സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പുരുഷ നേഴ്സുമാര്‍ക്ക് നിയമന നിരോധം. ഔദ്യോഗികമായ ഉത്തരവൊന്നും പുറത്തിറക്കാതെ ഒരുവര്‍ഷത്തിലധികമായി ഇത് തുടരുകയാണ്. സംസ്ഥാനത്ത് 2009-11ല്‍ നാലായിരത്തിലധികം പുരുഷ നേഴ്സുമാരാണ് സ്വകാര്യ ആശുപത്രികളില്‍ ജോലിക്കു ചേര്‍ന്നത്. എന്നാല്‍ 2011-13ല്‍ ഇത് 40ല്‍ താഴെയായി. ഇതില്‍തന്നെ 30 പേര്‍ ട്രെയ്നി നേഴ്സുമാരാണ്. മിനിമം വേതനം ആവശ്യപ്പെട്ട് നേഴ്സുമാര്‍ സമരം നടത്തിയശേഷമാണ് പുരുഷ നേഴ്സുമാരെ ജോലിക്കെടുക്കുന്നതിന് അനൗപചാരിക വിലക്ക് നിലവില്‍വന്നത്. സമരത്തിന് നേതൃത്വം നല്‍കിയത് പുരുഷ നേഴ്സുമാര്‍ ആയതുകൊണ്ടാണ് ഇവരെ ജോലിയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. ഇതുമൂലം പലരുടെയും ജീവിതം നരകയാതനയിലാണ്. നിലവിലുള്ള പുരുഷ നേഴ്സുമാരെതന്നെ ആശുപത്രികളില്‍നിന്ന് പുറത്താക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റുകള്‍. നാലുലക്ഷം രൂപയോളം ബാങ്ക് വായ്പയെടുത്താണ് പലരും പഠനം പൂര്‍ത്തിയാക്കിയത്. ജോലി ലഭിക്കാത്തതിനാല്‍ ഇത് തിരിച്ചടയ്ക്കാനായില്ല. തൊഴില്‍പരിചയമില്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിക്കാനും കഴിയുന്നില്ല. പല പുരുഷ നേഴ്സുമാരും വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണ്. നേഴ്സിങ് പഠിച്ചവര്‍ ഇപ്പോള്‍ മറ്റു മേഖലകളില്‍ ജോലിതേടേണ്ട അവസ്ഥയാണ്.
മെഡിക്കല്‍ റപ്രസന്റേറ്റീവ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ ജോലികള്‍ ചെയ്യുന്ന പുരുഷ നേഴ്സുമാര്‍ സാധാരണമാണ്. നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ബലരാമന്‍ കമ്മിറ്റി ഒരു ആശുപത്രിയില്‍ 15 ശതമാനം പുരുഷ നേഴ്സുമാരെ നിയമിക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആശുപത്രി മാനേജ്മെന്റുകള്‍ അംഗീകരിക്കാതിരിക്കുകയും ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിനാല്‍ ശുപാര്‍ശ നടപ്പായില്ല. രണ്ടുവര്‍ഷം മുമ്പ് നേഴ്സുമാര്‍ എറണാകുളത്തു നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ സ്വകാര്യ ആശുപത്രികളില്‍ 35 ശതമാനം പുരുഷ നേഴ്സുമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും നടപ്പായില്ല. പുരുഷ നേഴ്സുമാര്‍ അനുഭവിക്കുന്ന യാതനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു.
(അഞ്ജുനാഥ്)
deshabhimani
No comments:
Post a Comment