Tuesday, September 3, 2013

മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തില്ല : കെ സി ജോസഫ്

സോളാര്‍ തട്ടിപ്പ് കേസില്‍ നടത്തുന്ന ജുഡിഷ്യല്‍ അന്വേഷണ പരിധിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ സി ജോസഫ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും അത്തരം തീരുമാനം ഉയര്‍ന്നിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള അപമാനം സഹിച്ച് പി സി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരണമെന്നില്ലെന്നും പി സി ജോര്‍ജിന് സ്ഥാനമൊഴിയാമെന്നും കെ സി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് കഴിഞ്ഞ ദിവസവും പി സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം നടത്തുന്നിനിടെ ജൂഡിഷ്യല്‍ അന്വേഷണം ആകാമെന്ന കെ സി ജോസഫിന്റെ പ്രസ്താവന വിവാദമായിരുന്നു. പിന്നീട് ആ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തുകയായിരുന്നു.

അതേസമയം ഇന്നലെ കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍ തന്നേയും തന്റെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സന്നദ്ധത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചുവെന്ന പ്രചാരണമുണ്ടായിരുന്നു. അതും കെ സി ജോസഫ് ഇപ്പോള്‍ നടത്തിയ പ്രസ്താവനയിലുടെ പൊളിഞ്ഞുപോയി.

സോളാര്‍ തട്ടിപ്പ് :മജിസ്ട്രേറ്റിന്റെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് പ്രതി സരിത നായരുടെ രഹസ്യമൊഴികേട്ട എറണാകുളം സിജെഎമ്മം എന്‍ വി രാജുവിന്റെ ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട ജയിലിലെത്തുമുന്നേ പൊലീസ് കസ്റ്റഡിയില്‍ സരിത 21 പേജുള്ള രഹസ്യമൊഴി തയ്യാറാക്കിയിരുന്നുവെന്ന ജയില്‍സുപ്രണ്ടിന്റെ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഈ ആവശ്യം ഇന്നയിച്ചത്. രഹസ്യമൊഴി അട്ടിമറിക്കാന്‍ മജിസ്ട്രേറ്റ് കൂട്ടുനിന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്ന് ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ അറിയാം. രഹസ്യമൊഴി നല്‍കാനെത്തിയപ്പോള്‍ തന്നെ എഴുതിതയ്യാറാക്കിയ 21 പേജുള്ള പരാതി സരിതയുടെ കൈവശമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് പരിഗണിക്കാതെ വീണ്ടും എഴുതിതരുവാന്‍ ആവശ്യപ്പെട്ട് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ അരോപിച്ചു. സരിതക്കൊപ്പം കൂട്ടുപോകുന്ന പൊലീസുകാരെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment