഷം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ വിവിധ മതസംഘടനകള്‍ ശ്രമമാരംഭിച്ചു. സമാജ്വാദി പാര്‍ടി നേതൃയോഗത്തില്‍നിന്ന് പ്രമുഖ നേതാവ് അസംഖാന്‍ മാറി നിന്നത് ഇതിന്റെ ഭാഗമാണ്. സമാജ്വാദിക്ക് ആധിപത്യമുള്ള പിന്നോക്ക-മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍ വീണതിന്റെ സൂചനയാണിത്.
(എന്‍ എസ് സജിത്)
അക്രമങ്ങള്‍ ശമിക്കുന്നു; 10,000 പേര്‍ കരുതല്‍തടങ്കലില്‍
മുസഫര്‍ നഗര്‍: വര്‍ഗീയകലാപമുണ്ടായ പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍നഗറില്‍ ബുധനാഴ്ച പകല്‍ കര്‍ഫ്യുവില്‍ ഏഴു മണിക്കൂര്‍ ഇളവ് നല്‍കി. രാത്രി കര്‍ഫ്യു തുടരും. മുസഫര്‍നഗറും പരിസരവും പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നു. പ്രശ്നസാധ്യത കണക്കിലെടുത്ത് ഇതുവരെ പതിനായിരം പേരെ കരുതല്‍ തടങ്കലിലാക്കിയതായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അരുണ്‍കുമാര്‍ ലഖ്നൗവില്‍ പറഞ്ഞു. രണ്ടായിരം തോക്ക് പിടിച്ചെടുക്കുകയും അവയുടെ ലൈസന്‍സ് റദ്ദാക്കുകയുംചെയ്തു. പട്ടാളവും ദ്രുതകര്‍മ സേനയും അര്‍ധസേനാംഗങ്ങളും പൊലീസും റോന്തു ചുറ്റല്‍ തുടരുകയാണ്. പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ പകല്‍ പത്തുമുതല്‍ അഞ്ചുവരെ തുറന്നു പ്രവര്‍ത്തിച്ചു. പൂര്‍ണമായി സാധാരണ നില കൈവരിക്കാനും ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും തുറക്കാനും ഇനിയും ദിവസങ്ങളെടുക്കും. 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ജില്ലാ മജിസ്ട്രേട്ട് കൗശല്‍ രാജ് പറഞ്ഞു.
അക്രമം നടത്തിയവര്‍ക്കായി വീടുതോറും പരിശോധന തുടരുന്നു. അതിക്രമത്തിന് ഇരയായവര്‍ക്കുള്ള ആശ്വാസപ്രവര്‍ത്തനങ്ങളും സജീവമാണ്. എത്രപേര്‍ കലാപത്തിന് ഇരയായെന്നും എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാര്‍. പതിനായിരം പേര്‍ നാടുവിട്ട് പോകേണ്ടിവന്നു. ഇവര്‍ക്കായി പത്ത് ദുരിതാശ്വാസക്യാമ്പ് തുറന്നതായി ആഭ്യന്തര സെക്രട്ടറി കമല്‍ സക്സേന പറഞ്ഞു. മുസഫര്‍ നഗറില്‍ പ്രശ്നങ്ങളുണ്ടാക്കിയത് ചില രാഷ്ട്രീയ പാര്‍ടികളാണെന്ന് എസ്പി തലവനും മുന്‍ മുഖ്യമന്ത്രിയുമായ മുലായംസിങ് യാദവ് ആഗ്രയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. 2002ലെ ഗുജറാത്തല്ല 2013ലെ യുപി. കലാപത്തിന് ഇരയായവര്‍ക്കെല്ലാം നീതി ലഭിക്കും. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. ഗുജറാത്ത് കലാപവുമായി ഈ സംഭവത്തെ താരതമ്യപ്പെടുത്തരുതെന്ന് ആര്‍എല്‍ഡി നേതാവ് അജിത്സിങ്ങിന്റെ ആരോപണത്തിന് മറുപടിയായി മുലായം പറഞ്ഞു. സംസ്ഥാന മന്ത്രിയും മുതിര്‍ന്ന എസ്പി നേതാവുമായ അസംഖാനും പാര്‍ടിയും തമ്മില്‍ ഭിന്നതയില്ലെന്നും മുലായം പറഞ്ഞു. സമാജ്വാദി പാര്‍ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍നിന്ന് അസംഖാന്‍ വിട്ടുനിന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുലായം.
അടിയന്തരനടപടിക്ക് സുപ്രീംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. 16ന് രണ്ടിനകം നോട്ടീസിന് മറുപടി നല്‍കണം. കലാപത്തിനിരയായവര്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാനാവശ്യമായ ഇടക്കാല നിര്‍ദേശവും കോടതി നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ബാര്‍ അസോസിയേഷനാണ് റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ഹര്‍ജി പരിഗണിച്ച ചീഫ്ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന പ്രകാശ് ദേശായ്, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല നിര്‍ദേശങ്ങള്‍ നല്‍കിയത്-
1. കലാപത്തില്‍ പരിക്കേറ്റവരെ എത്രയും വേഗം ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കുക. 2. അടിയന്തര വൈദ്യസഹായവും ആശുപത്രി സൗകര്യങ്ങളും ഏര്‍പ്പെടുത്തുക. 3. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ച് എത്രയും വേഗം പരിഹാര നടപടികള്‍ സ്വീകരിക്കുക.
വര്‍ഗീയ കലാപം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുത്തില്ലെന്ന് ബോധ്യമുണ്ടെന്ന് കോടതി പറഞ്ഞു. മുസഫര്‍ നഗര്‍ ജില്ലയിലെ കലാപബാധിത പ്രദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുമുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി കുറ്റപ്പെടുത്തി. ബാര്‍ അസോസിയേഷനു വേണ്ടി പ്രസിഡന്റ് എം എന്‍ കൃഷ്ണമണി, ഗോപാല്‍ സുബ്രഹ്മണ്യം, വി കെ ബിജു എന്നിവര്‍ ഹാജരായി.
deshabhimani
No comments:
Post a Comment