Thursday, September 12, 2013

സംഘടനാ വിലപേശല്‍ സ്വാതന്ത്ര്യം അംഗീകരിക്കണം: ട്രേഡ് യൂണിയനുകള്‍

അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) അംഗീകരിച്ച തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യത്തിനും കൂട്ടായി വിലപേശാനുള്ള അവകാശത്തിനുമുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷനുകള്‍ ഇന്ത്യ എത്രയും പെട്ടെന്ന് അംഗീകരിച്ച് നടപ്പാക്കണമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഐഎല്‍ഒയുടെ 87-ാം കണ്‍വന്‍ഷനും കൂട്ടായ വിലപേശലിനുള്ള അവകാശം ഉറപ്പാക്കുന്ന 98-ാം കണ്‍വന്‍ഷനും ഇന്ത്യയടക്കമുള്ള അഞ്ച് ഏഷ്യ, പസഫിക് രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന സെമിനാറിലാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഐഎല്‍ഒ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച സെമിനാറില്‍ ജനീവയില്‍ നിന്നുള്ള ഐഎല്‍ഒ പ്രതിനിധിയും ഐഎല്‍ഒ ദക്ഷിണേഷ്യാ ഓഫീസ് (ഡല്‍ഹി) ഡയറക്ടര്‍ ടിന സെര്‍മോസും പങ്കെടുത്തു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ തൊഴില്‍ വിപണിയില്‍ ഗുണപരമായ മാറ്റം വരുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഗുണപരമായ തൊഴിലിനും അടിസ്ഥാന അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഉച്ചകോടി തീരുമാനിച്ചതായും അവര്‍ പറഞ്ഞു.

ഐഎല്‍ഒ സ്ഥാപക ഗവേണിങ് ബോഡിയില്‍ അംഗമായിരുന്ന ഇന്ത്യയില്‍ തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യത്തിനും കൂട്ടായ വിലപേശലിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഐഎല്‍ഒ കണ്‍വന്‍ഷനുകള്‍ അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വിഭാഗത്തില്‍പ്പെടുന്ന പൊലീസും പട്ടാളവും സംഘടിക്കുമെന്നും അതിനാല്‍ അനുവദിക്കാനാവില്ലെന്നുമുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുരാഷ്ട്ര കോര്‍പറേഷനുകളും മുതലാളിമാരും തൊഴിലാളികളുടെ അവകാശം പച്ചയായി നിഷേധിക്കുന്നു. മുമ്പ് അനുഭവിച്ചിരുന്ന അവകാശങ്ങള്‍പോലും ഇപ്പോള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ജി-20 ഉച്ചകോടിയുടേതടക്കമുള്ള പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്.

ഫെബ്രുവരി 20നും 21നും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി നടത്തിയ പൊതുപണിമുടക്കില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍കൂടി ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍, പണിമുടക്കിന് ആധാരമായ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാന്‍ തയ്യാറായിട്ടില്ല. ട്രേഡ് യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലങ്ങളില്‍പ്പോലും തൊഴിലവകാശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ തൊഴിലാളികളുടെ ശക്തമായ പ്രക്ഷോഭം തുടരുകതന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജ്നാഥ് റോയ്, എഐടിയുസി വര്‍ക്കിങ് പ്രസിഡന്റ് മഹാദേവന്‍, ഹര്‍ഭജന്‍സിങ് (എച്ച്എംഎസ്) എന്നിവരും സംസാരിച്ചു. ഇന്ത്യ, നേപ്പാള്‍, തായ്ലന്റ്, മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ട്രേഡ് യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും.
(വി ജയിന്‍)

deshabhimani

No comments:

Post a Comment