പട്ടിണിപ്പാവങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുവിപണിയിലെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഗോതമ്പ് കയറ്റി അയക്കുന്നു. 20 ലക്ഷം ടണ്‍ ഗോതമ്പാണ് കയറ്റുമതിചെയ്യാന്‍ കേന്ദ്രം ഒരുങ്ങുന്നത്. കേരളത്തിലെ 65 ലക്ഷത്തോളം എപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം ഒന്നോ രണ്ടോ കിലോ ഗോതമ്പാണ് സര്‍ക്കാര്‍ റേഷനായി നല്‍കുന്നത്. അന്ത്യോദയ അന്നയോജന കാര്‍ഡുകാര്‍ക്ക് ഒരുകിലോയും. പ്രമേഹരോഗത്തില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനമുള്ള ഇന്ത്യയില്‍ ഗോതമ്പിന്റെ ആവശ്യകത ഏറെയാണ്. പൊതുവിപണിയില്‍ ഗോതമ്പിന് 24 രൂപവരെ വിലയുണ്ട്. ഗോതമ്പ് ആട്ടയ്ക്ക് 28 രൂപമുതല്‍ 35 രൂപവരെയുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് കേവലം 18 രൂപയ്ക്ക് ഗോതമ്പ് കയറ്റി അയക്കാന്‍ തീരുമാനിക്കുന്നത്. റേഷന്‍കടകളിലൂടെ ഈ വിലയ്ക്ക് നല്‍കിയാല്‍പോലും വാങ്ങാന്‍ കേരളത്തിലുള്‍പ്പെടെ ആളുകള്‍ തയ്യാറാണ്. ഭക്ഷ്യധാന്യം മിച്ചമാണെന്ന കാരണം പറഞ്ഞാണ് സംഭരണ ചെലവിലുണ്ടായ നഷ്ടംപോലും കണക്കിലെടുക്കാതെയുള്ള കയറ്റുമതി.
രാജ്യത്തിനു വേണ്ടത് 6.1 കോടി ടണ്‍ ഭക്ഷ്യധാന്യമാണ്. ഇപ്പോഴുള്ളത് 6.5 കോടി ടണ്‍. ഗോതമ്പിന്റെയും അരിയുടെയും സംഭരണം ആരംഭിക്കാനുള്ളതിനാലാണ് കയറ്റുമതിയെന്ന് എഫ്സിഐ പബ്ലിക് റിലേഷന്‍സ് അസി. ജനറല്‍ മാനേജര്‍ വിനയ്കുമാര്‍ പറഞ്ഞു.
വിലക്കയറ്റംമൂലം രൂക്ഷമായ സാഹചര്യത്തില്‍ സംഭരിച്ച വിലയ്ക്കെങ്കിലും ഭക്ഷ്യധാന്യം ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സംഭരണ വിലയ്ക്ക് ഭക്ഷ്യധാന്യം വിറ്റഴിച്ചാല്‍ വില ഇടിയുമെന്നും കര്‍ഷകര്‍ക്ക് ആഘാതമാകുമെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇടനിലക്കാരില്‍നിന്നാണ് ഏജന്‍സികള്‍ ഭൂരിഭാഗം ഭക്ഷ്യധാന്യങ്ങളും സംഭരിക്കുന്നത് എന്നതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ല. കഴിഞ്ഞവര്‍ഷം മാത്രം 42 ലക്ഷം ടണ്‍ ഗോതമ്പാണ് കയറ്റി അയച്ചത്. ടണ്ണിന് ശരാശരി 311.38 ഡോളറാണ് ലഭിച്ചത്. കിലോയ്ക്ക്് ഏതാണ്ട് 19 രൂപ. ഇപ്പോള്‍ 20 ലക്ഷം ടണ്‍ കയറ്റുമതിയിലൂടെ 60 കോടി ഡോളറാണ് ലക്ഷ്യമിടുന്നത്. കിലോയ്ക്ക്് 18 രൂപ. രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ വില ലഭിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കുറഞ്ഞ തുകയ്ക്കാകും കയറ്റുമതി എന്നാണ് സൂചന. ജനങ്ങളെ പട്ടിണിക്കിട്ടാലും വിദേശനാണ്യം മതിയെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാറിന്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 101.04 ലക്ഷം ടണ്‍ അരി ഇന്ത്യ കയറ്റുമതിചെയ്തിരുന്നു. ഇതുവഴി 33,220 കോടി രൂപയാണ് കയറ്റുമതി വ്യാപാരികളുടെയും മില്ലുടമകളുടെയും കീശയിലെത്തിയത്. ഏറ്റവുമധികം അരി കയറ്റുമതിചെയ്ത രാജ്യം എന്ന ഖ്യാതിയും ഇന്ത്യ നേടി. ഇതിനിടയിലാണ് കേരളത്തിലെ അട്ടപ്പാടിയില്‍ ഉള്‍പ്പെടെ ആളുകള്‍ പട്ടിണിയാലും പോഷകാഹാര കുറവിനാലും മരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ അരിവില 40 രൂപക്ക് മുകളില്‍ എത്തിയതും ഈ കാലയളവിലാണ് എന്നതും ശ്രദ്ധേയം
(ഷഫീഖ് അമരാവതി)
deshabhimani
No comments:
Post a Comment